കോയമ്പത്തൂര്‍: ആശുപത്രികളിലെത്തുന്നവര്‍ പാര്‍ക്ക് ചെയ്യുന്ന ടൂവീലറുകള്‍ മോഷ്ടിച്ച കേസില്‍ എഞ്ചിനീയര്‍ അറസ്റ്റില്‍. കോയമ്പത്തൂരിലാണ് സംഭവം. കരൂര്‍ സ്വദേശിയായ ഗൗതമിനെയാണ് സുലുര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ ആശുപത്രികള്‍ കേന്ദ്രീകരിച്ച് ടൂവീലറുകള്‍ മോഷ്ടിക്കുകയും മറിച്ചു വില്‍ക്കുകയുമാണ് പതിവ്. പോലിസ് നടത്തിയ തിരച്ചിലില്‍ ഇയാളുടെ പക്കല്‍ നിന്നും 12 ടൂവീലറുകള്‍ കണ്ടെടുത്തു. അറസ്റ്റിലായ ഗൗതമിനെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തു. ഇയാളുടെ പക്കല്‍ നിന്നും ആറ് ബൈക്കുകളും ആറ് സ്‌കൂട്ടറുകളും പോലിസ് കണ്ടെത്തി.

ഇലക്ട്രിക്കല്‍ എഞ്ചിനീയറാണ് അറസ്റ്റിലായ ഗൗതം. പല്ലടത്തും പരിസര പ്രദേശങ്ങളിലുമുള്ള വീടുകളിലേക്ക് പ്രകൃതി വാതകം എത്തിക്കുന്നതിന് പൈപ്പ് ലൈന്‍ സ്ഥാപിക്കുന്നതിന് കേന്ദ്ര സര്‍ക്കാരില്‍ നിന്ന് കരാര്‍ എടുത്തു ചെയ്തുവരികയാണ്. ഇതിനായി പത്ത് തൊഴിലാളികളും ഗൗതമിന് കീഴില്‍ ജോലി ചെയ്യുന്നുണ്ട്. എന്നാല്‍ തന്റെ ജോലിക്കിടയിലും ഗൗതം മോഷണം പതിവാക്കുക ആയിരുന്നു. ഇങ്ങനെ മോഷ്ടിക്കുന്ന ബൈക്കുകള്‍ സേലം, ട്രിച്ചി, ധര്‍മപുരി, ചെന്നൈ എന്നിവിടങ്ങളിലെ ആളുകള്‍ക്ക് 10,000 മുതല്‍ 25,000 വരെ രൂപയ്ക്ക് മറിച്ചു വില്‍ക്കുകയാണ് പതിവ്.

വിവിധ ആശുപത്രികള്‍ക്ക് സമീപം പാര്‍ക്ക് ചെയ്തിരുന്ന നിരവധി ബൈക്കുകള്‍ കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ ഗൗതം മോഷ്ടിച്ചെന്ന്് പൊലീസ് കണ്ടെത്തി. ജി കെ എന്‍ എം ആശുപത്രി, കോയമ്പത്തൂര്‍ സിറ്റി, സുലൂര്‍ എന്നിവിടങ്ങളിലെ കെ എം സി എച്ച്, ഡിണ്ടിഗല്‍ - പളനി റോഡിലെയും ട്രിച്ചിയിലെയും സ്വകാര്യ ആശുപത്രികള്‍ എന്നിവയ്ക്ക് സമീപം പാര്‍ക്ക് ചെയ്തിരുന്ന സ്‌കൂട്ടറുകളും ബൈക്കുകളുമാണ് ഇയാള്‍ മോഷ്ടിച്ചത്.

സി സി ടി വി ദൃശ്യങ്ങള്‍ പരിശോധിച്ചാണ് മോഷ്ടാവിനെ കണ്ടുപിടിച്ചതെന്ന് പൊലീസ് പറഞ്ഞു. മോഷ്ടിച്ച 12 ഇരുചക്ര വാഹനങ്ങളും ഇയാളില്‍ നിന്ന് കണ്ടെടുത്തതായി പൊലീസ് പറഞ്ഞു. സൂലൂര്‍ പോലീസ് പരിധിയില്‍ നിന്ന് മൂന്ന് മോട്ടോര്‍ സൈക്കിളുകളും കോയമ്പത്തൂര്‍ സിറ്റി പോലീസ് പരിധിയില്‍ നിന്ന് അഞ്ചും ട്രിച്ചി പോലീസ് പരിധിയില്‍ നിന്ന് രണ്ടും ഡിണ്ടിഗല്‍, ഈറോഡ് ജില്ലാ പൊലീസ് പരിധിയില്‍ നിന്ന് ഓരോ വാഹനങ്ങളുമാണ് ഗൗതം മോഷ്ടിച്ചത്.