തൃശൂര്‍: സിറ്റി യൂണിയന്‍ ബാങ്ക്-പുതു തലമറുയിലെ ബാങ്കാണ് ഇത്. കേരളത്തില്‍ 'നോക്കുകൂലി'യുണ്ടെന്ന കുറ്റപ്പെടുത്തലുമായി രാജ്യസഭയില്‍ കടന്നാക്രമണം നടത്തിയ കേന്ദ്ര ധനമന്ത്രി നിര്‍മ്മലാ സീതാരമാനെ പോലുള്ളവര്‍ ശ്രീലക്ഷ്മിയും അമ്മയ്ക്കും പെട്ട ഈ ഗതികേട് മനസ്സിലാക്കണം. എല്ലാ വശങ്ങളും നോക്കി നടപടികള്‍ക്ക് തയ്യാറാകണം. സര്‍ഫാസി നിയമത്തിലെ ചതി തിരിച്ചറിയണം. എങ്കില്‍ മാത്രമേ കേരളത്തില്‍ സാധാരണക്കാരെ പുതുതലമുറ ബാങ്കുകള്‍ ചൂഷണത്തിന് വിധേയമാക്കാതിരിക്കൂ. മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്രസര്‍ക്കാരിനോട് സര്‍ഫാസിയിലെ നിയമ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടണം. ശ്രീലക്ഷ്മിയ്ക്ക് നീതിയൊരുക്കേണ്ടത് സര്‍ക്കാരുകളുടെ കൂടെ ഉത്തരവാദിത്തമാണ്. ഈ ബാങ്കിന്റെ കെണിയില്‍പെട്ട് യുവ സംരംഭകയും അമ്മയും കുടിയിറക്ക് ഭീഷണിയിലായിട്ടും സര്‍ക്കാരുകളൊന്നും അനങ്ങുന്നില്ല. മിണാലൂര്‍ സ്വദേശി ബിന്ദുവും മകള്‍ ശ്രീലക്ഷ്മിയുമാണ് ബാങ്കിന്റെ അന്യായ നടപടികള്‍ മൂലം ജപ്തി ഭീക്ഷണി നേരിടുന്നത് മുന്‍നിര മാധ്യമങ്ങള്‍ അടക്കം വാര്‍ത്തയായി. മാസങ്ങള്‍ക്ക് മുമ്പ് തന്നെ എല്ലാം എല്ലാവരും അറിഞ്ഞു. എന്നാല്‍ ബാങ്കിന്റെ പേരു പറയാനുള്ള ധൈര്യം മനോരമ പോലും കാട്ടിയില്ല. അങ്ങനെ വാര്‍ത്ത വന്നിട്ടും ബാങ്കിനൊരു കുലുക്കവുമില്ല. എന്തു വ്ന്നാല്‍ കുടുംബത്തെ പുറത്താക്കി വീട് നേടാനാണ് ബാങ്കിന്റെ നീക്കം. മൊറൊട്ടോറിയം നല്‍കിയതിനെത്തുടര്‍ന്ന് 2023 ഡിസംബറില്‍ കുടുംബം നല്‍കിയ പരാതിയില്‍ ബാങ്കിനെതിരെ ആര്‍ബിഐ ശ്രീലക്ഷമിക്ക് അനുകൂലമായ വിധി നല്‍കിയതിന്റെ പ്രതികാരമായാണ് ജപ്തിയെന്നാണ് കുടുംബം ആരോപിക്കുന്നത്. ശ്രീലക്ഷ്മിയുടെ പേരില്‍ ഹൗസിങ് ലോണായി 29.5 ലക്ഷം രൂപയും ഓവര്‍ ഡ്രാഫ്റ്റായി 10 ലക്ഷം രൂപയുമായി ബാങ്കില്‍ നിന്നും 2020ല്‍ ലോണായി എടുത്തിട്ടുണ്ടായിരുന്നു. മോറട്ടോറിയം കാലാവധിക്ക് ശേഷവും ബാങ്ക് അറിയിച്ച ഇഎംഐ തുക(33456 രൂപ) ഒറ്റ ഗഡു പോലും മുടക്കം കൂടാതെ 2024 സെപ്റ്റംബര്‍ 30 ന് ബാങ്കിനെതിരെ എറണാകുളം ഡിആര്‍ടി കോടതിയില്‍ കേസ് കൊടുക്കുന്നതുവരെ അടച്ചുതീര്‍ത്തതായി ശ്രീലക്ഷ്മി പറയുന്നു. എന്നിട്ടും ജപ്തി നടപടി. കോടതിക്ക് പോലും വില കൊടുക്കാത്ത നീക്കമാണ് ഇതെന്നാണ് വിലയിരുത്തല്‍.

