സുന്ദരി ലോകവ്യാപകമായി അടിച്ചമാറ്റിയത് ഒന്നും രണ്ടുമല്ല, 4 ബില്യന്‍ അഥവാ 400 കോടി ഡോളറാണ്. അതായത് ഇന്ത്യന്‍ രൂപയിലേക്ക് മാറ്റായാല്‍, മുപ്പതിനായിരം കോടിയോളം രൂപ! നമ്മുടെ ഒരു ബജറ്റിന്റെയൊക്കെ തുക. അതുകൊണ്ടുതന്നെ അമേരിക്കല്‍ ഫെഡറല്‍ ഏജന്‍സി, ഇവരുടെ തലക്ക് 5 മില്യന്‍ ഡോളറാണ് വിലയിട്ടിരിക്കുന്നത്. നേരത്തെയുണ്ടായിരുന്ന നാല് മില്യന്‍ ഡോളറാണ് എഫ്ബിഐ കഴിഞ്ഞ ദിവസം അഞ്ച് മില്യണായി വര്‍ധിപ്പിക്കയായിരുന്നു. എന്നിട്ടും കഴിഞ്ഞ 7 വര്‍ഷമായി യാതൊരു പിടിയും കൊടുക്കാതെ, ലോകത്തിന്റെ ഏതോ ഒരു കോണില്‍ ജീവിച്ചിരിക്കുന്ന ആ തട്ടിപ്പുറാണിയുടെ പേരാണ് ഡോ റുജ ഇഗ്നാറ്റോവ. ക്രിപ്റ്റോ ക്വീന്‍ എന്നാണ് ഒരു കാലത്ത് അവര്‍ അറിയപ്പെട്ടിരുന്നത്. ഇന്ന് ലോകത്തെ ഏറ്റവും വലിയ പിടികിട്ടാപ്പുള്ളികളില്‍ ഒരാളാണ്, ഭാവിയുടെ സാമ്പത്തിക ക്രമം നിര്‍ണ്ണയിക്കാന്‍ കഴിയുന്ന ബിസിനസുകാരിയെന്ന്, മാധ്യമങ്ങള്‍ ഒരുകാലത്ത് എഴുതിയ ഈ 44 കാരി. ഇന്ന് ഇവര്‍ വീണ്ടും വാര്‍ത്തകളില്‍ നിറയുന്നത്, ലോകത്തിലെ മോസ്റ്റ് വാണ്ടഡ് ക്രിമിനല്‍ എന്ന നിലയിലാണ്.

പുതിയ കാലത്തിന്റെ സാധ്യതയായ ക്രിപ്‌റ്റോ കറന്‍സി സ്വന്തമായി ഇറക്കിയാണ്, അവര്‍ ഉഗാണ്ടയടക്കമുള്ള ആഫ്രിക്കന്‍ രാജ്യങ്ങളില്‍നിന്നുപോലും കോടികളുടെ തട്ടിപ്പ് നടത്തിയത്. ബിറ്റ്കോയിനെ ഔട്ടാക്കുമെന്ന് പ്രഖ്യാപിച്ചാണ് അവര്‍ തന്റെ വണ്‍ കോയിന്‍ എന്ന ക്രിപ്റ്റോ കറന്‍സി ഇറക്കിയത്. മണി ചെയിന്‍ ശൃഖലയിലൂടെയാണ് വണ്‍ കോയിന്‍ വിതരണം ചെയ്തത്. ഇതിലുടെയും അവര്‍ കോടികള്‍ സമ്പാദിച്ചു. 'ലോക ചരിത്രത്തിലെ ഏറ്റവും വലിയ അഴിമതികളിലൊന്ന്' എന്നാണ് വണ്‍ കോയിന്‍ തട്ടിപ്പിലെ ദ ടൈംസ് വിശേഷിപ്പിച്ചത്. 2019-ലെ പോഡ്കാസ്റ്റ് പരമ്പരയായ 'ദി മിസ്സിംഗ് ക്രിപ്‌റ്റോക്വീനി'ലുടെ ബിബിസിയാണ് ഇവരുടെ ചരിത്രം തേടിപ്പിടച്ചത്. 2022-ല്‍ അതേപേരില്‍ ഇത് പുസ്തകവുമായി. ക്രിപ്‌റ്റോ വിപണികളില്‍ നിക്ഷേപകര്‍ ഏറെ ജാഗ്രത പാലിക്കേണ്ടതുണ്ടെന്നാണ് ഇത്തരം തട്ടിപ്പുകള്‍ ചൂണ്ടിക്കാട്ടുന്നത്.

