- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആപ്പിളിനെയും എച്ച്പിയെയും തോൽപ്പിക്കാൻ ഇറക്കിയ കോക്കോണിക്സ് തകർന്നടിഞ്ഞു; തള്ളിമറിച്ച കെ ഫോണും പാതിവഴിയിൽ; വികസനത്തിന്റെ ലാസ്റ്റ് ബസ്സായ വിഴിഞ്ഞം തുറമുഖവും 'കട്ടപ്പുറത്ത്'; ശബരിമല വിമാനത്താവളവും ഒന്നുമായില്ല; കെ റെയിലിൽ പിണറായി പിടിവാശി തുടരുമ്പോൾ അറിയണം അന്ത്യശ്വാസം വലിക്കുന്ന ചില 'സ്വപ്ന പദ്ധതി'കളുടെ കഥ
തിരുവനന്തപുരം: കെ റെയിലിൽ എതിർപ്പുകൾ തുടരുമ്പോഴും അതിനെയെല്ലാം അവഗണിച്ച് പദ്ധതിയുമായി പിണറായി വിജയൻ സർക്കാർ മുന്നോട്ടുപോകുകയാണ്. എന്തുവന്നാലും 2025 ൽ കെ റെയിൽ ഓടിതുടങ്ങുമെന്ന് അധികൃതർ ഉറപ്പിച്ചു പറയുമ്പോൾ, സർക്കാരിന്റെ സ്വപ്നപദ്ധതികളായി മുമ്പ് അവതരിപ്പിച്ച പദ്ധതികളെല്ലാം ഇപ്പോഴും പാതി വഴിയിൽ. കേരള വികസനത്തിന്റെ അവസാന ബസായി പ്രഖ്യാപിച്ച് ഉമ്മൻ ചാണ്ടി സർക്കാർ കൊണ്ടുവന്ന വിഴിഞ്ഞം പദ്ധതിയുടെ ആദ്യഘട്ട ഉത്ഘാടനം പല ഡെഡ്ലൈനുകളും മാറ്റിവച്ച് ഇഴഞ്ഞു നീങ്ങുകയാണ്. കരാർ പ്രകാരം ആദ്യഘട്ടം പൂർത്തിയാക്കുമെന്ന് പ്രഖ്യാപിച്ചിരുന്ന 2019 ൽ ആദ്യഘട്ടത്തിന്റെ പകുതി പണികൾ പോലും പൂർത്തിയായില്ല. 2021 ആയിട്ടും പദ്ധതി ഒച്ചിഴയുന്ന വേഗത്തിൽ തന്നെ.
നാളെ... നാളെ... വിഴിഞ്ഞം
ആദ്യം 2012ൽ പദ്ധതി പൂർത്തിയാക്കാനാണ് ഉദ്ദേശിച്ചിരുന്നത്. പ്രതിരോധ മന്ത്രാലയത്തിന്റെ അനുമതി ലഭിച്ചെങ്കിലും ഏറെക്കാലം പിന്നെ അതേപ്പറ്റി ഒന്നും കേട്ടില്ല. പിന്നീട് മൂന്ന് വർഷങ്ങൾ കഴിഞ്ഞ് 2015ലാണ് ഏറെ വിവാദങ്ങൾക്കൊടുവിൽ അദാനിയുമായി സംസ്ഥാന സർക്കാർ തുറമുഖ നിർമ്മാണത്തിന് കരാർ ഒപ്പിടുന്നത്. ആയിരം ദിനങ്ങൾ കൊണ്ട് ഒന്നാം ഘട്ടം പൂർത്തിയാകുമെന്നായിരുന്നു അദാനി ഗ്രൂപ്പ് അറിയിച്ചിരുന്നത്. അതുപ്രകാരം 2019ൽ നിർമ്മാണം പൂർത്തിയാകേണ്ടതായിരുന്നു. എന്നാൽ ഇപ്പോഴും പദ്ധതി ഇഴഞ്ഞുതന്നെ നീങ്ങുന്നു.
