തിരുവനന്തപുരം: കാരേറ്റ്-കല്ലറ റോഡിൽ ആറാം താനത്ത് വാഹനാപകടത്തിൽ പരുക്കേറ്റ വയോധിക മരിച്ചു. കല്ലറ മീതൂർ വയലിൽകട സ്വദേശി റഹ്‌മാബീഗമാണ് (റഹ്മത്ത്-78) ആണ് മരിച്ചത്. നിയന്ത്രണം വിട്ട ടോറസ് ലോറി വയോധികയുടെ ഇരുകാലിലൂടെയും കയറി ഇറങ്ങിയിരുന്നു. രാവിലെ കല്ലറയിൽ നിന്നും വിഴിഞ്ഞത്തേക്ക് പോകുകയായിരുന്ന ടോറസ് ലോറി ബേക്കറിയിലേക്ക് ഇടിച്ചു കയറിയായിരുന്നു അപകടം. ബേക്കറിയുടെ മുന്നിൽ നിന്നവർക്കാണ് അപകടത്തിൽ പരിക്കേറ്റത്. ഇവിടെ നിർത്തിയിട്ട സ്‌കൂട്ടറിലും സമീപത്തുണ്ടായിരുന്ന ഓട്ടോറിക്ഷയിലും ലോറി ഇടിച്ചുകയറിയിരുന്നു.

ആറാം താനം ജംഗ്ഷനില്‍ ഇന്ന് രാവിലെ 7.30 യോടെയാണ് ദാരുണമായ അപകടമുണ്ടായത്. ടോറസ് ലോറികളുടെ വേഗപ്പാച്ചിലിനെ തുടര്‍ന്ന് ഉണ്ടാകുന്ന അപകടങ്ങള്‍ ദിനം പ്രതി വര്‍ധിച്ചിട്ടും നടപടിയെടുക്കാന്‍ തയ്യാറാകാത്ത അധികാരികള്‍ക്കെതിരെ ജനരോക്ഷം ഉയരുകയാണ്. അമിത വേഗതയിലെത്തിയ ടോറസ് ലോറി വെട്ടിത്തിരിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. സംഭവത്തില്‍ നാല് പേര്‍ക്ക് ഗുരുതര പരിക്കേറ്റിരുന്നു. ഇവരെ ചികിത്സയ്ക്കായി തിരുവനതപുരം മെഡിക്കല്‍ കോളേജ് ആശുപത്രയില്‍ പ്രവേശിപ്പിച്ചു. റോഡിനരികില്‍ നില്‍ക്കുകയായിരുന്ന വയോധികയുടെ ഇരു കാലുകള്‍ക്കും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.

കാരേറ്റ് നിന്നും വന്ന കെ എസ് ആര്‍ ടി സി ഇലക്ട്രിക് ബസ് മേലാറ്റുമൂഴിയിലേക്ക് തിരിയവേ അമിത വേഗത്തിലെത്തിയ ലോറി വെട്ടി തിരിച്ചതിനെ തുടര്‍ന്ന് നിയന്ത്രണം വിട്ട് കടകളിലും, വാഹനത്തിലും ഇടിച്ചു കയറുകയായിരുന്നു. വളരെ പതുക്കെയായിരുന്നു കെ എസ് ആര്‍ ടി സി ബസ് തിരിഞ്ഞത്. സിസിടിവി ദൃശ്യങ്ങളില്‍ നിന്നും നിയന്ത്രിക്കാനാവാത്ത വേഗതയിലായിരുന്നു ടോറസ് എന്ന് വ്യക്തം. കെ എസ് ആര്‍ ടി സി ബസില്‍ ഇടിക്കാതിരിക്കാന്‍ ബ്രേക്കിടാന്‍ ശ്രമിച്ചതും വെട്ടിയൊഴിച്ചതുമാണ് അപകടമുണ്ടാക്കിയത്. അപകടത്തില്‍ റോഡരികില്‍ ഒതുക്കിയിട്ടിരുന്ന ഓട്ടോറിക്ഷയുടെ മുന്‍ ഭാഗം പൂര്‍ണമായി തകര്‍ന്നു.

വിഴിഞ്ഞം തുറമുഖ നിര്‍മാണത്തിന്റെ ആവശ്യത്തിന് കല്ലറ പ്രദേശങ്ങളില്‍ നിന്നും കല്ലും മറ്റ് ആവശ്യ വസ്തുക്കളും വലിയ തോതില്‍ കൊണ്ട് പോകുന്നുണ്ട്. അധികം ലോഡുകള്‍ തുറമുഖത്തേക്ക് എത്തിക്കുന്നതിനായി അമിത വേഗതിയിലാണ് ലോറികള്‍ ഓടുന്നത്. ഇത് കാരണം മുന്‍പും പല അപകടങ്ങള്‍ പ്രദേശങ്ങളില്‍ സംഭവിച്ചിട്ടുണ്ട്. സ്‌കൂള്‍ സമയങ്ങളിലാണ് ഈ അമിതപ്പാച്ചില്ലെന്നതിനാല്‍ വലിയ ആശങ്കയിലാണ് പ്രദേശവാസികള്‍.

അപകടം ഉണ്ടാക്കുന്ന രീതിയില്‍ സ്വകാര്യ ബസുകള്‍ അടക്കം കാരേറ്റ് മേഖലയില്‍ സര്‍വീസ് നടത്തുന്നതില്‍ വലിയ പ്രതിഷേധം ഉയര്‍ന്ന് വന്നിരുന്നു. എന്നാല്‍ രാഷ്ട്രീയ ഇടപെടലുകള്‍ കാരണം പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ ഇതുവരെ സാധിച്ചിട്ടില്ല എന്ന രൂക്ഷമായ ആരോപണവുമുണ്ട്. മുതിര്‍ന്ന സിപിഎം നേതാവിന്റെ അടുത്ത ബന്ധു ഇത്തരം ലോറികളുടെ വിഷയത്തില്‍ ഇടപെടുന്നുവെന്ന ആരോപണം നേരത്തെ ഉയര്‍ന്നിരുന്നു.