ശ്രീകാര്യം: തിരുവനന്തപുരത്തെ നടുക്കി വീണ്ടും ഗുണ്ടാ കൊലപാതകം. കൊലപാതകം ഉള്‍പ്പെടെ നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതിയെ വെട്ടിക്കൊന്നു. വട്ടപ്പാറ കുറ്റിയാണി സ്വദേശി വെട്ടുകത്തി ജോയി എന്ന ജോയിയാണ് (41) കൊല്ലപ്പെട്ടത്.

കാറിലെത്തിയ മൂന്നംഗ സംഘമാണ് ജോയിയെ വെട്ടിയത്. ഇരുകാലുകളും വെട്ടേറ്റ് തൂങ്ങിയ നിലയില്‍ ജോയിയെ ശ്രീകാര്യം പൊലീസ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. എന്നാല്‍ ജീവന്‍ രക്ഷിക്കാനായില്ല. കാപ്പ കേസില്‍ ജയിലിലായിരുന്ന ജോയ് ദിവസങ്ങള്‍ക്ക് മുമ്പാണ് പുറത്തിറങ്ങിയത്.ഇന്നലെ രാത്രി ഒമ്പതോടെ പൗഡിക്കോണം സൊസൈറ്റി ജംഗ്ഷനില്‍ ആയിരുന്നു സംഭവം. പൗഡിക്കോണം വിഷ്ണു നഗറില്‍ വാടകയ്ക്ക് താമസിക്കുകയാണ് ജോയി.

കൂലിക്ക് ഓടിക്കുന്ന ഓട്ടോറിക്ഷ പാര്‍ക്ക് ചെയ്യാന്‍ വീട്ടിലേക്ക് പോകുന്നതിനിടെ കാറിലെത്തിയ സംഘം ഓട്ടോറിക്ഷ തടഞ്ഞ് ആക്രമിക്കുകയായിരുന്നു. വട്ടപ്പാറ, പോത്തന്‍കോട് ഉള്‍പ്പെടയുള്ള സ്റ്റേഷനുകളിലെ ക്രിമിനല്‍ ലിസ്റ്റില്‍ ജോയിയുണ്ട്. ചെറിയ പ്രകോപനമോ ദേഷ്യമോ വന്നാല്‍ പോലും എതിരെ നില്‍ക്കുന്ന ആളിനു നേരെ വെട്ടുകത്തി വീശുന്നതിനാലാണ് വെട്ടുകത്തി ജോയ് എന്ന് പേരുവീണത്.

അടുത്തിടെ അയിരൂര്‍പ്പാറയില്‍ ഒരാളെ ആക്രമിക്കാന്‍ ശ്രമിച്ചതിനെ തുടര്‍ന്നാണ് ഇയാളെ കാപ്പ ചുമത്തി ജയിലില്‍ അടച്ചത്. ദിവസങ്ങള്‍ക്ക് മുമ്പ് പുറത്തിറങ്ങിയ ശേഷമാണ് ഓട്ടോ ഓടിക്കാന്‍ തുടങ്ങിയത്. ഗുരുതരമായി പരിക്കേറ്റ ജോയിയെ നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ ശ്രീകാര്യം പൊലീസാണ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചത്.

ആക്രമണത്തില്‍ ഓട്ടോയും തകര്‍ന്നു. കഴക്കൂട്ടം അസിസ്റ്റന്റ് കമ്മിഷണറുടെ നേതൃത്വത്തില്‍ പൊലീസ് സംഘം അന്വേഷണം തുടങ്ങി. മുന്‍വൈരാഗ്യമാണ് ആക്രമണ കാരണമെന്നാണ് പൊലീസിന്റെ നിഗമനം. പ്രതികളെയും അവര്‍ സഞ്ചരിച്ച കാറും തിരിച്ചറിഞ്ഞതായാണ് സൂചന. സി.സി.ടി.വി ദൃശ്യങ്ങളും പരിശോധിച്ച് വരുന്നു. ഗുണ്ടാ സംഘങ്ങള്‍ തമ്മിലുള്ള കുടിപ്പകയാണ് ആക്രമണത്തിലേക്ക് നയിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. കൊലപാത കേസില്‍ ഉള്‍പ്പെടെ പ്രതിയാണ് ജോയ്.