കൊല്ലം: രണ്ടുമാസംമുന്‍പ് കൊല്ലത്തുണ്ടായ വാഹനാപകടമരണം ആസൂത്രിതമായ ക്വട്ടേഷന്‍ കൊലപാതകമാണെന്ന് പോലീസ് കണ്ടെത്തിയത് ശാസ്ത്രീയ അന്വേഷണത്തിലൂടെ. മേയ് 23-ന് 12.30-നാണ് സൈക്കിള്‍ യാത്രികനായ, കൊല്ലം ശങ്കേഴ്‌സ് ആശുപത്രിക്കു സമീപം കൈരളി നഗര്‍-122 കുളിര്‍മയില്‍ ബി.എസ്.എന്‍.എല്‍. റിട്ട. അസി. ജനറല്‍ മാനേജര്‍ സി.പാപ്പച്ചന്‍ (82) ആശ്രാമത്ത് കാറിടിച്ചു കൊല്ലപ്പെട്ടത്. സാധാരണ വാഹനാപകടം അസാധാരണ കൊലപാതകമാണെന്ന് തെളിഞ്ഞത് പോലീസിന്റെ അന്വേഷണ മികവാണ്.

പാപ്പച്ചന്റെ മരണത്തില്‍ സംശയമുണ്ടെന്ന് മകനും മകളും കൊല്ലം ഈസ്റ്റ് പോലീസില്‍ നല്‍കിയ പരാതിയാണ് നിര്‍ണ്ണായകമായത്. സി.സി.ടി.വി.ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ സൈക്കിളിലേക്ക് കാര്‍ ഇടിച്ചുകയറ്റുന്നതായി കണ്ടെത്തി. ആശ്രാമം ഗസ്റ്റ് ഹൗസിനു സമീപം ശ്രീനാരായണ കണ്‍വെന്‍ഷന്‍ സെന്ററിനു പിന്നിലെ വിജനമായ പാതയിലാണ് അപകടമുണ്ടാക്കിയത്. പാപ്പച്ചന്‍ സ്വകാര്യ ധനകാര്യസ്ഥാപനത്തില്‍ നിക്ഷേപിച്ച ലക്ഷങ്ങള്‍ തിരിമറി നടത്തിയതറിഞ്ഞ് തിരികെ ചോദിച്ചപ്പോഴാണ് അദ്ദേഹത്തെ വധിക്കാന്‍ സ്ഥാപനത്തിലെ മാനേജരായ സരിതയും എക്‌സിക്യുട്ടീവ് അനൂപും ചേര്‍ന്ന് ഗുണ്ടാസംഘത്തിന് ക്വട്ടേഷന്‍ നല്‍കിയത്.

സംഭവത്തില്‍ കൊല്ലം-അഞ്ചാലുംമൂട് പാതയിലെ ധനകാര്യസ്ഥാപനത്തില്‍ ബ്രാഞ്ച് മാനേജരായ തിരുവനന്തപുരം പേരൂര്‍ക്കട സ്വദേശിനി സരിത (45), ബാങ്കിലെ എക്‌സിക്യുട്ടീവ് മരുത്തടി സ്വദേശി കെ.പി.അനൂപ് (37), ക്വട്ടേഷന്‍ ഏറ്റെടുത്ത കൊല്ലം പോളയത്തോട് അനിമോന്‍ മന്‍സിലില്‍ അനിമോന്‍ (44), സഹായി കടപ്പാക്കട ശങ്കേഴ്‌സ് ആശുപത്രിക്കു സമീപം ശാസ്ത്രി നഗര്‍ വയലില്‍ പുത്തന്‍വീട്ടില്‍ മാഹിന്‍ (47), കാര്‍ വാടകയ്ക്കു നല്‍കിയ പോളയത്തോട് ശാന്തി നഗര്‍ കോളനി 33-ല്‍ ഹാഷിഫ് (27) എന്നിവരെ അറസ്റ്റ് ചെയ്തു.

