- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മാപ്പ്… ഉമ്മന്‍ചാണ്ടിക്ക് കേരളത്തിന്റെ മാപ്പ്; അദാനിയെ എത്തിച്ച നയതന്ത്രത്തെ പിണറായി മനപ്പൂര്‍വ്വം മറന്നു; വിഴിഞ്ഞത് നിറഞ്ഞത് ചീഞ്ഞ രാഷ്ട്രീയ ചിന്ത
തിരുവനന്തപുരം: ഉമ്മന്‍ചാണ്ടിയുടെ ഇടപെടലിനെ മറന്ന് വിഴിഞ്ഞം തുറമുഖത്തിന്റെ ട്രയല്‍ റണ്‍ ഉദ്ഘാടനം. കേന്ദ്രമന്ത്രി സര്‍ബാനന്ദ സോനോവാളിന്റെ സാന്നിധ്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനാണ് ഉദ്ഘാടനം നിര്‍വ്വഹിച്ചത്. ഇടതുപക്ഷത്തിന്റെ ഇടപെടലിനെ മൊത്തത്തില്‍ പുകഴ്ത്തിയാണ് മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം നടത്തിയത്. മുഖ്യമന്ത്രിയായിരിക്കെ ഉമ്മന്‍ചാണ്ടി നടത്തിയ ശ്രമങ്ങളെ സര്‍ക്കാര്‍ ഓര്‍ത്തതോ പറഞ്ഞതോ ഇല്ല. വേദിയില്‍ കോവളം എംഎല്‍എയും കോണ്‍ഗ്രസ് നേതാവുമായ എം വിന്‍സന്റും ഉണ്ടായിരുന്നു. കേരളമാകെ അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയോട് മാപ്പു പറയേണ്ട സാഹചര്യമാണ് മുഖ്യമന്ത്രി പിണറായി വിജയനും കൂട്ടരും ഉണ്ടാക്കിയ സാഹചര്യം. കേന്ദ്രം ഭരിക്കുന്ന ബിജെപി സര്‍ക്കാരിനും അദാനി പോര്‍ട്ടിനും അടക്കം നന്ദി പറഞ്ഞ പിണറായിയാണ് ഉമ്മന്‍ചാണ്ടിയുടെ സേവനത്തെ മറന്നത്.
"കേരളം വളരുന്നു പശ്ചിമഘട്ടങ്ങളെ കേറിയും കടന്ന് അന്യമാം ദേശങ്ങളില്‍" എന്ന മഹാകവി പാലാ നാരായണന് നായരുടെ കവിതയിലെ വരികള്‍ ചൊല്ലിയാണ് തുറമുഖ മന്ത്രി വി.എന്‍.വാസവന് പ്രസംഗം ആരംഭിച്ചത്. ആ കാവ്യഭാവന അര്‍ഥപൂര്‍മാകുന്ന നിമിഷങ്ങള്‍ക്കാണ് വിഴിഞ്ഞം സാക്ഷ്യം വഹിക്കുന്നത്. നാടിന്റെ വികസനചരിത്രത്തില്‍ തങ്കലിപികളാല്‍ ആലേഖനം ചെയ്യപ്പെടുന്ന പദ്ധതിയാണിത്. ലോകമെമ്പാടുമുള്ള മലയാളികള്‍ അഭിമാനത്തോടെയാണ് ഈ നിമിഷത്തെ നോക്കിക്കാണുന്നതെന്നും മന്ത്രി പറഞ്ഞു. വിഎസ് അച്യുതാനന്ദന് മുഖ്യമന്ത്രിയായിരിക്കെ തുടങ്ങിയ പ്രോജക്ടില്‍ തുറമുഖ മന്ത്രിയായിരുന്ന എം വിജയകുമാറിന്റെ ഇടപെടല്‍ വരെ മന്ത്രി വാസവന് ഓര്‍ത്തു. മുഖ്യമന്ത്രി പിണറായി വിജയന് രണ്ട് മന്ത്രിമാരെ പ്രത്യേകം എടുത്തു പറഞ്ഞു. ആദ്യ പിണറായി സര്‍ക്കാരില്‍ തുറമുഖ ചുമതല നോക്കിയ കടന്നപ്പള്ളി രാമചന്ദ്രനേയും അഭിനന്ദിച്ചു. ഇതിനൊപ്പം രണ്ടാം സര്‍ക്കാരില്‍ ആദ്യം മന്ത്രിയായിരുന്ന അഹമ്മദ് ദേവര്‍കോവിലിനേയും അഭിനന്ദനം കൊണ്ട് മൂടി. ഉമ്മന്‍ചാണ്ടിയെ കുറിച്ച് ഒരക്ഷരം മുഖ്യമന്ത്രി പറഞ്ഞില്ല.