തുറമുഖ നിർമ്മാണത്തിന് വേണ്ട പുലിമുട്ടുകൾ സ്ഥാപിക്കൽ പോലും ഇതുവരെ പൂർത്തിയായിട്ടില്ല. ആകെ വേണ്ട 3100 മീറ്റർ നീളത്തിൽ പുലിമുട്ട് സ്ഥാപിക്കേണ്ടതിൽ അഞ്ചുവർഷം കൊണ്ട് 850 മീറ്റർ നീളത്തിൽ മാത്രമെ പൂർത്തിയാക്കാൻ സാധിച്ചുള്ളു.
ഓഖി, രണ്ട് പ്രളയം, കോവിഡ്, അതിനിടെ ടൗട്ടെ ചുഴലിക്കാറ്റ് എന്നിവയെല്ലാം കാരണം നിർമ്മാണ പ്രവർത്തനങ്ങൾ വൈകുന്നതായാണ് അദാനി ഗ്രൂപ്പ് വാദിക്കുന്നത്. ഓഖി, ടൗട്ടെ ചുഴലിക്കാറ്റുകളെ തുടർന്ന് സ്ഥാപിച്ച പുലിമുട്ടുകളിൽ നല്ലൊരു ശതമാനം ഒഴുകിപ്പോയി. ശക്തമായ തിരമാലയും നിർമ്മാണത്തിനെത്തിച്ച കൂറ്റൻ ടഗ്ഗുകൾ കടലിൽ മറിഞ്ഞതുമൊക്കെ തുറമുഖ നിർമ്മാണത്തെ തടസ്സപ്പെടുത്തി.
കോവിഡും പ്രളയവും ഒക്കെ വന്നതുമൂലം നിർമ്മാണ പ്രവർത്തനങ്ങൾ വീണ്ടും സാവധാനമായി. അതിനിടെ പുലിമുട്ട് നിർമ്മാണത്തിനാവശ്യമായ കല്ലുകൾ ലഭ്യമാകാതെ വന്നതും പ്രദേശവാസികളുടെ സമരങ്ങളും ഒക്കെ നിർമ്മാണ പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തിയതായി അദാനി ഗ്രൂപ്പ് പറയുന്നു. ഇനി 2023ൽ മാത്രമെ ആദ്യഘട്ടം പൂർത്തിയാക്കാനാകൂ എന്നാണ് അവർ പറയുന്നത്.
കേരളത്തിൽ കല്ലുകളുടെ ക്ഷാമം നേരിട്ടതോടെ തമിഴ്‌നാട്ടിൽ നിന്ന് കല്ലുകൾ കൊണ്ടുവരാൻ സർക്കാർ ശ്രമിച്ചു. എന്നാൽ ഇതിലും ഇടയ്ക്ക് തടസ്സം നേരിട്ടു. പ്രതിദിനം 15000 മെട്രിക് ടൺ പാറയാണ് പുലിമുട്ട് നിർമ്മാണത്തിനായി വേണ്ടി വരിക.
ചുഴലിക്കാറ്റുകളും കടൽക്ഷോഭവുമൊക്കെ തുറമുഖ നിർമ്മാണത്തെ പ്രതികൂലമായി ബാധിച്ചെന്നു പറയുന്നത് പൂർണമായും ശരിയല്ല. നിർമ്മാണത്തിലിരുന്ന പുലിമുട്ടിന്റെ കുറെഭാഗം കടൽക്ഷോഭത്തിൽ ഒഴുകിപ്പോയത് ശരിയാണ്. എന്നാൽ നിർമ്മാണം അപ്പാടെ നിലയ്ക്കാൻ കാരണം പ്രതികൂല കാലാവസ്ഥയാണെന്നു പറയുന്നത് യാഥാർഥ്യങ്ങളെ അവഗണിക്കുന്നതിന് തുല്യമാണ്. നിർമ്മാണ പ്രവർത്തനങ്ങൾക്ക് സർക്കാർ മേൽനോട്ടമില്ലാതെ പോയത് ഒരു കാരണമായി പറയാം. അതിനൊപ്പം നിർമ്മാണ കമ്പനിയുടെ മെല്ലെപ്പോക്കു കൂടിയായപ്പോൾ വിഴിഞ്ഞം സ്വപ്നങ്ങൾക്ക് 'ആമവേഗ'മായി.
