ചെന്നൈ: ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി മദ്രാസിന് 228 കോടി രൂപയുടെ സംഭാവന. അതും ഒരു വ്യക്തിയില്‍ നിന്നും. വിശിഷ്ട പൂര്‍വ്വ വിദ്യാര്‍ത്ഥി അവാര്‍ഡ് ജേതാവായ ഡോ കൃഷ്ണ ചിവുകുലയാണ് ഇത്രയും വലിയ തുക സംഭവന ചെയ്തത്. ഐഐടി മദ്രാസിന്റെ ചരിത്രത്തില്‍ ഒരാളില്‍ നിന്നും ലഭിക്കുന്ന ഏറ്റവും വലിയ സംഭവനയാണിത്. ഇന്ത്യയിലെ ഒരു വിദ്യാഭ്യാസ സ്ഥാപനത്തിനും ഇത്രയുമധികം സംഭാവന മുന്‍പ് ലഭിച്ചിട്ടില്ല.

അമേരിക്കയില്‍ വളര്‍ന്നുവരുന്ന സാങ്കേതികവിദ്യയായ മെറ്റല്‍ ഇന്‍ജക്ഷന്‍ മോള്‍ഡിംഗ് (എംഐഎം)' എന്ന അത്യാധുനിക എഞ്ചിനീയറിംഗ് നിര്‍മ്മാണ സാങ്കേതികവിദ്യ 1997-ല്‍ ഇന്ത്യയില്‍ കൊണ്ടുവന്നയാളാണ് ഡോ. ചിവുകുല. നിലവില്‍ എംഐഎം സാങ്കേതിക വിദ്യയില്‍ ലോകത്ത് ഒന്നാം സ്ഥാനത്താണ് അദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ള ഇന്‍ഡോ- യുഎസ് എംഐഎം ടെക് എന്ന കമ്പനി. 1000 കോടിയോളമാണ് കമ്പനിയുടെ വരുമാനം.

പ്രൊഫഷണല്‍ മികവും സമൂഹത്തിനുള്ള സംഭാവനകളും കണക്കിലെടുത്ത് 2015-ലാണ് ഡോ കൃഷ്ണ ചിവുകുലയ്ക്ക് ഐഐടി മദ്രാസ് വിശിഷ്ട പൂര്‍വ്വ വിദ്യാര്‍ത്ഥി അവാര്‍ഡ് ലഭിച്ചത്. 1970-ല്‍ ഐഐടി മദ്രാസില്‍ നിന്ന് ജെറ്റ് പ്രൊപ്പല്‍ഷനില്‍ എം.ടെക് ബിരുദം നേടിയ ഡോ. ചിവുകുല 1980-ല്‍ ഹാര്‍വാര്‍ഡ് ബിസിനസ് സ്‌കൂളില്‍ നിന്ന് എംബിഎയും നേടിയിട്ടുണ്ട്. ചിവുകുലയോടുള്ള ബഹുമാനാര്‍ത്ഥം ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഒരു അക്കാദമിക് ബ്ലോക്കിന് 'കൃഷ്ണ ചിവുകുല ബ്ലോക്ക്' എന്ന് പേര് നല്‍കി.