- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒരു നൂറ്റാണ്ടിനപ്പുറം ആര്‍ത്തലച്ചു വന്ന പ്രളയം യാഗഭൂമിയെ കവര്‍ന്നു; കൊട്ടിയൂര്‍ ഓര്‍ക്കുന്നു അതിജീവനത്തിന്റെ ഐതിഹാസിക കഥ
കണ്ണൂര്‍: മലയാള മണ്ണിനെയാകെ മാനം കടപുഴക്കുകയും ഉഴുതു മറിക്കുകയും ചെയ്ത ഒരു മഹാപ്രളയത്തിന് ജൂലായ് 15 ന് ഒരു നൂറ്റാണ്ടു തികയുന്നു. 99 - ലെ വെള്ളപ്പൊക്കമെന്ന് പഴമക്കാര്‍ പറഞ്ഞിരുന്ന ദിവസങ്ങള്‍ നീണ്ട ഈ ദുരന്തം നടന്നത് 1924 ജൂലായ് 14 മുതലായിരുന്നു. ശക്തമായ ചുഴലിക്കാറ്റോടെ ആരംഭിച്ച് പത്തോളം ദിനരാത്രങ്ങള്‍ നീണ്ടുനിന്ന പ്രളയമഴ കേരള സംസ്ഥാനം രൂപപ്പെടുന്നതിന് മുന്‍പുള്ള കൊച്ചി, തിരുവിതാംകൂര്‍, മലബാര്‍ മേഖലകളെ വെള്ളത്തില്‍ മുക്കി.
നൂറുകണക്കിനാളുകളേയും ആയിരക്കണക്കിന് വളര്‍ത്തുമൃഗങ്ങളേയും പ്രളയം കവര്‍ന്നപ്പോള്‍ നിരവധി വീടുകളും കെട്ടിടങ്ങളും ഇല്ലാതായി. അന്നുണ്ടായ നാശനഷ്ടങ്ങളും മരണവും വ്യക്തമായി തിട്ടപ്പെടുത്താനായില്ല. ഈ പ്രളയത്തിന്റെ ഓര്‍മ്മകള്‍ക്കൊപ്പം കൂട്ടിവെക്കാവുന്ന ഒരു ദുരന്തമായിരുന്നു അക്കാലത്ത് കൊട്ടിയൂരിലും നടന്നത്. 28 നാള് നീണ്ടുനില്‍ക്കുന്ന യാഗോത്സവം നടക്കുന്ന തൃച്ചെറുമന്ന എന്നുകൂടി അറിയപ്പെട്ടിരുന്ന അക്കരെ കൊട്ടിയൂര്‍ സന്നിധാനം ഉരുള്‍പൊട്ടലില്‍ ഇല്ലാതായതും ഒരു മഹാമനുഷ്യന്റെ ഇച്ഛാശക്തിയില്‍ നടന്ന ഇതിന്റെ വീണ്ടെടുപ്പും അറിയുക എന്നത് ഭക്തജനങ്ങളുടെ മനസ്സിനെ ത്രസിപ്പിക്കുന്ന ഒരു ചരിത്രസംഭവമാണ്. ആ സംഭവം നടന്നതിന്റെയും നൂറാം വര്‍ഷത്തിലാണ് ഇപ്പോള്‍ എത്തി നില്‍ക്കുന്നത്.
