ബെംഗളൂരു: ഉത്തര കന്നഡയിലെ ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ ലോറി ഡ്രൈവര്‍ അര്‍ജുന്‍ ഉള്‍പ്പടെ മൂന്നു പേര്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ ചൊവ്വാഴ്ച പുനഃരാരംഭിക്കും. ലോറിയുടെ സ്ഥാനം കൃത്യമായി കണ്ടെത്താന്‍ നാവികസേനയുടെ നേതൃത്വത്തില്‍ പുഴയില്‍ റഡാര്‍ പരിശോധന നടത്തും. ലോറിയുടെ സ്ഥാനം മാറിയിട്ടുണ്ടോ എന്ന് അറിയുകയാണ് പ്രധാനലക്ഷ്യം. അതേസമയം ഗംഗാവലി പുഴയിലെ ശക്തമായ ഒഴുക്ക് പ്രധാന വെല്ലുവിളിയാണെന്നു കര്‍ണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാര്‍ പറഞ്ഞു.

നേരത്തെ മാര്‍ക്ക് ചെയ്ത രണ്ട് സ്ഥലങ്ങള്‍ കേന്ദ്രീകരിച്ചാകും പരിശോധന നടക്കുക. രാവിലെ ഒന്‍പതോടെ കാര്‍വാറില്‍ നിന്നുള്ള നാവികസേന അംഗങ്ങള്‍ ഷിരൂരില്‍ എത്തും. ഗംഗാവലി പുഴയുടെ ഒഴുക്കിന്റെ വേഗത അറിയാനുള്ള പരിശോധനയാവും ആദ്യം നടത്തുക. ഇതിന് ശേഷമായിരിക്കും നാവിക സേനയുടെ മുങ്ങല്‍ വിദഗ്ധര്‍ പുഴയില്‍ മുങ്ങിയുള്ള പരിശോധന നടത്തണോ എന്നുള്ള കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കുക.

നദിയിലെ ഒഴുക്ക് കുറവുണ്ടെന്ന് തിങ്കളാഴ്ച നടത്തിയ പരിശോധനയില്‍ നാവികസേന കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സോണാര്‍ പരിശോധന നടത്തുക. ലോറിയുടെ സ്ഥാനം കൃത്യമായി കണ്ടെത്താനുള്ള നടപടി സ്വീകരിക്കും. അതിനു ശേഷം പുഴയുടെ അടിത്തട്ടിലേക്ക് പോയി ലോറിയുടെ ഉള്ളിലേക്ക് കടന്നുള്ള പരിശോധന നടക്കും.

പുഴയില്‍ ഇപ്പോള്‍ ഒഴുക്ക് കുറവുണ്ടെന്ന് തിങ്കളാഴ്ച കാര്‍വാറില്‍ ചേര്‍ന്ന ഉന്നതതലയോഗം വിലയിരുത്തി. ഇതിനിടെ, തിരച്ചില്‍ ഊര്‍ജിതമാക്കിയില്ലെങ്കില്‍ ഷിരൂരിലെത്തി അധികൃതരെ നേരിട്ടു കാണുമെന്ന് അര്‍ജുന്റെ കുടുംബം വ്യക്തമാക്കി. സഹോദരീ ഭര്‍ത്താവ് നിലവില്‍ ഷിരൂരിലുണ്ട്. കഴിഞ്ഞ മാസം 15നാണു കൊച്ചിപന്‍വേല്‍ ദേശീയപാതയിലെ മണ്ണിടിഞ്ഞ് ലോറി സഹിതം അര്‍ജുനെ കാണാതായത്. അതേസമയം ഷിരൂര്‍ ദൗത്യം തുടരുന്നതുമായി ബന്ധപ്പെട്ട കേസ് കര്‍ണാടക ഹൈക്കോടതി തിങ്കളാഴ്ച പരിഗണിച്ചില്ല.

ദൗത്യം പുനരാരംഭിക്കാന്‍ വൈകുന്നതില്‍ അര്‍ജുന്റെ കുടുംബം ഉത്തര കന്നഡ ജില്ലാ ഭരണകൂടത്തിനെതിരെ വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു. തെരച്ചില്‍ ആരംഭിച്ചില്ലെങ്കില്‍ ഷിരൂരില്‍ കുടുംബം ഒന്നടങ്കം പ്രതിഷേധിക്കുമെന്നാണ് അര്‍ജുന്റെ സഹോദരിയുടെ ഭര്‍ത്താവ് ജിതിന്‍ നേരത്തെ പ്രതികരിച്ചത്. കഴിഞ്ഞ അഞ്ചുദിവസമായി മഴ മാറി നില്‍ക്കുന്നതും തിരച്ചിലിന് അനുകൂലമായ സാഹചര്യമാണ് ഒരുക്കിയിരിക്കുന്നത്.

തെരച്ചില്‍ ആരംഭിക്കാന്‍ കേരള സര്‍ക്കാര്‍ കര്‍ണാടക സര്‍ക്കാരില്‍ സമ്മര്‍ദം ശക്തമാക്കിയതിനിടെയാണ് നാവിക സേനയുടെ പരിശോധന. നിലവില്‍ കര്‍ണാടക സര്‍ക്കാര്‍ പറയുന്ന കാര്യങ്ങള്‍ അവിശ്വസിക്കേണ്ട കാര്യമില്ലെന്നും കേരള സര്‍ക്കാര്‍ സമ്മര്‍ദം തുടരുന്നുണ്ടെന്നുമാണ് മന്ത്രി എകെ ശശീന്ദ്രന്‍ വൈകിട്ട് പ്രതികരിച്ചത്. തെരച്ചില്‍ തുടരുമെന്ന് കര്‍ണാടക ഉറപ്പ് നല്‍കിയിട്ടുണ്ട്. അര്‍ജുന്റെ കുടുംബത്തിന്റെ ആശങ്ക കര്‍ണാടക മുഖ്യമന്ത്രിയുടെയും ഉപമുഖ്യമന്ത്രിയുടെയും ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി എകെ ശശീന്ദ്രന്‍ പറഞ്ഞിരുന്നു.