- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ട്രയല്‍ റണ്ണില്‍ സമ്പൂര്‍ണ്ണ സഹകരണം; കോണ്‍ഗ്രസും ബിജെപിയും ആഘോഷത്തില്‍ സജീവമാകും; ഓണത്തിന് ഔദ്യോഗിക ഉദ്ഘാടനം; വിഴിഞ്ഞത്ത് കേരളം ഒറ്റക്കെട്ട്
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിന്റെ ഉദ്ഘാടന ചടങ്ങുകളുമായി പ്രതിപക്ഷവും സഹകരിക്കും. ബിജെപിയുടെ കേരളത്തില്‍ നിന്നുള്ള കേന്ദ്രമന്ത്രിമാരും തുറമുഖത്ത് എത്തുന്ന ആദ്യ ചരക്കു കപ്പലിനെ സ്വീകരിക്കാന്‍ എത്തുമെന്നാണ് പ്രതീക്ഷ. ട്രയല്‍ റണ്ണിലും ഓദ്യോഗിക ഉദ്ഘാടനത്തിലും എല്ലാവരുടേയും സഹകരണം ഉണ്ടാകുമെന്നാണ് വിലയിരുത്തല്‍. വിഴിഞ്ഞം ഇന്റര്‍നാഷണല്‍ സീപോര്‍ട്ട് ലിമിറ്റഡിന്റെ(വിസില്‍) നേതൃത്വത്തില്‍ ട്രയല്‍ റണ്‍ തയ്യാറെടുപ്പുകള്‍ അന്തിമഘട്ടത്തിലാണ്. വിഴിഞ്ഞത്ത് ആദ്യ ചരക്കുകപ്പല്‍ എത്തുന്നത് വലിയ ആഘോഷമാക്കാനുള്ള തീരുമാനത്തിലാണ് സര്‍ക്കാര്‍. സെപ്റ്റംബര്‍ വരെ ട്രയല്‍ റണ്‍ തുടരുമെന്നും മന്ത്രി അറിയിച്ചു.
ട്രയല്‍ റണ്ണിനായി വിഴിഞ്ഞത്ത് ആദ്യമെത്തുന്നത് ലോകത്തിലെ രണ്ടാമത്തെ വലിയ കപ്പല്‍ കമ്പനിയായ മെസ്‌കിന്റെ കപ്പലാണ്. ഏകദേശം 1500 കണ്ടെയ്നറുള്ള കപ്പലാണ് വിഴിഞ്ഞത്തെത്തുന്നത്. കപ്പല്‍ 11-ാം തീയതി വിഴിഞ്ഞം തുറമുഖത്തെത്തും. 12-നാണ് ഔദ്യോഗിക സ്വീകരണം. 12-ന് രാവിലെ മുഖ്യമന്ത്രി പിണറായി വിജയന്‍ ചരക്കുകപ്പലിനെ തുറമുഖത്തേക്കു സ്വാഗതം ചെയ്യും. തുടര്‍ന്നു നടക്കുന്ന സമ്മേളനത്തില്‍ കേന്ദ്ര തുറമുഖവകുപ്പ് മന്ത്രി സര്‍ബാനന്ദ സോനോവാള്‍ പങ്കെടുക്കും. കേന്ദ്രമന്ത്രിമാരായ സുരേഷ് ഗോപിയെയും ജോര്‍ജ് കുര്യനെയും ചടങ്ങിലേക്കു ക്ഷണിക്കും. വിഴിഞ്ഞത്ത് ആദ്യ കപ്പല്‍ എത്തുന്നത് അഭിമാനകരമായ മുഹൂര്‍ത്തമാണെന്ന് സര്‍ക്കാര്‍ വിലയിരുത്തുന്നു. തുറമുഖത്തിന്റെ കമ്മിഷനിങ് ഓണത്തിനു നടത്താനാണ് നീക്കം.