1923 (മലയാള വര്‍ഷം 1098) കര്‍ക്കിടകമാസം പന്ത്രണ്ടാം തീയതി ആ വര്‍ഷത്തെ ഉത്സവത്തിന്റെ തൃക്കലശാട്ട് കഴിഞ്ഞ് നാല്‍പ്പത്തി ഒന്നാം നാള് ആയിരുന്നു ആ ദുരന്തം നടന്നത്. കനത്തമഴയില്‍ കൊട്ടിയൂരിലെ ഒറ്റപ്ലാവ് മലയില്‍ ഉണ്ടായ ഉരുള്‍പൊട്ടലില്‍ ഒഴുകിയെത്തിയ കല്ലും മണ്ണും ചെളിയും വന്നടിഞ്ഞ് അക്കരെ സന്നിധിയാകെ മണ്ണിനടിയിലായി. കൊട്ടിയൂര്‍ അന്ന് ജനവാസമേഖലയായിരുന്നില്ല. മണത്തണ മുതല്‍ കൊട്ടിയൂര്‍ വരെവരുന്ന 15 കിലോമീറ്റര്‍ ഭൂപ്രദേശം ഘോര വനപ്രദേശമായിരുന്നു. ഇക്കരെ ക്ഷേത്രത്തിലെ കഴകക്കാരായ അഞ്ചോളം പേരും ഏതാനും കുറിച്യസമുദായക്കാരും മാത്രമാണ് കൊട്ടിയൂരില്‍ താമസിച്ചു വന്നിരുന്നത്. ക്ഷേത്രഊരാളന്മാരും മറ്റ് അടിയന്തിരക്കാരുമായവരുടെ കുടുംബങ്ങള്‍ മണത്തണയിലായിരുന്നു താമസം. ഉച്ചയോടെയുണ്ടായ ഉരുള്‍പൊട്ടല്‍ മണത്തണയിലുള്ളവര് അറിയുന്നത് രാത്രിയോടെയായിരുന്നു.
മണത്തണയില്‍ അക്കാലത്ത് പ്രായപൂര്‍ത്തിയായ ചെറുപ്പക്കാര്‍ നന്നേ കുറവായിരുന്നു. നല്ല റോഡോ വാഹന സൗകര്യങ്ങളോ വൈദ്യുതിയോ ഇല്ലാതിരുന്ന കാലത്ത് കൊടും വനങ്ങള്‍ നിറഞ്ഞ പ്രദേശങ്ങള്‍ താണ്ടി അക്കാലത്തെ ക്ഷേത്ര ഊരാള പ്രധാനിയായ കരിമ്പനക്കല്‍ വലിയ ഗോവിന്ദന് നായരുടെ നേതൃത്വത്തിലുള്ള സംഘം രാത്രി തന്നെ കൊട്ടിയൂരില്‍ എത്തിച്ചേര്‍ന്നു. നേരം പുലര്‍ന്നതോടെ സ്ഥലത്തെത്തി നോക്കിയപ്പോഴാണ് അക്കരെ സന്നിധിയാകെ മണ്ണിനടിയിലായതായി കാണുന്നത്. ബാവലിയാണെങ്കില് ദിശമാറി ഒഴുകുന്നു. കണ്ടുനില്ക്കുകയല്ലാതെ ഒന്നും ചെയ്യാന്‍ കഴിയില്ലെന്നും യാഗഭൂമി ഇല്ലാതായെന്നുമുള്ള സങ്കടത്തോടെ എല്ലാവരും മണത്തണയിലേക്ക് മടങ്ങി.
എന്നാല്‍ നാലുമാസങ്ങള്‍ക്കുശേഷമാണ് അത് സംഭവിച്ചത്. വലിയ ഗോവിന്ദന് നായരുടെ നേതൃത്വത്തിലുള്ള സംഘം വീണ്ടും കൊട്ടിയൂരിലെത്തുന്നു. യാഗഭൂമി വീണ്ടെടുക്കുമെന്ന ദൃഢനിശ്ചയത്തോടെയുള്ള വരവില്‍ കാടിനെ അറിയുന്ന കുറിച്യരും, പണിയരും മുന്നില്‍ ഉണ്ടായിരുന്നു. സംഭവം കേട്ടറിഞ്ഞ് തലശ്ശേരി, കൂത്തുപറമ്പ്, മട്ടന്നൂര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നും നിരവധി ആളുകളെത്തി. എല്ലാവരും കൊട്ടിയൂരില്‍ തമ്പടിച്ചു. കല്ലും മണ്ണും വന്നു മൂടി കിലോമീറ്റര്‍ ദൂരത്തില്‍ വെറും ചെളിത്തടമായി മാറി കിടക്കുകയായിരുന്നു യാഗ ഭൂമി.
