മുംബൈ: സുഹൃത്തിനെ കൊലപ്പെടുത്തി മൃതദേഹം സ്യൂട്ട്കേസിലാക്കി ട്രെയിനില്‍ കൊണ്ടുപോയി ഉപേക്ഷിക്കാന്‍ ശ്രമിച്ച ഭിന്നശേഷിക്കാരായ രണ്ട് യുവാക്കളെ പോലിസ് അറസ്റ്റ് ചെയ്തു. മുംബൈയിലെ ദാദര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്നാണ് ഇരുവരും റെയില്‍വേ പൊലീസിന്റെ പിടിയിലായത്. ഇരുവരുടേയും സുഹൃത്തായ യുവാവാണ് കൊല്ലപ്പെട്ടത്.

മുംബൈ സാന്താക്രൂസ് സ്വദേശിയായ അര്‍ഷാദ് അലി ഷെയ്ഖാണ് (30) കൊല്ലപ്പെട്ടത്. സുഹൃത്തുക്കളായ ശിവജിത് സുരേന്ദ്ര സിങ്, ജയ് ചൗഡ എന്നിവരാണു പിടിയിലായത്. ഇവരും കൊല്ലപ്പെട്ടയാളും കേള്‍വി, സംസാര ശേഷിയില്ലാത്തവരാണ്. മൃതദേഹം പെട്ടിയിലാക്കി ട്രെയിനില്‍ കയറ്റി ഒറ്റപ്പെട്ട സ്ഥലത്ത് ഉപേക്ഷിക്കാനായിരുന്നു പദ്ധതി. ഭിന്നശേഷിക്കാരുടെ യോഗത്തിനിടെയാണു മൂവരും സൗഹൃദത്തിലായത്.

പ്രതികളില്‍ ഒരാളുടെ കാമുകിയുമായുള്ള അര്‍ഷാദ് അലിയുടെ ബന്ധമാണു കൊലപാതകത്തിനു കാരണമെന്നാണു പൊലീസ് പറയുന്നത്. ഞായറാഴ്ച ദക്ഷിണ മുംബൈയിലെ വീട്ടില്‍ അര്‍ഷാദിനെ വിളിച്ചുവരുത്തിയ പ്രതികള്‍ മദ്യപിച്ച ശേഷം തര്‍ക്കത്തിനിടെ ചുറ്റിക കൊണ്ട് അടിച്ചുകൊല്ലുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. ശേഷം മൃതദേഹം സ്യൂട്ട്‌കേസിലാക്കി ദൂരെ സ്ഥലത്ത് കൊണ്ടു പോയി ഉപേക്ഷിക്കാന്‍ തീരുമാനിച്ചു.

ഭാരമുള്ള സ്യൂട്ട് കേസുമായി റെയില്‍വേ സ്റ്റേഷനിലെത്തിയ ഇവര്‍ സ്യൂട്ട്‌കേസ് ട്രെയിനില്‍ കയറ്റാന്‍ ബുദ്ധിമുട്ടിയപ്പോള്‍ സഹായിക്കാനെത്തിയ റെയില്‍വേ പൊലീസ് ഉദ്യോഗസ്ഥന്‍ രക്തം ഒഴുകുന്നതു കണ്ടു പരിശോധിച്ചപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. സംഭവ സ്ഥലത്തുനിന്ന് കടന്ന സുരേന്ദ്ര സിങ്ങിനെ പിന്നീടു പിടികൂടുകയായിരുന്നു. ആംഗ്യഭാഷ വിദഗ്ധരെ നിയോഗിച്ചാണ് പ്രതികളെ ചോദ്യംചെയ്യുന്നത്.