- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജനരോഷം ആളിക്കത്തിയതോടെ ഒടുവില്‍ വെളിച്ചം വന്നു..! വൈദ്യുതി ബന്ധം പുനഃസ്ഥാപിച്ച് കെ.എസ്.ഇ.ബി; ഇത് പോരാട്ടത്തിന്റെ വിജയമെന്ന് റസാഖ്
കോഴിക്കോട്: തിരുവമ്പാടിയിലെ റസാഖിന്റെ വീട്ടിലെ വൈദ്യുതി ബന്ധം പുനഃസ്ഥാപിച്ചു. കളക്ടറുടെ നിര്‍ദേശത്തെത്തുടര്‍ന്ന് തഹസില്‍ദാര്‍ എത്തി റസാഖുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഞായറാഴ്ച രാത്രി എട്ടരയോടെ കെ.എസ്.ഇ.ബി. ഉദ്യോഗസ്ഥരെത്തി വൈദ്യുത ബന്ധം പുനഃസ്ഥാപിച്ചത്. യൂത്ത് കോണ്‍ഗ്രസുകാര്‍ അടക്കം വിഷയത്തില്‍ പ്രതിഷേധിച്ചു രംഗത്തുവന്നിരുന്നു. ഇത് പോരാട്ടത്തിന്റെ വിജയമെന്ന് റസാഖ് പ്രതികരിച്ചു. വൈദ്യുതി ബന്ധം പുനസ്ഥാപിച്ചതല് സന്തോഷമുണ്ടെന്ന് റസാഖിന്റെ ഭാര്യയും പ്രതികരിച്ചു.
ജീവനക്കാരെയോ ഓഫിസിനെയോ ഇനി ആക്രമിക്കില്ല എന്ന ഉറപ്പു ലഭിച്ചാല്‍ വീട്ടിലെ വൈദ്യുതി പുനഃസ്ഥാപിക്കാന്‍ മന്ത്രി കൃഷ്ണന്‍കുട്ടി നേരത്തെ നിര്‍ദേശിച്ചിരുന്നു. എന്നാല്‍, ആക്രമണം നടത്തില്ലെന്ന് സത്യവാങ്മൂലം നല്‍കണമെന്ന നിര്‍ദേശം വന്നിരുന്നു. ഈ നിര്‍ദേശം വീട്ടുകാര്‍ തള്ളി. വിഷയം ചര്‍ച്ച ചെയ്യാന്‍ വേണ്ടി കോഴിക്കോട് ജില്ലാ കലക്ടര്‍ സ്നേഹില്‍ കുമാര്‍ സിങ് താമരശേരി തഹസില്‍ദാരെ തിരുവമ്പാടിയിലേക്ക് അയക്കുകയാണ് ഉണ്ടായത്. എന്നാല്‍ തഹസില്‍ദാര്‍ നല്കിയ സത്യവാങ്മൂലത്തില്‍ ഒപ്പുവയ്ക്കാന്‍ കുടുംബം തയാറായിരുന്നില്ല.
ആക്രമണത്തില്‍ ഖേദം പ്രകടിപ്പിക്കുന്നു എന്നതടക്കമുള്ള പരാമര്‍ശങ്ങള്‍ സത്യവാങ്മൂലത്തല്‍ ഉള്‍പ്പെടുത്തിയതോടെയാണ് ഒപ്പുവെക്കാന്‍ ആ കുടുംബം തയ്യാറാകാതിരുന്നത്. കെഎസ്ഇബിയുടെ ഫെയ്സ്ബുക്ക് പേജിലൂടെയുള്ള പ്രസ്താവനയില്‍, ആക്രമിക്കില്ല എന്ന ഉറപ്പ് ലഭിച്ചാല്‍ കണക്ഷന് ഇന്നുതന്നെ നല്കാന് തയാറാണെന്നു ചെയര്മാന് വ്യക്തമാക്കി.