2017-ല്‍ മുങ്ങിയ റുജ ഇഗ്നാറ്റോവ നമ്മുടെ സുകുമാരക്കുറുപ്പിനെപ്പോലെ ഒരു ക്രിമിനല്‍ മിത്തിന് സമാനമായിട്ടുണ്ട്. ഈ സൗന്ദര്യധാമത്തെ ദുബൈയില്‍ കണ്ടു ഓസ്ട്രേലിയയില്‍ കണ്ടു എന്നൊക്കെ ഇടക്കിടെ വാര്‍ത്ത വരാറുണ്ട്. 2018-ല്‍ ഇഗ്നാറ്റോവ ബള്‍ഗേറിയന്‍ മാഫിയയാല്‍ കൊല്ലപ്പെട്ടുവെന്നും വാര്‍ത്ത വന്നിരുന്നു. േപ്ലാസ്റ്റിക്ക് സര്‍ജറി ചെയ്ത് മറ്റൊരു മുഖവുമായി, മറ്റൊരു ഐഡിന്റിറ്റിയില്‍, ഇന്റര്‍പോള്‍ തിരയുന്ന ഈ കോടീശ്വരി ലോകത്ത് എവിയോ ജീവിച്ചിരിപ്പുണ്ട് എന്ന് പറയുന്നുണ്ട്്. ഇപ്പോള്‍ തുക 5 മില്യണാക്കി ഉയര്‍ത്തിയിട്ടും അവരെക്കുറിച്ച് വിവരമൊന്നും കിട്ടിയിട്ടില്ല. അടിമുടി പ്രഹേളികയാണ് റുജ ഇഗ്നാറ്റോവയുടെ ജീവിതം.

ഡോക്ടറേറ്റുള്ള ഫ്രോഡ്

ബള്‍ഗേറിയയിലെ റൂസില്‍ ഒരു റോമാനി കുടുംബത്തില്‍, 1980 മെയ് 30ന് ആണ് റുജ ഇഗ്നാറ്റോവ ജനിച്ചത്. അവള്‍ക്ക് പത്ത് വയസ്സുള്ളപ്പോള്‍ കുടുംബം ജര്‍മ്മനിയിലേക്ക് കുടിയേറുകയായിരുന്നു. ബാഡന്‍-വുര്‍ട്ടംബര്‍ഗ് സംസ്ഥാനത്തിലെ ഷ്രാംബര്‍ഗിലായിരുന്നു ബാല്യം. ഇംഗ്ലണ്ടിലെ ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയില്‍ പഠിച്ചതായി പറയുന്നു. പക്ഷേ കോളേജ്, കോഴ്‌സ്, മെട്രിക്കുലേഷന്‍ തീയതി എന്നിവയെ കുറിച്ചുള്ള വിശദാംശങ്ങളൊന്നും കിട്ടുന്നില്ല എന്ന് ബിബിസി നടത്തിയ അന്വേഷണത്തില്‍ പറയുന്നു. പക്ഷേ റുജ ചെറുപ്പത്തിലേ പഠിക്കാന്‍ മിടുക്കിയായിരുന്നെന്ന് സഹപാഠികള്‍ സമ്മതിക്കുന്നുണ്ട്.

2005-ല്‍, ജര്‍മ്മനിയിലെ കോണ്‍സ്റ്റന്‍സ് സര്‍വകലാശാലയില്‍ നിന്ന് അന്താരാഷ്ട്ര നിയമത്തില്‍ അവര്‍ പിഎച്ച്ഡി നേടി. മക്കിന്‍സി ആന്‍ഡ് കമ്പനി അടക്കമുള്ള പല പ്രശസ്തമായ കമ്പനിയിലും റുജ ജോലിചെയ്തിട്ടുണ്ട്. മികച്ച അക്കാദമിക്ക് യോഗ്യതകളും, തൊഴില്‍ പരിചയവുമുള്ള വ്യക്തിയാണ് റുജ ഇഗ്നാറ്റോവ എന്നു റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ഈ അനുഭവസമ്പത്ത് ആളുകളെ കൈയ്യിലെടുക്കാന്‍ അവള്‍ വിനിയോഗിച്ചു. ഒരു മോട്ടിവേഷന്‍ സ്പീക്കര്‍ എന്ന നിലയിലും അവര്‍ ആയിരങ്ങളെ ആകര്‍ഷിച്ചിരുന്നു.

ഇതിനിടെ ഒരു ജര്‍മ്മന്‍ അഭിഭാഷകനുമായി റുജയുടെ വിവാഹം കഴിഞ്ഞു. ഈ ബന്ധത്തില്‍ ഒരു കുട്ടിയുണ്ട്. പക്ഷേ ഈ വിവരങ്ങള്‍ ഒന്നും എവിടെയും ഇല്ല. ബിബിസി ലേഖകര്‍ ജര്‍മ്മനിയില്‍ വിശദമായ തിരിച്ചില്‍ നടത്തിയിട്ടും, റുജ ഇഗ്നാറ്റോവയുടെ ഭര്‍ത്താവിനെയോ ബന്ധുക്കളെയോ കണ്ടുകിട്ടാനായില്ല. കുട്ടിയുമായി അവര്‍ ഇരിക്കുന്ന, ഒരു ഫോട്ടോ മാത്രമാണ് ബാക്കിയുള്ളത്.

