കോഴിക്കോട്: യാത്രക്കാരില്ലാത്തതിനെ തുടര്‍ന്ന് നവകേരള ബസിന്റെ സര്‍വീസ് മുടങ്ങുമ്പോള്‍ ചര്‍ച്ചയാകുന്നത് ഉയര്‍ന്ന ടിക്കറ്റ് നിരക്കും രാവിലെയുള്ള യാത്രാ സമയവും.. ഗരുഡ പ്രീമിയം ബസായി കോഴിക്കോട്-ബെംഗളൂരു റൂട്ടിലായിരുന്നു സര്‍വീസ്. ചൊവാഴ്ച മുതല്‍ ബസ് സര്‍വീസ് നടത്തുന്നില്ല. 5 പേര്‍ മാത്രമാണ് ഈ ദിവസങ്ങളില്‍ ടിക്കറ്റ് ബുക്ക് ചെയ്തത്.

പുലര്‍ച്ചെ നാല് മണിക്ക് കോഴിക്കോട്ട് നിന്ന് ആരംഭിക്കുന്ന സര്‍വീസ് 11.35ന് ബെംഗളൂരുവിലെത്തും വിധമായിരുന്നു ക്രമീകരണം. തിരികെ ഉച്ചക്ക് 2.30 ന് ബെംഗളൂരുവില്‍ നിന്നും മടങ്ങുന്ന ബസ് രാത്രി 10ന് കോഴിക്കോട് എത്തും. ബംഗ്ലൂരുവില്‍ നിന്നും ഈ സമയത്ത് കോഴിക്കോട്ടേക്ക് യാത്രക്കാര്‍ തീരെ കുറവാണ്. യാത്രക്കാര്‍ ഏറെയുള്ള രാത്രിയില്‍ സര്‍വ്വീസ് നടത്തിയിരുന്നുവെങ്കില്‍ അത് ഗുണകരമായി മാറുമായിരുന്നു. രാത്രിയില്‍ കോഴിക്കോട് നിന്നും ബം്ഗ്ലൂരുവിലേക്കും അവിടെ നിന്ന് രാത്രി തിരിച്ച് കോഴിക്കോട്ടേക്കും. ഈ സമയത്ത് ബസ് തീരെ കുറവാണ്.

ഇതിനൊപ്പം കോഴിക്കോട് നിന്ന് ബംഗ്ലൂരുവിലേക്ക് ബസ് നിശ്ചയിച്ചത് വലിയ പിഴവായി. തിരുവനന്തപുരത്ത് നിന്ന് ബംഗ്ലൂരുവിലേക്ക് പോകാന്‍ ബസുകള്‍ ഇല്ലാത്ത അവസ്ഥയുണ്ട്. ഈ സാഹചര്യത്തിലും കോഴിക്കോട് നിന്ന് ബംഗ്ലൂരുവിലേക്ക് സര്‍വ്വീസ് നിശ്ചയിച്ചു. തിരുവനന്തപുരത്ത് നിന്നായിരുന്നുവെങ്കില്‍ ഇതിലും കൂടുതല്‍ പേര്‍ ബസില്‍ എത്തുമായിരുന്നു. ഏതായാലും കോഴിക്കോട് നിന്ന് ഈ ബസില്‍ ആളെ കിട്ടാത്ത അവസ്ഥയാണ്. ഉയര്‍ന്ന നിരക്കായതു കൊണ്ട് മറ്റ് സ്‌റ്റേഷനില്‍ നിന്നും ആളും കയറുന്നില്ല.

തിങ്കളാഴ്ച സര്‍വീസ് നടത്തിയെങ്കിലും ചുരുങ്ങിയ യാത്രക്കാര്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. 14,000 രൂപയാണ് ബുധനാഴ്ചത്തെ വരുമാനം. ബുക്ക് ചെയ്യാതെ വഴിയില്‍നിന്ന് യാത്രക്കാര്‍ കയറുമെന്ന് പ്രതീക്ഷിച്ചെങ്കിലും അതുണ്ടായില്ലെന്ന് കെഎസ്ആര്‍ടിസി അധികൃതര്‍ അറിയിച്ചു. എന്നാല്‍ ഞായറാഴ്ച 55,000 രൂപയോളം വരുമാനമുണ്ടായിരുന്നു. ബസ് സര്‍വീസ് തുടങ്ങിയശേഷം യാത്രക്കാര്‍ ഇത്രയും കുറയുന്നത് ആദ്യമാണ്. വെള്ളിയാഴ്ച ബസ് സര്‍വീസ് നടത്തും.

സര്‍വീസ് മുടങ്ങിയ ദിവസങ്ങളില്‍ ടിക്കറ്റ് ബുക്ക് ചെയ്ത യാത്രക്കാരെ മറ്റ് ബസുകളില്‍ ബെംഗളൂരുവിലേക്ക് അയയ്ക്കുകയായിരുന്നു. മേയ് ആദ്യവാരമാണ് ബസ് സര്‍വീസ് തുടങ്ങിയത്. നഷ്ടമില്ലാതെയാണ് ബസ് ഇതുവരെ സര്‍വീസ് നടത്തിയതെന്നും കെഎസ്ആര്‍ടിസി അറിയിച്ചു. മേയ് അഞ്ചു മുതലാണ് കോഴിക്കോട് - ബെംഗളൂരു റൂട്ടില്‍ ബസ് സര്‍വീസ് നടത്തിയിരുന്നത്. നവകേരള സദസ്സിന്റെ ഭാഗമായി മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും സഞ്ചരിച്ച ബസായിരുന്നു ഇത്.

ആധുനിക രീതിയില്‍ എസി ഫിറ്റ് ചെയ്ത ബസില്‍ 26 പുഷ് ബാക്ക് സീറ്റുകളാണുള്ളത്. ഭിന്നശേഷിക്കാര്‍, മുതിര്‍ന്ന പൗരന്‍മാര്‍ തുടങ്ങിയവര്‍ക്ക് കയറുന്നതിനായി പ്രത്യേകം തയാറാക്കിയ, യാത്രക്കാര്‍ക്ക് തന്നെ ഓപ്പറേറ്റ് ചെയ്യാവുന്ന തരത്തിലുള്ള ഹൈഡ്രോളിക് ലിഫ്റ്റും ക്രമീകരിച്ചിരുന്നു. ശുചിമുറി, വാഷ്‌ബേസിന്‍, ടിവി, മ്യൂസിക് സിസ്റ്റം, മൊബൈല്‍ ചാര്‍ജര്‍ സംവിധാനങ്ങളുമുണ്ട്.