ആക്രമിച്ചയാളുടെ പിതാവിന്റെ പേരില്‍ 11 വൈദ്യുതി കണക്ഷനുകളാണ് ഉള്ളതെന്നും സ്ഥിരമായി വൈദ്യുതി ബില്‍ അടയ്ക്കാതിരിക്കുന്ന സാഹചര്യത്തില്‍ ഡിസ്കണക്റ്റ് ചെയ്യാനെത്തുന്ന ഉദ്യോഗസ്ഥരുമായി പലപ്പോഴും വാക്കുതര്‍ക്കവും ഭീഷണിയും പതിവാണെന്നും ചെയര്മാന് പറഞ്ഞിരുന്നു. ഇപ്പോള്‍ നടത്തിയ ആക്രമണത്തില്‍ നിയമനടപടികളുമായി മുന്നോട്ടുപോവുമെന്നും ഇവരില്‍നിന്നു കെഎസ്ഇബിക്കുണ്ടായ നാശനഷ്ടങ്ങള്‍ മുഴുവന്‍ ഈടാക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
കെഎസ്ഇബി ഉദ്യോഗസ്ഥര്‍ കയ്യേറ്റം ചെയ്തെന്നാരോപിച്ചു അജ്മലിന്റെ മാതാവ് പോലീസില്‍ പരാതി നല്‍കിയിരുന്നു. ഈ പരാതിയില്‍ കെഎസ്ഇബി ഉദ്യോഗസ്ഥര്‍ക്കെതിരെ കേസെടുക്കുകയുണ്ടായി. വൈദ്യുതിബില്‍ കുടിശ്ശികവരുത്തിയതിനെത്തുടര്ന്ന് റസാഖിന്റെ വീട്ടിലെ കണക്ഷന് വിച്ഛേദിച്ചിരുന്നു.
ഇതിനു പിന്നാലെ റസാഖിന്റെ മകനും യൂത്ത് കോണ്‍ഗ്രസ് നേതാവുമായ അജ്മല്‍ വൈദ്യുതി ഓഫീസില്‍ അതിക്രമിച്ചുകയറി അക്രമംനടത്തി. സാധനസാമഗ്രികളും മീറ്ററുകളും ഫയലുകളുമുള്‍പ്പെടെ നശിപ്പിച്ചിരുന്നു. അസി. എന്‍ജിനിയര്‍ പി. എസ്. പ്രശാന്തിനുനേരേ മാലിന്യ അഭിഷേകവുമുണ്ടായി. പ്രഷര്‍ കുക്കറില്‍ കൊണ്ടുവന്ന അടുക്കള അവശിഷ്ടങ്ങള്‍ തലകീഴെ ദേഹത്ത് ഒഴിക്കുകയായിരുന്നു.
തിരുവമ്പാടി കെ.എസ്.ഇ.ബി. സെക്ഷന്‍ ഓഫീസില്‍ ശനിയാഴ്ച രാവിലെ എട്ടരയോടെയാണ് സംഭവം. ജീവനക്കാര്‍ക്കുനേരേ വധഭീഷണിയുയര്‍ത്തി രക്ഷപ്പെടാന്‍ശ്രമിച്ച അജ്മലിനെയും സഹോദരന് ഷഹദാദിനെയും (24) ജീവനക്കാര്‍ പിടിച്ചുവെച്ച് പോലീസിലേല്‍പ്പിച്ചു. ഓണ്‍ലൈന്‍വഴി തുക അടച്ചതിന്റെ അടിസ്ഥാനത്തില്‍ വെള്ളിയാഴ്ച ഉച്ചയ്ക്ക് റോഡരികില്‍നിന്ന് വീട്ടിലെ കണക്ഷന് പുനഃസ്ഥാപിക്കുന്നതിനിടെയായിരുന്നു ലൈന്മാനുനേരേ കൈയേറ്റമുണ്ടായത്. ഇതിന് പിന്നാലെ കെഎസ്ഇബി വൈദ്യുതി സ്ഥാപിക്കാന്‍ തയ്യാറായിരുന്നു. തുടര്‍ന്ന് യൂത്ത് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ പ്രതിഷേധം അടക്കം അരങ്ങേറിയിരുന്നു.