കല്‍പ്പറ്റ: മുണ്ടക്കൈയിലൂടെ ഒഴുകുന്ന ചൂരല്‍മല പുഴയുടെ സംരാഹതാണ്ഡവത്തില്‍ കേരളം നടുങ്ങുകയാണ്. പുഴയുടെ ഉത്ഭവത്തില്‍ നിന്നാണ് കല്ലും മണ്ണും ഇരച്ചെത്തിയത്. ഇതൊരു ഗ്രാമത്തെയാകെ തകര്‍ത്തു. മുണ്ടകൈയില്‍ പുഴയുടെ തീരത്ത് നിരവധി വീടുകളുണ്ട്. ചൂരല്‍മല വരെ നീളുന്ന ജനവാസ കേന്ദ്രമാണ് ഇത്. ഈ പുഴയ്ക്ക് ഇരുവശവുമുള്ളതെല്ലാം ഉരുള്‍കൊണ്ടു പോയി. മൃതദേഹങ്ങള്‍ മുണ്ടക്കൈ പുഴയിലൂടെ ഒഴുകി കിലോമീറ്ററുകള്‍ അപ്പുറമുള്ള ചാലിയാറിലെത്തി. സൂചിപ്പാറ വെള്ളച്ചാട്ടവും കടന്നാണ് ഇവ നിലമ്പൂരിലെ ചാലിയാറിലെത്തിയത്. അതുകൊണ്ട് തന്നെ ദുരന്ത വ്യാപ്തി ചിന്തിക്കുന്നതിനും അപ്പുറമാണ്.

മുണ്ടക്കൈയില്‍ രണ്ടു വാര്‍ഡുകളിലായി മൂവായിരത്തിനടുത്ത് ജനസംഖ്യയാണുള്ളത്. എല്ലാവരും മുണ്ടക്കൈയില്‍ ഇല്ലെങ്കിലും ഇന്നലെ ഈ പ്രദേശത്തുണ്ടായിരുന്നവരുടെ കാര്യത്തില്‍ ആശങ്കയുണ്ട്. മുണ്ടക്കൈയില്‍ മരണസംഖ്യ വലിയതോതില്‍ കൂടാനാണ് സാധ്യത. മൃതദേഹങ്ങള്‍ ചാലിയാറിലൂടെ ഒഴുകി നിലമ്പൂരില്‍ വരെ എത്തിയിട്ടുണ്ട്്. രണ്ട് ഉരുള്‍പൊട്ടലാണ് ഇവിടെയുണ്ടായതെന്നാണ് വിവരം. രണ്ടാമത്തെ ഉരുള്‍പൊട്ടലാണ് ഭീകര ദുരന്തം വിതച്ചത്. ഇതില്‍ എല്ലാം തകര്‍ന്നിട്ടുണ്ട്. ഈ സമയം ഇവിടെയുണ്ടായവരുടെ കാര്യത്തില്‍ വലിയ ആശങ്കയാണ്. ഈ സമയം പലരും രക്ഷാപ്രവര്‍ത്തനത്തിലായിരുന്നു. ഇതിനിടെയാണ് വെള്ളം കുത്തൊലിച്ചെത്തിയത്. പുഴയുടെ തീരത്തുണ്ടായിരുന്നവരെല്ലാം ഉരുളില്‍ പെട്ടു.

മുണ്ടക്കൈ പുഞ്ചിരിമട്ടത്ത് തിങ്കളാഴ്ചയും മണ്ണിടിഞ്ഞിരുന്നു. ഇതിന്റെ ഭീതി മാറും മുമ്പാണ് ഉരുള്‍പൊട്ടലുണ്ടായത്. പുഴയിലൂടെ പാറക്കല്ലുകളും മരങ്ങളും മണ്ണും ഒഴുകിയെത്തി. കലങ്ങിമറിഞ്ഞാണ് പുഴയുടെ ഒഴുക്ക്. ചിലയിടങ്ങളില്‍ കരകവിഞ്ഞു. തിങ്കളാഴ്ച രാവിലെയാണ് പുഴയില്‍ വെള്ളമുയര്‍ന്ന് ഒഴുക്ക് വര്‍ധിച്ചതായി കണ്ടത്. ഇതോടെ പുഞ്ചിരിമട്ടത്തെ ആളുകള്‍ പൂര്‍ണമായും ഒഴിഞ്ഞു. എന്നാല്‍ മറ്റിടങ്ങളില്‍ ആള്‍ത്താമസമുണ്ടായിരുന്നു. 2020ല്‍ പുഞ്ചിരിമട്ടത്ത് മണ്ണിടിഞ്ഞ് വലിയ നാശനഷ്ടം സംഭവിച്ചിരുന്നു. രണ്ടുവീടുകള്‍ പൂര്‍ണമായും തകര്‍ന്നു. തിങ്കള്‍ രാവിലെ മുണ്ടക്കൈ എട്ടാം നമ്പറിലും ചെറിയ മണ്ണിടിച്ചിലുണ്ടായിരുന്നു. ആ സമയം മുതല്‍ ചൂരല്‍മല പുഴ നിറഞ്ഞാണ് ഒഴുകുന്നത്. ഇതിലേക്ക് ഉരുള്‍ പൊട്ടലുണ്ടായപ്പോള്‍ പുഴയുടെ സംഹാര താണ്ഡവമായി പിന്നീട്.