തകർന്നടിഞ്ഞ കോക്കോണിക്സ് സ്വപ്നം
ഒന്നാം പിണറായി സർക്കാരിന്റെ സ്വപ്ന പദ്ധതികളിലൊന്നായിരുന്നു കോക്കോണിക്സ് ലാപ്പ്ടോപ്പുകൾ. എന്നാൽ കൊട്ടിഘോഷിച്ച് പുറത്തിറക്കിയ കോക്കോണിക്സ് എല്ലാ സ്വപ്നങ്ങളേയും തകർത്ത് ഒന്നാന്തരമായി ചീറ്റിപോകുന്ന കാഴ്‌ച്ചയാണ് കേരളം കണ്ടത്. കെഎസ്എഫ്ഇയും കുടുംബശ്രീയും സംയുക്തപദ്ധതിയിലൂടെ തവണവ്യവസ്ഥയിൽ ലഭ്യമാക്കിയ കോക്കോണിക്സ് ലാപ്ടോപ്പിനെതിരെ വ്യാപക പരാതികളാണ് ഉയർന്നുവന്നത്.
ലാപ്‌ടോപ്പ് ഉപയോഗിക്കാനാകുന്നില്ല എന്നാണ് എല്ലാ വിദ്യാർത്ഥികളും ഒരുപോലെ ഉന്നയിച്ച പരാതി. ചിലർക്ക് സോഫ്റ്റ് വെയർ പ്രശ്നം, ചിലർക്ക് ഹാർഡ് വെയർ പ്രശ്നം, ചിലർക്കാകട്ടെ ലാപ്പ് ഓൺ പോലുമാകാത്ത അവസ്ഥയായിരുന്നു. വ്യാപകമായ പരാതികളെ തുടർന്ന് വിദ്യാകിരണം പദ്ധതിയിൽ നിന്നുകൂടി കോക്കോണിക്സിനെ ഒഴിവാക്കിയതോടെ കോക്കോണിക്സിന്റെ പതനം പൂർത്തിയായി.
സംസ്ഥാന സർക്കാർ വിഭാവനം ചെയ്ത ഈ പദ്ധതി പൊതുസ്വകാര്യ പങ്കാളിത്തത്തോടെ നിർമ്മിക്കപ്പെടുന്ന ഇന്ത്യയിലെ ആദ്യത്തെ ലാപ്‌ടോപ്പുകൾ ആയിരുന്നു. പക്ഷെ തുടക്കത്തിൽ തന്നെ നിരവധി വിദ്യാർത്ഥികൾ ലാപ്‌ടോപ് പ്രവർത്തനത്തിൽ അപാകതകൾ തുടർച്ചയായി ചൂണ്ടിക്കാണിക്കുകയുണ്ടായി. മൂന്നു തവണ വരെ ലാപ്‌ടോപ്പുകൾ തകരാറിനെ തുടർന്ന് മാറ്റേണ്ട അവസ്ഥകൾ പലർക്കുമുണ്ടായി. ലാപ്‌ടോപ് ഉപയോഗശൂന്യമാണെങ്കിലും വിദ്യശ്രീ പദ്ധതിയിൽ നിന്ന് പിന്മാറുന്നതിന് മാസം 500 രൂപ വരെ വായ്പാതുക മുടങ്ങാതെ അടക്കാനുമുള്ള നിർദ്ദേശമുള്ളത് ഒട്ടേറെ പ്രതിഷേധങ്ങൾക്കും വഴി വച്ചിരുന്നു.
