തിരുവനന്തപുരം: വയനാട്ടില്‍ ഉരുള്‍പൊട്ടിയതു അതിശക്തമായ ബോംബ് സ്‌ഫോടനത്തിനു തുല്യമായ അവസ്ഥയില്‍. പാറക്കെട്ടുകളില്‍ ജലം നിറഞ്ഞുണ്ടായ സമ്മര്‍ദ്ധം താങ്ങാനാവാതെ വന്നതാണ് മുണ്ടക്കൈയിലും ചൂരല്‍മലയിലും ഉരുള്‍പൊട്ടിയതിനു കാരണമെന്ന് ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ (ജിഎസ്‌ഐ)യുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. മലവെള്ളത്തോടൊപ്പം കൂറ്റന്‍ പാറക്കെട്ടുകള്‍ തകര്‍ന്നു തെറിച്ചത് ആഘാതം വര്‍ധിപ്പിച്ചു.

കടുത്ത സമ്മര്‍ദത്തില്‍ കൂറ്റന്‍ പാറകള്‍ പൊട്ടിത്തെറിക്കുകയായിരുന്നു. കിലോമീറ്ററുകളോളം ദൂരത്തില്‍ വെള്ളത്തോടൊപ്പം പാറക്കഷണങ്ങളും തെറിച്ചുവീണത് ആഘാതം പലമടങ്ങ് വര്‍ധിപ്പിച്ചതായി ജിഎസ്‌ഐ കേരള ഘടകം ഡപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ ഡോ.വി.അമ്പിളി പറഞ്ഞു. ചാര്‍നോക്കൈറ്റ് വിഭാഗത്തിലുള്ള പാറകളാണ് ഈ പ്രദേശത്തെ കുന്നുകളുടെ പ്രത്യേകത. തുടര്‍ച്ചയായ മഴയില്‍ ഈ പാറയിലെ വിടവുകളിലൂടെ വെള്ളം നിറഞ്ഞു. അവസാനത്തെ രണ്ടു ദിവസം കൊണ്ട് 60 സെന്റിമീറ്ററോളം മഴ പെയ്തതോടെ പാറയ്ക്കുള്ളില്‍ സംഭരിക്കാവുന്ന വെള്ളത്തിന്റെ പരിധി കവിഞ്ഞു. ഇതോടെ ഈ പാറക്കെട്ടുകള്‍ഒരു ജല ബോംബായി മാറുക ആയിരുന്നു.

അതേസമയം ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ (ജിഎസ്‌ഐ) വയനാട്ടില്‍ ഉരുള്‍പൊട്ടിയ മേഖലയ്ക്കു നല്‍കിയത് പച്ച ജാഗ്രതയായിരുന്നു.. കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം അനുസരിച്ചാണ് 30 ന് ഗ്രീന്‍ അലര്‍ട്ട് നല്‍കിയതെന്ന് അധികൃതര്‍ പറഞ്ഞു. ഉരുള്‍പൊട്ടല്‍ സാധ്യതയുള്ള പ്രദേശങ്ങള്‍ക്കു റെഡ് അലര്‍ട്ടിന്റെ ഭാഗമായി ഭൂപടത്തില്‍ ചുവന്ന അടയാളമാണു നല്‍കാറുള്ളത്. കേന്ദ്ര കാലാവസ്ഥാ വകുപ്പ് മഴയെ സംബന്ധിച്ച് വയനാട് ജില്ലയില്‍ ഓറഞ്ച് അലര്‍ട്ടാണ് നല്‍കിയിരുന്നത്. 24 മണിക്കൂറില്‍ 20 സെന്റിമീറ്ററില്‍ കൂടുതല്‍ മഴ ലഭിക്കുന്ന സാഹചര്യത്തിലാണ് റെഡ് അലര്‍ട്ട് പ്രഖ്യാപിക്കുക. എന്നാല്‍ ചൂരല്‍മലയും മുണ്ടക്കൈയും ഉള്‍പ്പെടുന്ന പ്രദേശത്ത് 37 സെന്റിമീറ്ററില്‍ കൂടുതല്‍ മഴ ലഭിച്ചത് ദുരന്ത കാരണമായെന്ന് ജിഎസ്‌ഐ പറയുന്നു.

ദുരന്തമുണ്ടാകുന്നതിന് മുമ്പ് കന്നുകാലികള്‍ ഉച്ചത്തില്‍ കരയുകയും നായ്ക്കള്‍ ഓരിയിടുകയും ചെയ്തു. അതിനു പിന്നാലെയാണ് ചെറിയ കല്ലുകളോടൊപ്പം ആദ്യത്തെ ജലപ്രവാഹമുണ്ടായത്. ദുരന്തത്തില്‍ ഒരു നായയുടെ ജഡം മാത്രമാണു കണ്ടെത്തിയത്. മറ്റു നായ്ക്കളെല്ലാം ഓടി രക്ഷപ്പെട്ടിരുന്നു. പ്രകൃതിക്ഷോഭങ്ങള്‍ക്കു മുന്നോടിയായി മൃഗങ്ങളുടെ ഇത്തരം മുന്നറിയിപ്പുകള്‍ രേഖപ്പെടുത്തുകയും ജനങ്ങള്‍ക്കു പരിശീലനം നല്‍കുമ്പോള്‍ പരിചയപ്പെടുത്തുകയും വേണം. ദുരന്തമുണ്ടായ മേഖലകളില്‍ സ്മാരകം നിര്‍മിക്കണം. അത് ഒരു ഓര്‍മപ്പെടുത്തലായി ഭാവിയില്‍ മുന്‍കരുതലെടുക്കാന്‍ സഹായിക്കും.