ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭ തെരഞ്ഞെടുപ്പില്‍ തകര്‍ന്നടിഞ്ഞ ആംആദ്മി പാര്‍ട്ടിയെയും കോണ്‍ഗ്രസിനെയും രൂക്ഷമായി പരിഹസിച്ച് ജമ്മു കശ്മീര്‍ മുഖ്യമന്ത്രിയും നാഷനല്‍ കോണ്‍ഫ്രന്‍സ് നേതാവുമായ ഒമര്‍ അബ്ദുള്ള രംഗത്ത്. ഇന്‍ഡ്യ മുന്നണിയുടെ കെട്ടുറപ്പിലേക്കാണ് ആ പരിഹാസം ചെന്നു കൊള്ളുന്നത്. 'ഔര്‍ ലഡോ ആപാസ് മേം! (പരസ്പരം കുറച്ചുകൂടി പോരടിക്കൂ ) എന്നാണ് അദ്ദേഹം എക്‌സില്‍ കുറിച്ചത്. അതോടൊപ്പം ' പരസ്പരം കുറച്ച് കൂടി പോരാടുക, നിങ്ങളുടെ മനസ്സിന് തൃപ്തിയാകും വരെ പോരാടുക എന്നെഴുതിയ ജിഫ് ഇമേജും പങ്കുവെച്ചിട്ടുണ്ട്. നിന്നേയും കൊല്ലും ഞാനും ചാകും എന്ന കോണ്‍ഗ്രസ് സമീപനമാണ് ഡല്‍ഹിയില്‍ ബിജെപിയെ വീണ്ടും അധികാരത്തില്‍ എത്തിച്ചതെന്ന വിലയിരുത്തല്‍ ശക്തമാണ്.

46നും 47നും ഇടയില്‍ ശതമാനം വോട്ടാണ് ഡല്‍ഹിയില്‍ ബിജെപിക്ക് കിട്ടിയത്. ആംആദ്മിക്ക് 43 ശതമാനത്തിന് മുകളില്‍ വോട്ടുണ്ട്. കോണ്‍ഗ്രസിന് ആറര ശതമാനത്തില്‍ അധികം വോട്ടും. അതായത് ഈ രണ്ടു പേരും ഒരുമിച്ചു നിന്നിരുന്നുവെങ്കില്‍ ബിജെപിയെ തോല്‍പ്പിക്കാന്‍ കഴിയുമായിരുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഡല്‍ഹിയില്‍ ആംആദ്മിയും കോണ്‍ഗ്രസും സഖ്യത്തിലായിരുന്നു. എന്നാല്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ അമിത് ആത്മവിശ്വാസത്തിലേക്ക് രണ്ടു പാര്‍ട്ടിയും പോയി. എല്ലാ സീറ്റിലും പരസ്പരം മത്സരിച്ചു. ഇതോടെ ബിജെപി വിരുദ്ധ ന്യൂനപക്ഷ വോട്ടുകള്‍ അടക്കം ഭിന്നിച്ചു. അങ്ങനെ ആംആദ്മിയെ തകര്‍ത്ത് ബിജെപി അധികാരം പിടിച്ചു. അഞ്ചു കൊല്ലം മുമ്പ് ആം ആദ്മിയും കോണ്‍ഗ്രസും വേറിട്ട മത്സരമായിരുന്നു ഡല്‍ഹിയില്‍ നടത്തിയത്. എന്നാല്‍ അന്ന് ഡല്‍ഹിയിലെ മധ്യവര്‍ഗ്ഗം ആപ്പിനൊപ്പമായിരുന്നു. മദ്യ നയ അഴിമതി അടക്കം ചര്‍ച്ചയായതോടെ ഈ സ്ഥിതി മാറി. ജയിലില്‍ കിടന്ന ആംആദ്മി നേതാക്കളില്‍ നിന്നും ജനം അകന്നു. ബിജെപി വിരുദ്ധ ന്യൂനപക്ഷ വോട്ടുകളുടെ ഭിന്നിപ്പ് ആംആദ്മിയെ തോല്‍പ്പിക്കുകയും ചെയ്തു.

