- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
യുകെക്കാരി സുജയുടെ വീട്ടില്‍ പേയിങ് ഗസ്റ്റ്; ദിവസ വാടക 2000 രൂപ; ബന്ധുവിനെ വിളിച്ചത് വിനയായി; തമിഴ്നാട്ടിലെ മുന്‍മന്ത്രി പീച്ചിയില്‍ കുടുങ്ങിയ കഥ
തൃശൂര്‍: 100 കോടിയുടെ ഭൂമി തട്ടിപ്പു കേസില്‍പെട്ട തമിഴ്നാട് മുന്‍ ഗതാഗത മന്ത്രിയും എ.ഐ.എ.ഡി.എം.കെ നേതാവുമായ എം.ആര്‍.വിജയഭാസ്‌കര്‍ ഒളിവില്‍ താമസിച്ചത് ഓണ്‍ലൈന്‍ സാധ്യതകള്‍ പ്രയോജനപ്പെടുത്തി. ദിവസം 2,000 രൂപ വാടകയുള്ള വീട്ടിലായിരുന്നു താമസം. കഴിഞ്ഞ മാസം 14 മുതലാണ് ഓണ്‍ലൈന്‍ വഴിയെടുത്ത പീച്ചി വിലങ്ങന്‍കുന്നിലെ തറവാട് മാതൃകയിലുള്ള വാടകവീട് ഒളിത്താവളമാക്കിയത്. യു.കെയിലുള്ള സുജയാണ് വീട്ടുടമ. ഇവരെപ്പറ്റി നാട്ടുകാര്‍ക്ക് കൂടുതലൊന്നുമറിയില്ല. മുമ്പിവിടെ വിദേശികളും തമിഴ്നാട് സ്വദേശികളും താമസിച്ചിരുന്നു. ഹോം സ്‌റ്റേ മാതൃകയിലായിരുന്നു വീട്ടില്‍ ആളുകളെ താമസിപ്പിച്ചിരുന്നത്.
ഈ സാധ്യത ഉപയോഗപ്പെടുത്തിയാണ് വിജയഭാസ്‌കര്‍ എത്തിയതെന്നാണ് സൂചന. പരിസരവാസികളുമായി യാതൊരു ബന്ധവും പുലര്‍ത്തിയിരുന്നില്ല. തമിഴ്നാട് സി.ബി.സി.ഐ.ഡി സംഘം വീട് വളഞ്ഞപ്പോഴാണ് നാട്ടുകാര്‍ വിവരമറിഞ്ഞത്. അതിനുമുമ്പ് പരിസരത്തെ വീടുകളില്‍ സംഘം രഹസ്യാന്വേഷണം നടത്തിയിരുന്നു. വിജയഭാസ്‌കറിനൊപ്പം സഹായിയും ബന്ധുവുമായ കോയമ്പത്തൂര്‍ സ്വദേശി വി.പി.പ്രവീണുമുണ്ടായിരുന്നു. ചൊവ്വാഴ്ച രാവിലെ ഉദ്യോഗസ്ഥസംഘം വീട് വളഞ്ഞ് ഇരുവരെയും പിടികൂടി പീച്ചി പൊലീസ് സ്റ്റേഷനിലെത്തിച്ചു. കസ്റ്റഡി വിവരമറിയിച്ച് ചോദ്യം ചെയ്യാന്‍ കരൂര്‍ സി.ബി.സി.ഐ.ഡി ഓഫീസിലേക്ക് കൊണ്ടുപോയി.
കരൂര്‍ വംഗല്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ കുപ്പുച്ചിപ്പാളയം സ്വദേശി എം.പ്രകാശിന്റെ 100 കോടി വിലമതിക്കുന്ന 22 ഏക്കര്‍ ഭൂമി വിജയഭാസ്‌കറും സഹായികളും ചേര്‍ന്ന് വ്യാജരേഖയുണ്ടാക്കി തട്ടിയെടുത്തെന്നാണ് കേസ്. പ്രകാശ്, ഭാര്യ ശശികല, മകള്‍ ശോഭന എന്നിവരെ ഭീഷണിപ്പെടുത്തിയതിനും വിജയഭാസ്‌കര്‍, സഹോദരന്‍ ശേഖര്‍ എന്നിവരുള്‍പ്പെടെ 13 പേര്‍ക്കെതിരെ കേസുണ്ട്. ഈ കേസില്‍ മൂന്നു തവണ വാദം കേള്‍ക്കല്‍ മാറ്റിവച്ച കോടതി ജാമ്യാപേക്ഷ തള്ളിയതോടെയാണ് വിജയഭാസ്‌കര്‍ ഒളിവില്‍ പോയത്.
അണ്ണാ ഡിഎംകെയുടെ മുതിര്‍ന്ന നേതാവായ വിജയഭാസ്‌കര്‍ കഴിഞ്ഞ എടപ്പാടി പളനിസ്വാമി സര്‍ക്കാരില്‍ ഗതാഗതവകുപ്പ് മന്ത്രിയായിരുന്നു. വിജയഭാസ്‌കറിനെ കണ്ടത്താനായി അന്വേഷണ സംഘം ഉത്തരേന്ത്യ അടക്കം സന്ദര്‍ശിച്ചിരുന്നു. കഴിഞ്ഞയാഴ്ച വിജയഭാസ്‌കറിന്റെ കരൂര്‍, ചെന്നൈ വസതികളില്‍ റെയ്ഡും നടത്തിയിരുന്നു. ഒളിവില്‍പ്പോയ വിജയഭാസ്‌കര്‍ കേരളത്തിലേക്കു കടന്നതായി ക്രൈംബ്രാഞ്ചിന് സൂചന ലഭിച്ചിരുന്നു.
കഴിഞ്ഞ ദിവസം ബന്ധുക്കളിലൊരാളെ മൊബൈല്‍ ഫോണില്‍ ബന്ധപ്പെട്ടതോടെയാണ് ഒളിത്താവളം മനസ്സിലായതെന്ന് ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ അറിയിച്ചു. വിലങ്ങന്നൂരില്‍ നിന്ന് ചൊവ്വാഴ്ച പുലര്‍ച്ചെ 5 മണിയോടെ 7 പേരടങ്ങുന്ന സംഘം അറസ്റ്റ് ചെയ്തു. വിലങ്ങന്നൂര്‍ പായ്ക്കണ്ടത്ത് സ്വകാര്യവ്യക്തിയുടെ ഉടമസ്ഥതയിലുള്ള വീട്ടില്‍ പേയിങ് ഗസ്റ്റ് ആയി താമസിക്കുകയായിരുന്നുവെന്നാണ് പോലീസും പറയുന്നത്.
വിജയഭാസ്‌കറിനെ കരൂരിലെ ക്രൈംബ്രാഞ്ച് ഓഫീസിലെത്തിച്ച് ചോദ്യംചെയ്യുകയാണ്. വിജയഭാസ്‌കറിന്റെ അറസ്റ്റിനെ അണ്ണാ ഡി.എം.കെ. ജനറല്‍ സെക്രട്ടറി എടപ്പാടി പളനിസ്വാമി അപലപിച്ചു