- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബ്രിട്ടനിലെ വിജയം ആഘോഷിച്ച് കോട്ടയത്തെ ഒരു പഞ്ചായത്ത്; ബ്രിട്ടീഷ് പാര്‍ലമെന്റില്‍ ഇതാദ്യമായി ഒരു മലയാളിയും അംഗമായതോടെ തല ഉയര്‍ത്തി കേരളവും
കോട്ടയം: ഓണാം തുരുത്ത് ചാമക്കാല വീട്ടില്‍ ഇന്നലെ ആഘോഷത്തിന്റെ നിമിഷങ്ങളായിരുന്നു. പടക്കം പൊട്ടിച്ചും മധുരപലഹാരങ്ങള്‍ വിതരണം ചെയ്ത കുടുംബം യഥാര്‍ത്ഥത്തില്‍ പങ്കുവച്ചത് ബ്രിട്ടീഷ് തെരഞ്ഞെടുപ്പിലെ ഒരു വിജയമായിരുന്നു. ഈ വീട്ടിലെ ഇളയമകന് സോജന് ജോസഫ് എന്ന 49 കാരന്റെ തെരഞ്ഞെടുപ്പിലെ വിജയം. വന്‍ ഭൂരിപക്ഷത്തിനാണ് സോജന് ജോസഫ് ബ്രിട്ടീഷ് എം പി ആയത്.
മാധ്യമങ്ങള്‍ വീട്ടിലെത്തിയതോടെ സോജന്റെ പിതാവ് സി ടി ജോസഫ് തന്റെ 88 വയസ്സിന്റെ ക്ലേശങ്ങള്‍ കണക്കാക്കാതെ ഉഷാറായി. നാട്ടിലുള്ള അദ്ദേഹത്തിന്റെ മറ്റു മക്കളെല്ലാം തന്നെ തങ്ങളുടെ ഇളയ അനിയന്റെ വിജയം ആഘോഷിക്കാന്‍ കുടുംബ വീട്ടില്‍ എത്തിച്ചേര്‍ന്നിരുന്നു. വീട്ടിലെത്തിയവര്‍ക്കെല്ലാം മധുരപലഹാരങ്ങളും പാനീയങ്ങളുമായി സോജന്റെ സഹോദരിമാരും.
പഞ്ചായത്ത് പ്രസിഡണ്ട് വി. കെ. പ്രദീപ് ഉള്‍പ്പടെയുള്ള പൗരപ്രമുഖരും, ചില ബന്ധുക്കളും കൂടി എത്തിയതോടെ വീട്ടിലാകെ ഒരു ഉത്സവ പ്രതീതി. പ്രതിപക്ഷ നേതാവ് വി ഡി സതീശനും, കോണ്‍ഗ്രസ്സ് നേതാവ് രമേശ് ചെന്നിത്തലയും സോജന്റെ പിതാവിനെ വിളിച്ച് സന്തോഷം പങ്കുവച്ചു. ഒരു മലയാളി ബ്രിട്ടീഷ് എം പി ആയതില്‍ അഭിമാനിക്കുന്നു എന്നായിരുന്നു ഒരു അയല്‍വാസിയുടെ പ്രതികരണം. കോട്ടയത്തിനും കേരളത്തിനും അഭിമാനിക്കാവുന്ന നേട്ടം എന്നും അവര്‍ പറഞ്ഞു.
ഏഴു മക്കളില്‍ ഏറ്റവും ഇളയ ആളായ സോജന് കഴിഞ്ഞ വര്‍ഷം മാര്‍ച്ചിലായിരുന്നു തന്റെ അമ്മയുടെ ഒന്നാം ചരമവാര്‍ഷികവുമായി ബന്ധപ്പെട്ട ചടങ്ങുകള്‍ക്ക് നാട്ടില്‍ എത്തിയത്. ആഷ്ഫെഡ് മണ്ഡലത്തില്‍ നിന്നും ലേബര്‍ പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിയായി മത്സരിച്ചാണ് എന്‍ എച്ഛ് എസ്സ് മെന്റല്‍ ഹെല്‍ത്ത് നഴ്സിംഗ് മേധാവി കൂടിയായ സോജന് ജോസഫ് വിജയിച്ചത്. ആഷ്ഫെഡ് ബറോ കൗണ്‍സില്‍ അംഗം കൂടിയാണ് അദ്ദേഹം. ബ്രിട്ടീഷ് പാര്‍ലമെന്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ആദ്യ മലയാളിയായ സോജന്റെ, നാട്ടിലേക്കുള്ള അടുത്ത വരവ് ഒരു ആഘോഷമാക്കാനുള്ള തയ്യാറെടുപ്പിലാണ് നാട്ടുകാരും വീട്ടുകാരും.