ധനകാര്യ സ്ഥാപനങ്ങള്‍ക്ക് കൂടുതല്‍ അധികാരം നല്‍കുന്ന നിയമമാണ് സര്‍ഫാസി . വായ്പയുടെ തിരിച്ചടവ് മുടങ്ങിയാല്‍, പ്രസ്തുത അക്കൗണ്ട് നോണ്‍ പെര്‍ഫോമിങ് അസറ്റ് ആയി പ്രഖ്യാപിക്കാന്‍ ബാങ്കിന് സാധിക്കുന്നു. വായ്പ തിരിച്ചടക്കുന്നതില്‍ മൂന്നു ഗഡുക്കള്‍ തുടര്‍ച്ചയായി വീഴ്ചവരുത്തിയാല്‍ ഈടായി നല്‍കിയ വസ്തു ബാങ്കിന് നേരിട്ടു പിടിച്ചെടുക്കാനും വില്‍ക്കാനും നിയമം അധികാരം നല്‍കുന്നു. ഈട് വസ്തു പിടിച്ചെടുക്കാന്‍ കോടതി ഉത്തരവ് വേണ്ട. വായ്പാ വസ്തുവില്‍ നോട്ടീസ് പതിച്ച് ബാങ്കിന് ഏറ്റെടുക്കാം. കടമെടുത്തയാള്‍ 60 ദിവസത്തിനുള്ളില്‍ പൂര്‍ണമായും തിരിച്ചടവ് നടത്തണമെന്ന് നോട്ടീസ് അയയ്ക്കാനും ബാങ്കിന് കഴിയും. നിശ്ചിത സമയപരിധിയില്‍ കുടിശ്ശികസംഖ്യ പൂര്‍ണമായി തിരിച്ചടയ്ക്കാന്‍ സാധിച്ചില്ലെങ്കില്‍ ബാങ്കിന് ജപ്തി നടപടികള്‍ സ്വീകരിക്കാം. കടമെടുത്തയാളില്‍ നിന്ന് ജപ്തി മുഖാന്തരം സംഖ്യ ഈടാക്കാനായില്ലെങ്കില്‍, ജാമ്യക്കാരുടെ സ്ഥാവരജംഗമങ്ങള്‍ ജപ്തി ചെയ്യുന്നതിനും ബാങ്കിന് അധികാരമുണ്ടായിരിക്കും. ഒരു ലക്ഷത്തില്‍ താഴെയുള്ള, വസ്തു ഈട് നല്‍കാത്ത വായ്പക്കു മാത്രമാണ് നിയമം ബാധകമല്ലാത്തത്. തിരിച്ചടക്കേണ്ട തുക എടുത്ത വായ്പയുടെ ഇരുപതു ശതമാനത്തില്‍ താഴെയാണെങ്കിലും നിയമം ബാധകമാകില്ല. ഈ കൊടും നിയമമാണ് ഇവിടെ പ്രയോഗിക്കുന്നത്. ബാങ്കിനെതിരെ ശ്രീലക്ഷ്മി നല്‍കിയ കേസാണ് പ്രകോപനം. ഇതിന് ശേഷമുള്ള തിരിച്ചടവ് നല്‍കലില്‍ സര്‍ഫാസി നിയമം പ്രയോഗിക്കുന്നത് ക്രൂരതയാണെന്നും വാദമുയരുന്നുണ്ട്.