നേരത്തെ തന്നെ തട്ടിപ്പ് കേസുകള്‍ ഈ കുടംബത്തിന് നേരെയുണ്ടായിരുന്നു.
ജര്‍മ്മനിയില്‍ 2012-ല്‍, റുജയുടെ പിതാവ് പ്ലാമെന്‍ ഇഗ്നാറ്റോവ് ഒരു കമ്പനി ഏറ്റെടുത്തതുമായി ബന്ധപ്പെട്ട് കേസുണ്ടായി. കമ്പനിയുടെ നടത്തിപ്പ് ഡോ റുജക്കായിരുന്നു. പാപ്പരായി പ്രഖ്യാപിച്ച് തടിയൂരാനുള്ള അവരുടെ ശ്രമമൊന്നും നടന്നില്ല. റുജ വഞ്ചനാകുറ്റത്തിന് 14 മാസത്തെ തടവിന് ശിക്ഷിക്കപ്പെട്ടു. പിന്നീട് അപ്പീലില്‍ ശിക്ഷ കുറച്ചെങ്കിലും വഞ്ചനാകുറ്റം നിലനിന്നു. പക്ഷേ അതൊന്നും മാധ്യമ ശ്രദ്ധ കിട്ടുന്ന വലിയ കേസായി ഉയര്‍ന്നിരുന്നില്ല.

ബിറ്റ്കോയിന് പകരം വണ്‍ കോയിന്‍

പെട്ടന്ന് കോടീശ്വരിയാവാനുള്ള ആഗ്രഹമാണ് റുജ ഇഗ്നാറ്റോവയെ, ക്രിപ്റ്റോ കറന്‍സിയിലേക്ക് കൊണ്ടുവരുന്നത്. അപ്പോഴേക്കും അവര്‍ വിവിധ കമ്പനികളില്‍ ജോലി ചെയ്ത്, ആളുകളെ സ്വാധീനിക്കാന്‍ കഴിയുന്ന രീതിയില്‍ അവള്‍ വളര്‍ന്നിരുന്നു. 2014- ലാണ് ഇഗ്നാറ്റോവ, വണ്‍ കോയിന്‍ കൊണ്ടുവന്നത്. ബിറ്റ്‌കോയിനായിരുന്നു അന്നത്തെ പ്രധാന എതിരാളി. വളരെ കുറഞ്ഞ സമയം കൊണ്ട് യുഎസ് ഉള്‍പ്പെടെ ലോകമെമ്പാടുമുള്ള 3 ദശലക്ഷം വ്യക്തികളില്‍ നിന്ന് നിക്ഷേപം നേടാന്‍ അവള്‍ക്കു സാധിച്ചു.

ബിബിസിയുടെ ഇന്‍വസ്റ്റിഗേഷന്‍ റിപ്പോര്‍ട്ടില്‍ ഇങ്ങനെ പറയുന്നു. 2016 ജൂണ്‍ ആദ്യം, യുകെയിലെ വെംബ്ലി അരീനയില്‍ ആയിരക്കണക്കിന് ആരാധകര്‍ക്ക് മുന്നില്‍ 36-കാരിയായ ഡോ. റുജ ഇഗ്നാറ്റോവ എന്ന വ്യവസായി നടന്നുവന്നു. അവള്‍ പതിവുപോലെ, വിലകൂടിയ ബോള്‍ഗൗണില്‍, നീളമുള്ള ഡയമണ്ട് കമ്മലുകളും, കടും ചുവപ്പ് ലിപ്സ്റ്റിക്കും ധരിച്ചിരുന്നു. എല്ലാവര്‍ക്കും എല്ലായിടത്തും പേയ്‌മെന്റുകള്‍ നടത്തുന്നതിന് ലോകത്തിലെ ഏറ്റവും വലിയ ക്രിപ്‌റ്റോ കറന്‍സിയായി വണ്‍ കോയിന്‍ മാറിക്കൊണ്ടിരിക്കുകയാണെന്ന് ആ സുന്ദരി, ആഹ്ലാദഭരിതരായ ജനക്കൂട്ടത്തോട് പറഞ്ഞു.

2016 പകുതിയോടെ ബിറ്റ്കോയിന്റെ മൂല്യം നൂറുകണക്കിന് ഡോളറുകളായി ഉയര്‍ന്നത് നിക്ഷേപകര്‍ക്കിടയില്‍ ആവേശമുണ്ടാക്കിയിരുന്നു. ഡോ റുജ, വെംബ്ലി പ്രേക്ഷകരോട് പറഞ്ഞു- 'നമ്മള്‍ ബിറ്റ്കോയിന്‍ കില്ലറാണ്. രണ്ട് വര്‍ഷത്തിനുള്ളില്‍ ആരും ബിറ്റ്കോയിനിനെക്കുറിച്ച് സംസാരിക്കില്ല!'- അവള്‍ അലറിപ്പറഞ്ഞപ്പോള്‍ അത് ഒരു കരിസ്മാറ്റിക്ക് ധ്യാനത്തിലെന്നപോലെ ജനം വിശ്വസിച്ചു.

