ലണ്ടന്‍: ഇന്ത്യന്‍ വംശജരായ ആയിരക്കണക്കിന് സ്ത്രീ പുരുഷന്മാര്‍ വ്യാഴാഴ്ച ബ്രിട്ടനിലെ വിവിധ നഗരങ്ങളിലെ തെരുവിലിറങ്ങി പ്രകടനം നടത്തി. കൊല്‍ക്കത്തയിലെ ആര്‍ ജി കര്‍ മെഡിക്കല്‍ കോളേജില്‍ അതിക്രൂരമായി കൊലചെയ്യപ്പെട്ട വനിതാ ഡോക്ടര്‍ക്ക് നീതി ലഭിക്കണം എന്നാവശ്യപ്പെട്ടായിരുന്നു പ്രകടനം. കേവലം ആശുപത്രികളില്‍ മാത്രമല്ല, ഇന്ത്യയിലെ എല്ലാ തൊഴിലിടങ്ങളിലും സ്ത്രീകള്‍ക്ക് സുരക്ഷിതത്വം ഉറപ്പാക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. അതുപോലെ ഇന്ത്യയില്‍ നിലനില്‍ക്കുന്ന സ്ത്രീകളുടെ മനോഭാവം മാറണമെന്നും അവര്‍ ആവശ്യപ്പെട്ടു.

ലണ്ടനില്‍, പാര്‍ലമെന്റ് ചത്വരത്തിലെ ഗാന്ധി പ്രതിമക്ക് മുന്‍പിലായിരുന്നു പ്രകടനം നടന്നത്. ഇതില്‍ പങ്കെടുത്തവരില്‍ അധികവും കൊല്‍ക്കത്തയിലെ വിവിധ ആശൂപത്രികളില്‍ പരിശീലനം നേടി, ബ്രിട്ടനിലെത്തി എന്‍ എച്ച് എസ്സില്‍ ജോലി ചെയ്യുന്ന ഡോക്ടര്‍മാര്‍ ആയിരുന്നു. ഒന്ന് രണ്ട് പതിറ്റാണ്ട് മുന്‍പ് കൊല്‍ക്കത്തയില്‍, സ്ത്രീകള്‍ക്ക് ഇപ്പോഴുള്ളതിനേക്കാള്‍ സുരക്ഷിതത്വമുണ്ടായിരുന്നു എന്ന് അവര്‍ പറയുന്നു. സുരക്ഷിതത്വം കുറയുന്നതിനൊപ്പം ആശുപത്രികളില്‍ വനിതാ ഡോക്ടര്‍മാര്‍ക്ക് ലഭിക്കുന്ന സംരക്ഷണവും മറ്റ് സൗകര്യങ്ങളും അതീവ ശോചനീയമായ അവസ്ഥയിലേക്ക് മാറുകയാണെന്നും അവര്‍ ചൂണ്ടിക്കാട്ടി.

കുറ്റവാളികള്‍ക്ക് എത്രയും പെട്ടെന്ന് തന്നെ നിയമം അനുശാസിക്കുന്ന ഏറ്റവും വലിയ ശിക്ഷ വാങ്ങി നല്‍കണമെന്നും അവര്‍ ആവശ്യപ്പെട്ടു. ഇന്ത്യയുടെ അഭിമാനമായി കാണുന്ന എയിംസ് ഹോസ്പിറ്റലിലെ ഓണ്‍ - കോള്‍ മുറികളില്‍ ഈ വര്‍ഷം സന്ദര്‍ശിച്ചപ്പോള്‍ താന്‍ കണ്ടത് കീറിപ്പറിഞ്ഞ കിടക്കയായിരുന്നുവെന്നും എലികളും മറ്റും ഓടി നടക്കുകയായിരുന്നു എന്നും ഒരു വനിത ഡോക്ടര്‍ പറഞ്ഞു. കുളിമുറി സുരക്ഷിതമായി അടയ്ക്കാന്‍ ആകില്ല, മാത്രമല്ല ജലക്ഷാമവും രൂക്ഷമാണ്.

ഇന്ത്യന്‍ ആശുപത്രികളില്‍ ഡോക്ടര്‍മാര്‍ക്ക് വിശ്രമ മുറികള്‍ ഇല്ലെന്ന് പറഞ്ഞ മറ്റൊരു ഡോക്ടര്‍ പറഞ്ഞത് ആവശ്യമുള്ള സമയത്ത് സുരക്ഷാ ജീവനക്കാര്‍ അപ്രത്യക്ഷമാകും എന്നാണ്. എന്നാല്‍, 20 വര്‍ഷം മുന്‍പ് ഈ അരക്ഷിതാവസ്ഥ ഇല്ലായിരുന്നു എന്ന് കല്‍ക്കട്ട നാഷണല്‍ മെഡിക്കല്‍ കോളേജില്‍ പഠിച്ച ഡോ. ടിന ഗുപ്ത പറയുന്നു. തങ്ങള്‍ കൊല്‍ക്കത്തയില്‍ ജോലി ചെയ്തിരുന്ന സമയത്ത് ഇത്തരത്തിലുള്ള സംഭവങ്ങള്‍ ഉണ്ടായിട്ടില്ലെന്ന് എന്‍ എച്ച് എസ് സര്‍ജന്‍ ആയ രുദ്ര ബൈദ്യറേ പറഞ്ഞു. പുരുഷന്മാര്‍ക്ക് സ്ത്രീകളോടുള്ള മനോഭാവം മാറണമെന്നും പ്രകടനക്കാര്‍ ആവശ്യപ്പെട്ടു.