ട്രയല്‍ റണ്ണിനായി ഒരു കപ്പല്‍ മാത്രമാണ് എത്തുന്നതെങ്കിലും കമ്മിഷനിംഗിന് മുമ്പും തുടര്‍ച്ചയായി കപ്പലുകള്‍ എത്തും. കമ്മിഷനിംഗിന് മുന്‍പ് തുറമുഖത്തെ എല്ലാ ആശങ്കകളും പരിഹരിക്കും. 1500 കണ്ടെയ്‌നറുകളുമായാണ് ആദ്യ കൂറ്റന്‍ കപ്പല്‍ എത്തുന്നത്. 11ന് പുറംകടലില്‍ എത്തുന്ന കണ്ടയ്‌നര്‍ കപ്പലിന്റെ ബെര്‍ത്തിംഗ് സമയം നിശ്ചയിച്ചിട്ടില്ല. കണ്ടയ്‌നറുകള്‍ ഇറക്കിയശേഷം 24 മണിക്കൂറിനുള്ളില്‍ തിരികെ പോകും.
ആദ്യകപ്പല്‍ വരുന്നത് പരീക്ഷണാര്‍ത്ഥമല്ല. ആദ്യ കണ്ടെയ്‌നര്‍ഷിപ്പ് ഓപ്പറേഷനാണ് 12ന് നടക്കുന്നത്. ഇതോടെ തുറമുഖ പ്രവര്‍ത്തനം ഫലത്തില്‍ ആരംഭിക്കുകയാണ്. വിവിധ സംസ്ഥാനങ്ങളിലേക്കുള്ള കണ്ടയ്‌നറുകളുമായാണ് കപ്പല്‍ എത്തുന്നത്. ഇതുവരെ മറ്റ് രാജ്യങ്ങളിലെ തുറമുഖത്ത് ഇറക്കിയ ശേഷം ചെറുകപ്പലുകളില്‍ ഇന്ത്യയിലേക്ക് എത്തിക്കുകയായിരുന്നു. വിഴിഞ്ഞത്ത് ഇറക്കുന്ന കണ്ടെയ്‌നറുകള്‍ ചെറുകപ്പലുകളില്‍ മറ്റുസംസ്ഥാനങ്ങളിലെ തുറമുഖങ്ങളിലേക്ക് കൊണ്ടുപോകും.
110-ലധികം രാജ്യങ്ങളില്‍ കാര്‍ഗോ സര്‍വീസ് നടത്തുന്ന ഡാനിഷ് കമ്പനിയായ മെസ്‌കിന്റെ കപ്പല്‍ വിഴിഞ്ഞത്ത് ആദ്യമെത്തുന്നത് വലിയ വ്യാപാരസാധ്യതകളാണ് തുറക്കുന്നത്. വിഴിഞ്ഞത്തിന് നബാര്‍ഡ് 2100 കോടി വായ്പ നല്‍കും. 8.35 ശതമാനം പലിശയ്ക്കാണ് നബാര്‍ഡ് വിഴിഞ്ഞം ഇന്റര്‍നാഷണല്‍ സീപോര്‍ട്ട് ലിമിറ്റഡിന്(വിസില്‍) വായ്പ നല്‍കുന്നത്. 15 വര്‍ഷമാണ് തിരിച്ചടവ് കാലാവധി. ആദ്യത്തെ മൂന്നു വര്‍ഷം പലിശ മാത്രം നല്‍കിയാല്‍ മതിയാകും. വായ്പയ്ക്ക് ബജറ്റില്‍ ഉള്‍പ്പെടുത്തി ഗാരന്റി നല്‍കാന്‍ സര്‍ക്കാര്‍ നേരത്തേ തീരുമാനിച്ചിരുന്നു.
നിര്‍മാണത്തിനായി അദാനി ഗ്രൂപ്പിന് 1000 കോടിയോളം രൂപ അടിയന്തരമായി നല്‍കണം. ഗ്യാപ് വയബിലിറ്റി ഫണ്ടിനത്തില്‍ സംസ്ഥാന വിഹിതമായി 490 കോടിയും അദാനി ഗ്രൂപ്പിനു നല്‍കേണ്ടതുണ്ട്.