ധനകാര്യസ്ഥാപനത്തിലെ ജീവനക്കാരനായ അനൂപ്, പാപ്പച്ചനെ വിളിച്ചുവരുത്തിയശേഷം ബൈക്കില്‍ മുന്നേ പോയി അടയാളം നല്‍കി. കാത്തുനിന്ന അനിമോന്‍ കാറോടിച്ച് സൈക്കിളിലേക്ക് ഇടിച്ചുകയറ്റുകയായിരുന്നു. കാര്‍ നിര്‍ത്താതെ പോയി. കൂട്ടാളി മാഹിന്‍ ഓട്ടോയിലെത്തി സംഭവത്തിനു സാക്ഷിയായി. പരിക്കേറ്റ പാപ്പച്ചന്‍ ആശുപത്രിയിലേക്ക് കൊണ്ടുപോകുംവഴി മരിച്ചു. കൊല്ലം സിറ്റി പോലീസ് കമ്മിഷണര്‍ വിവേക് കുമാര്‍, എ.സി.പി. എസ്.ഷെരീഫ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം. തെളിവുകള്‍ വിട്ടുകളയാതെ അവര്‍ അന്വേഷിച്ചു. അതിന്റെ ഫലമാണ് പ്രതികളുടെ അറസ്റ്റ്.

ധനകാര്യസ്ഥാപനത്തില്‍ 76 ലക്ഷം രൂപ നിക്ഷേപമുണ്ടായിരുന്ന പാപ്പച്ചന്‍ തനിച്ചാണ് താമസിക്കുന്നതെന്നറിഞ്ഞ് സരിതയും അനൂപും അടുത്തുകൂടുകയായിരുന്നു. പാപ്പച്ചനില്‍ നിന്നാണ് ഈ വിവരങ്ങള്‍ അറിഞ്ഞത്. പാപ്പച്ചന്റെ നിക്ഷേപത്തില്‍നിന്ന്, നേരത്തേ കൈക്കലാക്കിയ ചെക്ക് ഉപയോഗിച്ച് പണമെടുത്തു. മറ്റ് ബാങ്കുകളില്‍ പാപ്പച്ചനുണ്ടായിരുന്ന അഞ്ചോളം സ്ഥിരനിക്ഷേപങ്ങളും കൂടുതല്‍ പലിശ നല്‍കാമെന്നു വാഗ്ദാനം നല്‍കി ഇവര്‍ പിന്‍വലിച്ചു സ്വന്തമാക്കി. ഈ തുക തിരികെ ചോദിച്ചതാണ് ക്വട്ടേഷനിലേക്ക് കാര്യങ്ങളെത്തിച്ചത്.

മൂന്നു തവണ ആസൂത്രണം പാളിയപ്പോഴാണ് സരിത ക്വട്ടേഷന്‍ സംഘത്തിലെ അനിമോനെയും മറ്റു ഭീഷണിപ്പെടുത്തിയതെന്നു പൊലിസ് പറയുന്നു. ഏകദേശം 80 ലക്ഷം രൂപ നിക്ഷേപിച്ചിട്ടും അതിനുള്ള പലിശ ലഭിക്കാതായതോടെയാണ് പാപ്പച്ചന്‍ സ്വകാര്യ ധനകാര്യ സ്ഥാപനത്തിന്റെ ഓലയില്‍ ബ്രാഞ്ചില്‍ പരാതി പറയാന്‍ എത്തിയത്. തുടര്‍ന്നാണ് സരിത സഹപ്രവര്‍ത്തകനായ അനൂപിന്റെ സഹായത്തോടെ കൊലപാതകം ആസൂത്രണം ചെയ്തത്. പാപ്പച്ചന്‍ ഒറ്റയ്ക്കാണ് താമസിക്കുന്നതെന്നും നിക്ഷേപങ്ങള്‍ സംബന്ധിച്ച വിവരം വീട്ടിലാര്‍ക്കും അറിയില്ലെന്നും ഇരുവര്‍ക്കും അറിയാമായിരുന്നു. പാപ്പച്ചനെ കൊലപ്പെടുത്തിയാല്‍ അന്വേഷണം തങ്ങളിലേക്ക് എത്തില്ലെന്ന ധാരണയിലാണ് കൊലപാതകം ആസൂത്രണം ചെയ്തത്.

