കല്‍പ്പറ്റ: കേരളം ഇതുവരെ കാണാത്ത അത്ര വലിയ ദുരന്തമാണ് വയനാട് മേപ്പാടി മുണ്ടക്കൈ മേഖലയിലുണ്ടായത്. മുണ്ടക്കൈയില്‍ പുലര്‍ച്ചെ ഒരു മണിക്കും പിന്നീട് നാലു മണിക്കുമായി രണ്ടു തവണയാണ് ഉരുള്‍പൊട്ടിയത്. അര്‍ധരാത്രിയിലെ ഉരുള്‍പൊട്ടലിനുശേഷം രക്ഷാപ്രവര്‍ത്തനം നടക്കുന്നതിനിടെയാണ് വീണ്ടും ഉരുള്‍പൊട്ടലുണ്ടായത്. 400ലധികം കുടുംബങ്ങളെയൊണ് ഉരുള്‍പൊട്ടല്‍ ബാധിച്ചത്. ഈ സാഹചര്യത്തില്‍ വലിയ ജാഗ്രത ഈ മേഖലയില്‍ പുലര്‍ത്തും. രക്ഷാപ്രവര്‍ത്തകരെ മാത്രമേ മേഖലയിലേക്ക് അയക്കൂ.

വയനാട് ഉരുള്‍പൊട്ടല്‍ നടന്ന പ്രദേശത്തേത്ത് കൂടുതല്‍ ദുരന്തനിവാരണ സംഘത്തെ എത്തിക്കുമെന്ന് റവന്യൂമന്ത്രി മന്ത്രി കെ. രാജന്‍ അറിയിച്ചു. സോഷ്യല്‍ മീഡിയയില്‍ തെറ്റായ വാര്‍ത്തകള്‍ നല്‍കരുതെന്നും ജനങ്ങളില്‍ ആശയക്കുഴപ്പമുണ്ടാക്കരുതെന്നും മന്ത്രി പറഞ്ഞു. പൊതുജനം ദുരന്ത സ്ഥലത്തേക്കുള്ള യാത്ര ഒഴിവാക്കണം. എത്ര പേര്‍ ഒറ്റപ്പെട്ടു എന്ന് കൃത്യമായി പറയാനാവില്ല. മലയോര മേഖലകളില്‍ യാത്ര ഒഴിവാക്കണമെന്നും മന്ത്രി മുന്നറിയിപ്പ് നല്‍കി. മരണ സംഖ്യ 50 കവിയുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അതിവേഗം ഉയരുകയാണ് മരണസംഖ്യ. ചൂരല്‍മല മേഖലയിലെ മരണ സംഖ്യയാണ് കേരളത്തെ ഞെട്ടിക്കുന്ന കണക്കിലേക്ക് എത്തുന്നത്. മുണ്ടക്കൈയില്‍ രക്ഷാപ്രവര്‍ത്തകര്‍ക്ക് എത്താന്‍ പോലും കഴിയാത്ത സ്ഥിതി രാവിലെയുണ്ട്.

വയനാട് മേപ്പാടി മുണ്ടക്കൈയിലുണ്ടായത് വന്‍ ദുരന്തമാണുണ്ടായത്. മുണ്ടക്കൈയില്‍ രണ്ടു തവണയായുണ്ടായ ഉരുള്‍പൊട്ടലില്‍ ഇതുവരെ 7 പേരുടെ മൃതദേഹം കണ്ടെത്തിയെന്നാണ് പുറത്തുവരുന്ന വാര്‍ത്തകള്‍. നിരവധി വാഹനങ്ങള്‍ ഒലിച്ചുപോയി. ചൂരല്‍മല ടൗണിന്റെ ഒരു ഭാഗം ഒലിച്ചുപോയി. ഉരുള്‍പൊട്ടലിനെ തുടര്‍ന്നുണ്ടായ മലവെള്ളപ്പാച്ചിലില്‍ നിരവധി വീടുകള്‍ തകര്‍ന്നു. വെള്ളാര്‍മല സ്‌കൂള്‍ പൂര്‍ണമായും വെള്ളത്തിനടിയിലായി. ഇന്നലെ നിരവധി കുട്ടികളെത്തി പഠിച്ച സ്‌കൂളാണ് ഇത്. പുഴ അടിച്ചുകയറുകയായിരുന്നു സ്‌കൂളുകളിലേക്ക്.

ഉരുള്‍പൊട്ടലിന്റെ പശ്ചാത്തലത്തില്‍ താമരശ്ശേരി ചുരം വഴി അത്യാവശ്യ വാഹനങ്ങള്‍ക്ക് ഒഴികെ മറ്റുള്ള വാഹനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി. ചുരത്തില്‍ ഗതാഗത തടസമുണ്ടാകാതിരിക്കാനും മുണ്ടക്കൈ രക്ഷാപ്രവര്‍ത്തന സാമഗ്രികള്‍ എത്തിക്കുന്നതിനും ചുരത്തിലൂടെ സഞ്ചാര പാതയൊരുക്കാനാണ് ഗതാഗത നിയന്ത്രണമേര്‍പ്പെടുത്തിയതെന്ന് അധികൃതര്‍ അറിയിച്ചു. ദുരന്തത്തില്‍പ്പെട്ടവരെ ചികിത്സിക്കാന്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രത്യേക സൗകര്യമൊരുക്കി.

രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിക്കാനും കാര്യങ്ങള്‍ വിലയിരുത്താനും റവന്യു മന്ത്രിയുടെ അധ്യക്ഷതയില്‍ ഉന്നതതല യോഗം നടന്നു. ദുരന്ത നിവാരണ അതോറീറ്റി ആസ്ഥാനത്താണ് യോഗം. റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറി ടിങ്കു ബിസ്വാള്‍, ലാന്‍ഡ് റവന്യൂ കമ്മീഷണര്‍ എ കൗശിക്, കെഎസ്ഡിഎംഎ മെമ്പര്‍ സെക്രട്ടറി ശേഖര്‍ കുര്യാക്കോസ് തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

മലപ്പുറം നിലമ്പൂര്‍ പോത്തുകല്ലിലെ ചാലിയാര്‍ പുഴയില്‍ നിന്ന് മാത്രം കിട്ടിയത് 10 മൃതദേഹങ്ങളാണ്. മൃതദേഹാവശിഷ്ടങ്ങള്‍ ഉള്‍പ്പെടെയാണ് ഇത്രയും ലഭിച്ചത്. പനങ്കയം പാലത്തിന്റെ അടിയില്‍ നിന്ന് ഏഴുവയസ്സുകാരിയുടെ മൃതദേഹം ലഭിച്ചതായി നാട്ടുകാര്‍ അറിയിച്ചു. കുനിപ്പാലയില്‍ നിന്ന് മൂന്ന് വയസ്സുള്ള കുട്ടിയുടെ മൃതദേഹമാണ് ആദ്യം കിട്ടിയത്. പിന്നീട് ചാലിയാറിന്റെ വിവിധ ഭാഗങ്ങളിലാണ് മൃതദേഹങ്ങള്‍ ലഭിക്കുകയായിരുന്നു. വീട്ടുസാമഗ്രികളും ഗ്യാസ് സിലിണ്ടറുകളുമടക്കം പുഴയിലൂടെ ഒഴുകി വരുന്നുണ്ട്.