- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പന്ത്രണ്ടു മണിക്ക് ആനക്കൂട്ടം; പേടിച്ച് ഉണര്‍ന്നിരുന്നു; ഒന്നരയ്ക്ക് ഭീകര ശബ്ദം; ഇറങ്ങി ഓടിയവര്‍ രക്ഷപ്പെട്ടു; ചൂരല്‍മലയില്‍ ആ രാത്രി സംഭവിച്ചത്
കല്‍പ്പറ്റ: ആദ്യ ഉരുള്‍പൊട്ടിയത് പുലര്‍ച്ചെ ഒന്നര മണിയോടെയാണ്. അതിന് രണ്ടു മണിക്കൂര്‍ മുമ്പേ ചൂരമലയിലും മുണ്ടക്കൈയിലും വലിയ കാട്ടാനക്കൂട്ടമെത്തി. പതിവില്‍ കൂടുതല്‍ ആനകളെത്തിയപ്പോള് അതറിഞ്ഞ ചൂരല്‍മലക്കാര്‍ കാട്ടാന ജാഗ്രതയിലായി. അവര്‍ ഉറങ്ങാതെ വീടുകളില്‍ ഇരുന്നു. അപ്പോഴാണ് ആദ്യ ഉരുള്‍പൊട്ടലുണ്ടാകുന്നത്. കുറച്ചു കഴിഞ്ഞപ്പോള്‍ അതിഭീകരമായി രണ്ടാം ഉരുളും. ആനപ്പേടിയില്‍ ഉറക്കമൊഴിച്ചിരുന്നവര് ആദ്യ ശബ്ദം കേട്ടപ്പോള്‍ തന്നെ വീടു വിട്ടോടി. അവരാണ് മുണ്ടക്കൈയിലും ചൂരല്‍മലയിലും താമസിച്ചിരുന്നവരില്‍ അവശേഷിക്കുന്ന ജീവനുകള്‍. ചൂരല്‍മലയില്‍ നിന്നും രക്ഷപ്പെട്ട സല്മ്മതാണ് മറുനാടന്‍ മലയാളിയോട് രക്ഷപ്പെടല്‍ വിശദീകരിച്ചത്.
ആന വന്നു. അതുകൊണ്ട് ആദ്യ ഉരുള്‍ ശബ്ദം തന്നെ കേട്ടു. അങ്ങനെ ഇറങ്ങി ഓടി. മക്കള്‍ പഠിച്ച സ്കൂള്‍ അടക്കം രണ്ടാം ഉരുളില്‍ തകര്‍ന്നു. ഇനി ഒന്നുമില്ല. പുത്തുമലയും ചൂരമലയും പോയി. ഇതിനിടെയില്‍ ഞങ്ങളുടെ കുറച്ചു വീടുകള്‍ മാത്രമാണുള്ളത്. ചൂരല്‍മല ടൗണിലെ കടകളും പോയി. ചൂരല്‍മലയില്‍ മാത്രം 15 വീടുകള്‍ ഒലിച്ചു പോയി. ആന വന്നതു കൊണ്ട് മാത്രമാണ് ജീവന് കിട്ടിയത്. ചൂരല്‍മലയിലുള്ള പല ബന്ധുക്കളും മരിച്ചു. ഇനി ആ വീട്ടില്‍ പോയി കിടന്ന് സമാധാനത്തോടെ എങ്ങനെ ഉറങ്ങും-സല്‍മത്ത് ചോദിക്കുന്നു. എങ്ങനെ മുന്നോട്ട് പോകണമെന്ന് അറിയില്ല. കുട്ടികള്‍ക്ക് നല്ല വിദ്യാഭ്യാസം അടക്കം വേണം. എല്ലാം പോയ അവസ്ഥ-സല്‍മത്ത് പറയുന്നു.