മേപ്പാടി മുതല്‍ മുണ്ടക്കൈ വരെ കുന്നായ കുന്നു മുഴുവനും തേയിലയാണ്. ഇടയ്ക്കിടയ്ക്ക് സില്‍വര്‍ ഓക്ക് മരങ്ങളും. തേയില എസ്റ്റേറ്റുകള്‍ക്കിടയിലൂടെ വളഞ്ഞുംപുളഞ്ഞും പോകുന്ന ചെറിയ റോഡാണ് ഏക ഗതാഗത മാര്‍ഗ്ഗം. വാഹനത്തിരക്ക് തീരെ ഇല്ലാത്ത ഈ വഴിയിലധികവും കെഎസ്ആര്‍ടിസിയും ജീപ്പുമാണ് ഓടുന്നത്. മുമ്പും ഉരുള്‍ പൊട്ടിയ പുത്തുമല കടന്നു വേണം മുണ്ടക്കൈയ്ക്കു പോകാന്‍. ഭീതിപ്പെടുത്തുന്ന മൂകത ഇപ്പോഴും അവിടെ നിലനില്‍ക്കുന്നു. സൂചിപ്പാറ വെള്ളച്ചാട്ടവും 900 കണ്ടിയുമെല്ലാം ഈ വഴിക്കാണ്. വിനോദ സഞ്ചാരികള്‍ സൂചിപ്പാറ വെള്ളച്ചാട്ടം തേടിയാണ് വരാറ്. അവിടെനിന്നു വീണ്ടും മുന്നോട്ടു പോയാല്‍ മുണ്ടക്കൈ എത്താം. പോകുന്ന വഴിക്കാണ് തല ഉയര്‍ത്തിപ്പിടിച്ച് ദൂരേക്കു നോക്കി നില്‍ക്കുന്ന സെന്റിനല്‍ റോക്ക്. ഈ വശ്യ സൗന്ദര്യമാണ് ഉരുള്‍ ദുരന്തത്തില്‍ ആകെ സ്തംഭിക്കുന്നത്.

തേയിലച്ചെടികളുടെ കാവല്‍ക്കാരനായി സങ്കല്‍പ്പിച്ചാകണ് വെള്ളാരംപാറയ്ക്ക് സെന്റിനല്‍ റോക്ക് എന്നു പേരു നല്‍കിയത് എന്ന് കരുതുന്നു. ഹാരിസണ്‍ മലയാളം പ്ലാന്റേഷനു കീഴിലുള്ള ഇവിടുത്തെ എസ്റ്റേറ്റിനും സെന്റിനല്‍ റോക്ക് എസ്റ്റേറ്റ് എന്നാണ് പേര്. മുണ്ടക്കൈ അങ്ങാടിയില്‍ ടാര്‍ റോഡ് അവസാനിക്കുന്നു. പിന്നീടങ്ങോട്ട് ചെറിയൊരു മണ്‍പാതയാണ്. കുന്നിന്‍മുകളിലേക്കു കുത്തനെ കയറിപ്പോകുന്ന പാത ചിലയിടത്ത് കോണ്‍ക്രീറ്റ് ചെയ്തിട്ടുണ്ട്. പാത തീരുന്നത് അമ്പലമുറ്റത്താണ്. ഈ ക്ഷേത്രവും ഉരുള്‍ ദുരന്തത്തില്‍ നശിച്ചുവെന്നാണ് സൂചന.

വയനാട് മുണ്ടക്കൈ ചൂരല്‍മലയില്‍ പുലര്‍ച്ചെ രണ്ട് മണിയോടെ ആയിരുന്നു ഉരുള്‍പൊട്ടിയത്. പിന്നീട് 4.10-ഓടെ വീണ്ടും ഉരുള്‍പൊട്ടിയതായാണ് റിപ്പോര്‍ട്ട്. വൈത്തിരി താലൂക്ക്, വെള്ളേരിമല വില്ലേജ്, മേപ്പാടി പഞ്ചായത്തിലായിട്ടാണ് ഉരുള്‍ പൊട്ടിയത്. പുഴ വഴിമാറി ഒഴുകുകയാണ്. ചൂരല്‍മലയില്‍ നിന്ന് മുണ്ടക്കൈ ഭാഗത്തേക്കുള്ള റോഡ് ഒലിച്ച് പോയതായി സൂചന.