- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
50 ശതമാനം സംവരണം പുനഃ പരിശോധിക്കാം; എല്ലാ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണപ്രദേശങ്ങൾക്കും നോട്ടീസ് അയയ്ക്കാൻ നിർദ്ദേശിച്ച് സുപ്രീം കോടതി; പുനപരിശോധിക്കുന്നത് മൂന്നു പതിറ്റാണ്ട് പഴക്കമുള്ള ഇന്ദ്രസാഹ്നി കേസിലെ വിധി; മാർച്ച് 15 മുതൽ ഈ വിധിയിൽ വിശാല ബഞ്ചിൽ വാദം കേൾക്കും; കോടതിയുടെ നിർണായക നടപടി മറാത്ത സംവരണ കേസിൽ
ന്യൂഡൽഹി: സർക്കാർ ജോലിയിലെയും വിദ്യാഭ്യാസ സ്ഥാപനങ്ങളിലെയും സംവരണം അൻപതു ശതമാനമായി നിജപ്പെടുത്തിയ ഉത്തരവ് പുനപ്പരിശോധിക്കാമെന്ന് സുപ്രീം കോടതി. സാമൂഹ്യമായും സാമ്പത്തികമായും പിന്നോക്കം നിൽക്കുന്ന വിഭാഗങ്ങൾക്ക് സർക്കാർ ജോലികളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലുമുള്ള സംവരണം 50 ശതമാനമാക്കി നിശ്ചയിച്ച 1992ലെ കോടതി വിധിയാണ് പുനഃപരിശോധിക്കുന്നത്. സമീപകാലത്തെ ഭരണഘടനാ ഭേദഗതികളും സാമൂഹ്യ സാമ്പത്തിക മാറ്റങ്ങളും കണക്കിലെടുത്ത് പുനപ്പരിശോധന സാധ്യമാണെന്ന് സുപ്രീം കോടതി അറിയിച്ചു. ഇക്കാര്യത്തിൽ എല്ലാ സംസ്ഥാനങ്ങൾക്കും കേന്ദ്ര ഭരണ പ്രദേശങ്ങൾക്കും നോട്ടീസ് അയയ്ക്കാൻ ജസ്റ്റിസ് അശോക് ഭൂഷന്റെ നേതൃത്വത്തിലുള്ള ബെഞ്ച് നിർദ്ദേശിച്ചു.
മഹാരാഷ്ട്രയിലെ മറാത്ത സംവരണത്തിന്റെ സാധുതയെ ചോദ്യം ചെയ്തുകൊണ്ടുള്ള ഒരുകൂട്ടം ഹർജികൾ പരിഗണിക്കുമ്പോഴാണ് മൂന്നു പതിറ്റാണ്ട് പഴക്കമുള്ള ഇന്ദ്ര സാഹ്നി കേസിലെ വിധിയിൽ പുനഃപരിശോധന നടത്താമെന്ന് കോടതി നിരീക്ഷിച്ചത്. സംവരണം സംബന്ധിച്ച വിഷയം ഏതെങ്കിലും ഒരു സംസ്ഥാനത്തിനു മാത്രം ബാധകമായ കാര്യമല്ലെന്നും അതിനാൽ എല്ലാ സംസ്ഥാനങ്ങളുടെയും അഭിപ്രായം കേൾക്കേണ്ടതുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി.
സർക്കാർ ജോലിയിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സംവരണം അൻപതു ശതമാനമായി നിജപ്പെടുത്തിക്കൊണ്ട് 1992ലാണ്, ഒൻപതംഗ ഭരണഘടനാ ബെഞ്ച് വിധി പറഞ്ഞത്. ഈ വിധി വിശാല ഭരണഘടനാ ബെഞ്ചിനു വിടുന്നതാണ് സുപ്രീം, ജസ്റ്റിസുമാരായ എൽ നാഗേശ്വർ റാവു, എസ് അബ്ദുൽ നസീർ, ഹേമന്ദ് ഗുപ്ത, എസ് രവീന്ദ്ര ഭട്ട് എന്നിവർ കൂടി അടങ്ങിയ ബെഞ്ച് പരിഗണിക്കുക. ഇതിനായി മാർച്ച് 15 മുതൽ വാദം കേൾക്കും. 50 ശതമാനത്തിന് മുകളിലുള്ള സംവരണം ഭരണഘടന ഉറപ്പുനൽകുന്ന തുല്യാവകാശത്തിന്റെ ലംഘനമാണെന്ന് ഇന്ദ്ര സാഹ്നി കേസിൽ സുപ്രീം കോടതി ചൂണ്ടിക്കാട്ടിയിരുന്നു. ഈ കേസോടെയാണ് കോടതി സംവരണത്തിന് പരിധി നിശ്ചയിച്ചത്.
സംവരണവുമായി ബന്ധപ്പെട്ട വിഷയം ഒരു സംസ്ഥാനത്തിനു മാത്രം ബാധകമായ ഒന്നല്ലെന്ന്, മറാത്താ സംവരണ കേസ് പരിഗണിച്ചുകൊണ്ട് കോടതി പറഞ്ഞു. മറ്റു സംസ്ഥാനങ്ങൾക്കു പറയാനുള്ളതും കേൾക്കട്ടെ. വിശാലമായ സാധ്യതകളുള്ളതാണ് ഈ വിഷയമെന്ന് കോടതി അഭിപ്രായപ്പെട്ടു.
മറാത്ത സമുദായത്തിന് വിദ്യാഭ്യാസം, സർക്കാർ ജോലി എന്നിവയിൽ 12-13 ശതമാനം സംവരണം നൽകുന്ന മഹാരാഷ്ട്രയിലെ നിയമം കഴിഞ്ഞ വർഷം സുപ്രീം കോടതി റദ്ദ് ചെയ്തിരുന്നു. സാമൂഹ്യവും സാമ്പത്തികവും വിദ്യാഭ്യാസപരവുമായ പിന്നാക്കാവസ്ഥയോ സർക്കാർ സർവീസിലെ സമുദായത്തിന്റെ പ്രാതിനിധ്യക്കുറവോ ചൂണ്ടിക്കാട്ടി 50 ശതമാനം എന്ന സംവരണ പരിധി ലംഘിക്കാനാവില്ലെന്നും അന്ന് സുപ്രീം കോടതി ചൂണ്ടിക്കാട്ടിയിരുന്നു.
മറുനാടന് മലയാളി ബ്യൂറോ