തിരുവനന്തപുരം: വിദ്യാഭ്യാസ മേഖലയില്‍ സമൂല മാറ്റത്തിന് വഴിയൊരുക്കുന്ന ഖാദര്‍ കമ്മറ്റി റിപ്പോര്‍ട്ടില്‍ ഇടതു സര്‍ക്കാര്‍ കരുതലോടെ മാത്രമേ തീരുമാനമെടുക്കൂ. ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ടിലെ പല നിര്‍ദേശങ്ങളും അപ്രായോഗികമെന്ന് മന്ത്രി വീ.ശിവന്‍കുട്ടി വിശദീകരിച്ചിട്ടുണ്ട്.

അധ്യാപക നിയമനം പി എസ് സിക്ക് വിടുന്നത് ചര്‍ച്ചചെയ്‌തേടുക്കേണ്ട തീരുമാനമാണ്. നിയമനത്തിന് പ്രത്യേക ബോര്‍ഡ് രൂപീകരിക്കണം എന്ന കാര്യവും തീരുമാനിച്ചിട്ടില്ല. സ്‌കൂള്‍ സമയമാറ്റം കേരളത്തില്‍ പ്രായോഗികമല്ല. ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ട് വിദ്യാഭ്യാസ വകുപ്പിലെ വിദഗ്ധരുമായി ചര്‍ച്ച ചെയ്യുമെന്നും മന്ത്രി പറഞ്ഞു. ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ എയ്ഡഡ് അധ്യാപക നിയമനം പിഎസ് സിക്ക് വിട്ടാല്‍ ശക്തമായി എതിര്‍ക്കുമെന്ന് എന്‍എസ്എസ് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതിനിടെയാണ് മന്ത്രിയുടെ നിലപാട് വിശദീകരണം.

നിയമ നടപടി സ്വീകരിക്കുമെന്ന് എന്‍എസ് എസ് അറിയിച്ചിരുന്നു. വിദ്യാഭ്യാസ രംഗത്തു വിവിധ സ്ഥാപനങ്ങളുടെ സേവനം മറക്കരുതെന്നും എന്‍എസ്എസ് പ്രസ്താവനയില്‍ പറഞ്ഞിരുന്നു, ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ട് അപ്രായോഗികം എന്നാണ് എംഇഎസ് നിലപാട്. സാമൂഹ്യ സ്ഥിതി പഠിക്കാത്ത റിപ്പോര്‍ട്ടാണിതെന്നും എംഇഎസ് വക്താവ് പ്രതികരിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് സര്‍ക്കാര്‍ ഈ റിപ്പോര്‍ട്ടിനെ തന്നെ പരോക്ഷമായി തള്ളി പറയുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാടാകും ഇനി നിര്‍ണ്ണായകം.

കേരളത്തിലെ സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിലെ അധ്യാപക നിയമനത്തിനുള്ള കുറഞ്ഞ യോഗ്യത ബിരുദമാക്കണമെന്ന് ഡോ. എം.എ ഖാദര്‍ കമ്മിറ്റിയുടെ സ്‌കൂള്‍ വിദ്യാഭ്യാസ നവീകരണ റിപ്പോര്‍ട്ട് പഠിച്ച കോര്‍ കമ്മിറ്റിയുടെ നിര്‍ദേശം. നിലവില്‍ പ്ലസ്ടു അടിസ്ഥാന യോഗ്യതയുള്ളവര്‍ക്ക് 1-7 വരെ ക്ലാസുകളിലെ അധ്യാപകരാകാം. ഈ യോഗ്യതയാണ് ബിരുദമാക്കി ഉയര്‍ത്താന്‍ നിര്‍ദേശിച്ചത്. 8-12 വരെ ഒരു തലമായി പരിഗണിച്ച് അടിസ്ഥാന അധ്യാപക യോഗ്യത ബിരുദാനന്തര ബിരുദമാക്കി ഉയര്‍ത്താനും നിര്‍ദേശിച്ചു.നിയമനത്തിനായി പ്രത്യേക റിക്രൂട്ട്‌മെന്റ് ബോര്‍ഡ് സ്വതന്ത്രമായോ പിഎസ് സിക്ക് കീഴിലോ രൂപീകരിക്കണമെന്നും നിര്‍ദ്ദേശമുണ്ട്. ഇതാണ് വിവാദമാകുന്നത്.

ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ടിലെ മറ്റ് ശുപാര്‍ശകള്‍

1 .നിലവിലുള്ള വാര്‍ഷിക തസ്തികക്ക് പകരം മൂന്നു വര്‍ഷത്തിലൊരിക്കല്‍ തസ്തിക നിര്‍ണയം നടത്തിയാല്‍ മതി.
2 .പ്രൈമറി ഒന്നുമുതല്‍ ഏഴ് വരെ ക്ലാസുകളില്‍ അധ്യാപകരാകാന്‍ ബിരുദവും സെക്കന്‍ഡറി എട്ടു മുതല്‍ 12 വരെ ക്ലാസുകളില്‍ ബിരുദാനന്തര ബിരുദവും അടിസ്ഥാന യോഗ്യത.
3 . സ്‌കൂള്‍ അധികാരിയായുള്ള സ്ഥാനക്കയറ്റം സീനിയോറിറ്റി മാത്രമല്ലാതെ മറ്റ് കഴിവുകള്‍ കൂടി പരിഗണിച്ച ശേഷം മാത്രം.
4 . പ്രഥമ അധ്യാപകരുടെ നിയമനവും അധ്യാപകരുടെ പൊതു സ്ഥലം മാറ്റവും പുതിയ അക്കാദമിക് വര്‍ഷം തുടങ്ങും മുന്‍പ് ഏപ്രില്‍, മെയ് മാസങ്ങളിലായി പൂര്‍ത്തിയാക്കണം.
5 .അധ്യയന വര്‍ഷത്തിനിടയില്‍ ഉണ്ടാകുന്ന ഒഴിവുകള്‍ ഓപ്പണ്‍ വേക്കന്‍സിയായി പരിഗണിച്ച് അടുത്ത ഏപ്രില്‍ വരെ നിലവില്‍ നിര്‍ത്തണം .
6 . സ്‌കൂളുകളില്‍ മൂന്നുവര്‍ഷത്തിലൊരിക്കല്‍ കുട്ടികളുടെ എണ്ണം വിലയിരുത്തി അധ്യാപക തസ്തിക റിവ്യൂ നടത്തണം.

7. ജില്ലാ വിദ്യാഭ്യാസ മേധാവി അധ്യക്ഷനായി മൂന്ന് ഉദ്യോഗസ്ഥര്‍ ഉദ്യോഗ സമിതി ഉണ്ടാക്കണം.
8 .പൊതു സ്ഥലംമാറ്റത്തിലൂടെ സീനിയോറിറ്റിയുള്ള അധ്യാപകര്‍ എത്തുമ്പോള്‍ ഒഴിവുള്ള വിദ്യാലയത്തിലേക്ക് മാറ്റണം
9 .എയ്ഡഡ് സ്‌കൂളുകളില്‍ വിദ്യാഭ്യാസ അധികാരി വിജ്ഞാപനം ചെയ്യുന്ന തസ്തികകളില്‍ മാത്രമേ മാനേജര്‍ നിയമനം നടത്താന്‍ പാടുള്ളൂ.
10 . കുട്ടികളുടെ എണ്ണം കുറഞ്ഞത് മൂലം ഇല്ലാതാകുന്ന തസ്തികളിലെ അധ്യാപകരെ മറ്റ് സ്‌കൂളുകളില്‍ നിന്ന് നിയമിക്കേണ്ടതാണ്
11 .അധ്യാപക സമ്മേളനങ്ങള്‍ സ്‌കൂള്‍ പ്രവര്‍ത്തി ദിവസങ്ങളില്‍ നടത്തരുത് .

    കേരളത്തിലെ പന്ത്രണ്ടാം ക്ലാസ് വരെയുള്ള സ്‌കൂള്‍ വിദ്യാഭ്യാസം മെച്ചപ്പെടുത്തുന്നതിനെക്കുറിച്ച് പഠിക്കാന്‍ നിയോഗിക്കപ്പെട്ട വിദഗ്ദ്ധ സമിതിയാണ് ഖാദര്‍ കമ്മറ്റി. ഡോ. എം. എ ഖാദര്‍ ചെയര്‍മാനും ജി. ജ്യോതിചൂഢന്‍, ഡോ. സി. രാമകൃഷ്ണന്‍ എന്നിവര്‍ അംഗങ്ങളുമായിട്ടാണ് സമിതി രൂപീകരിക്കപ്പെട്ടത് 2017 സെപ്റ്റംബറിലാണ്. മൂന്നു മാസമായിരുന്നു ആദ്യം നിശ്ചയിച്ച കാലാവധി. എന്നാല്‍ കാലാവധി നീട്ടിക്കൊണ്ടേയിരുന്നു. 2019 ജനുവരി 24 ന് ഖാദര്‍ കമ്മീഷന്‍ കേരള സര്‍ക്കാരിന് റിപ്പോര്‍ട്ടിന്റെ ഒന്നാം ഭാഗം സമര്‍പ്പിച്ചു. ഈ റിപ്പോര്‍ട്ടാണ് ഇപ്പോള്‍ വിവാദമായി മാറുന്നത്.