പത്തനംതിട്ട: റബര്‍ വിലയിലുണ്ടായ മുന്നേറ്റം മലയോര മേഖലയിലെ കര്‍ഷകര്‍ക്ക് പുതിയ പ്രതീക്ഷ. സംസ്ഥാനത്ത് റബര്‍ വില 250 രൂപയില്‍ കൂടിയതോടെ കര്‍ഷകര്‍ ആശ്വാസത്തിലായി. വീണ്ടും ടാപ്പിംഗ് സജീവമായി. സംസ്ഥാനത്ത് പലയിടത്തും ചെറുകിട വ്യാപാരികള്‍ 247- 249 രൂപയ്ക്കാണ് റബര്‍ ശേഖരിക്കുന്നത്. 2011 ഏപ്രില്‍ അഞ്ചിനായിരുന്നു ഇതിനു മുമ്പ് റബര്‍ വില ഭേദപ്പെട്ട നിലയില്‍ എത്തിയത്. അന്ന് 243 രൂപയ്ക്കായിരുന്നു. റബര്‍ ഇറക്കുമതി കുറഞ്ഞതോടെ ടയര്‍ നിര്‍മ്മാതാക്കള്‍ പ്രദേശിക വിപണിയെ ആശ്രയിച്ചു. ഇതാണ് കര്‍ഷകര്‍ക്ക് തുണയായത്.

180 രൂപയ്ക്ക് വരെ വ്യാപാരികള്‍ ഒട്ടുപാല്‍ സംഭരിക്കുന്നുണ്ട്. അതേസമയം ലാറ്റക്‌സ് വില കുറയുന്നത് കര്‍ഷകരെ ആശങ്കയിലാക്കുന്നുണ്ട്. ലാറ്റക്‌സ് വില 243 ഉണ്ടെങ്കിലും കര്‍ഷകര്‍ക്ക് 228 രൂപയെ ലഭിക്കുകയുള്ളൂ. റബ്ബറില്‍ ആഭ്യന്തര വിലയ്ക്കൊപ്പം രാജ്യാന്തര വിലയിലും കയറ്റം തുടരുകയാണ്. ബാങ്കോക്കില്‍ ആര്‍.എസ്.എസ് 1ന് 209 രൂപയാണ് വില.

റബറിന്റെ ഇറക്കുമതി നിയന്ത്രിക്കുകയും പ്രകൃതിദത്ത റബറിന്റെ ഉപഭോഗത്തില്‍ പ്രതിവര്‍ഷം 2 ലക്ഷം മെട്രിക് ടണ്ണിന്റെ അധിക വര്‍ദ്ധന വരികയും ചെയ്തു. ഇത് റബ്ബര്‍ വിപണിയില്‍ ഉണ്ടാക്കിയ ആവശ്യകതയാണ് റബര്‍ വില സ്വപ്ന സമാനമായ ഉയരത്തിലേക്ക് കൊണ്ടുപോകുന്നതഎന്നാണ് വിലയിരുത്തല്‍. ഇറക്കുമതി ചുങ്കം കൂട്ടിയതും ഇറക്കുമതി നിയന്ത്രണം ഏര്‍പ്പെടുത്തിയതും തന്നെയാണ് വില വര്‍ധിക്കുന്നതിന് അനുകൂല സാഹചര്യമൊരുങ്ങിയതെന്ന വാദവും ശക്തം.

റബര്‍ വില കൂടുമ്പോള്‍ നേട്ടം പോക്കറ്റിലാക്കാനും വിലയിടിയുമ്പോള്‍ കേന്ദ്രത്തെ പഴിചാരിയുമുള്ള ഇരുമുന്നണികളുടെയും എട്ടുകാലി മമ്മൂഞ്ഞ് രാഷ്ട്രീയം പരിഹാസ്യവും ലജ്ജാകരവുമെന്ന് ബിജെപി ആരോപിക്കുന്നുണ്ട്. സമീപകാല ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന വിലയിലേക്ക് റബ്ബര്‍ കുതിക്കുമ്പോള്‍ നരേന്ദ്രമോദി സര്‍ക്കാരിന്റെ ദീര്‍ഘവീക്ഷണമുള്ള കര്‍മ്മപദ്ധതികളാണ് ഇതിന് നിദാനം എന്ന അഭിമാനത്തോടെ പറയേണ്ടിയിരിക്കുന്നു. മോദി സര്‍ക്കാരിനെതിരായ കേരളത്തിലെ ഇരു മുന്നണികളുടെയും വ്യാജപ്രചരണത്തിന്റെ മുനയൊടിക്കുന്നതാണ് ഇപ്പോഴത്തെ വില കുതിച്ചുചാട്ടം-ബിജെപി മധ്യമേഖലാ പ്രസിഡണ്ട് എന്‍ ഹരി പ്രതികരിച്ചു.

കേന്ദ്രസര്‍ക്കാരിനെതിരെ കുപ്രചരണങ്ങളുടെ കുത്തൊഴുക്കായിരുന്നു. ഇറക്കുമതിയില്‍ വ്യവസായിക്കള്‍ക്കനുകൂലമായി നിലപാട് കേന്ദ്ര സര്‍ക്കാര്‍ സ്വീകരിക്കുമെന്നായിരുന്നു ഒരു പ്രചരണം. പക്ഷെ അതെല്ലാം വെള്ള ത്തില്‍ വരച്ച വര പോലെയായെന്ന് ബിജെപി പറയുന്നു.