ഈ പുതിയ വിപ്ലവത്തിന്റെ ഭാഗമാകുമെന്ന പ്രതീക്ഷയില്‍ ലോകമെമ്പാടുമുള്ള ആളുകള്‍ തങ്ങളുടെ സമ്പാദ്യം വണ്‍ കോയനില്‍ നിക്ഷേപിച്ചു. 2016-ലെ ആദ്യ ആറ് മാസങ്ങളില്‍ ബ്രിട്ടീഷുകാര്‍ ഏകദേശം 30 മില്യണ്‍ യൂറോ വണ്‍കോയിനില്‍ ചെലവഴിച്ചതായി രേഖകള്‍ കാണിക്കുന്നു. 2014 ഓഗസ്റ്റിനും 2017 മാര്‍ച്ചിനുമിടയില്‍ ഡസന്‍ കണക്കിന് രാജ്യങ്ങളില്‍നിന്നായി 4 ബില്യണ്‍ യൂറോയിലധികം വണ്‍ കോയനില്‍ നിക്ഷേപം വന്നു. പാകിസ്ഥാന്‍ മുതല്‍ ബ്രസീല്‍ വരെ, ഹോങ്കോങ് മുതല്‍ നോര്‍വേ വരെ, കാനഡ മുതല്‍ യെമനുംവരെ… എന്തിന് ഫലസ്തീനിലും ഉണ്ടാഗയിലും വരെ വണ്‍ കോയിനുവേണ്ടി നിക്ഷേപങ്ങള്‍ വന്നുതുടങ്ങി.

ക്രിപ്റ്റോക്ക് ഒപ്പം മണിചെയിനും

മണി ചെയിന്‍ മോഡലില്‍ ആളെ ചേര്‍ത്ത് ബിസിനസ് വര്‍ധിപ്പിതാണ് ഉഗാണ്ടയടക്കമുള്ള ആഫ്രിക്കന്‍ രാജ്യങ്ങളില്‍പോലും വണ്‍ കോയിന്‍ പ്രചാരത്തില്‍ വരാന്‍ കാരണമെന്ന്, ബിബിസി റിപ്പോര്‍ട്ടില്‍ പറയുന്നു. എംഎല്‍എം എന്ന മള്‍ട്ടി ലെവല്‍ മാര്‍ക്കറ്റിങ്ങ് ലോകത്ത് നിയമവിരുദ്ധമല്ല. ആംവേ, ഹെര്‍ബലൈഫ് അടക്കമുള്ള പ്രമുഖ കമ്പനികള്‍ ഈ രീതിയില്‍ പ്രവര്‍ത്തിക്കുന്നുമുണ്ട്. എന്നാല്‍ അതിന്റെ പേരില്‍ നിരവധി വിവാദങ്ങളും ഉണ്ടായി. കാരണം സാധാരണയായി വളരെ കുറച്ച് ആളുകള്‍ മാത്രമാണ് ഇതിലൂടെ പണമുണ്ടാക്കുന്ന്. അതിശയോക്തിപരമായ വാഗ്ദാനങ്ങള്‍, ലക്ഷ്യം നേടാന്‍ പ്രയാസമുള്ള ടാര്‍ജറ്റ് കൊടുക്കല്‍ എന്നിവയുടെ പേരില്‍ ഇത് കുപ്രസിദ്ധമാണ്. വില്‍ക്കാന്‍ ഒന്നും ഇല്ലാതെ, ഒരാള്‍ ഒരു തുകയെടുത്ത് ഒരാളെ ചേര്‍ത്ത്, അയാള്‍ മറ്റൊരാളെ ചേര്‍ത്ത് അതിന്റെ തുക താഴേക്ക് കൈമാറി, പോകുന്ന രീതി ശരിക്കും പിരമിഡ് സ്‌കീം എന്ന തട്ടിപ്പാണ്. ഇന്ത്യയില്‍ മണി ചെയിന്‍ എന്ന പറഞ്ഞ് നടന്നത് സമാനമായ തട്ടിപ്പാണ്.

ഈ മണിചെയിന്‍ മോഡല്‍, ഡോ റുജ വണ്‍ കോയിന് ഒപ്പം ചേര്‍ത്തു. ആദ്യകാല നിക്ഷേപകരെ ആകര്‍ഷിക്കാന്‍ അവള്‍ ചെറിയ ആദായവും നല്‍കിയിരുന്നു. എംഎല്‍എമ്മിലുടെ കോടീശ്വരനായ ഇഗോര്‍ ആല്‍ബര്‍ട്ട്സ് ഡച്ച് വ്യവസായിയൌ ദുബായിലെ ഒരു വണ്‍ കോയിന്‍ ഇവന്റിലേക്ക് അവര്‍ ക്ഷണിച്ചു. അവിടെനിന്നാണ് പിരമിഡ് സ്‌കീം എന്ന ആശയം കിട്ടിയത്. പിന്നീട് ഇഗോര്‍ ആല്‍ബര്‍ട്ട്സും തന്റെ ബിസിനസുകള്‍ എല്ലാം നിര്‍ത്തിവെച്ച് ലക്ഷക്കണക്കിന് ഡോളര്‍ വണ്‍ കോയിനിലേക്ക് പമ്പ് ചെയ്തു. ഒരുപാട് പേര്‍ അദ്ദേഹത്തിന്റെ പ്രേരണയെ തുടര്‍ന്ന് ബിസിനസില്‍ ചേര്‍ന്നു. അവര്‍ക്കെല്ലാം പണം പോയി. ബിബിസിയുമായുള്ള അഭിമുഖത്തില്‍ താന്‍ മറ്റുള്ളവരെ ചേര്‍ത്തത് തെറ്റായിപ്പോയെന്ന്, ഇഗോര്‍ സമ്മതിക്കുന്നുണ്ട്. ദി മിസ്സിംഗ് ക്രിപ്‌റ്റോക്വീന്‍ എന്ന അന്വേഷണ പരമ്പരക്കുവേണ്ടി ബിബിസി ലേഖകന്‍ ഉഗാണ്ടയില്‍ വരെ പോയി, തട്ടിപ്പിനിരയാവരെ കാണുന്നുണ്ട്. പ്രമുഖരായ പല ബിസിന്സ് മാഗ്നറ്റുകളും റുജയുടെ വാചകമടിയല്‍ വീണുപോയിട്ടുണ്ട്. അത്രക്കും കണ്‍വിന്‍സിങ്ങ് ആയിട്ടാണ് അവര്‍ സംസാരിക്കുക. ഡോ റുജയെക്കുറിച്ച് 'ദ ഇക്കേണോമിസ്റ്റ്' പോലുള്ള പ്രമുഖ മാസികളില്‍ വാര്‍ത്തകള്‍ വന്നു. ചാനലുകള്‍ യുവ കോടീശ്വരിയുടെ അഭിമുഖങ്ങള്‍ എടുത്തു.