അതിനിടെ വല്ലാത്തൊരു കാഴ്ചയാണ് ദുരന്തഭൂമിയില്‍ നിന്നുള്ളതെന്ന് മന്ത്രി എ രാജന് പറയുന്നു. ഭാരതപ്പുഴ ഉണങ്ങിവരണ്ടുള്ള അവസ്ഥ പോലെയുള്ള കാഴ്ച. എല്ലാ വീടുകളും താഴത്തേയ്ക്കിറങ്ങിപ്പോയിരിക്കുകയാണ്. മുണ്ടക്കൈ ഭാഗത്ത് റിസോര്‍ട്ടുകളടക്കമുള്ള സ്ഥലം നേരെ ഭൂമിക്കടിയിലേക്ക് പോയി. പ്രധാനമായും , കാണാതായവരെ കണ്ടെത്തുകയാണ് ലക്ഷ്യം. കഴിഞ്ഞ ദിവസം മിംസ് ആശുപത്രിയിലെത്തിയപ്പോള്‍ ഒരമ്മ അവരുടെ വീട്ടിലെ നാല് പേരും നഷ്ടപ്പെട്ട സങ്കടം പറഞ്ഞു. ആ അമ്മയെ തന്നെ റസ്ക്യൂ ഓപ്പറേഷന്റ ഭാഗമായാണ് രക്ഷിച്ചത്- മന്ത്രി വിശദീകരിച്ചു
നേരത്തെ വോട്ടര്‍ പട്ടിക വച്ചാണ് കണക്കെടുത്തിരുന്നത്. എന്നാല്‍ അതില്‍ കുട്ടികള്‍ ഇല്ലാത്തതിനാല്‍ റേഷന്‍ കാര്‍ഡ്,ആശാ വര്‍ക്കാര്‍മാര്‍, അംഗനവാടിക്കാര്‍ എന്നിവരിലൂടെയാണ് ആളുകളെ കണ്ടെത്തുന്നത് .പേടിച്ച് പോയവരുണ്ട്, മൊബൈല്‍ സ്വിച്ച് ഓഫ് ചെയ്യപ്പെട്ടവര്‍, മിണ്ടാന്‍പറ്റാത്തവര്‍ എന്നിവരുടെയെല്ലാം വിവരങ്ങള്‍ കൂടി ചേര്‍ത്തുവെച്ചാലെ കൃത്യമായൊരു കണക്ക് ലഭ്യമാകുകയുള്ളു.
ഇനിയുള്ള സുരക്ഷാ പ്രവര്‍ത്തനങ്ങള്‍ക്ക് ഒരു നിശ്ചിത സ്ഥലമാണുണ്ടാവുകയെന്നും മന്ത്രി പറഞ്ഞു. ഒരു കിലോമീറ്റര്‍, രണ്ട് കിലോമീറ്റര്‍ എന്ന തരത്തില്‍. മേപ്പാടി ഹയര്‍ സെക്കന്ററിയിലെ മൊബൈല്‍ മോര്‍ച്ചറിയില്‍ നിലമ്പൂരില്‍ നിന്നും കൊണ്ടുവന്ന മൃതദേഹങ്ങള്‍ സൂക്ഷിച്ചിരുന്നു. എന്നാല്‍ അവയെല്ലാം ശരീരഭാഗങ്ങള്‍ മുറിഞ്ഞുപോയതും ഡിഎന്‍എ പരിശോധന മാത്രം ചെയ്താല്‍ തിരിച്ചറിയാന്‍ കഴിയുന്ന ശരീരങ്ങള്‍ മാത്രമായിരുന്നു. അതിനാല്‍ തന്നെ കൃത്യമായി കണക്ക് കിട്ടാന്‍ ബുദ്ധിമുട്ടണ്.
ഓരോ ഘട്ടത്തിലും കിട്ടുന്ന കണക്കനുസരിച്ച് മുന്നോട്ടുപോവുക എന്നത് മാത്രമെ ചെയ്യാനാകു. 500 ലധികം ഫോഴസ് സംവിധാനം തന്നെയുണ്ട്. ഫോഴ്സിന് തുല്യമായ, പ്രദേശമറിഞ്ഞ് രക്ഷപ്പെടുത്താനാകുന്ന സന്നദ്ധപ്രവര്‍ത്തകരുമുണ്ട്. 3000പേരോളം രക്ഷാ പ്രവര്‍ത്തനത്തിനായി 9 മണിയോട് കൂടി ഉണ്ടാകും. യന്ത്രവാഹനങ്ങള്‍ 15 എണ്ണം അകത്തേയ്ക്ക് കയറിയിട്ടുണ്ട്. കൂടുതല്‍ കടത്തിവിടും. ബെയ്ലി പാലം 10 മണിാേയടെ പൂര്‍ണ പ്രവര്‍ത്തന സജ്ജമാകും.ഏറ്റവുമധികം ആംബുലന്‍സുകള്‍ ഉപയോഗിക്കേണ്ടത് ഇന്നായിരിക്കുമെന്നും മന്ത്രി പറഞ്ഞു.