കെ ഫോൺ ഇനിയെന്ന്?
രണ്ടാം പിണറായി സർക്കാരിന്റെ പ്രചരണങ്ങളിൽ മുഴങ്ങിക്കേട്ട പദ്ധതിയാണ് കെ ഫോൺ. ആദ്യഘട്ടം ഉത്ഘാടനം കഴിഞ്ഞെങ്കിലും കൊട്ടിഘോഷിച്ച് കൊണ്ടുവന്ന കെ ഫോണിന്റെ സേവനം ഒരു സ്ഥാപനത്തിന് പോലും ഇതുവരെ ലഭിച്ചിട്ടില്ല. കോവിഡിനു പുറമേ കേബിൾ ഇടുന്നതിലെ മാർഗതടസ്സങ്ങളും വെല്ലുവിളിയായതോടെയാണ് കെ ഫോൺ പദ്ധതി ഇഴച്ചിലിലായത്. കേരളത്തിന്റെ മുക്കിലും മൂലയിലും അതിവേഗ ഇന്റർനെറ്റ് എത്തിക്കാൻ സർക്കാർ സ്ഥാപിക്കുന്ന അതിവിപുലമായ ഫൈബർ ശൃംഖലയാണിത്. ഓഗസ്റ്റിൽ പദ്ധതി പൂർത്തിയാക്കണമെന്നായിരുന്നു ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡ് (ബെൽ) നേതൃത്വം നൽകുന്ന കൺസോർഷ്യവുമായി സർക്കാർ കരാർ വച്ചിരിന്നത്. അതിന്റെ അടിസ്ഥാനത്തിൽ ആദ്യഘട്ട ഉത്ഘാടനം നടത്തിയെങ്കിലും ശരിക്കും പദ്ധതി പൂർത്തീകരണം ഒരിടത്തുമെത്തിയിട്ടില്ലെന്നാണ് ആക്ഷേപം.
ഡിസംബറിലെങ്കിലും പദ്ധതി പൂർത്തിയാക്കണമെന്നായിരുന്നു ചീഫ് സെക്രട്ടറി കൺസോർഷ്യത്തിനു കഴിഞ്ഞ മെയ്യിൽ നിർദ്ദേശം നൽകിയിരുന്നത്. എന്നാൽ ഇന്നത്തെ ആവസ്ഥയിൽ അത് സാധ്യമല്ലെന്നാണ് വിലയിരുത്തൽ.
കോവിഡ്, ലോക്ഡൗൺ തുടങ്ങിയവയ്ക്കു പിന്നാലെ കീറാമുട്ടിയായത് കേബിൾ ഇടുന്നതിനുള്ള റൈറ്റ് ഓഫ് വേ പ്രശ്നങ്ങളാണ്. റെയിൽവേ ലൈനുകളിൽ ക്രോസ് ചെയ്തുള്ള കേബിളിങ് ഉൾപ്പെടെ കാര്യങ്ങളിൽ അനുമതി ലഭിക്കാത്തതു പലയിടത്തും തടസ്സമായി. കേരളത്തിൽ ഏകദേശം 1,500 ഇടങ്ങളിൽ റൈറ്റ് ഓഫ് വേ പ്രശ്നങ്ങളുണ്ടെന്നാണു കണക്ക്. റെയിൽവേക്കു പുറമേ വനം വകുപ്പ്, നാഷനൽ ഹൈവേ, മരാമത്ത് തുടങ്ങി ഒട്ടേറെ വകുപ്പുകളുമായുള്ള ഏകോപനത്തിലും താമസമുണ്ടായി.