പക്ഷേ അവര്‍ അടിമുടി ഫ്രോഡ് ആയിരുന്നെന്ന് നിക്ഷേപകര്‍ അറിഞ്ഞില്ല. ഒരു ക്രിപ്റ്റോ കറന്‍സി തുടങ്ങാനുള്ള യാതൊരു സംവിധാനവും വണ്‍ കോയിന് ഉണ്ടായിരുന്നില്ല. ഈ ബിസിനസിന്റെ ഏറ്റവും അടിസ്ഥാനമായ ബ്ലോക്ക് ചെയിന്‍ സംവിധാനം പോലും അവിടെ ഉണ്ടായിരുന്നില്ല. കുറേ ഡാറ്റകള്‍ ക്രിത്രിമമായി ജീവനക്കാര്‍ ഉണ്ടാക്കുകയായിരുന്നു.

ഒടുവില്‍ തിരോധാനം

ഇങ്ങനെ പണം കുമിഞ്ഞ് കൂടുമ്പോള്‍, അവര്‍ ജീവിതം അടിച്ചുപൊളിച്ച് ആസ്വദിക്കയും ചെയ്തു. ദുബൈയിലടക്കം, ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ അവര്‍ കോടിക്കണക്കിന് രുപയുടെ സ്വത്തുക്കള്‍ വാരിക്കൂട്ടി. ഉല്ലാസ നൗകകളും, ഹെലികോപ്റ്ററുകളുമൊക്കെ സ്വന്തമാക്കി. ഹോളിവുഡ് നടന്‍മ്മാരെവരെ വെച്ച്, തന്റെ ആഡംബര ക്രൂയിസുകളില്‍ പാര്‍ട്ടി നടത്തി. രാവിലെ ന്യൂയോര്‍ക്കിലാണെങ്കില്‍, ഉച്ചക്ക് വിയന്നയില്‍, രാത്രി ദുബൈയില്‍. അങ്ങനെ പറന്ന് നടന്ന് കമ്പനി മീറ്റുകളും പാര്‍ട്ടികളും നടത്തി ബിസിനസ് വര്‍ധിപ്പിച്ചു.

പക്ഷേ എല്ലാവരെയും, എല്ലാക്കാലവും പറ്റിക്കാന്‍ കഴിയില്ലല്ലോ. വണ്‍ കോയിന്റെ പ്രമുഖ ഇന്‍വസ്റ്റര്‍മാര്‍ക്ക് ഇത് ഫ്രോഡ് സ്‌കീമാണെന്ന് പറഞ്ഞുകൊണ്ടുള്ള അജ്ഞാതന്റെ ഫോണ്‍ കോളിലുടെയാണ് തകര്‍ച്ചയുടെ തുടക്കം. അന്ന് ഇന്‍വസ്റ്റേഴ്സ് റുജക്കുവേണ്ടിയാണ് വാദിച്ചത്. മാത്രമല്ല ബിറ്റ്കോയിന്‍കാരും ബാങ്കുകളും തങ്ങള്‍ക്കിട്ട് പണിയുകയാണെന്നാണ് അവര്‍ നിക്ഷേപകരെ വിശ്വസിപ്പിച്ചത്. കാരണം, വണ്‍ കോയിന്‍ വ്യാപകമായാല്‍, ബാങ്കുകള്‍പോലും ഇല്ലാതാവുമെന്നായിരുന്നു, ഈ പഠിച്ചകള്ളിയുടെ അവകാശവാദം. പക്ഷേ സംഭവം എഫ്ബിഐക്ക് മുന്നില്‍ പരാതിയായി എത്തി.

അതോടെ പണി പാളുമെന്ന് ഇഗ്നാറ്റോവക്ക് മനസ്സിലായി. 2017-ല്‍, ഗ്രീസില്‍ നിന്ന് അവള്‍ അതിവിദഗ്ധമായി അപ്രത്യക്ഷയായി. തുടര്‍ന്ന് യുഎസ് അധികൃതര്‍ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു. 2014 മുതല്‍ 2016 വരെ ബള്‍ഗേറിയന്‍ മാഫിയയുമായി സഹകരിച്ചാണ് ഇഗ്നാറ്റോവ വന്‍ തട്ടിപ്പ് ആസൂത്രണം ചെയ്തതെന്ന് എഫ്ബിഐ പറയുന്നു. ശതകോടിക്കണക്കിന് ഡോളര്‍ കബളിപ്പിച്ചതു കൂടാതെ മണിചെയിന്‍ തട്ടിപ്പിനും കേസുണ്ട്. ബിബിസി ലേഖകന്‍, റുജ പോയ വഴിയൊക്കെ സഞ്ചരിച്ചുനോക്കിയെങ്കിലും ആട് കിടന്ന സ്ഥലത്ത് പൂടപോലും ഉണ്ടായിരുന്നില്ല.