ആദ്യ കണ്ടെയ്നര്‍ മദര്‍ഷിപ് ഇന്നലെയാണ് വിഴിഞ്ഞത്ത് എത്തിയത്. ലോകത്തെ രണ്ടാമത്തെ വലിയ ഷിപ്പിങ് കമ്പനിയായ മേസ്ക്കിന്റെ ഉടമസ്ഥതയിലുള്ള 'സാന്‍ ഫെര്‍ണാണ്ടോ' മദര്‍ഷിപ്പാണ് തുറമുഖത്തെത്തിയത്. രാജ്യത്തെ ഏറ്റവും ആഴമേറിയ ട്രാന്‍സ്ഷിപ്മെന്റ് (ചരക്കുമാറ്റം) തുറമുഖം സംസ്ഥാനത്തിന്റെ വികസനക്കുതിപ്പിലേക്കു വഴി തുറക്കുമെന്നാണ് പ്രതീക്ഷ. 2000 കണ്ടെയ്നറുകള്‍ വിഴിഞ്ഞത്തിറക്കി കപ്പല്‍ ഇന്നു തുറമുഖം വിടും. നാളെത്തന്നെ ഫീഡര്‍ കപ്പലുകള്‍ എത്തുന്നതോടെ ട്രാന്‍സ്ഷിപ്മെന്റിനും തുടക്കമാകും. കേരളത്തിന്റെ വികസനപ്രതീക്ഷയായി തുറമുഖത്ത് 3 മാസത്തോളം നീളുന്ന ട്രയല്‍ റണ്ണില്‍ തുടര്‍ച്ചയായി മദര്‍ഷിപ്പുകള്‍ എത്തും. കമ്മിഷന് ചെയ്യുന്നത് ഒക്ടോബറിലാണെങ്കിലും ആദ്യ കണ്ടെയ്നര്‍ ഷിപ്പിന്റെ വരവോടെ വരുമാനം ലഭിച്ചു തുടങ്ങും. മുഖ്യമന്ത്രിയായിരിക്കെ ഉമ്മന്‍ചാണ്ടി നടത്തിയ ഇടപടെലാണ് അദാനിയെ നിര്‍മ്മാണത്തിന് എത്തിച്ചത്. ഇതോടെയാണ് വിഴിഞ്ഞത്തിനെതിരായ ലോബികള്‍ തകര്‍ന്നത്. എന്നിട്ടും അദാനിക്ക് അടക്കം നന്ദി പറഞ്ഞ മുഖ്യമന്ത്രി പിണറായി ഉമ്മന്‍ചാണ്ടിയെ പരാമര്‍ശിച്ചതുമില്ല.
അദാനി പോര്‍ട്സിന് രാജ്യത്ത് എട്ടു സംസ്ഥാനങ്ങളിലാണ് തുറമുഖങ്ങളുള്ളത്. ഗുജറാത്തില്‍ മാത്രം നാല്. മുന്ദ്ര തുറമുഖമാണ് പ്രധാനം. ഇന്ത്യയിലെ ഏറ്റവും വലിയ വാണിജ്യ തുറമുഖമാണിത്. തമിഴ്നാട്, ആന്ധ്രാപ്രദേശ്, മഹാരാഷ്ട്ര, ഒഡിഷ, പശ്ചിമ ബംഗാള്‍ എന്നിവിടങ്ങളിലും തുറമുഖമുണ്ട്. ഇതിന് പുറമേയാണ് വിഴിഞ്ഞം. ഓണത്തിനാകും വിഴിഞ്ഞത്ത് ഔദ്യോഗിക ഉദ്ഘാടനം. ഇതോടെ രാജ്യത്ത് അദാനിക്ക് ഒന്‍പത് തുറമുഖമാകും. വിഴിഞ്ഞത്തേത് മദര്‍ പോര്‍ട്ട് ആണെന്നതാണ് ശ്രദ്ധേയം. രാജ്യത്തെ ആദ്യ മദര്പോര്ട്ടും സ്വന്തമാക്കി അദാനി ഗ്രൂപ്പ് പുതിയ നേട്ടം സ്വന്തമാക്കും.
ഇസ്രയേലിന് മെഡിറ്ററേനിയന്‍ കടലിലുള്ള രണ്ട് തുറമുഖങ്ങളിലൊന്നാണ് ഹൈഫ. 2023-ലാണ് അദാനി ഹൈഫ തുറമുഖം ഏറ്റെടുത്തത്. മെഡിറ്ററേനിയന്റെ കിഴക്കുഭാഗത്തായുള്ള് തുറമുഖം ഇന്ത്യയ്ക്ക് പുറത്തുള്ള അദാനി തുറമുഖങ്ങളില്‍ ഏറ്റവും വരുമാനമുള്ള ഒന്നാണ്. അദാനി ഗ്രൂപ്പ് ഒരുക്കാനിരിക്കുന്ന കടല്‍വഴിയുള്ള അന്താരാഷ്ട്ര വാണിജ്യ ശൃംഖല ഹൈഫയില്‍നിന്നാണ് ആരംഭിക്കുന്നത്. കിഴക്കന്‍ ആഫ്രിക്കന്‍ രാജ്യമായ ടാന്‍സാനിയയിലും അദാനി പോര്‍ട്സിന് തുറമുഖമുണ്ട്. ദാര്‍ എസ് സലാം തുറമുഖം 2024-ലാണ് അദാനി സ്വന്തമാക്കിയത്. ടാന്‍സാനിയയിലെ ഏറ്റവും വലിയ നഗരമായ ദാര്‍ എസ് സലാമിലെ തുറമുഖം 30 വര്‍ഷത്തേക്കുള്ള കരാര്‍ പ്രകാരമാണ് അദാനിയുടേതായത്.
കൊളംബോ വെസ്റ്റ് കണ്ടെയ്നര്‍ തുറമുഖത്തിന്റെ പ്രധാന ഓഹരിയുടമയാണ് അദാനി പോര്‍ട്സ്. ശ്രീലങ്കയിലെ ഏറ്റവും വലുതും തിരക്കേറിയതുമായ തുറമുഖമാണിത്.