24 മെയ് 2024നാണ് ബാങ്ക് അയച്ച സര്‍ഫാസി 13(2) നോട്ടീസ് പരാതിക്കാർ കൈപ്പറ്റുന്നത്. ഒരു മുടക്കവും കൂടാതെ എല്ലാ മാസവും കൃത്യമായി ഇഎംഐ അടച്ചിട്ടായിരുന്നു ബാങ്കിന്റെ ഈ നടപടി. 24 ജൂലൈ 2024ന് 60 ദിവസ കാലാവധിക്കുള്ളില്‍ തന്നെ നിയമാനുസൃതമായി 13 (3A) പ്രകാരം ഒബ്‌ജെക്ഷന്‍ അയച്ചത് ബാങ്കും കൈപ്പറ്റിയിരുന്നു. സര്‍ഫാസി നിയമം 13(3എ) വ്യക്തമാക്കുന്നതിനനുസരിച്ച് ഒബ്‌ജെക്ഷന്‍ കൈപ്പറ്റി 15 ദിവസത്തിനുള്ളില്‍, ബാങ്കിന് അത് സ്വീകാര്യമാണോ അല്ലയോ എന്നത് ഉദ്യോഗസ്ഥർ വിലയിരുത്തി മറുപടി നല്‍കേണ്ടതാണ്. എന്നാല്‍ ബാങ്ക് ഈ കാലാവധിക്കുള്ളില്‍ മറുപടി നല്‍കിയില്ല. ഈ കാലാവധി കഴിഞ്ഞ് ഒരാഴ്ചയ്ക്ക് ശേഷം 16 ആഗസ്‌റ് 2024ന് ഓതറൈസ്ഡ് ഓഫീസര്‍, ബാങ്ക് മാനേജര്‍ മറ്റു രണ്ട് ബാങ്ക് ഉദ്യോഗസ്ഥരുമായി പരാതിക്കാരിയുടെ വീടിന്റെ ചുറ്റുമതിലില്‍ പൊസഷന്‍ നോട്ടീസ് പതിച്ചു. പരാതിക്കാരിയെ അറിയിക്കുക പോലും ചെയ്യാതെയായിരുന്നു ബാങ്കിന്റെ ഈ നടപടി. ഇതിനുശേഷം പരാതിക്കാരിയുമായി ബാങ്ക് ഉദ്യോഗസ്ഥര്‍ നടത്തിയ ചര്‍ച്ചയിൽ ബാങ്കിന്റെ ഭാഗത്തുനിന്ന് വീഴ്ചകള്‍ വന്നിട്ടുണ്ടെന്ന് ഓതറൈസ്ഡ് ഓഫീസര്‍ക്ക് ബോധ്യപ്പെട്ടത്തായും എത്രയും പെട്ടെന്ന് ബാങ്ക് ഇത് പരിഹരിക്കുവാനുള്ള കാര്യങ്ങള്‍ ചെയ്യുമെന്നും ഉറപ്പുനല്‍കി.

നാട്ടുകാരും പോസ്റ്റ് മാനും പറഞ്ഞാണ് മതിലില്‍ നോട്ടീസ് പതിച്ചത് കുടുംബം അറിയുന്നത്. 13 (3A) പ്രകാരം ഒബ്‌ജെക്ഷന് മറുപടി നല്‍കേണ്ടിയിരുന്ന തിയ്യതിയില്‍ നിന്നും 12 ദിവസം വൈകിയും, സര്‍ഫാസി നിയമം ശാസിക്കുന്ന തിയ്യതിക്കുള്ളില്‍ മറുപടി നല്‍കാത്തത് മൂലം പരാതിക്കാരി അയച്ച ഒബ്‌ജെക്ഷന്‍ ബാങ്ക് സ്വീകരിച്ചു എന്ന് തെറ്റിദ്ധരിപ്പിക്കുകയും, നിയമവിരുദ്ധമായി മതിലില്‍ നോട്ടീസ് പതിക്കുകയും, അതിനെ തുടര്‍ന്ന് 21 ആഗസ്റ്റ്‌ന് ഇംഗ്ലീഷ് മലയാളം ദിനപത്രങ്ങളില്‍ പൊസഷന്‍ നോട്ടീസ് പ്രസിദ്ധീകരിച്ചതും എല്ലാം. ഈ അവസ്ഥയിലും ഇ എം ഐ തുകയായ 33456 മുടക്കം കൂടാതെ ശ്രീലക്ഷ്മി ഇഎംഐ തിയ്യതിക്ക് തന്നെ അടച്ചുവന്നിട്ടുണ്ട്. ലോണ്‍ അടവുകള്‍ മുടങ്ങുകയും തിരിച്ചടവ് സാധ്യമല്ലാത്ത ഒരു അവസ്ഥയിലും ബാങ്ക് സ്വീകരിക്കേണ്ട് നടപടിയാണ് സര്‍ഫാസി. പക്ഷേ, ആര്‍ബിഐ യില്‍ നിന്നും പരാതിക്കാരിക്ക് അനുകൂലമായി വിധി ലഭിച്ചിട്ടും, ബാങ്കിന്റെ ഭാഗത്ത് നിന്നും സര്‍ഫാസിയും മറ്റു മോശപ്പെട്ട അനുഭവങ്ങള്‍ നേരിട്ടിട്ടും, ഇ എം ഐ തുക മുടക്കം കൂടാതെ അടച്ചുവന്ന ഈ കുടുംബത്തിനാണ് ഇത്തരത്തിലുള്ള ആഘാതമുണ്ടാക്കുന്നതും മാനാഭിമാനത്തെ വ്രണപ്പെടുത്തുന്നതുമായ ഈ ദുരവസ്ഥ. ബാങ്കിന്റെ വീഴ്ചകള്‍ എടുത്തുക്കാട്ടുന്ന എല്ലാവിധ തെളിവുകളും കൈവശമുണ്ടായിട്ടും, പണവും അധികാരവും ദുര്‍വിനിയോഗിച്ച് ബാങ്ക് ഇവരെ അടിച്ചമര്‍ത്തുകയാണ്, എന്നാല്‍ ഈ കുടുംബം സത്യത്തിനുവേണ്ടി ഇപ്പോഴും പോരാടുകയാണ്.

തൃശൂര്‍ തിരുവമ്പാടി ക്ഷേത്രത്തിന് മുന്നിലെ ചെറുകിട സംരംഭമാണ് കുടുംബത്തിന്റെ ഉപജീവനം. 2016 മുതല്‍ ശ്രീലക്ഷ്മിയാണ് സംരംഭത്തിന്റെ ചുമതകള്‍ ഏറ്റെടുത്ത് നടത്തുന്നത്. അച്ചാറുകള്‍, വിവിധ തരം കറി പൗഡറുകള്‍, മധുര പലഹാരങ്ങള്‍, തുടങ്ങിയ ഭക്ഷ്യ ഇനങ്ങള്‍ സ്വന്തമാക്കി തയ്യാറാക്കി വില്‍പ്പന ചെയ്യുന്ന അമൃത ലക്ഷ്മി ഫുഡ് വേള്‍ഡ് എന്ന സംരംഭമാണ് ഇത്. ബിസിനസ്സ് സാമൂഹ മാധ്യമങ്ങളുടെ സഹായത്തിലൂടെയും വലിയ ശ്രദ്ധ നേടിയിരുന്നു. സ്വന്തമായി വീട് വാങ്ങുന്നതിനും ബിസിനസ് നടത്തികൊണ്ട് പോകുന്നതിനും എടുത്ത കടമാണ് ശ്രീലക്ഷ്മിയുടെയും കുടുംബത്തിന്റെയും ജീവിതം വീണ്ടും വഴി മുടക്കുന്നത്. ലോണ്‍ തിരിച്ചടവ് മുടങ്ങി എന്ന കാരണം ചൂണ്ടിക്കാട്ടി മിണാലൂരില്‍ കുടുംബം താമസിച്ച് വരുന്ന 5 സെന്റ്‌റ് സ്ഥലവും ഇരുനില വീടും സര്‍ഫാസി നിയമം അനുസരിച്ച് ലേലം ചെയ്യാനാണ് ബാങ്ക് നടപടി സ്വീകരിച്ചിട്ടുള്ളത്. എന്നാല്‍ ലോണ്‍ ഇതുവരെ മുടങ്ങിയിട്ടില്ല എന്നതാണ് വാസ്തവം. 54,27,734 രൂപ അടച്ച് തീര്‍ക്കാനുണ്ട് എന്നാണു ബാങ്കിന്റെ അവകാശ വാദം. നാളിതുവരെ ഇഎംഐ അടച്ചതില്‍ ഒരു രൂപ പോലും മുതലിലേക്ക് ബാങ്ക് വരവുവെക്കാതെ സര്‍ഫാസി നിയമ നടപടികള്‍ ബാങ്ക് പൂര്‍ത്തീകരിക്കുമെന്ന് പറയുമ്പോള്‍ നിസ്സഹായരാണ് ശ്രീലക്ഷ്മിയും അമ്മയും.