ഡല്‍ഹിയില്‍ 2015ലും 2020 ലും ഡല്‍ഹിയില്‍ മിന്നുന്ന വിജയം കാഴ്ചവെച്ച പാര്‍ട്ടിയാണ് സംഘപരിവാര്‍ രാഷ്ട്രീയത്തിന് മുന്നില്‍ അടിപതറിയിരിക്കുന്നത്. കോണ്‍ഗ്രസും ഇതില്‍ പ്രധാന പങ്കുവഹിച്ചിരിക്കുന്നു. കഴിഞ്ഞ രണ്ട് നിയമസഭാ തെരഞ്ഞെടുപ്പുകളിലും ഒരു സീറ്റിലും ജയിക്കാത്ത കോണ്‍ഗ്രസ് ഇക്കുറി എല്ലാ സീറ്റിലും സജീവമായി മത്സരിക്കുന്നത് ബിജെപിക്ക് ഗുണമാകുമെന്ന വിലയിരുത്തലുണ്ടായിരുന്നു. എഎപിയെയും അരവിന്ദ് കെജരിവാളിനെയും കടന്നാക്രമിച്ചാണ് രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ പ്രചാരണം നടത്തിയത്. ന്യൂനപക്ഷദളിത് വോട്ടുകളില്‍ ഭിന്നിപ്പ് സൃഷ്ടിക്കാനായിരുന്നു കോണ്‍ഗ്രസിന്റെ തീവ്രശ്രമം. അരവിന്ദ് കെജരിവാളിനെ തോല്‍പ്പിക്കാന്‍ ഡല്‍ഹിയില്‍ മോദിയേക്കാള്‍ രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രസുമായിരുന്നു മുന്നില്‍ നിന്നത് എന്നതാണ് പലരുടേതായി വന്ന വിലയിരുത്തല്‍. 2015 മുതല്‍ സംസ്ഥാനം ഭരിക്കുന്ന എഎപിയെ പലതരത്തിലും വീര്‍പ്പുമുട്ടിച്ചിരുന്ന കേന്ദ്ര ബിജെപി പലവിധ ഗൂഢരാഷ്ട്രീയ നീക്കങ്ങളും തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് നടത്തിയിരുന്നു. അതിനൊപ്പം കോണ്‍ഗ്രസും എഎപിക്കെതിരെ തിരിഞ്ഞതോടെ തെരഞ്ഞെടുപ്പ് ഫലം ബിജെപിക്കനുകൂലമായി മാറുകയായിരുന്നു

ഇത് തന്നെയാണ് ഒമര്‍ അബ്ദുള്ളയും ചര്‍ച്ചയാക്കുന്നത്. ദേശീയ തലത്തില്‍ ഇന്‍ഡ്യ സഖ്യത്തിന്റെ ഭാഗമായ എ.എ.പിയും കോണ്‍ഗ്രസും പരസ്പരം പോരടിച്ച് ഡല്‍ഹിയില്‍ ബി.ജെ.പിയെ വിജയിപ്പിച്ചതാണ് ഒമര്‍ അബ്ദുള്ള വിമര്‍ശിച്ചത്. ഇന്‍ഡ്യ സഖ്യത്തിന്റെ ഭാഗമായ നാഷനല്‍ കോണ്‍ഫറന്‍സിന്റെ മുതിര്‍ന്ന നേതാവായ ഒമര്‍ അബ്ദുള്ള ലോക്സഭ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ക്കിടയിലെ ഐക്യമില്ലായ്മയെ നേരത്തെയും പരസ്യമായി വിമര്‍ശിച്ചിരുന്നു. പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ മാത്രം സഖ്യമെന്ന രീതിയെ നേരത്തെയും ഒമര്‍ അബ്ദുള്ള വിമര്‍ശിച്ചിരുന്നു. കോണ്‍ഗ്രസിന് വേണ്ടപ്പോള്‍ മാത്രം ഇന്‍ഡ്യ സഖ്യമെന്ന വിലയിരുത്തലാണ് ഉയരുന്നത്. ഡല്‍ഹി നിയമസഭ തെരഞ്ഞെടുപ്പില്‍ ബിജെപി ജയം ആഘോഷിക്കുന്നതിനിടെ അരവിന്ദ് കെജ്രിവാളിനെ രൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് അല്‍ക ലാംബ. ഡല്‍ഹിയെ ചൂഷണം ചെയ്തതയാള്‍ തകര്‍ക്കപ്പെടുമെന്ന് അല്‍ക ലാംബ പറഞ്ഞു. കല്‍ക്കാജി മണ്ഡലത്തില്‍ ഡല്‍ഹി മുഖ്യമന്ത്രി അതിഷിക്കെതിരെയാണ് അല്‍ക ലാംബ മത്സരിക്കുന്നത്. അല്‍ക ലാംബ തോല്‍ക്കുകയും ചെയ്തു. ഇവിടെ ബിജെപിയാണ് മുന്നിലെത്തിയത്.

