ലണ്ടന്‍: സമൂഹമാധ്യമങ്ങളിലൂടെ വ്യാജ പ്രചാരണങ്ങള്‍ അഴിച്ചു വിട്ട് കലാപം ആളിക്കത്തിക്കാന്‍ ശ്രമിച്ചവരെ ഒന്നൊന്നായി ശിക്ഷിച്ചു കൊണ്ടിരിക്കുകയാണ് ബ്രിട്ടനിലെ കോടതികള്‍. ഏറ്റവും ഒടുവിലായി ഈ ശൃംഖലയില്‍ ലഭിക്കുന്ന വാര്‍ത്ത സ്വയം ഇരവാദം മുഴക്കി വ്യാജ പ്രചാരണം നടത്തിയ ഡിമിത്രി സ്റ്റോയിക എന്ന 25 കാരന് മൂന്ന് മാസത്തെ ജയില്‍ ശിക്ഷ ലഭിച്ചു എന്നാണ്. തന്റെ പിന്നാലെ വലതുപക്ഷ തീവ്രവാദികള്‍ ഉണ്ടെന്നും താന്‍ ജീവനുവേണ്ടി ഓടുകയാണെന്നുമായിരുന്നു വീഡിയോയില്‍ ഇയാള്‍ പറഞ്ഞത്.

പ്രതിഷേധ പ്രകടനങ്ങളും, ക്രമസമാധാന പ്രശ്നങ്ങളും ഉണ്ടാകുമെന്ന് ഏറെ ആശങ്കയുണ്ടായിരുന്ന കഴിഞ്ഞ ബുധനാഴ്ച ഡെര്‍ബി നഗരത്തിലൂടെ നടന്നുകൊണ്ടായിരുന്നു ഇയാള്‍ തന്റെ 700 ഓളം ഫോളോവേഴ്സിന് വീഡിയോ ബ്രോഡ്കാസ്റ്റ് ചെയ്തത്. ഇയാള്‍ ലൈവ് വീഡിയോ ചെയ്യുന്ന രാത്രി 8 മണിക്ക് നഗരത്തില്‍ കാര്യമായ പ്രശ്നങ്ങള്‍ ഒന്നും തന്നെ ഉണ്ടായിരുന്നില്ല. എന്നിട്ടും, ഇയാള്‍ തന്റെ പ്രേക്ഷകരോട് പറഞ്ഞത്, തന്റെ ജീവന്‍ അപകടത്തിലാണെന്നും, ചില തീവ്ര വലതുപ്ക്ഷവാദികള്‍ തന്നെ പിന്തുടരുന്നു എന്നുമാണ്.

വെള്ളിയാഴ്ച ഇയാളെ നോട്ടിംഗ്ഹാം മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കി. സമൂഹത്തില്‍ സ്പര്‍ദ്ധ വളര്‍ത്താന്‍ ഇടയാകുന്ന രീതിയിലുള്ള വ്യാജ സന്ദേശം ഇയാള്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രക്ഷേപണം ചെയ്തതായി വിചാരണയില്‍ തെളിഞ്ഞതിനെ തുടര്‍ന്നായിരുന്നു ഇയാള്‍ക്ക് മൂന്ന് മാസത്തെ തടവ് ശിക്ഷ വിധിച്ചത്. ഡെബ്രി ലാമ്മ്ഗ്ലി സ്ട്രീറ്റില്‍ ഇയാള്‍ നടത്തിയ വ്യാജ വീഡിയോ പ്രക്ഷെപണം കഴിഞ്ഞ് അധികം വൈകാതെ തന്നെ ഇയാള്‍ പിടിയിലാവുകയായിരുന്നു.

ചോദ്യം ചെയ്യലിനിടയില്‍ ഇയാള്‍ പോലീസിനോട് പറഞ്ഞത്, താന്‍ തമാശയായി പറഞ്ഞതാണ് അതെന്നായിരുന്നു. എന്നാല്‍, ലഹളയുമായി ബന്ധപ്പെട്ട് ഏതൊരു തരത്തിലുള്ള കുറ്റകൃത്യങ്ങളോടും കര്‍ശനമായ നിലപാടാണ് പോലീസ് പുലര്‍ത്തുന്നത്. സമൂഹമാധ്യമങ്ങളില്‍ വ്യാജ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നവരില്‍ പലരെയും ഇതിനോടകം തന്നെ പോലീസ് നിയമത്തിന്റെ മുന്‍പില്‍ എത്തിച്ചു കഴിഞ്ഞു.