'റസാഖിന് 11 കണക്ഷന്, സ്ഥിരമായി ബില്ലടക്കാറില്ല; വിച്ഛേദിക്കാന്‍ എത്തുമ്പോള്‍ ഭീഷണി; ആക്രമിക്കില്ലെന്ന് ഉറപ്പുതരൂ, വൈദ്യുതി പുനഃസ്ഥാപിക്കാം'
- Share
- Tweet
- Telegram
- LinkedIniiiii
കോഴിക്കോട്: കെ.എസ്.ഇ.ബി. ജീവനക്കാരെയോ ഓഫീസോ ആക്രമിക്കില്ലെന്ന് ഉറപ്പു നല്കിയാല് അജ്മലിന്റെ വീട്ടിലെ വൈദ്യുതി പുനഃസ്ഥാപിക്കുമെന്ന് കെ.എസ്.ഇ.ബി. ഉറപ്പു വാങ്ങാന്‍ ഉദ്യോഗസ്ഥരെ അജ്മലിന്റെ വീട്ടിലേക്ക് അയക്കാന്‍ കോഴിക്കോട് ജില്ലാ കളക്ടറോട് ആവശ്യപ്പെട്ടെന്നും കെ.എസ്.ഇ.ബി. ഫേസ്ബുക്ക് കുറിപ്പില്‍ അറിയിച്ചു.
അജ്മലിന്റെ പിതാവ് റസാഖിന്റെ പേരില്‍ 11 വൈദ്യുതി കണക്ഷനുണ്ടെന്നും അതില്‍ പത്തെണ്ണം കൊമേഷ്യല്‍ കണക്ഷനാണെന്നും കെ.എസ്.ഇ.ബി. അറിയിച്ചു. ഇവര്‍ സ്ഥിരമായി ബില്ലടക്കാറില്ലെന്നും കെ.എസ്.ഇ.ബി. കുറിപ്പില്‍ അറിയിച്ചു. വൈദ്യുതി ബില്ലടക്കാത്തതിനെത്തുടര്‍ന്ന് വിച്ഛേദിക്കാന്‍ എത്തുമ്പോള്‍ വാക്കുതര്‍ക്കം ഭീഷണിയും പതിവാണെന്നും ആക്രമണത്തില്‍ കെ.എസ്.ഇ.ബിക്കുണ്ടായ നാശനഷ്ടങ്ങള്‍ മുഴുവന്‍ ഈടാക്കുമെന്നും കെ.എസ്.ഇ.ബി. ചെയര്മാന് ബിജു പ്രഭാകര്‍ അറിയിച്ചു.
ഇപ്പോള്‍ നടത്തിയ ആക്രമണത്തില്‍ നിയമനടപടികളുമായി മുന്നോട്ടുപോകുകയും ഇനി ആക്രമിക്കില്ല എന്ന ഉറപ്പ് ലഭിച്ചാല്‍ കണക്ഷന് ഇന്നുതന്നെ നല്കാന് തയ്യാറാണെന്നും കെ.എസ്.ഇ.ബി. വ്യക്തമാക്കി.അതേസമയം കെ.എസ്.ഇ.ബിക്ക് എതിരായ പരാതിയില്‍ അജ്മലിന്റെ ഉമ്മയുടെ മൊഴി പോലീസ് രേഖപ്പെടുത്തി.
അതേസമയം കോഴിക്കോട് തിരുവമ്പാടിയില്‍ കെ.എസ്.ഇ.ബി ഓഫിസ് ആക്രമിച്ച കേസിലെ പ്രതിയുടെ വീട്ടിലെ ഫ്യൂസ് ഊരിയ കെ.എസ്.ഇ.ബി നടപടിയെ ന്യായീകരിച്ച് നേരത്തെ വൈദ്യുതിമന്ത്രി കെ. കൃഷ്ണന്‍കുട്ടിയും രംഗത്തുവന്നിരുന്നു. ഓഫിസില്‍ കയറി ജീവനക്കാരെ ആക്രമിച്ചത് തെറ്റാണ്. കണക്ഷന് കൊടുത്ത ശേഷമാണ് ആക്രമണം നടത്തിയത്. ഫ്യൂസ് ഊരിയത് കെ.എസ്.ഇ.ബിയുടെ പ്രതികാരനടപടിയല്ല. ജീവനക്കാരെ സംരക്ഷിക്കാനാണ് എം.ഡി. അത്തരമൊരു നടപടിയെടുത്തത്. ഇനി ആക്രമിക്കില്ലെന്ന് ഉറപ്പ് തന്നാല്‍ വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കുമെന്നും മന്ത്രി പറഞ്ഞു.
