കൊച്ചി: വടക്കാഞ്ചേരി ലൈഫ് മിഷൻ പദ്ധതിയിൽ കോടികൾ കമ്മീഷനായി മറിഞ്ഞെന്ന വിവരങ്ങൾ പുറത്തുവന്നതോടെ സംസ്ഥാനത്തെ ലൈഫ് മിഷൻ പദ്ധതികളുടെ മുഴുവൻ വിവരങ്ങളും ശേഖരിക്കാൻ ഒരുങ്ങി എൻഫോഴ്‌സമെന്റ് ഡയറക്ടറേറ്റ് (ഇഡി). ലൈഫിലെ ഭവന നിർമ്മാണ നിർവഹണത്തിൽ സംസ്ഥാന സർക്കാരിനു മേൽനോട്ട ചുമതലയില്ലാത്ത മുഴുവൻ കരാറുകളിലും ഇടനിലക്കാർ കമ്മിഷൻ വാങ്ങിയിട്ടുണ്ടെന്ന സ്വപ്നയുടെ മൊഴിയുടെ നിജസ്ഥിതി പരിശോധിക്കാനാണ് ഇഡി ഒരുങ്ങുന്നത്. ലൈഫ് പദ്ധതി മറയാക്കി കള്ളപ്പണ ഇടപാടു നടന്നോയെന്നു കണ്ടെത്തും.

സ്വപ്നയുടെ ലോക്കറിൽ കണ്ടെത്തിയ പണം നിർമ്മാണകരാറുകളുടെ ഇടനിലക്കാരിയെന്ന നിലയിൽ ലഭിച്ചതാണെന്നാണു സ്വപ്നയുടെ മൊഴി. ലൈഫ് മിഷനു വേണ്ടി യുഎഇ റെഡ് ക്രസന്റ് സംഭാവന ചെയ്ത 140 ഫ്‌ളാറ്റുകൾ, യുഎഇ കോൺസുലേറ്റിന്റെ തിരുവനന്തപുരത്തെ പുതിയ ഓഫിസിന്റെ നിർമ്മാണം, രാജ്യത്തെ മറ്റു യുഎഇ കോൺസുലേറ്റുകളുടെ അറ്റകുറ്റപ്പണി എന്നിവയുടെ നിർമ്മാണ കരാർ ലഭിച്ച കൊച്ചിയിലെ യൂണിടാക് ബിൽഡേഴ്‌സ്, സേൻ വെൻഞ്ചേഴ്‌സ് എന്നിവർ കമ്മിഷൻ നൽകിയ പണമാണെന്നാണു സ്വപ്നയുടെ വാദം.

വടക്കാഞ്ചേരിയിലെ ലൈഫ് മിഷൻ പദ്ധതിയിൽ തനിക്ക് ഒരു കോടി രൂപ കമ്മീഷനായി ലഭിച്ചെന്നാണ് സ്വപ്‌ന സുരേഷ് വാദിക്കുന്നത്. അതേസമയം പലർക്കുമായി 4.5 കോടി നൽകിയെന്ന് കരാർ ലഭിച്ച കമ്പനിയും വെളിപ്പെടുത്തിയിട്ടുണ്ട്. എന്നാൽ, ലൈഫ് മിഷനിലെ 20 കോടി പദ്ധതിയിൽ നാലര കോടിയല്ല, 9.25 കോടിയാണ് ക്രമക്കേടെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്. പാവങ്ങളുടെ ലൈഫ് മിഷൻ പദ്ധതി കൈക്കൂലി മിഷനാക്കി മാറ്റി. 9.25 കോടി എന്നത് കൈക്കൂലി കണക്കിൽ ദേശീയ റെക്കോർഡാണെന്നും വി ഡി സതീശൻ എംഎൽഎ ആരോപിച്ചിരുന്നു.

