കൊല്‍ക്കത്ത: വനിതാ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ സഞ്ജയ് റായിയുടെ നുണപരിശോധന വിശദാംശങ്ങള്‍ പുറത്ത്. പ്രതിയുടെ അഭിഭാഷകയായ കവിത സര്‍ക്കാര്‍ നടത്തിയ വെളിപ്പെടുത്തലിന്റെ പശ്ചാത്തത്തിലാണ് റിപ്പോര്‍ട്ട്. നുണപരിശോധനയില്‍ സഞ്ജയ് നിരപരാധിയാണെന്ന് തെളിയിച്ചതായി അഭിഭാഷകയായ ഒരു ദേശീയമാധ്യത്തോട് വെളിപ്പെടുത്തിയിരുന്നു. ഇതൊന്നും സിബിഐ സ്ഥിരീകരിച്ചിട്ടില്ല.

മാത്രമല്ല നിരപരാധിയായ തന്നെ കുടുക്കാന്‍ ശ്രമിക്കുകയായിരുന്നെന്ന് സഞ്ജയ് പറഞ്ഞതായും അഭിഭാഷക വ്യക്തമാക്കി. നുണപരിശോധനയില്‍ പത്ത് ചോദ്യങ്ങളാണ് സഞ്ജയിയോട് സി.ബി.ഐ ഉദ്യോഗസ്ഥര്‍ ചോദിച്ചതെന്നും കൊലപാതക ശേഷം ചെയ്തതെന്തെല്ലാമെന്ന ചോദ്യത്തിന്, താന്‍ കൊലപാതകം നടത്തിയിട്ടില്ലാത്തതിനാല്‍ ചോദ്യം അസാധുവാണെന്നായിരുന്നു പ്രതിയുടെ മറുപടിയെന്നുമായിരുന്നു അഭിഭാഷികയുടെ വെളിപ്പെടുത്തല്‍. ഇതാണ് ദേശീയ മാധ്യമങ്ങള്‍ ചര്‍ച്ചയാക്കുന്നത്. സര്‍വ്വത്ര ആശയക്കുഴപ്പം കേസിലുണ്ടാക്കുന്നതാണ് ഈ വെളിപ്പെടുത്തലുകള്‍.

സെമിനാര്‍ ഹാളിലേക്ക് കടക്കുമ്പോള്‍ രക്തത്തില്‍ കുളിച്ചുകിടക്കുന്ന വനിതാ ഡോക്ടറെ കണ്ടെന്നും അവര്‍ അബോധാവസ്ഥയിലായിരുന്നു തുടര്‍ന്ന് പരിഭ്രാന്തനായി മുറിക്ക് പുറത്തേക്ക് ഓടിയെന്നുമാണ് സഞ്ജയ് പറഞ്ഞത്. എന്നാല്‍ താന്‍ നിരപരാധിയാണെങ്കില്‍ എന്തുകൊണ്ട് പോലീസിനെ വിവരമറിയിച്ചില്ല എന്ന ചോദ്യത്തിന്, പറഞ്ഞാന്‍ ആരും വിശ്വസിക്കില്ല എന്ന ഭയമായിരുന്നു കാരണമെന്നായിരുന്നു മറുപടി.

അതേസമയം, കുറ്റവാളി സഞ്ജയല്ല മറ്റാരെങ്കിലും ആകാമെന്ന നിഗമനത്തിലാണ് പ്രതിയുടെ അഭിഭാഷകയുടെ പ്രതികരണങ്ങള്‍. സെമിനാര്‍ ഹാളിലേക്ക് സഞ്ജയിക്ക് വളരെ എളുപ്പത്തില്‍ പ്രവേശിക്കാന്‍ കഴിഞ്ഞത് സുരക്ഷാവീഴ്ച കാരണമാണെന്നും ഈ സാഹചര്യം മറ്റൊരാള്‍ക്ക് ഉപയോഗപ്പെടുത്താന്‍ പ്രയാസമല്ലെന്നും അവര്‍ പറഞ്ഞു.

ഓഗസ്റ്റ് ഒമ്പതിനായിരുന്നു വനിതാ പി.ജി. ട്രെയിനി ഡോക്ടര്‍ കൊല്‍ക്കത്തയിലെ ആര്‍.ജി. കര്‍ ആശുപത്രിയില്‍ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടത്. ഓഗസ്റ്റ് 10-ന് സി.സി.ടി.വി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ സഞ്ജയ് റോയിയെ പോലീസ് അറസ്റ്റ് ചെയ്തു. പ്രതിയുടെ ബ്ലൂടൂത്ത് ഹെഡ് സെറ്റും കൊലപാതകം നടന്ന സെമിനാര്‍ ഹാളില്‍നിന്ന് ലഭിച്ചിരുന്നു.