കാനഡയുടെ കുടിയേറ്റ നയങ്ങളിലുണ്ടായ മാറ്റങ്ങള്‍ കാരണം 70,000 ല്‍ അധികം വിദേശ വിദ്യാര്‍ത്ഥികള്‍ നാടുകടത്തല്‍ ഭീഷണി നേരിടുകയാണ്. നല്ലൊരു ഭാവി സ്വപ്നം കണ്ട് ഈ വടക്കെ അമേരിക്കന്‍ രാജ്യത്തെത്തിയ വിദ്യാര്‍ത്ഥികള്‍ ഇപ്പോള്‍ ജസ്റ്റിന്‍ ട്രൂഡോയുടെ, സ്റ്റഡി പെര്‍മിറ്റുകള്‍ പരിമിതപ്പെടുത്താനും പെര്‍മെനന്റ് റെസിഡന്‍സി നോമിനേഷനുകള്‍ കുറക്കാനുമുള്ള തീരുമാനത്തിനെതിരെ പ്രതിഷേധിക്കുകയാണ്.

വിദേശ വിദ്യാര്‍ത്ഥികള്‍ ഇപ്പോള്‍ രാജ്യത്ത് അങ്ങോളമിങ്ങോളം പ്രതിഷേധ പ്രകടനങ്ങള്‍ നടത്തുകയാണ് . പ്രിന്‍സ് എഡ്വേര്‍ഡ് ഐലന്‍ഡ്, ഒണ്ടാരിയോ, മാനിറ്റൊബ, ബ്രിട്ടീഷ് കൊളംബിയ എന്നിവ ഉള്‍പ്പടെ ഒട്ടു മിക്ക പ്രവിശ്യകളിലും വിദേശ വിദ്യാര്‍ത്ഥികള്‍ പ്രതിഷേധ റാലികള്‍ സംഘടിപ്പിക്കുന്നുണ്ട്. പ്രിന്‍സ് ഏഡ്വേര്‍ഡ് ഐലന്‍ഡില്‍ നിയമ സഭക്ക് മുന്‍പിലായി നൂറുകണക്കിന് വിദേശ വിദ്യാര്‍ത്ഥികളാണ് കഴിഞ്ഞ മൂന്ന് മാസമായി പ്രതിഷേധ ധര്‍ണ്ണ നടത്തുന്നത്.

ഈ വര്‍ഷം അവസാനത്തോടെ വര്‍ക്ക് പെര്‍മിറ്റ് കാലാവധി തീരുമ്പോള്‍ നിരവധി ഗ്രാഡ്വേറ്റുകള്‍ക്ക് കാനഡ വിട്ട് പോകേണ്ടി വരുമെന്ന് വിദ്യാര്‍ത്ഥികളെ പ്രതിനിധാനം ചെയ്യുന്ന നൗജവാന്‍ സപ്പോര്‍ട്ട് നെറ്റ് വര്‍ക്ക് പറയുന്നു. മാത്രമല്ല, പെര്‍മെനന്റ് റെസിഡന്‍സി നോമിനേഷനുകള്‍ 25 ശതമാനം കണ്ട് വെട്ടിക്കുറച്ചതും പല വിദ്യാര്‍ത്ഥികള്‍ക്കും അപ്രതീക്ഷിത തിരിച്ചടി ആയിട്ടുണ്ട്.

അതേസമയം, കൂടുതലായി വിദേശ വിദ്യാര്‍ത്ഥികള്‍ എത്തുന്നത് കാനഡയുടെ ഭവന, ആരോഗ്യ മേഖലകളില്‍ സമ്മര്‍ദ്ദം വലുതാക്കുന്നുവെന്ന് സര്‍ക്കാര്‍ പറയുന്നു. ഇതിന്റെ വെളിച്ചത്തിലാണ് ഇപ്പോള്‍ കുടിയേറ്റ നയങ്ങളില്‍ വ്യത്യാസം വരുത്തിയിരിക്കുന്നത്. സ്റ്റുഡന്റ്‌സ് പെര്‍മിറ്റ് അപേക്ഷകളുടെ കാര്യത്തിലും നിയന്ത്രണം കൊണ്ടു വന്നിട്ടുണ്ട്. 2024 ല്‍ 3,60,000 സ്റ്റഡി പെര്‍മിറ്റുകള്‍ മാത്രമെ അനുവദിക്കുകയുള്ളു എന്ന റിപ്പോര്‍ട്ടുകള്‍ വരുന്നുണ്ട്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 35 ശതമാനത്തിന്റെ കുറവാണ് ഇക്കാര്യത്തില്‍ ഉണ്ടാവുക.