ഇക്കൂട്ടത്തിൽ യൂണിടാക് കമ്മിഷൻ നൽകിയതായി സമ്മതിച്ചിട്ടുണ്ടെങ്കിലും സേൻ വെൻഞ്ചേഴ്‌സ് നിഷേധിച്ചു കൊണ്ടാണ് മൊഴി നൽകിയിരിക്കുന്നത്. കേരളത്തിലെ 2 മുൻനിര സ്വകാര്യ ധനകാര്യസ്ഥാപനങ്ങളോടു മത്സരിച്ചു യുഎഇ കോൺസുലേറ്റിന്റെ വീസ സ്റ്റാംപിങ് സെന്ററുകളുടെ കരാർ നേടിയ യുഎഎഫ്എക്‌സ് സൊലൂഷൻസ്, ഫോർത്ത് ഫോഴ്‌സ് എന്നിവരെയും ഇഡി ചോദ്യം ചെയ്യും. ഇവരും കമ്മിഷൻ നൽകിയെന്ന സ്വപ്നയുടെ മൊഴിയുടെ സത്യാവസ്ഥ പരിശോധിക്കാനാണിത്.

ഇവർക്കു പുറമേ സ്വപ്നയുമായി 2 വർഷത്തിനിടയിൽ സാമ്പത്തിക ഇടപാടുകൾ നടത്തിയ മുഴുവൻ പേരുടെയും മൊഴി രേഖപ്പെടുത്തും. സ്വർണക്കടത്തിനു പിന്നിലെ കള്ളപ്പണ ഇടപാടുകൾ, മുതൽ മുടക്കിയവർ, ലാഭം പങ്കിട്ടവർ, മറ്റു ഗുണഭോക്താക്കൾ എന്നിവരെ മുഴുവൻ കണ്ടെത്താൻ 3 മാസത്തെ അന്വേഷണം വേണ്ടിവരുമെന്നും അന്വേഷണ സംഘം സൂചിപ്പിച്ചു.

അതിനിടെ ലൈഫ് മിഷൻ ഫ്ളാറ്റ് നിർമ്മാണത്തിൽ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു. അനിൽ അക്കര എംഎൽഎയുടെ പരാതിയിലാണ് കേസ് എടുത്തത്. ഫ്‌ളാറ്റ് നിർമ്മാണം മാനദണ്ഡങ്ങൾ പാലിച്ചല്ല നടപ്പാക്കുന്നത്, ഗുണനിലവാരം പരിശോധിച്ചിട്ടില്ല, കമ്പി- സിമന്റ് തുടങ്ങിയവയുടെ അളവുകൾ കൃത്യമല്ല എന്നതടക്കമുള്ള പരാതികളാണ് അനിൽ അക്കര എംഎൽഎ പ്രധാനമായും ഉന്നയിച്ചത്.

140 കുടുംബങ്ങൾക്കായി ഒരുങ്ങുന്ന ഫ്ളാറ്റ് സമുച്ചയം കുടുംബങ്ങളുടെ ജീവന് തന്നെ ഭീഷണിയാകുമെന്നും പരാതിയിലുണ്ട്. വിദഗ്ധ സമിതി രൂപീകരിച്ച് കെട്ടിട സമുച്ചയത്തിന്റെ ഗുണമേന്മ ഉറപ്പുവരുത്തണമെന്നും സംസ്ഥാന മനുഷ്യാവകാശ കമ്മീഷന് സമർപ്പിച്ച ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ വിദഗ്ധ സമിതി രൂപീകരിക്കുന്നത് സംബന്ധിച്ച് വ്യക്തതയില്ല. ലൈഫ് മിഷൻ ഫ്ളാറ്റ് നിർമ്മാണത്തിലെ ക്രമക്കേടുകൾ ഉന്നയിച്ചുള്ള പരാതിയിൽ മനുഷ്യാവകാശ കമ്മീഷന്റെ ഇടപെടൽ ഉണ്ടായിരിക്കുകയാണ്.