രണ്ടു മാസം മുമ്പ് ബോംബ് മുറിക്കുള്ളില്‍ വച്ചത് ഇറാന് ഇസ്ലാമിക് റവല്യൂഷണറി ഗാര്‍ഡ് അംഗത്തിന് കൈക്കൂലി നല്കി; ഹനിയയെ കൊന്നത് എങ്ങനെ?
- Share
- Tweet
- Telegram
- LinkedIniiiii
ലണ്ടന്‍: ഹമാസ് തലവന്‍ ഇസ്മായില്‍ ഹനിയയുടെ മരണവുമായി ബന്ധപ്പെട്ട് അഭ്യൂഹങ്ങള്‍ ഇപ്പോഴും തുടരുകയാണ്. ഹനിയ കൊല്ലപ്പെട്ടത് ഇസ്രയേല്‍ നടത്തിയ മിസൈല്‍ ആക്രമണത്തിലാണ് എന്നായിരുന്നു ആദ്യം പുറത്ത് വന്ന വാര്‍ത്തകള്‍. പിന്നീടാണ് ഹനിയ കൊല്ലപ്പെട്ടത് ഇറാന് തലസ്ഥാനമായ ടെഹ്റാനില്‍ അയാള്‍ താമസിച്ചിരുന്ന ഗസ്റ്റ്ഹൗസിലെ മുറിക്കുള്ളില്‍ സ്ഥാപിച്ചിരുന്ന ബോംബ് പൊട്ടിയാണ് എന്ന വിവരം പുറത്ത് വരുന്നത്.
അങ്ങനെ ആണെങ്കില്‍ അവിടെ ബോംബ് സ്ഥാപിച്ചത് എങ്ങനെയെന്ന ചോദ്യത്തിന് ഇപ്പോള്‍ ഉത്തരവുമായി പ്രമുഖ മാധ്യമമായ ടെലഗ്രാഫ് രംഗത്ത് എത്തിയിരിക്കുന്നത്. ഇസ്രയേലിന്റെ രഹസ്യ സംഘടനയായ മൊസാദ് ഗസ്റ്റഹൗസിന്റെ സുരക്ഷാ ചുമതല ഉണ്ടായിരുന്ന ഇറാന് ഇസ്ലാമിക്ക് റവല്യൂണറി ഗാര്‍ഡ് കോര്‍പ്സിലെ അംഗങ്ങളില്‍ ആരെയോ സ്വാധീനിച്ചാണ് ഹനിയ കിടന്ന മുറിയില്‍ രണ്ട് മാസം മുമ്പ് ബോംബ് വെച്ചത് എന്നാണ് ഇപ്പോള്‍ പുറത്ത് വരുന്ന വിവരം. ഇറാന് ഹനിയയുടെ മരണം ഏല്‍പ്പിച്ച കടുത്ത മാനക്കേടില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെയാണ് ഞെട്ടിക്കുന്ന ഈ വാര്‍ത്ത പുറത്ത് വരുന്നത്.
നേരത്തേയും മൊസാദേ ഹനിയയെ വധിക്കാന്‍ ശ്രമം നടത്തിയിരുന്നതായും ടെലഗ്രാഫ് വെളിപ്പെടുത്തിയിട്ടുണ്ട്. ഇറാന് പ്രസിഡന്റായിരുന്ന ഇസ്മായില്‍ റൈസിയുടെ സംസ്ക്കാര ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയ സമയത്താണ് ഹനിയയെ വധിക്കാന്‍ മൊസാദേ ഏജന്റുമാര്‍ ടെഹ്റാനില്‍ എത്തിയത്. എന്നാല്‍ ഹനിയ താമസിക്കുന്ന ഗസ്റ്റ്ഹൗസില്‍ അന്ന് കൂടുതല്‍ ആളുകള്‍ ഉണ്ടായിരുന്നത് കൊണ്ടാണ് വധശ്രമം ഉപേക്ഷിക്കേണ്ടി വന്നത്.
അതിനിടെ ഇസ്രയേലിന് നേരേ യുദ്ധം നടത്തുമെന്ന് ഇറാന് പരമോന്നത നേതാവ് പ്രഖ്യാപിച്ച സാഹചര്യത്തില്‍ അമേരിക്ക ഗള്‍ഫ് മേഖലയിലേക്ക് കൂടുതല്‍ പടക്കപ്പലുകളും പോര്‍വിമാനങ്ങളും അയച്ചു. എന്നാല്‍ ഗള്‍ഫിലെ ഏത് മേഖല കേന്ദ്രീകരിച്ചാണ് ഇവ വിന്യസിക്കുന്നതെന്ന് ഇനിയും വ്യക്തമാക്കിയിട്ടില്ല. ഇറാന്റെ പുതിയ പ്രസിഡന്റായി മസൂദ് പെസഷ്കിയാന് ചുമതലയേല്‍ക്കുന്നതിന്റെ ഭാഗമായാണ് ഹനിയ ടെഹ്റാനിലെത്തിയത്. വിവിധ ചടങ്ങുകള്‍ക്ക് ശേഷം, ഇറാന് ഒരുക്കിയ സുരക്ഷയില്‍ ടെഹ്റാനിലെ താമസസ്ഥലത്തായിരിക്കെയാണ് ഹനിയെ കൊല്ലപ്പെട്ടത്.
കാലപാതകത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. പക്ഷേ, ഒക്ടോബര്‍ ഏഴിന് ഇസ്രയേലില്‍ ഹമാസ് നടത്തിയ ആക്രമണത്തിന് പിന്നാലെ ഹനിയയെ വധിക്കുമെന്ന് പ്രഖ്യാപനം നടത്തിയ ഇസ്രയേല്‍ തന്നെയാണ് ഈ ആക്രമണത്തിന് പിന്നിലെന്ന് ഹമാസ് ആരോപിക്കുന്നു. ഹമാസിന്റെ രാഷ്ട്രീയ നിലപാടുകളുടെ അവസാന വാക്കായിരുന്നു ഇസ്മയില്‍ ഹനിയ. ഖത്തര്‍, തുര്‍ക്കി, ഇറാന് തുടങ്ങിയ രാജ്യങ്ങളുടെ പൂര്‍ണപിന്തുണയായിരുന്നു ഹനിയയുടെ കരുത്ത്. ഇസ്രയേലിന്റെ ചാരക്കണ്ണുകളില്‍ പെടാതെ ദോഹയിലിരുന്നാണ് ഹമാസിനെ ഹനിയ നിയന്ത്രിച്ചിരുന്നത്.
2023 ഒക്ടോബര്‍ ഏഴിന് ഹമാസ് നടത്തിയ ആക്രമണത്തിന് മുന്‍പും ഇസ്രയേലിന്റെ ഹിറ്റ് ലിസ്റ്റില്‍ ഇടം നേടിയിരുന്നു ഹനിയ. അങ്ങനെയാണ് ഹനിയയുടെ മൂന്ന് മക്കളേയും ചെറുമക്കളെയുമൊക്കെ വിവിധ സമയങ്ങളിലായി ഇസ്രയേല്‍ കൊലപ്പെടുത്തിയത്.