അതിസാഹസമായിരുന്നു അക്കരെ യാഗഭൂമിയിലെത്തുകയെന്നത്. ആ ചെളിത്തടത്തില്‍ വട്ടളപാത്രം ഇറക്കി മരക്കോലുകള്‍ കൊണ്ട് തുഴഞ്ഞ് വഴിതെളിച്ച് രാമന് നായര്‍ മുന്നില്‍ നീങ്ങി. അക്കരെയെത്തിയപ്പോള് യാഗഭൂമി എവിടെയെന്ന് തിരിച്ചറിയാന്‍ ഒരു അടയാളം മാത്രമേ ഉണ്ടായിരുന്നുള്ളൂ. യാഗഭൂമിയിലെ അരയാല്‍ വൃക്ഷത്തിന്റെ ഉച്ചിത്തലപ്പു മാത്രം മണ്കൂമ്പാരങ്ങള്ക്ക് മുകളില്‍ ഉയര്‍ന്നു നില്ക്കുന്നു.
പെരുമാളിന്റെ മണ്ണിന്റെ വീണ്ടെടുപ്പിനുള്ള യജ്ഞത്തില്‍ ആത്മവിശ്വാസം മാത്രം കൈമുതലാക്കി രാമന് നായരുടെ നേതൃത്വത്തില്‍ എല്ലാവരും ഇറങ്ങി. ഒറ്റപ്പിലാമലയില് നിന്നും കാടന്‍ വെളിച്ചപ്പാട് ഉറഞ്ഞു വന്ന് അമ്പുകുത്തി മണിത്തറയുടെ സ്ഥാനം കാണിച്ചു കൊടുത്തു. ഒരു കൂറ്റന്‍ കുന്നിന്റെ വലുപ്പത്തിലുള്ള ഒരു പാറക്ക് അടിയിലായിരുന്നു ആ സ്ഥാനം കിടന്നിരുന്നത്. ആറുമാസത്തെ വിശ്രമമില്ലാത്ത പരിശ്രമത്തിനൊടുവില്‍ ദുരന്തത്തെ തോല്‍പ്പിക്കുന്ന ഗോവിന്ദന് നായരുടെ ഇച്ഛാശക്തിക്ക് മുന്നില്‍ സ്വയംഭൂ ശില കണ്ടെത്തി യാഗഭൂമി വീണ്ടെടുത്തു.
ഇതോടെ കയ്യാലകള്‍ ഉയര്‍ന്നും മണിത്തറ താഴെയുമായി മാറി. ബാവലിയും രണ്ടായി മാറി. കരിമ്പനക്കല്‍ ചാത്തോത്ത് ഗോവിന്ദന് നായര്‍ എന്ന മനുഷ്യന്റെ പരിശ്രമവും ദൃഢ നിശ്ചയവും, ഇച്ഛാശക്തിയും ആജ്ഞാശക്തിയുമാണ് ഒരു ദുരന്തം മൂലം നഷ്ടപ്പെട്ടു എന്ന് കരുതിയ ഇന്ന് വൈശാഖ മഹോത്സവനാളുകളില് ലക്ഷങ്ങള്‍ എത്തിച്ചേരുന്ന യാഗഭൂമിയുടെ വീണ്ടെടുപ്പിന് കാരണമായത്.
ശ്രീ തൃച്ചെറുമന്ന് എന്ന കൊട്ടിയൂര്‍ യാഗോത്സവത്തിന്റെ പാരമ്പര്യ ഊരാള തറവാടായ കരിമ്പനക്കല്‍ തറവാട്ടില്‍ 1865 ല്‍ ആണ് ഗോവിന്ദന് നായരുടെ ജനനം. മണത്തണയുടെ വെല്യ വെല്ലിച്ചന് എന്ന് വിളിച്ചിട്ടിരുന്ന അദ്ദേഹം പതിനെട്ടാം വയസ്സ് മുതലാണ് ഊരാള സ്ഥാനം വഹിച്ചിരുന്നത്. 1933 കര്‍ക്കിടകം 19 ന് 68ാം വയസ്സിലാണ് യാഗഭൂമിയുടെ വീണ്ടെടുപ്പിന്റെ മുന്നണിപ്പോരാളിയായി കൊട്ടിയൂര്‍ ചരിത്രത്തിന്റെ മായാത്ത ഏടുകളില്‍ എന്നും നിറഞ്ഞുനില്‍ക്കുകയാണ് കരിമ്പനക്കല്‍ ചാത്തോത്ത് ഗോവിന്ദന് നായരെന്ന ധീരനായ മനുഷ്യന്.