ബെംഗളൂരു: കര്‍ണാടക കൊപ്പല്‍ ജില്ലയിലെ തുംഗഭദ്ര അണക്കെട്ടിന്റെ ഗേറ്റ് തകര്‍ന്നത് ആശങ്കയായി. പത്തൊന്‍പതാമത്തെ ഷട്ടറിന്റെ ചങ്ങലയാണ് ശനിയാഴ്ച രാത്രിയോടെ പൊട്ടിയത്. ഇതിനെത്തുടര്‍ന്ന് ഡാമില്‍ നിന്ന് വന്‍തോതില്‍ വെള്ളം പുറത്തേക്ക് ഒഴുക്കിവിടുന്നുണ്ട്.

ഒരുലക്ഷത്തോളം ക്യൂസക്‌സ് വെള്ളം ഇതിനകം പുറത്തേക്ക് ഒഴുക്കിവിട്ടതായാണ് വിവരം. അണക്കെട്ടിന്റെ സുരക്ഷ ഉറപ്പുവരുത്തുന്നതിനായി 33 ഗേറ്റുകളും തുറന്നുവിട്ടിട്ടുണ്ട്. ഇതിന്റെ പശ്ചാത്തലത്തില്‍ കൊപ്പല്‍, വിജയനഗര, ബെല്ലാരി, റായിച്ചൂര്‍ ജില്ലകളില്‍ അതീവ ജാഗ്രതയാണ്. കഴിഞ്ഞ 70 വര്‍ഷത്തിനിടയില്‍ ഇതാദ്യമായിട്ടാണ് ഇത്തരത്തില്‍ ഒരു അപകടം അണക്കെട്ടില്‍ സംഭവിക്കുന്നത്. ഡാമില്‍ നിന്ന് 60,000 മില്യണ്‍ ക്യുബിക് ഫീറ്റ് വെള്ളം പുറത്തേക്ക് ഒഴുക്കി വിട്ടാല്‍ മാത്രമേ ഷട്ടറുമായി ബന്ധപ്പെട്ട അറ്റകുറ്റപണികള്‍ സാധ്യമാകൂ എന്നാണ് റിപ്പോര്‍ട്ട്.

അപകടമുണ്ടായ തുംഗഭദ്ര അണക്കെട്ട് മുല്ലപ്പെരിയാര്‍ കഴിഞ്ഞാലുള്ള വലിയ സുര്‍ക്കി അണക്കെട്ടാണ്. ശര്‍ക്കരയും കരിമ്പിന്‍ നീരും മുട്ടവെള്ളയും ചേര്‍ത്ത് തയ്യാറാക്കിയ സുര്‍ക്കി ചാന്തില്‍ കരിങ്കലില്‍ കെട്ടിയുണ്ടാക്കിയതാണ് മുല്ലപ്പെരിയാറിന്റെ അടിത്തറ. 2016 ല്‍ മഹാരാഷ്ട്രയിലെ മഹാഡില്‍ സുര്‍ക്കി മിശ്രിതം കൊണ്ട് നിര്‍മിച്ച പാലം ഒലിച്ചുപോയിരുന്നു. 88 വര്‍ഷം പഴക്കമുള്ള പാലമായിരുന്നു അന്ന് അപകടത്തിലായത്.

തുംഗഭദ്ര അണക്കെട്ടിന്റെ ഒരു ഷട്ടറാണ് നിലവില്‍ തകര്‍ന്നത്. മുല്ലപ്പെരിയാര്‍ കഴിഞ്ഞാല്‍ രണ്ടാമത്തെ വലിയ സുര്‍ക്കി അണക്കെട്ടാണ്. കര്‍ണാടക, ആന്ധ്ര, തെലങ്കാന എന്നിവിടങ്ങളില്‍ നിന്നുള്ള കര്‍ഷകര്‍ ആശ്രയിക്കുന്ന ഡാം നിര്‍മിച്ചത് 1949ലാണ്. 70 വര്‍ഷത്തിനിടയില്‍ ഇതാദ്യമായാണ് ഇത്തരമൊരു സംഭവമുണ്ടാകുന്നത്. മുല്ലപ്പെരിയാര്‍ ഡാം അടിയന്തരമായി ഡീകമ്മിഷന്‍ ചെയ്യണം എന്നാവശ്യപ്പെട്ട് പ്രതിഷേധം തുടരുകയാണ്. ഇതിനിടെയാണ് തുംഗഭദ്രയിലെ അപകടം.

40 ലക്ഷം മനുഷ്യരുടെ ജീവനും സ്വത്തിനും വിലപറയുന്ന ദുര്‍വാശി വെടിഞ്ഞ് മുല്ലപ്പെരിയാര്‍ ഡാം ദുര്‍ബലമാണെന്ന സത്യം സംസ്ഥാനങ്ങളും കേന്ദ്രവും അംഗീകരിക്കണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം. സര്‍ക്കാരുകളുടെ കണ്ണുതുറപ്പിക്കാന്‍ ശക്തമായ ബഹുജനപ്രക്ഷോഭം പല സംഘടനകളും പദ്ധതിയിടുന്നുണ്ട്.