ഒന്നാം പ്രതി അനിമോനും സരിതയും 5 വര്‍ഷങ്ങള്‍ക്കു മുന്‍പ് ഒരേ സ്ഥാപനത്തില്‍ ജോലി ചെയ്തിരുന്നു. അങ്ങനെയാണ് പാപ്പച്ചനെ കൊലപ്പെടുത്താന്‍ അനിമോനെയും ഓട്ടോറിക്ഷ ഡ്രൈവറായ മാഹിനെയും ഏല്‍പിക്കുന്നത്. മേയ്18നാണ് അനിമോനും സംഘവും സരിതയെയും അനൂപിനെയും കാണുന്നത്. അന്നു തന്നെ ആശ്രാമം മൈതാനത്തിനടുത്തുള്ള ബാറിനു സമീപത്തു വച്ച് സരിത 40000 രൂപ അഡ്വാന്‍സായി കൈമാറി. 2 ലക്ഷം രൂപയ്ക്കായിരുന്നു ക്വട്ടേഷന്‍ ഉറപ്പിച്ചത്. മാഹിന്റെ ഓട്ടോ റിക്ഷ ഉപയോഗിച്ച് ഇടിച്ചു വീഴ്ത്താമെന്നാണ് ആദ്യം സംഘം കരുതിയത്. 20ന് ആസൂത്രണം ചെയ്‌തെങ്കിലും മഴയെ തുടര്‍ന്ന് പിറ്റേന്നത്തേക്ക് മാറ്റി വച്ചു. 21നും 22നും നടത്തിയ ശ്രമങ്ങളും വിജയിച്ചില്ല. 22ന് വൈകിട്ട് അനിമോനെ വിളിച്ച് സരിത ഭീഷണിപ്പെടുത്തി. നിങ്ങള്‍ക്കു പറ്റില്ലെങ്കില്‍ പണിയറിയാവുന്ന വേറെ ആള്‍ക്കാരെ ഏല്‍പിക്കുമെന്ന് സരിത പറഞ്ഞു. അങ്ങനെയാണ് ഹാഷിഫിന്റെ കൈയിലുള്ള കാര്‍ അനിമോന്‍ എടുക്കുന്നത്.

പാപ്പച്ചനെ വെളിയിലിറക്കാനുള്ള ദൗത്യം അനൂപ് ഏറ്റെടുത്തു. സരിത ആശ്രാമത്തിന് അടുത്ത് കാത്തുനില്‍ക്കുന്നുണ്ടെന്നും ചായ കുടിക്കാമെന്നും പറഞ്ഞാണ് മേയ് 23ന് ഉച്ചയ്ക്ക് അനൂപ് പാപ്പച്ചനെ വിളിക്കുന്നത്. ആശ്രാമം മൈതാനത്തിന് അടുത്ത് അനൂപും പാപ്പച്ചനും കണ്ടുമുട്ടി. സൈക്കിളില്‍ പാപ്പച്ചനും ബൈക്കില്‍ അനൂപും നീങ്ങി. പാപ്പച്ചനുമായി താനെത്തുന്ന വിവരം അനൂപ് അനിമോനു കൈമാറി. ശ്രീനാരായണ ഗുരു സാംസ്‌കാരിക സമുച്ചയത്തിനു മുന്നിലുള്ള റോഡിലൂടെ അല്‍പ ദൂരം പോയി. കാറിനെ മറികടന്നപ്പോള്‍ അനൂപ് മുന്നിലേക്ക് ബൈക്ക് ഓടിച്ചു പോയി. തുടര്‍ന്നാണ് പാപ്പച്ചന്റെ സൈക്കിളില്‍ കാര്‍ ഇടിക്കുന്നത്. മുന്നിലേക്ക് വീണ പാപ്പച്ചന്റെ മുകളിലൂടെ കാര്‍ കയറ്റി. മരണം ഉറപ്പിക്കാനായിരുന്നു ഇത്.

അതിനും അവിടെ ഓട്ടോറിക്ഷയുമായി കാത്തു നിന്ന മാഹിന്‍ സംഭവ സ്ഥലത്ത് എത്തി. ഇതിനിടെ നാട്ടുകാരും ഓടിക്കൂടി. ഓട്ടോറിക്ഷയില്‍ കയറ്റി ആശുപത്രിയില്‍ എത്തിക്കാമെന്ന് പലരും പറഞ്ഞെങ്കിലും മാഹിന്‍ കൂട്ടാക്കിയില്ല. ആംബുലന്‍സ് വിളിപ്പിച്ച് അതിലാണ് ഗുരുതരമായ പരുക്കേറ്റ പാപ്പച്ചനെ ആദ്യം ജില്ലാ ആശുപത്രിയില്‍ എത്തിച്ചത്.