കെഎസ്ഇബി വൈദ്യുതി പോസ്റ്റുകളിലൂടെ എഡിഎസ്എസ് കേബിളും (ഓൾ ഡൈഇലക്ട്രിക് സെൽഫ് സപ്പോർട്ടിങ് കേബിൾ) കെഎസ്ഇബിയുടെ ട്രാൻസ്മിഷൻ ടവറുകളിലെ പ്രധാന ലൈനുകളിൽ ഒപിജിഡബ്ല്യു (ഒപ്റ്റിക്കൽ ഗ്രൗണ്ട് വയർ) കേബിളുമാണ് ഉപയോഗിക്കുന്നത്. പിണറായി സർക്കാരിന്റെ ഈ സ്വപ്നപദ്ധതിയുടെ ഗുണഫലം എന്നുമുതൽ ജനങ്ങൾ ലഭിക്കുമെന്നതിൽ സംസ്ഥാന സർക്കാരിനും ഒരുറപ്പുമില്ല.
ടേക്ക് ഓഫില്ലാതെ ശബരിമല വിമാനത്താവളം
ഒന്നാം പിണറായി സർക്കാരിന്റെ മറ്റൊരു സ്വപ്നപദ്ധതിയായിരുന്നു ശബരിമല വിമാനത്താവളം. എന്നാൽ വിമാനത്താവളത്തിനായി തെരെഞ്ഞെടുത്ത ചെറുവള്ളി എസ്റ്റേറ്റിനെ സംബന്ധിച്ചുള്ള വിവാദങ്ങളും ഡിജിസിഎയുടെ എതിർപ്പും ശബരി എയർപോർട്ടിന്റെ ഭാവി അനിശ്ചിതത്വത്തിലാക്കുന്നു. സംസ്ഥാന സർക്കാർ പാട്ടത്തിന് നൽകിയ ഭൂമി ഹാരിസൺ ബിലീവേഴ്‌സ് ചർച്ചിന് കൈമാറിയതിന്റെ നിയമ സാധുത കോടതികളിൽ ചോദ്യം ചെയ്യപ്പെട്ടു. ഈ കൈമാറ്റം അന്വേഷിക്കാൻ നിയമിച്ച ഐഎഎസ് ഉദ്യോഗസ്ഥൻ രാജമാണികം കൈമാറ്റത്തിന് എതിരായ റിപ്പോർട്ടും നൽകി. എന്നാൽ കേരള സർക്കാർ ചെറുവള്ളി എസ്റ്റേറ്റിൽ വിമാനത്താവളം നിർമ്മിക്കാനുള്ള പ്രാഥമിക അനുമതി നൽകി.മുഖ്യമന്ത്രി പിണറായി വിജയൻ ഏറെ താത്പര്യമാണ് ഇതിൽ പ്രകടിപ്പിച്ചിട്ടുള്ളത്. എന്നാൽ ഇപ്പോൾ ഇതും സാങ്കേതികമായ തടസങ്ങളാൽ ചുവപ്പ് നാടയിൽ കുരുങ്ങുന്നു.വിമാനത്താവളത്തിന്റെ സാധ്യതാപഠനം നടത്താൻ നിയോഗിക്കപ്പെട്ട യുഎസ് കമ്പനി ലൂയി ബഗ്ര് നൽകിയ റിപ്പോർട്ട് സമഗ്രമല്ലെന്ന് സംസ്ഥാന സർക്കാർ തുടക്കത്തിലേ പറഞ്ഞിരുന്നെങ്കിലും ഇതിലെ പാകപ്പിഴകൾ പരിഹരിക്കാൻ കാര്യമായ ശ്രമങ്ങളൊന്നും ഇവരുടെ ഭാഗത്തുനിന്നുണ്ടായില്ല. ഇതോടെ കേന്ദ്ര വ്യോമയാന ഡയറക്ടറേറ്റ് ജനറൽ റിപ്പോർട്ട് തള്ളുകയും ചെയ്തു.
