കൊച്ചി: ലഗേജിലെന്തെന്ന സുരക്ഷാ ജീവനക്കാരുടെ ചോദ്യം ഇഷ്ടപ്പെടാതിരുന്ന യാത്രക്കാരന്‍ ബോംബെന്ന് മറുപടി പറഞ്ഞതോടെ നെടുമ്പാശേരിയില്‍ വിമാനം വൈകിയത് രണ്ടു മണിക്കൂര്‍. ഇതോടെ യാത്രക്കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇന്നു പുലര്‍ച്ചെയാണ് സംഭവം. തായ് എയര്‍ലൈന്‍സില്‍ പോകാനെത്തിയ തിരുവനന്തപുരം സ്വദേശി പ്രശാന്തിന്റെ തമാശയാണ് വിമാനയാത്രക്കാരെയും സുരക്ഷാ ഉദ്യോഗസ്ഥരെയും ചുറ്റിച്ചത്. ആഫ്രിക്കയില്‍ ബിസിനസുകാരനാണ് ഇയാള്‍.

സുരക്ഷ ഉദ്യോഗസ്ഥര്‍ ബാഗിലെന്താണെന്ന് ചോദിച്ചത് പ്രശാന്തിന് ഇഷ്ടപ്പെട്ടില്ല. ബാഗില്‍ ബോംബാണെന്ന് പ്രശാന്ത് ആവര്‍ത്തിച്ച് പറഞ്ഞതോടെ സുരക്ഷാ ഉദ്യോഗസ്ഥ ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തു. തുടര്‍ന്ന് ബാഗ് തുറന്നു പരിശോധന നടത്തിയ ശേഷം ഇയാളുടെ വിമാന യാത്ര തടഞ്ഞു. പ്രശാന്തും ഭാര്യയും മകനും കൂടാതെ മറ്റു നാലു പേരും ഒരുമിച്ചാണ് ടിക്കറ്റെടുത്തിരുന്നത്.

പ്രശാന്തിനെ അറസ്റ്റ് ചെയ്തതോടെ ഭാര്യയും മകനും യാത്ര ചെയ്യാനില്ലെന്ന നിലപാട് സ്വീകരിച്ചു. ഇതിനുശേഷം ഒരേ ടിക്കറ്റായതിനാല്‍ വിമാനത്തിനകത്ത് കയറ്റിയ ഇവരുടെ കൂടെയുണ്ടായിരുന്ന മറ്റു നാലു പേരുടെ ലഗേജുകള്‍ കൂടി വിമാനത്തില്‍ നിന്നിറക്കി വീണ്ടും പരിശോധനക്ക് വിധേയമാക്കി. പുലര്‍ച്ചെ 2.10ന് പോകേണ്ടിയിരുന്ന വിമാനം 4.30ന് മാത്രമാണ് ഇതുമൂലം പുറപ്പെട്ടത്.