മരിച്ചോ, അതോ പ്ലാസ്റ്റിക്ക് സര്‍ജറിയോ?

2017 ഒക്ടോബര്‍ 25-ന് റുജ ഏഥന്‍സിലേക്ക് പറന്നതായി യുഎസ് അധികൃതരും സ്ഥിരീകരിക്കുന്നുണ്ട്. അവള്‍ക്ക് റഷ്യന്‍, യുക്രൈനിയന്‍ പാസ്‌പോര്‍ട്ടുകള്‍ ഉണ്ടെന്നും റഷ്യയ്ക്കും ദുബായ്ക്കുമിടയില്‍ അങ്ങോട്ടും ഇങ്ങോട്ടും യാത്ര ചെയ്യാറുണ്ടെന്നും പറയുന്നുണ്ട്്. അതല്ല ബള്‍ഗേറിയന്‍ മാഫിയ കൊന്നെന്നും പറയുന്നു. ഇന്ന് റഷ്യന്‍ മാഫിയയെപ്പോലെ ലോകത്തെ വിറപ്പിക്കുന്ന ഒരു ടീമാണ് ബള്‍ഗേറിയന്‍ മാഫിയയും. അത്ര വലിയ സപ്പോര്‍ട്ടില്ലാതെ ഇതുപോലെ ഒരു കുറ്റകൃത്യം ചെയ്യാന്‍ കഴിയില്ല എന്നാണ് അന്വേഷകര്‍ ചൂണ്ടിക്കാട്ടുന്നത്.

ഡോ റുജ ഇഗ്നാറ്റോവക്ക് എവിടെയാക്കെ സ്വത്തുക്കള്‍ ഉണ്ടെന്ന് ആര്‍ക്കും അറിയില്ല. മാതൃകമ്പനിയുടെ സ്വത്തുക്കളൊക്കെ രജിസ്റ്റര്‍ ചെയ്തിരിക്കുന്നതും തട്ടിപ്പിലുടെയാണ്. അതായത് ഒരു കമ്പനിയുടെ ഉടമയായി മറ്റൊരു കമ്പനി. അതിന്റെ ഉടമയായി മറ്റൊന്ന്, എന്നിങ്ങനെ അടിമുടി ഷെല്‍ കമ്പനികള്‍. കള്ളപ്പണത്തിനുപേരു കേട്ട കരീബിയന്‍ ദ്വീപുകളില്‍ അവര്‍ ഉണ്ട് എന്നും അവസാനം പ്രചാരണം വന്നിരുന്നു.

പണം പോയ കോടീശ്വരന്‍മ്മാര്‍ ഒന്നും വെറുതെയിരിക്കില്ലല്ലോ. അവരും റുജയെ അന്വേഷിച്ചിറങ്ങി. ഏഥന്‍സിലെ ചില വെയ്റ്റര്‍മാര്‍ റുജയെ തിരിച്ചറിഞ്ഞിരുന്നു. പക്ഷേ എവിടേക്ക് പോയി എന്ന് ആര്‍ക്കും പിടിയില്ല. തനിക്ക് ഒരിക്കല്‍ മുങ്ങേണ്ടി വരുമെന്ന്, കൃത്യമായി അറിയാവുന്നത് കൊണ്ടാവണം ഒരു തെളിവും കൊടുക്കാതെയായിരുന്നു, ഈ സുന്ദരിയുടെ പ്രവര്‍ത്തനം. അവരെ കണക്്റ്റ്ചെയ്യാന്‍ പറ്റുന്ന ഒരു ഫോണ്‍ നമ്പര്‍ പോലും കിട്ടുന്നില്ല. ഭര്‍ത്താവ്, കുട്ടികള്‍, കൂടെ പ്രവര്‍ത്തിച്ചവര്‍ എല്ലാം അജ്ഞാതം.

പക്ഷേ റുജ ഇപ്പോഴും ജീവിച്ചിരിപ്പുണ്ടെന്നാണ് എഫ്ബിഐ അധികൃതര്‍ പറയുന്നത്. അതുകൊണ്ടുതന്നെയാണെല്ലോ അവര്‍, വിവരം കൊടുക്കുന്നവര്‍ക്കുള്ള പാരിതോഷികം, നാല് മില്യണ്‍ ഡോളറില്‍നിന്ന് അഞ്ചുമില്യണ്‍ ഡോളറായി ഉയര്‍ത്തിയത്. പ്ലാസ്റ്റിക്ക് സര്‍ജറി ചെയ്ത്, മുഖവും രൂപഭാവങ്ങളുമൊക്കെ മാറ്റി മറ്റൊരു ഐഡന്റിറ്റിയില്‍ അവര്‍ ജീവിക്കുന്നുവെന്നാണ്, പൊതുവെയുള്ള നിഗമനം. അതല്ല വൈകാതെ മുങ്ങേണ്ടി വരും എന്ന് അറിയേണ്ടതുകൊണ്ട് അവര്‍ നേരത്തെ തന്നെ പ്ലാസ്റ്റിക്ക് സര്‍ജറി ചെയ്ത ഒരു മുഖമാണ് ലോകത്തിന് കാട്ടിക്കൊടുത്തതതെന്നും, അത് വീണ്ടും സര്‍ജറി ചെയ്ത് ഒരിക്കലും തിരിച്ചറിയാത്ത രൂപത്തിലാക്കി എന്നും ചിലര്‍ പറയുന്നുണ്ട്.

