കൊല്ലം: മിനി മുത്തൂറ്റില്‍ ഉണ്ടായിരുന്ന ലക്ഷങ്ങളുടെ നിക്ഷേപം തട്ടിയെടുക്കുന്നതിന് ബിഎസ്എന്‍എല്‍ റിട്ട. അസിസ്റ്റന്റ് ജനറല്‍ മാനേജരായ വയോധികനെ കാര്‍ ഇടിച്ചു കൊലപ്പെടുത്തിയ കേസിലെ സൂത്രധാരയുടെ വേരുകള്‍ കൊല്ലത്ത് തന്നെ. പോലീസ് പ്രതികളെ ചോദ്യം ചെയ്തു തുടങ്ങി. അഞ്ചു പ്രതികളെയും പ്രത്യേകമായാണ് ചോദ്യം ചെയ്യുന്നത്. പ്രതികള്‍ ആശയവിനിമയം നടത്താതിരിക്കാന്‍ 4 പൊലീസ് സ്റ്റേഷനുകളിലായി പാര്‍പ്പിച്ചാണ് ചോദ്യം ചെയ്യല്‍. നിര്‍ണ്ണായക വിവരങ്ങള്‍ പോലീസിന് കിട്ടുന്നുണ്ട്.

പ്രതികളുടെ മൊഴിയെടുപ്പു പൂര്‍ത്തിയായ ശേഷമേ തെളിവെടുപ്പിന് കൊണ്ടുപോകൂവെന്നു പൊലീസ് വ്യക്തമാക്കി. മൊഴിയെടുപ്പു പൂര്‍ത്തിയാക്കാന്‍ രണ്ടു ദിവസമെങ്കിലും വേണ്ടിവരും. കൊല്ലം ശങ്കേഴ്‌സ് ജംക്ഷനു സമീപം കൈരളി നഗര്‍ കുളിര്‍മയില്‍ സി.പാപ്പച്ചനെ (82) മേയ് 23ന് ആണ് കാര്‍ ഇടിച്ചു കൊലപ്പെടുത്തിയത്. ആദ്യം അപകട മരണമെന്നായിരുന്നു കരുതിയത്. പിന്നീടാണ് ആസൂത്രിത കൊലപാതകമാണെന്നു തെളിഞ്ഞത്.

പാപ്പച്ചന്‍ കൊലയില്‍ ആസൂത്രകയായ സരിത ജനിച്ചതും സ്‌കൂള്‍ വിദ്യാഭ്യാസം നടത്തിയതും തിരുവനന്തപുരത്താണെങ്കിലും കൊല്ലത്താണ് കുടുംബ വേരുകള്‍. തിരുവനന്തപുരം പേരൂര്‍ക്കടയിലായിരുന്നു താമസം. സരിത 1999-2002 കാലഘട്ടത്തിലാണ് തിരുവനന്തപുരം ലോ അക്കാദമിയില്‍ എല്‍എല്‍ബിക്ക് പഠിച്ചത്. പഠനത്തിനു ശേഷം വിദേശത്ത് ഭര്‍ത്താവിന്റെ ജോലി സ്ഥലത്തേക്ക് പോയി.

തിരികെ എത്തി കൂടെ പഠിച്ച അഭിഭാഷകന്റെ ജൂനിയര്‍ ആയി 2012ല്‍ പ്രാക്ടിസ് തുടങ്ങി. രണ്ടു വര്‍ഷത്തോളം അവിടെ അവിടെ പ്രാക്ടിസ് ചെയ്തു. ആദ്യ വിവാഹ ബന്ധം വേര്‍പിരിഞ്ഞു. മുത്തൂറ്റില്‍ ജോലിക്ക് എത്തിയത് 5 വര്‍ഷം മുന്‍പാണ്. അതിനു മുന്‍പ് വാഹന വായ്പ നല്‍കുന്ന ധനകാര്യ സ്ഥാപനത്തിലായിരുന്നു ജോലി.

ആശ്രാമം മൈതാനത്തും ശങ്കേഴ്‌സ് ജംക്ഷന്‍ മുതല്‍ രണ്ടാംകുറ്റി വരെയും ദിവസവും തെരുവു നായ്ക്കള്‍ക്കും പൂച്ചകള്‍ക്കും ഭക്ഷണം നല്‍കുമായിരുന്നു പാപ്പച്ചന്‍. കടകളില്‍ നിന്ന് ഇറച്ചിക്കറിയും പൊറോട്ടയും ബിസ്‌കറ്റും വാങ്ങിയാണ് നല്‍കിയിരുന്നത്. നായ്ക്കളെ സംരക്ഷിക്കുന്നവര്‍ക്കും പണം അയച്ചു കൊടുക്കുമായിരുന്നു. അങ്ങനെ മൃഗസ്‌നേഹിയായ പാപ്പച്ചനെയാണ് സരിത തീര്‍ത്തത്.

കൊല്ലപ്പെട്ട പന്തളം കുടശ്ശനാട് സ്വദേശിയായ പാപ്പച്ചന്‍ 1964 ല്‍ ബിഎസ്എന്‍എല്‍ കൊല്ലം ഓഫിസില്‍ ജോലി കിട്ടിയതോടെയാണ് കൊല്ലത്തെത്തിയത്. പാപ്പച്ചന്റെ മുഴുവന്‍ സമ്പാദ്യവും തട്ടിയെടുക്കാനായിരുന്നു ധനകാര്യസ്ഥാപന മാനേജരായിരുന്ന സരിതയുടെ പദ്ധതി. ഇരുപതുവര്‍ഷംമുന്‍പ് പെന്‍ഷനായ പാപ്പച്ചന്‍ ആനുകൂല്യമടക്കമുള്ള തുക വെറുതേ കളഞ്ഞിരുന്നില്ല. ഓഹരിവിപണിയില്‍ ശ്രദ്ധയോടെ ഇടപെടുകയും ബുദ്ധിപൂര്‍വം ഓഹരികള്‍ വാങ്ങുകയും വില്‍ക്കുകയും ചെയ്യുന്ന ആളായിരുന്നു.

കൊല്ലപ്പെടുന്നതിന് ഒരുമാസംമുന്‍പ് കൊല്ലം ജവഹര്‍ ബാലഭവനു സമീപമുള്ള ഇന്ത്യ ഇന്‍ഫോലൈന്‍ ഷെയര്‍ട്രേഡിങ് എന്ന സ്ഥാപനംവഴി 50 ലക്ഷം രൂപയുടെ ഓഹരി വിറ്റ് പണം പിന്‍വലിച്ചിരുന്നു. നഗരത്തില്‍ ശങ്കേഴ്സ് ആശുപത്രിക്കു സമീപം കൈരളി നഗറില്‍ താമസിച്ചിരുന്ന ഇരുനില വീടുള്‍പ്പെടെ മൂന്നരക്കോടിയിലേറെ രൂപയുടെ ആസ്തിയുള്ളയാളാണ് പാപ്പച്ചന്‍.