ലണ്ടന്‍: യു കെയിലെ പ്രൊട്ടസ്റ്റന്റ് - കത്തോലിക്ക വിരോധത്തിന് നീണ്ട കാലത്തെ ചരിത്രമുണ്ട്. ഒരിക്കലും ഒന്നിക്കാതെ പരസ്പരം പോരടിച്ചിരുന്ന ഇരുകൂട്ടര്‍ക്കുമിടയില്‍ നിലനിന്നിരുന്ന പരസ്പര വിരോധം തന്നെയാണ് ഒരു പരിധി വരെ ഐറിഷ് റിപ്പബ്ലിക്കിന്റെ രൂപീകരണത്തില്‍ കലാശിച്ചതും ഇപ്പോള്‍ ഐക്യ അയര്‍ലന്‍ഡ് മുദ്രാവാക്യം ഉയരാന്‍ ഇടയാക്കിയതും. എന്നാല്‍, പണ്ട് കുഞ്ചന്‍ നമ്പ്യാര്‍ പാടിയ വരികളാണ് ഇപ്പോള്‍ ഇരുകൂട്ടരും ഏറ്റുപാടുന്നത്.

'എലിയും പൂച്ചയുമന്യോന്യം ബഹു-
കലഹികളെന്നൊരു ചൊല്ലതുകൊള്ളാം.
കലഹമെനിക്കു ഭവാനോടില്ലതു….'

ബദ്ധവൈരികളായ രണ്ടു കൂട്ടര്‍ കുടിയേറ്റക്കാര്‍ക്കെതിരെ ഒരുമിച്ച് തെരുവിലിറങ്ങുമ്പോള്‍ മലയാളികളായ കുടിയേറ്റക്കാര്‍ക്ക് കുഞ്ചന്‍ നമ്പ്യാര്‍ പറഞ്ഞ, എലിയും പൂച്ചയും സഖ്യം ചെയ്ത കഥയാണ് ഓര്‍മ്മവരുന്നത്. ചില അജ്ഞാത ഐ ഡികളില്‍ നിന്നും സമൂഹമാധ്യമങ്ങളില്‍ വന്ന പോസ്റ്റുകളും വലതു തീവ്രവാദ ഗ്രൂപ്പുകളുമായുള്ള ചില രഹസ്യ ബന്ധങ്ങളുമാണ് അവരെ ഒരുമിപ്പിച്ചതെന്ന് പറയപ്പെടുന്നു.

തികച്ചും അതിശയകാര്യമാണ് ബെല്‍ഫാസ്റ്റ് സിറ്റി സെന്ററില്‍ കണ്ടത്. ബ്രിട്ടീഷ് പതാകയും ഐറിഷ് പതാകയും ഒരുമിച്ച് പാറിപ്പറക്കുന്ന കാഴ്ച. ഏത് ഗ്രൂപ്പാണ് പ്രതിഷേധിക്കാന്‍ എത്തിയിരിക്കുന്നത് എന്ന് അറിയാത്തവിധം ഡുബ്ലിനില്‍ നിന്നുള്ള തീവ്ര വലതുപക്ഷക്കാര്‍ക്കൊപ്പം ബ്രിട്ടീഷ് അനുകൂലികളും ഐക്യ അയര്‍ലന്‍ഡ് വാദികളും നിലയുറപ്പിക്കുന്ന കാഴ്ച. 'രാഷ്ട്രീയത്താല്‍ വിഭജിക്കപ്പെട്ടവര്‍, വംശത്താല്‍ കൂട്ടിച്ചേര്‍ക്കപ്പെട്ടവര്‍' എന്നായിരുന്നു ഈ അസാധാരണ സംഭവത്തിന് ദൃക്സാക്ഷിയായ ഒരു വഴിപോക്കന്റെ കമന്റ്.

പ്രതിഷേധക്കാരില്‍ ചിലര്‍ അക്രമങ്ങള്‍ക്ക് മുതിര്‍ന്നെങ്കിലും, സമാധാനപൂര്‍വ്വം പ്രതിഷേധിക്കുന്ന നൂറുകണക്കിന് പേരും അക്കൂട്ടത്തില്‍ ഉണ്ടായിരുന്നു. നോര്‍ത്തേണ്‍ അയര്‍ലന്‍ഡിന്റെ വിഭാഗീയതയുടെ ചരിത്രം പരിശോധിക്കുമ്പോള്‍, തീര്‍ത്തും അസംഭവ്യമായ ഒന്നാണ് ബ്രിട്ടീഷ് പതാകയും ഐറിഷ് പതാകയും ഒരുമിച്ച് പറക്കുക എന്നത്. എന്നാല്‍ കുടിയേറ്റക്കാര്‍ക്കെതിരെ അത് ഒന്നിച്ചത് വിസ്മയം മാത്രമല്ല, കുടിയേറ്റക്കാര്‍ക്കിടയില്‍ ആശങ്കയും ജനിപ്പിച്ചിട്ടുണ്ട്. തീവ്ര വലതുപക്ഷക്കാരനായ ടോമി റോബിന്‍സണെ പ്രശംസിക്കുന്ന ഗാനങ്ങളും പ്രതിഷേധത്തിനിടെ ഉയര്‍ന്നിരുന്നു.

കുടിയേറ്റക്കാരെയും മുസ്ലീങ്ങളെയും അവഹേളിക്കുന്ന മുദ്രാവാക്യങ്ങളും പ്രകടനത്തില്‍ ഉയര്‍ന്നതായി ദൃക്സാക്ഷികള്‍ പറയുന്നു. പ്രതിഷേധക്കാരുടെ എണ്ണം വളരെ കൂടുതലായതിനാല്‍ അവരെ നിയന്ത്രിക്കാന്‍ പോലീസിന് ഏറെ ക്ലേശിക്കേണ്ടി വന്നു.