അടവില്‍ രണ്ടു വര്‍ഷത്തോളം വീഴ്ച വരുത്തിയിട്ടുണ്ടെന്നും തുടര്‍ച്ചയായി വീഴ്ച സംഭവിച്ചാല്‍ ആര്‍ബിഐ നിര്‍ദേശങ്ങള്‍ക്കകത്തുനിന്ന് സ്വാഭാവികമായി ഹെഡ് ഓഫിസില്‍ നിന്നുണ്ടാകുന്ന നടപടിക്രമങ്ങളാണ് ഉണ്ടായിരിക്കുന്നതെന്നും ബാങ്ക് അധിക്യതര്‍ അറിയിച്ചു. എന്നാല്‍ കോവിഡ് കാലത്ത് റിസര്‍വ് ബാങ്ക് നിര്‍ദേശിച്ച പ്രകാരമുള്ള മൊറട്ടോറിയം ആനുകൂല്യത്തെ വളച്ചൊടിച്ച് മുടക്കായി പ്രസ്താവിക്കുകയാണ് ബാങ്ക് ചെയ്യുന്നത്. 2 വര്‍ഷം എന്നത് മോറട്ടോറിയം കലാവധിയാണ്. മൊറട്ടോറിയം കാലാവധി അവസാനിച്ചതോടെ നിയമാനുസൃതമല്ലാതെ വായ്പ പലിശ ഇനത്തിലും ഇഎംഐ തുക വര്‍ധിപ്പിക്കുന്നതിനും ബാങ്ക് ശ്രമം നടത്തി. തുടര്‍ന്നാണ് ആര്‍ബിഐ ഓംബുഡ്‌സ്മാന് പരാതി നല്‍കുന്നത്. ബാങ്കിന്റെ ഭാഗത്ത് നിന്നും ഗുരുതരമായ ക്രമക്കേടുകള്‍ ഉണ്ടായെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് 10000 രൂപ ശ്രീലക്ഷ്മിക്ക് നഷ്ടപരിഹാരമായി നല്‍കുവാനും ലോണ്‍ പുതുക്കി നല്‍കണമെന്നും ആര്‍ബിഐ ബാങ്കിന് ഉത്തരവ് നല്‍കി. അതുവരേയും ഇഎംഐ തുക മുടക്കം കൂടാതെ അടച്ചുവരുവാന്‍ ആര്‍ബിഐ നിര്‍ദ്ദേശിച്ചപ്രകാരം ഒരു മുടക്കം കൂടാതെ കേസ് കൊടുക്കുന്നത് വരെ പരാതിക്കാരി ഇഎംഐ അടച്ചുവന്നതാണ്. ആര്‍ബിഐ ഇല്‍ നിന്നും വന്ന വിധിയെ കണക്കിലെടുക്കാതെ ഏകപക്ഷീയമായ ഒരു പ്രൊപ്പോസല്‍ ആണ് ബാങ്ക് നല്‍കിയത്.

അതില്‍ പ്രസ്താവിച്ച കണക്കുകളിലെ വ്യതിയാനങ്ങള്‍, മറ്റു ക്രമക്കേടുകള്‍ എന്നിവയെ ചൂണ്ടിക്കാണിച്ച് ബാങ്ക് അധികൃതര്‍ക്ക് ഇമെയില്‍ അയച്ചു, എന്നാല്‍ യാതൊരു മറുപടിയും കണക്കുകളും അതിന്റെ വിശദാംശങ്ങളും നല്‍കാതെ ആര്‍ബിഐ യുടെ നിര്‍ദ്ദേശത്തെയും അവഗണിച്ചുകൊണ്ടാണ് 33456 എന്ന ഇഎംഐ തുക 50340 എന്ന് ബാങ്ക് സ്വമേധയാ വര്‍ദ്ധിപ്പിച്ചത്. വളരെ കൃത്യമായി ലോണ്‍ അടച്ചിരുന്ന ശ്രീലക്ഷ്മിയുടെ ലോണ്‍ ഓവര്‍ഡ്യൂവും എന്‍പിഎയുമാക്കി അനധികൃതമായി ബാങ്ക് സര്‍ഫാസി നടപടിയുമായി മുന്നോട്ട് പോകുന്നത്.