എന്തൊക്കെയായാലും ലോകത്തിലെ ഏറ്റവും പുകള്‍പെറ്റ സംവിധാനത്തിനുപോലും, നൂറ്റാണ്ടിലെ ഏറ്റവും വലിയ തട്ടിപ്പുകാരിയെ പിടിക്കാന്‍ പറ്റുന്നില്ല. ഈ വെപ്രാളങ്ങളൊക്കെ കാണുമ്പോവള്‍, കാണാമറയത്ത് എവിടെയോ ഇരുന്ന് ഡോ റുജ ചിരിക്കുന്നുണ്ടാവണം!

ക്രിപ്റ്റോ ഫ്രോഡുകളെ സൂക്ഷിക്കുക?

ക്രിപ്റ്റോ ഫ്രോഡുകളെ സൂക്ഷിക്കാനുള്ള ശക്തമായ മുന്നറിയിപ്പും ഈ സംഭവം നല്‍കുന്നുണ്ട്. ആദ്യം ഇത് എന്താണെന്ന് നിക്ഷേപകര്‍ പഠിക്കണം. ലളിതമായി പറഞ്ഞാല്‍, ക്രിപ്‌റ്റോ കറന്‍സികള്‍ ഡിജിറ്റല്‍ പണമാണ്. അവ കാണാനോ സ്പര്‍ശിക്കാനോ കഴിയില്ല, എന്നാല്‍ അവയ്ക്ക് മൂല്യമുണ്ട്. ഒരു ബാങ്ക് പോലുള്ള കേന്ദ്രീകൃത അതോറിറ്റി ഇതിനില്ല. എന്നാല്‍ ഇടപാടുകളുടെ ട്രാക്ക് സൂക്ഷിക്കാന്‍ കമ്പ്യൂട്ടര്‍ ശൃംഖലയെ ആശ്രയിക്കുന്ന ബ്ലോക്ക് ചെയിന്‍ സാങ്കേതികവിദ്യയാണ് ഇവ പിന്തുണയ്ക്കുന്നത്. നമ്മുടെ വണ്‍ കോയിന് ഈ ബ്ലോക്ക് ചെയിന്‍ പോലും ഇല്ലായിരുന്നു!

അതി സങ്കീര്‍ണമായ പ്രൊഗ്രാമുകളിലൂടെയാണ് ക്രിപ്റ്റോ രൂപീകരിച്ചിരിക്കുന്നത്. സോഫ്റ്റ് വെയര്‍ കോഡ് എന്നും ഇവയെ വിശേഷിപ്പിക്കാം. എന്‍ക്രിപ്ഷന്‍ സാങ്കേതികവിദ്യ ഉപയോഗിക്കുന്നതിനാലാണ് ഇവയെ 'ക്രിപ്റ്റോ കറന്‍സി' എന്നു വിളിയ്ക്കുന്നത്. ജപ്പാന്‍കാരന്‍ സതോഷി നകമോട്ടോ ആണ് 2008-ല്‍ ക്രിപ്റ്റോ കറന്‍സി കണ്ടു പിടിക്കുന്നത്. ബിറ്റ് കോയിന്‍, ഇതേറിയം, റിപ്പിള്‍, ലൈറ്റ് കോയിന്‍, സ്റ്റെല്ലര്‍ തുടങ്ങിയവയാണ് പ്രധാന ക്രിപ്റ്റോ കറന്‍സികള്‍. ഇതില്‍ തന്നെ ഏറ്റവും മൂല്യമേറിയതും പ്രചാരമേറിയതും ബിറ്റ് കോയിനാണ്. ആദ്യത്തെ ക്രിപ്റ്റോ കറന്‍സിയും ഇതു തന്നെ. ഡോളറിനെതിരെ 1,0000 ഡോളറോളമാണ് ഇപ്പോള്‍ ബിറ്റ് കോയിന്റെ മൂല്യം. ബിറ്റ് കോയിന്‍ എക്സ്ചേഞ്ചുകള്‍ വഴിയാണ് ട്രേഡിങ് നടക്കുന്നത്.

