- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കാപ്പ പ്രതിയെ മാലയിട്ട് സ്വീകരിച്ച ക്യാപ്സ്യൂളില്‍ വെട്ടിലായി സിപിഎം; ശരണിനെതിരായ കേസുകള്‍ രാഷ്ട്രീയ പ്രേരിതമെന്ന് ജില്ലാ സെക്രട്ടറി പറയുമ്പോള്‍
പത്തനംതിട്ട: കാപ്പക്കേസ് പ്രതിയെ മാലയിട്ട് സിപിഎമ്മിലേക്ക് സ്വീകരിച്ച സംഭവത്തില്‍ ക്യാപ്സ്യൂള്‍ ഇറക്കിയ ജില്ലാ സെക്രട്ടറി വെട്ടിലായി. മാധ്യമങ്ങള്‍ക്ക് മുന്നില്‍ കാപ്പക്കേസ് പ്രതിയെ ന്യായീകരിക്കാന്‍ എത്തിയ കെ.പി ഉദയഭാനു അടിച്ചത് മുഴുവന്‍ സെല്‍ഫ് ഗോള്‍.
ശരണ്‍ ചന്ദ്രന് ഇപ്പോള്‍ കാപ്പ കേസ് പ്രതിയല്ല. അയാളുടെ ശിക്ഷയുടെ കാലാവധി കഴിഞ്ഞു. കാപ്പകേസ് പ്രതിയെ തീരുമാനിക്കുന്നത് മാധ്യമങ്ങള്‍ അല്ല കോടതിയാണ്. ശരണ്‍ രാഷ്ട്രീയ അക്രമകേസുകളിലെ പ്രതിയാണ്. അയാള്‍ പ്രതിയായത് ആര്‍എസ്എസിന് വേണ്ടിയാണ്. കാപ്പ കേസില്‍ അയാളെ നാടു കടത്തിയിട്ടില്ല. പാര്‍ട്ടി തീരുമാനം പാര്ട്ടിക്കാര് അംഗീകരിക്കും. രാഷ്ട്രീയ കേസുകളില്‍ കാപ്പ ചുമത്താന്‍ പാടില്ല. സ്ത്രീകള്‍ക്കെതിരായ അക്രമത്തതിന് ശരണിനെതിരേ എടുത്ത കേസുകള്‍ രാഷ്ട്രീയ പ്രേരിതമാണ് എന്നിങ്ങനെയുള്ള ന്യായീകരണങ്ങളാണ് ഉദയഭാനു നടത്തിയത്.
എന്നാല്‍, ഈ ക്യാപ്സ്യൂളുകള് മുഴുവന്‍ ജില്ലാ സെക്രട്ടറിക്ക് തിരിച്ചടിക്കുന്നതാണ്. ശരണ്‍ ചന്ദ്രനെതിരേ എടുത്തിട്ടുളള കേസുകള്‍ മുഴുവന്‍ സര്‍ക്കാര്‍ വാദിയായിട്ടുള്ളതാണ്. സ്ത്രീകള്‍ക്കെതിരായ അതിക്രമം സംബന്ധിച്ച കേസുകള്‍ രാഷ്ട്രീയ പ്രേരിതമാണെന്നാണ് ഉദയഭാനു പറയുന്നത്. അങ്ങനെയെങ്കില്‍ മുന്‍പ് ആര്‍എസ്എസ് അനുഭാവി ആയിരിക്കുമ്പോള്‍ ശരണിനെതിരേ ആ കേസുകള്‍ എടുപ്പിച്ചത് സിപിഎമ്മാണ്. ഇപ്പോള്‍ പാര്‍ട്ടിയില്‍ ചേര്‍ന്നപ്പോള്‍ അയാള്‍ നല്ലവനായെന്ന് സാരം. കാപ്പ കേസ് പ്രതിയായിട്ടുള്ള ഒരാള്‍ അതിന്റെ കാലാവധി കഴിഞ്ഞാല്‍ നല്ലവന്‍ ആണെന്ന വിചിത്ര ന്യായീകരണവും ജില്ലാ സെക്രട്ടറി നടത്തുന്നു. രാഷ്ട്രീയ കേസുകളില്‍ കാപ്പ ചുമത്താന്‍ പാടില്ലെന്ന വിചിത്രമായ ആവശ്യവും സെക്രട്ടറി ഉന്നയിക്കുകയാണ്.
കാപ്പക്കേസ് പ്രതിയെ മാലയിട്ട് സ്വീകരിച്ച് അക്ഷരാര്‍ഥത്തില്‍ സിപിഎം ജില്ലാ സെക്രട്ടറി ആരോഗ്യമന്ത്രി വീണാ ജോര്‍ജും വെട്ടിലായിരിക്കുകയാണ്. മലയാലപ്പുഴ പഞ്ചായത്തിലുള്ള കാപ്പ കേസ് പ്രതി അടങ്ങുന്ന സംഘത്തിന് സ്വീകരണമൊരുക്കിയത് പത്തനംതിട്ട നഗരസഭ പരിധിയിലുള്ള കുമ്പഴയിലാണ് എന്നുളള പ്രത്യേകതയുമുണ്ട്. എന്തു കൊണ്ട് മലയാലപ്പുഴയില്‍ നടത്തിയില്ല എന്ന ചോദ്യം ബാക്കിയാണ്.
സിപിഎമ്മുമായി ഡീല്‍ ഉറപ്പിച്ച ശേഷമാണ് ശരണ്‍ ചന്ദ്രന് പാര്‍ട്ടിയില്‍ വന്നത് എന്നാണ് ഒരു വിഭാഗം സിപിഎം പ്രവര്‍ത്തകര്‍ നല്കുന്ന സൂചന. സര്‍ക്കാര്‍ വാദിയായി എടുത്തിട്ടുള്ള കേസുകള്‍ പാര്‍ട്ടി ഇടപെട്ട് പിന്‍വലിക്കും. വ്യക്തികള്‍ മൊഴി കൊടുത്തും പരാതി നല്‍കിയും എടുത്തിട്ടുള്ള കേസുകള്‍ സ്വാധീനം ചെലുത്തി പിന്‍വലിപ്പിക്കാന്‍ ശ്രമിക്കും. വഴങ്ങിയില്ലെങ്കില്‍ ഭീഷണിയും കള്ളക്കേസും ചുമത്തും. ഒരു കൊല്ലത്തിനുള്ള ശരണിന് ക്ലീന്‍ ചിറ്റ് നല്‍കാനുള്ള നീക്കമാണ് അണിയറയില്‍ നടന്നത്. എന്നാല്‍, വിവാദമായതോടെ ജില്ലാ സെക്രട്ടറിയും ആരോഗ്യമന്ത്രിയും വെട്ടിലായി.