- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രകാശ് ബാബുവിന് 'ഡല്‍ഹി'യിലും ഇടമില്ല; സിപിഐയില്‍ ആധിപത്യം നേടി കാനം പക്ഷം; ബിനോയ് വിശ്വത്തിന്റെ കരുനീക്കത്തില്‍ ആനി രാജയ്ക്ക് പാര്‍ട്ടി പദവി
തിരുവനന്തപുരം: സിപിഐയില്‍ ഇനി കാനം പക്ഷം മാത്രം. സിപിഐ ദേശീയ എക്സിക്യുട്ടീവ് അംഗമായ പ്രകാശ് ബാബുവിനെ വീണ്ടും ഒതുക്കി പാര്‍ട്ടി സംസ്ഥാന നേതൃത്വം നല്‍കുന്നത് പാര്‍ട്ടി വിരുദ്ധര്‍ക്ക് രക്ഷയില്ലെന്ന സന്ദേശമാണ്. ദേശീയ സെക്രട്ടറിയേറ്റിലേക്ക് കേരള ഘടകം നിര്‍ദേശിച്ചത് ആനി രാജയുടെ പേരാണ്. തന്ത്രപരമായ നീക്കമാണ് ഇക്കാര്യത്തില്‍ കാനം പക്ഷം നടത്തിയത്. ആനി രാജയ്ക്ക് ദേശീയ നേതൃത്വത്തിന്റേയും പിന്തുണയുണ്ട്. കാനം വിരുദ്ധരെ കേന്ദ്ര പിന്തുണയില്‍ വെട്ടാനാണ് നീക്കം.
സിപിഐ ദേശീയ സെക്രട്ടേറിയറ്റില്‍നിന്ന് ഒഴിവാക്കിയതില്‍ പ്രകാശ് ബാബു കടുത്ത അതൃപ്തിയിലാണെന്നാണ് സൂചന. കാനം രാജേന്ദ്രന് ശേഷം പ്രകാശ് ബാബുവിന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി പദവി ലഭിക്കുമെന്ന് കരുതിയിരുന്നെങ്കിലും അത് ഉണ്ടായിരുന്നില്ല. കാനത്തിന്റെ താത്പര്യപ്രകാരം ബിനോയ് വിശ്വം സംസ്ഥാന സെക്രട്ടറി പദവിയിലെത്തി. ഇതിന് ശേഷം വിഭാഗീയത രൂക്ഷമായി. കാനം മരണക്കിടക്കയില്‍ വച്ച് ബിനോയ് വിശ്വത്തെ പിന്‍ഗാമിയാക്കണമെന്ന് ദേശീയ നേതൃത്വത്തോട് ആവശ്യപ്പെട്ടിരുന്നു. ഇത് അനുസരിച്ചാണ് ബിനോയ് വിശ്വത്തെ സെക്രട്ടറിയാക്കിയത്.
പിന്നീട് രാജ്യസഭാ സ്ഥാനാര്‍ഥിത്വവും പ്രകാശ് ബാബുവിന് നിഷേധിച്ചിരുന്നു. കാനം രാജേന്ദ്രന് ശേഷം പ്രകാശ് ബാബു ദേശീയ സെക്രട്ടറിയേറ്റിലെത്തുമെന്നായിരുന്നു പ്രതീക്ഷ. എന്നാല്‍ ദേശീയ തലത്തില്‍ പ്രവര്‍ത്തിക്കുന്നെന്ന പരിഗണന വച്ച് സംസ്ഥാന ഘടകം ആനി രാജയുടെ പേര് നിര്‍ദേശിക്കുകയായിരുന്നു. എന്നാല്‍ ഇതിന് പിന്നില്‍ പ്രകാശ് ബാബുവിനെ ഒതുക്കാനുള്ള തന്ത്രമാണെന്ന് വ്യക്തമാണ്. കഴിഞ്ഞ ദിവസം നടന്ന സംസ്ഥാന കൗണ്‍സിലിലും വിഭാഗീയത വ്യക്തമായിരുന്നു.
അതേസമയം, തന്നെ ആരും ഒഴിവാക്കിയിട്ടില്ലെന്ന് പ്രകാശ് ബാബു പ്രതികരിച്ചു ആനി രാജയ്ക്ക് അര്‍ഹതപ്പെട്ട സ്ഥാനമാണ്. ഇന്നലെ ചേര്‍ന്ന ദേശീയ എക്സിക്യൂട്ടീവ് ഐക്യകണ്ഠേനയാണ് ആനി രാജയെ ദേശീയ സെക്രട്ടേറിയേറ്റിലേക്ക് തെരഞ്ഞെടുത്തത്. ആനിരാജയെ ദേശീയ സെക്രട്ടറിയേറ്റില്‍ ഉള്‍പ്പെടുത്താന്‍ വിജയവാഡയില്‍ നടന്ന പാര്‍ട്ടി കോണ്‍ഗ്രസിലാണ് തീരുമാനിച്ചിരുന്നു. ഒഴിവ് വന്നപ്പോള്‍ ആനിരാജയെ എടുത്തു.അതിനെ പൂര്‍ണ്ണമായും അനുകൂലിക്കുകയാണ്. ഇക്കാര്യത്തില്‍ സന്തോഷം മാത്രമേയുള്ളു. ഒന്നിനെയും പുറകെ പോകാന്‍ ഉദ്ദേശിക്കുന്നില്ല. പാര്‍ട്ടി അംഗമാണ് .അതേപോലെ തുടരുമെന്നും പ്രകാശ് ബാബു പറഞ്ഞു.
ദേശീയ സെക്രട്ടേറിയേറ്റിലേക്ക് ആനി രാജയെ എടുത്തത് സ്വാഭാവികമായ നടപടിയെന്നാണ് സിപിഐയുടെ വിശദീകരണം. പ്രകാശ് ബാബുവിനെ ഒഴിവാക്കിയതല്ലെന്നും ബിനോയ് വിശ്വം നേരത്തെ ദേശീയ സെക്രട്ടേറിയേറ്റിലേക്ക് എത്തിയത് ദേശീയ തലത്തില്‍ പ്രവര്‍ത്തിക്കുന്ന നേതാവ് എന്ന നിലയിലാണെന്നുമാണ് നേതൃത്വം പറയുന്നത്.
സംസ്ഥാന സെക്രട്ടറിയായി ബിനോയ് വിശ്വം മാറിയതോടെ ആ ഒഴിവിലേക്ക് ദേശീയ തലത്തില്‍ നിന്ന് ആനി രാജയെ ഉള്‍പ്പെടുത്തുകയായിരുന്നു. സംസ്ഥാന ഘടകം ആരെയും നിര്‍ദേശിച്ചിട്ടില്ലെന്നും വിശദീകരിച്ചു.