സാങ്കേതിക-സാമ്പത്തിക പഠനം , പാരിസ്ഥിതിക ആഘാത പഠനം, കേന്ദ്ര സർക്കാരിലെ വിവിധ വകുപ്പുകളുടെ അനുമതി നേടിയെടുക്കൽ എന്നിവയ്ക്കായി 2017ലാണു ലൂയി ബഗ്റിനു കരാർ നൽകിയത്. അന്ന് 4.6 കോടിആയിരുന്നു കരാർ തുക. നാലു മാസത്തിനുള്ളിൽ റിപ്പോർട്ട് നൽകണമെന്നാണ് സർക്കാർ നിർദ്ദേശിച്ചിരുന്നതെങ്കിലും ഏകദേശം ഒരു വർഷത്തിന് ശേഷം 2018 നവംബറിലാണ് റിപ്പോർട്ട് സംസ്ഥാന സർക്കാരിന് സമർപ്പിച്ചത്.നിരവധി കുരുക്കുകളൂം നിയമപ്രശ്നങ്ങളും മൂലം വിമാനത്താവളം നിർമ്മിക്കാനുദ്ദേശിച്ച ചെറുവള്ളി എസ്റ്റേറ്റിൽ ഇവർ പരിശോധനക്കായി വന്നതുമില്ല. റിപ്പോർട്ട് ലഭിച്ച് 15 മാസത്തിന് ശേഷം 2020 ഫെബ്രുവരിയിലാണു മുഖ്യമന്ത്രി ഇതുമായി ബന്ധപ്പെട്ട ആദ്യ ഉന്നതതലയോഗം വിളിച്ചു ചേർത്തത്. അപ്പോഴേക്കും റിപ്പോർട്ടിന്റെ പ്രസക്തിയും നഷ്ട്ടപ്പെട്ടിരുന്നു. നിരവധി ആരോപണങ്ങൾ അന്ന് ഉയർന്നെങ്കിലും മാറ്റങ്ങൾ ഒന്നും വരുത്താതെ ഇത് കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന് കൈമാറി. എന്നാൽ വൈകാതെ ഇതും മടങ്ങി.
നിലവിൽ ബിലീവേഴ്‌സ് ചർച്ചിന്റെ ഉടമസ്ഥതയിലുള്ള ചെറുവള്ളി എസ്റ്റേറ്റ് സംബന്ധിച്ച് നിരവധി കേസുകൾ നിലവിലുണ്ട്.പാലാ കോടതിയുടെ സ്റ്റേ ആണ് ഇതിൽ പ്രധാനം.വസ്തുവിന്റെ ഉടമസ്ഥാവകാശം തെളിയിക്കാനായുള്ള ശ്രമവും പല ഘട്ടങ്ങളിലായി പരാജയപ്പെടുകയും ചെയ്തു.കേന്ദ്രം ഭരിക്കുന്ന ബിജെപി ചെറുവള്ളി എസ്റ്റേറ്റിൽ വിമാനത്താവളം സ്ഥാപിക്കുന്നതിനെതിരെ പരസ്യമായി രംഗത്ത് വരുകയും ചെയ്തു.കുമ്മനം രാജശേഖരൻ സ്ഥലത്തെത്തി സമര പ്രഖ്യാപനവും നടത്തി.ഇതോടെ പ്രശ്നം കോടതികൾക്ക് പുറത്തും സജീവമായി.അടുത്ത കാലത്ത് ഈ പ്രദേശങ്ങളിൽ ഉണ്ടായ ഉരുൾ പൊട്ടലും മലവെള്ളപാച്ചിലും കനത്ത ആശങ്ക ഉണ്ടാക്കുകയും ചെയ്യുന്നു. കൂടുതൽ സമഗ്രമായ പാരിസ്ഥിതിക ആഘാത പഠനത്തിലേക്ക് ഇത് വിരൽ ചൂണ്ടുകയും ചെയ്യുന്നു.