അതേസമയം, എ.എ.പിയെ ജയിപ്പിക്കേണ്ടത് തങ്ങളുടെ ഉത്തരവാദിത്തമല്ലെന്ന് കോണ്‍ഗ്രസ് വക്താവ് സുപ്രിയ ശ്രീനാതെ പറഞ്ഞിരുന്നു. ഫലഭൂയിഷ്ഠമായ രാഷ്ട്രീയ കോട്ടകള്‍ ഞങ്ങള്‍ അന്വേഷിക്കുകയും അവ കീഴടക്കാന്‍ ശ്രമിക്കുകയും ചെയ്യും. 15 വര്‍ഷമായി കോണ്‍ഗ്രസ് അധികാരത്തിലിരുന്ന സ്ഥലമാണ് ഡല്‍ഹി. മികച്ച പ്രചാരണം നടത്തി ഡല്‍ഹിയില്‍ ശക്തമായി മത്സരിക്കുകയെന്ന കര്‍ത്തവ്യമാണ് തങ്ങള്‍ക്ക് നിര്‍വഹിച്ചതെന്ന് സുപ്രിയ പറയുന്നു. 31 സീറ്റുകള്‍ 2013 ല്‍ നേടിയ ബിജെപിക്ക് ഡല്‍ഹിയില്‍ അധികാരത്തിലെത്താനായിരുന്നില്ല. കേവല ഭൂരിപക്ഷത്തിന് നാല് സീറ്റ് മാത്രം അകലയായിരുന്നെങ്കിലും കോണ്‍ഗ്രസ് പിന്തുണയോടെ 28 സീറ്റ് നേടിയ ആപ്പ് കോണ്‍ഗ്രസിന്റെ എട്ട് സീറ്റും ചേര്‍ത്ത് അധികാരത്തില്‍ വരികയായിരുന്നു. ബിജെപിയെ പുറത്താക്കാനുള്ള രാഷ്ട്രീയ നീക്കമെന്നത് പ്രകീര്‍ത്തിക്കപ്പെട്ടു. 49 ദിവസം മാത്രം അധികാരത്തിലിരുന്ന ആംആദ്മി ലോക്പാല്‍ ബില്‍ അവതരിപ്പിച്ച് പാസാക്കാനാകാത്തതിനാല്‍ രാജിവെയ്ക്കുകയായിരുന്നു.

എന്നാല്‍, ആ രാജിവെയ്ക്കലിന്റെ പ്രതിഫലനം ചെറുതായിരുന്നില്ല. 2015 ലെ തെരഞ്ഞെടുപ്പില്‍ 70 ല്‍ 67 സീറ്റ് ആപ്പ് നേടി. ബിജെപി മൂന്ന് സീറ്റില്‍ ജയിച്ചു. കോണ്‍ഗ്രസ് ഒരു സീറ്റില്‍ പോലും വിജയിക്കാത്ത തെരഞ്ഞെടുപ്പായിരുന്നു അത്. 2020 ലും 70 ല്‍ 62 സീറ്റ് നേടി ആംആദ്മി തങ്ങളുടെ ജൈത്രയാത്ര തുടരുകയായിരുന്നു. ബിജെപി എന്നാല്‍ 2015 ലെ മൂന്ന് സീറ്റില്‍ നിന്നും എട്ടിലേക്കെത്തിയിരുന്നു .അപ്പോഴും കോണ്‍ഗ്രസ് പൂജ്യത്തില്‍ ഒതുങ്ങി. 2025 ലേക്കെത്തുമ്പോള്‍ ചരിത്രം മാറുകയാണ്. കോണ്‍ഗ്രസ് പൂജ്യത്തില്‍ തുടരുന്നു. പക്ഷേ ബിജെപിയുടെ താമര ഡല്‍ഹിയില്‍ വിരിയുകയും ചെയ്തു.