പക്ഷേ പലരാജ്യങ്ങളിലും ക്രിപ്റ്റോക്ക് നിരോധനമുണ്ട്. ഡിജിറ്റല്‍ കറന്‍സികള്‍ക്ക് പ്രചാരം ഏറുന്നത് ബാങ്കിങ് സംവിധാനം ദുര്‍ബലമാക്കിയേക്കാം എന്നതാണ് ഇതിനെതിരായ ഒരു വാദം. കള്ളപ്പണമൊഴുക്ക് കൂടും എന്നും സാമ്പത്തിക ക്രമക്കേടുകള്‍ക്കും തട്ടിപ്പുകള്‍ക്കും ഇടയുണ്ടെന്നതും ക്രിപ്റ്റോ കറന്‍സികളില്‍ നിന്ന് ചില ഭരണകൂടങ്ങളെ അകറ്റി നിര്‍ത്തുന്നു.

ക്രിപ്‌റ്റോ കറന്‍സികളെ രൂപയിലോ മറ്റേതെങ്കിലും പണമായോ മാറ്റന്‍ കഴിയും. എക്സ്ചേഞ്ച് പ്ലാറ്റ്ഫോം ഉപയോഗിച്ച് ഏത് ക്രിപ്റ്റോകറന്‍സിയും രൂപയിലേക്കോ മറ്റ് കറന്‍സിയിലേക്കോ മാറ്റാം. വിവിധ എക്സ്ചേഞ്ച് പ്ലാറ്റ്ഫോമുകള്‍ ഉപയോഗിച്ച് ക്രിപ്റ്റോകറന്‍സികള്‍ വാങ്ങാം. വാസിര്‍ എക്സ്, സെബ്പേ, കോയിന്‍സ്വിച്ച് കുബെര്‍, കോയിന്‍ഡിസിഎക്സ് ജിഒ എന്നിവയാണ് പ്രശസ്തമായ ഇന്ത്യന്‍ പ്ലാറ്റ്ഫോമുകള്‍. കോയിന്‍ബേസ്, ബിനാന്‍സ് തുടങ്ങിയ അന്താരാഷ്ട്ര വ്യാപാര പ്ലാറ്റ്ഫോമുകളിലൂടെ നിക്ഷേപകര്‍ക്ക് ബിറ്റ്കോയിന്‍, ഡോജ്കോയിന്‍, എതെറിയം, മറ്റ് ക്രിപ്റ്റോകറന്‍സികള്‍ എന്നിവയും വാങ്ങാം.

മറ്റേതൊരു നിക്ഷേപത്തെയും പോലെ ക്രിപ്റ്റോയും ദീര്‍ഘകാല നിക്ഷേപത്തിന് ഉപയോഗിക്കാം. പക്ഷേ വിപണി മറ്റേതൊരു ധനകാര്യ വിപണിയെക്കാളും പുതിയതും കൂടുതല്‍ അസ്ഥിരവുമാണ്. അതിനാല്‍, ക്ഷമയോടെയിരിക്കുക, നിക്ഷേപിക്കുന്നതിന് മുമ്പ് നന്നായി പഠിക്കുക എന്നാണ് വിദഗ്ധര്‍ പറയുന്നത്. ഡോ റുജയെപ്പോലെയുള്ളവരുടെ വാചകമടിയിലല്ല കാര്യം.

ക്രിപ്‌റ്റോകറന്‍സികളുമായി ബന്ധപ്പെട്ട ഏറ്റവും വലിയ വെല്ലുവിളി അവ ഇപ്പോഴും സര്‍ക്കാരിന്റെ നിയന്ത്രണങ്ങള്‍ക്ക് പുറത്താണ് എന്നതാണ്. ആര്‍ക്കും ഒരു എക്സ്ചേഞ്ച് പ്ലാറ്റ്ഫോമോ നാണയമോ സൃഷ്ടിച്ച് വില്‍ക്കാം. ആ ആനുകുല്യമാണ് റുജ ഇഗ്നാറ്റോവ മുതലെടുത്തത്. ഒരു ക്രിപ്‌റ്റോയുടെ ചരിത്രം പരിശോധിച്ചതിന് ശേഷം മാത്രമേ നിക്ഷേപം നടത്താവൂ, അതും വിശ്വസനീയമായ ഒരു പ്ലാറ്റ്ഫോം വഴി മാത്രം. അതല്ലാതെ തോന്നിയ മേഖലയില്‍പോയി കളിച്ചാല്‍ കൈപൊള്ളുമെന്ന് ഉറപ്പ്.

വാല്‍ക്കഷ്ണം: ഇത്തരത്തിലുള്ള എന്ത് തട്ടിപ്പിലും കാശുപോകുന്നവരാണ് ഇന്ത്യാക്കാര്‍. പ്രബുദ്ധനെന്ന് പറയുന്ന മലയാളി, വെള്ളിമൂങ്ങ തൊട്ട് നക്ഷത്ര ആമവരെയുള്ള സകല തട്ടിപ്പിലും വീഴും. എന്തോ ഭാഗ്യം കൊണ്ടാവണം വണ്‍ കോയിന്‍ തട്ടിപ്പില്‍ ഇന്ത്യക്കാര്‍ ഇതില്‍ വന്‍ തോതില്‍ പെട്ടിട്ടില്ല. ഡോ റുജ ഇഗ്നാറ്റോവയുടെ തട്ടിപ്പില്‍ മലയാളികള്‍ക്ക് ലക്ഷങ്ങള്‍ നഷ്ടമായി എന്ന് ഇതുവരെ വാര്‍ത്ത വന്നിട്ടില്ല.