ശബരിമല വിമാനത്താവളത്തിന്റെ സാധ്യതാപഠനം നടത്താൻ നിയോഗിക്കപ്പെട്ട യുഎസ് കമ്പനി ലൂയി ബഗ്ര് നൽകിയ റിപ്പോർട്ട് സമഗ്രമല്ലെന്ന് ആദ്യം വിലയിരുത്തിയത് സംസ്ഥാന സർക്കാർ തന്നെയാണ്. എന്നാൽ, റിപ്പോർട്ടിലെ പാകപ്പിഴകൾ പരിഹരിക്കാൻ കാര്യമായ ശ്രമങ്ങളൊന്നും സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടായില്ല. കേന്ദ്ര വ്യോമയാന ഡയറക്ടറേറ്റ് ജനറൽ (ഡിജിസിഎ) റിപ്പോർട്ട് തള്ളിക്കളയാൻ കാരണമായത് ഈ അലംഭാവമാണ്.
2017ലാണ് വിമാനത്താവളത്തിന്റെ സാധ്യതാപഠനത്തിനു ലൂയി ബഗ്റിനു കരാർ നൽകിയത്. സാങ്കേതിക-സാമ്പത്തിക സാധ്യതാപഠനം, പരിസ്ഥിതി ആഘാത പഠനം, കേന്ദ്ര സർക്കാരിലെ വിവിധ വകുപ്പുകളുടെ അനുമതി നേടിയെടുക്കൽ എന്നിവയ്ക്കായിരുന്നു 4.6 കോടിയുടെ കരാർ. നാലു മാസത്തിനുള്ളിൽ റിപ്പോർട്ട് നൽകണമെന്നാണു സർക്കാർ നിർദ്ദേശിച്ചിരുന്നതെങ്കിലും 2018 നവംബറിലാണു കമ്പനി റിപ്പോർട്ട് കൈമാറിയത്. നിയമപ്രശ്നം മൂലം വിമാനത്താവളം നിർമ്മിക്കാനുദ്ദേശിക്കുന്ന ചെറുവള്ളി എസ്റ്റേറ്റിൽ നേരിട്ടുള്ള വിശദ പരിശോധന പോലും നടത്തിയതുമില്ല. 38 പേജ് മാത്രമുള്ള റിപ്പോർട്ടിനു കേരള വ്യവസായ വികസന കോർപറേഷൻ (കെഎസ്ഐഡിസി) ഏതാണ്ട് ഒരു കോടിയോളം രൂപ നൽകി.
15 മാസത്തോളം സർക്കാർ തുടർനടപടികളൊന്നുമെടുത്തില്ല. 2020 ഫെബ്രുവരിയിലാണു മുഖ്യമന്ത്രി ഉന്നതതലയോഗം വിളിച്ചത്. റിപ്പോർട്ട് സമഗ്രമല്ലെന്നു യോഗത്തിൽ വിമർശനമുണ്ടായി. എന്നാൽ, തിരുത്തൽനടപടികൾ സ്വീകരിക്കുകയോ തുടർപഠനത്തിന്റെ കരാറുകൾ കമ്പനിയിൽനിന്നു മാറ്റുകയോ ചെയ്തില്ല. ഇതേ റിപ്പോർട്ട് തന്നെ കേന്ദ്ര വ്യോമയാന മന്ത്രാലയത്തിനു സമർപ്പിക്കുകയും ചെയ്തു. റിപ്പോർട്ട് വിശ്വസനീയമല്ലെന്ന ഡിജിസിഎയുടെ കടുത്ത വിമർശനത്തിന് ഇടയാക്കിയത് ഈ പിഴവാണ്. വലിയ ആവേശത്തോടെ വിമാനത്താവള പദ്ധതി ഉയർത്തികൊണ്ടുവന്ന സർക്കാരിനും ഇപ്പോൾ അധികം ആവേശമൊന്നുമില്ലാത്തതുപോലെയാണ്. ശരിക്കും പറഞ്ഞാൽ ശബരി വിമാനത്താവള പദ്ധതി ഏറെക്കുറെ അണഞ്ഞുകഴിഞ്ഞു.