കെ.എസ്.ഇ.ബിക്ക് വൈദ്യുതി വിച്ഛേദിക്കാനുള്ള അധികാരമുണ്ട്. ബില്‍ അടയ്ക്കാതിരുന്നാല്‍ വൈദ്യുതബന്ധം വിച്ഛേദിക്കും. അതിന് ജീവനക്കാരനെ മര്‍ദിക്കുകയും ഓഫിസില്‍ കേറി വലിയ അക്രമം കാണിക്കുകയും ചെയ്തു. അതുകൊണ്ട് ചെയ്തത് ശരിയാണെന്നല്ലേ തോന്നൂ. ഇനി എം.ഡി പറഞ്ഞിട്ട് കണക്ഷന് കൊടുക്കാന്‍ പോയാല്‍ ആക്രമിക്കില്ലെന്ന് ആരാണ് ഉറപ്പുതരുക. അതുകൊണ്ടാണ് അങ്ങനെയൊരു തീരുമാനം എടുത്തത്. വീട്ടില്‍ വൈദ്യുതി പുനഃസ്ഥാപിക്കും. വൈദ്യുതി ബോര്‍ഡ് ചെയര്‍മാനുമായി സംസാരിച്ചിട്ടുണ്ട്. ഉദ്യാഗസ്ഥര്‍ക്ക് സുരക്ഷ നല്‍കാമെന്ന് പൊലീസ് ഉറപ്പുംനല്‍കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു -മന്ത്രി പറഞ്ഞു.
അതേസമയം, ഫ്യൂസ് ഊരിയ സംഭവം ദൗര്‍ഭാഗ്യകരമെന്ന് മന്ത്രി എ.കെ. ശശീന്ദ്രന് പറഞ്ഞു. വിഷയത്തില്‍ ഉചിതമായ തീരുമാനമെടുക്കാന്‍ വൈദ്യുതി വകുപ്പ് മന്ത്രി പ്രാപ്തനാണ്. പൊതുതാല്പര്യം മുന്‍നിറുത്തി ഉചിതമായ തീരുമാനം എടുക്കുമെന്നും എ. ശശീന്ദ്രന് പറഞ്ഞു.കെ.എസ്.ഇ.ബി ജീവനക്കാര്‍ക്കെതിരെ അജ്മലിന്റെ മാതാവ് മറിയം രംഗത്തെത്തി. ജീവനക്കാരാണ് മക്കളെ ആക്രമിച്ചതെന്ന് മറിയം പറഞ്ഞു. ഓഫിസിലെ ഉപകരണങ്ങള്‍ തല്ലിത്തകര്‍ത്തത് ജീവനക്കാര്‍ തന്നെയാണെന്നും അവര്‍ പറഞ്ഞു. താന്‍ ഉദ്യോഗസ്ഥരെ മര്‍ദിക്കുകയോ ഓഫിസ് തകര്‍ക്കുകയോ ചെയ്തിട്ടില്ലെന്ന് കേസിലെ പ്രതി അജ്മല്‍ പറഞ്ഞു. വീട്ടിലുണ്ടായിരുന്ന പഴയ കറിയെടുത്ത് ഓഫിസിലെ ഉദ്യോഗസ്ഥരുടെ തലയില്‍ താന്‍ ഒഴിച്ചു. മറ്റുള്ള ആരോപണങ്ങളെല്ലാം തെറ്റാണ് -അജ്മല്‍ പറഞ്ഞു.