ലണ്ടന്‍: വന്‍ വിജയത്തിലൂടെ നമ്പര്‍ 10 ല്‍ എത്തിയ പ്രധാനമന്ത്രി സര്‍ കീര്‍ സ്റ്റാര്‍മര്‍ തന്റെ 22 അംഗ മന്ത്രിസഭ പ്രഖ്യാപിച്ചു. ഇതില്‍ 11 വനിതകളും ഉള്‍പ്പെടും. മികച്ച സ്ത്രീ പ്രാതിനിധ്യം ഉറപ്പാക്കിയ മന്ത്രിസഭയില്‍ പല സുപ്രധാന വകുപ്പുകളും സ്ത്രീകള്‍ക്ക് നല്‍കിയിട്ടുണ്ട്. ആഞ്ജല റെയ്നര്‍ ആണ് ഉപ പ്രധാനമന്ത്രി. സാമ്പത്തിക കാര്യം (ചാന്‍സലര്‍) റേച്ചല്‍ റീവ്‌സ് എന്ന വനിതാ നേതാവിന് ലഭിച്ചപ്പോള്‍ വിദേശകാര്യം ലഭിച്ചത് ന്യൂനപക്ഷ കുടിയേറ്റ വിഭാഗത്തില്‍ ഉള്‍പ്പെടുന്ന ഡേവിഡ് ലാമിക്കാണ്.

മറ്റൊരു സുപ്രധാന വകുപ്പായ ആഭ്യന്തരം ലഭിച്ചത് പര്‍ട്ടിയിലെ ഉന്നത നേതാക്കളില്‍ ഒരാളായ യുവെറ്റ് കൂപ്പര്‍ക്കാണ്. 1997-ലെ തെരഞ്ഞെടുപ്പില്‍ യോര്‍ക്ക്ഷയറിലെ പോണ്ട്ഗ്രാക്റ്റ് ആന്‍ഡ് കാസില്‍ഫോര്‍ഡ് നിയോജകമണ്ഡലത്തില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട ഇവര്‍ ട്രഷറിയുടെ ആദ്യ വനിതാ ചീഫ് സെക്രട്ടറിയായി കൂടി ചുമതല വഹിച്ചിട്ടുണ്ട്. പിന്നീട് ലേബര്‍ സര്‍ക്കാരില്‍ പെന്‍ഷന്‍സ് സെക്രട്ടറിയായും ചുമതല വഹിച്ചിട്ടുണ്ട്. 2010 ലെ തെരഞ്ഞെടുപ്പിന് ശേഷം ഇവര്‍ ഷാഡോ ഹോം സെക്രട്ടറിയായി പ്രവര്‍ത്തിച്ചു വരികയായിരുന്നു.

നീതിന്യായ വകുപ്പ് ലഭിച്ച ഷബാന മെഹ്‌മൂദ് ആണ് മന്ത്രിസഭയിലെ രണ്ടാമത്തെ വനിത. 2010 ലെ തെരഞ്ഞെടുപ്പില്‍, യാസ്മിന്‍ ഖുറൈഷി, റുഹ്‌സാന അലി എന്നിവര്‍ക്കൊപ്പം ഇവരും ബ്രിട്ടീഷ് പാര്‍ലമെന്റിലെക്ക് തെരഞ്ഞെടുക്കപ്പെട്ടു. എന്നാല്‍, അന്ന് ആദ്യമായി ഫലം പ്രഖ്യാപിച്ചത് ഷബാന മെഹ്‌മൂദിന്റെതായിരുന്നതിനാല്‍ ബ്രിട്ടീഷ് പാര്‍ലമെന്റിലെ ആദ്യ മുസ്ലീം വനിത എം പി എന്ന സ്ഥാനവും ഇവര്‍ക്ക് ലഭിച്ചിരുന്നു. ഗയാന വംശജനായ പുതിയ വിദേശകാര്യ സെക്രട്ടറിക്കൊപ്പം ഷബാനയും ന്യൂനപക്ഷ കുടിയേറ്റ വിഭാഗങ്ങളില്‍ ഉള്‍പ്പെടുന്ന വ്യക്തിയാണ്.

മറ്റ് സുപ്രധാന വകുപ്പുകളായ വിദ്യാഭ്യാസം (ബ്രിജറ്റ് ഫിലിപ്സണ്‍), വര്‍ക്ക്‌സ് ആന്‍ഡ് പെന്‍ഷന്‍സ് (ലിസ് കെന്‍ഡല്‍), ഗതാഗതം (ലൂസി ഹെയ്ഗ്), സംസ്‌കാരം (ലിസ നാന്‍ഡി), എന്നിവയും വനിതകള്‍ക്ക് തന്നെയാണ് നല്‍കിയിരിക്കുന്നത്. അതിനു പുറമെ ജന പ്രതിനിധി സഭയിലെയും പ്രഭു സഭയിലെയും പാര്‍ട്ടി നേതാക്കളും ഇത്തവണ വനിതകളാണ്. ലൂസി പോവെല്‍ ജനപ്രതിനിധി സഭയില്‍ പാര്‍ട്ടിയെ നയിക്കുമ്പോള്‍ ബരോണസ് സ്മിത്ത് ഓഫ് ബാസില്‍ഡണ്‍ പ്രഭു സഭയില്‍ ലേബര്‍ പാര്‍ട്ടിയെ നയിക്കും