എരുമേലി : ശബരിമല ഗ്രീന്‍ഫീല്‍ഡ് വിമാനത്താവളത്തിനായുള്ള നടപടികള്‍ സര്‍ക്കാര്‍ വേഗത്തിലാക്കും. എല്ലാം കുറ്റമറ്റ രീതിയില്‍ നടത്താനാണ് നീക്കം. സ്ഥലമേറ്റെടുപ്പ് വിജ്ഞാപനത്തിനൊപ്പം വിശദമായ പദ്ധതിരേഖയും (ഡിപിആര്‍) സര്‍ക്കാര്‍ പുറത്തിറക്കും. ഇതിലൂടെ അതിവേഗ നിര്‍മ്മാണം നടപ്പിലാക്കാനാകും ശ്രമം. കേന്ദ്ര സര്‍ക്കാരിന്റെ മനസ്സ് അനുകൂലമാണെന്ന് മനസ്സിലാക്കിയാണ് നീക്കം. കേന്ദ്ര സര്‍ക്കാരും പദ്ധതിയെ പൂര്‍ണ്ണമായും പിന്തുണയ്ക്കും.

ഒരു മാസത്തിനുള്ളില്‍ പുതിയ വിജ്ഞാപനം ഇറക്കാനാണ് സര്‍ക്കാരിന്റെ നീക്കം. വിമാനത്താവളത്തിനായി സര്‍ക്കാര്‍ കണ്ടെത്തിയ ചെറുവള്ളി എസ്റ്റേറ്റിലെയും സ്വകാര്യ ഭൂമിയിലെയും 2570 ഏക്കര്‍ വസ്തു ഏറ്റെടുക്കുന്നതിനുള്ള വിജ്ഞാപനം റദ്ദാക്കിയതിനെത്തുടര്‍ന്നാണ് പുതിയ വിജ്ഞാപനം ഇറക്കുന്നത്. ഹൈക്കോടതിയാണ് വിജ്ഞാപനം റദ്ദാക്കിയത്. നടപടിക്രമങ്ങളില്‍ വീഴ്ചയുണ്ടെന്നും വസ്തു ഏറ്റെടുക്കല്‍ വിജ്ഞാപനത്തിനൊപ്പം വിമാനത്താവള പദ്ധതി സംബന്ധിച്ച് വിശദമായ പദ്ധതിരേഖ കൂടി ഉള്‍പ്പെടുത്തിയിട്ടില്ലെന്നും കോടതി ചൂണ്ടിക്കാട്ടിയിരുന്നു.

ഇതിന്റെ അടിസ്ഥാനത്തിലാണ് പുതിയ വിജ്ഞാപനം ഇറക്കുന്നതിനൊപ്പം വിശദമായ പദ്ധതിരേഖയും കൂടി സര്‍ക്കാര്‍ പുറത്തിറക്കുന്നത്. 2023 ജനുവരി 23 ന് പുറത്തിറക്കിയ സ്ഥലമേറ്റെടുപ്പ് സംബന്ധിച്ച് പ്രാഥമിക വിജ്ഞാപനത്തില്‍ മണിമല, എരുമേലി തെക്ക് വില്ലേജുകളില്‍ ഉള്‍പ്പെട്ട ചെറുവള്ളി എസ്റ്റേറ്റിലെയും സ്വകാര്യ ഭൂമികളിലെയും സര്‍വേ നമ്പറുകളാണു പ്രസിദ്ധീകരിച്ചത്.

ഒരു പദ്ധതിയുടെ വ്യാപ്തി ലക്ഷ്യങ്ങള്‍, വിശദാംശങ്ങള്‍ എന്നിവ വ്യക്തമാക്കുന്ന വിശദമായ രേഖയാണിത്. ആസൂത്രണത്തിലും മാനേജ്‌മെന്റിലും എല്ലാം ഈ രേഖയാണ് ആധികാരികമായി ഉപയോഗിക്കുന്നത്. പദ്ധതിയുടെ ലക്ഷ്യങ്ങള്‍, സമയക്രമം, ബജറ്റ്, ഉറവിടം എന്നിവ എല്ലാം തന്നെ വിശദമായ പദ്ധതിരേഖയില്‍ ഉണ്ടാകും. എരുമേലി തെക്ക്, മണിമല വില്ലേജുകളിലായി 2570 ഏക്കര്‍ ഭൂമി ഏറ്റെടുക്കാനുള്ള തീരുമാനം കോടതി നേരത്തെ റദ്ദാക്കിയിരുന്നു.

വിമാനത്താവളത്തിനായി ഏറ്റെടുക്കുന്ന ചെറുവള്ളി എസ്റ്റേറ്റിന്റെ ഉടമകളായ ബിലീവേഴ്‌സ് ചര്‍ച്ചിന് കീഴിലുള്ള അയന ചാരിറ്റബിള്‍ ട്രസ്റ്റ് ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍, സര്‍ക്കാര്‍ നടപടികളിലെ പിഴവ് ചൂണ്ടിക്കാട്ടിയിരുന്നു. കേസ് കോടതി പരിഗണിച്ചപ്പോള്‍, രണ്ട് നിയമപ്രശ്‌നമാണ് സര്‍ക്കാരിന് നേരിടേണ്ടിവന്നത്. സാമൂഹികാഘാതപഠനം നടത്തിയ ഏജന്‍സി സ്വതന്ത്രമായിരിക്കണമെന്ന ചട്ടം ലംഘിക്കപ്പെട്ടതാണ് ഒന്ന്. എരുമേലിയില്‍ പഠനം നടത്തിയത് സര്‍ക്കാര്‍ പങ്കാളിത്തമുള്ള ഏജന്‍സിയായിരുന്നു.

ചെറുവള്ളി എസ്റ്റേറ്റിന്റെ 2263.18 ഏക്കര്‍ ഭൂമിയുടെ ഉടമസ്ഥാവകാശം വിജ്ഞാപനങ്ങളില്‍ സൂചിപ്പിച്ചില്ലെന്നതാണ് മറ്റൊന്ന്. ഭൂമി ആരുടേതെന്ന് വിജ്ഞാപനത്തില്‍ പറയേണ്ടതുണ്ട്. ഈ കുറവുകള്‍ കോടതിയില്‍ അംഗീകരിച്ച സര്‍ക്കാര്‍ റദ്ദാക്കലിന് തയ്യാറാണെന്ന് അറിയിച്ചിരുന്നു. ഭൂമി ഏറ്റെടുക്കാനുള്ള 2023 ജനുവരി 23-ലെ 4(1) പ്രകാരമുള്ള പ്രാഥമികവിജ്ഞാപനം, വിമാനത്താവള രൂപവത്കരണം സംബന്ധിച്ച 2024 മാര്‍ച്ച് 13-ലെ വിജ്ഞാപനം എന്നിവ റദ്ദായിരുന്നു. ഈ സാഹചര്യത്തിലാണ് പുതിയ നീക്കം,.

ഇനി സാമൂഹികാഘാതപഠനത്തിന് പുതിയ ഏജന്‍സിയെ കണ്ടെത്തുന്നതിനുള്ള താത്പര്യപത്രം ക്ഷണിക്കുന്നതടക്കം നടപടികള്‍ ആദ്യംമുതല്‍ തുടങ്ങേണ്ടിവരും. ഒരുവര്‍ഷം നീണ്ട പ്രവര്‍ത്തനമാണ് സാമൂഹികാഘാതപഠനം.