- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലോക്ഡൗൺ ചട്ടങ്ങൾ ലംഘിച്ചു മതിൽ പൊളിച്ച് ഭൂമി കയ്യേറ്റത്തിനും അക്രമത്തിനും ശ്രമം; രാഷ്ട്രീയ ഇടപെടലിൽ പൊലീസ് കേസ് അട്ടിമറിച്ചെന്ന് ആരോപണം; മരുതോളിൽ ഉണ്ണികൃഷ്ണന്റെ ആക്ഷേപം വിവരാവകാശ രേഖയുടെയും അടിസ്ഥാനത്തിൽ
ഇടുക്കി: നിരോധനാജ്ഞയും ലോക്ഡൗൺ ചട്ടങ്ങളും ലംഘിച്ച് മതിൽ പൊളിച്ച് ഭൂമി കയ്യേറ്റത്തിനും അക്രമത്തിനും ശ്രമിച്ചതായുള്ള പരാതിയിൽ രജിസ്റ്റർ ചെയ്ത കേസ്സ് രാഷ്ട്രീയ ഇടപെടലിനെ തുടർന്ന് രാജക്കാട് പൊലീസ് അട്ടിമറിച്ചു എന്ന് ആരോപണം. പൊതുപ്രവർത്തകനായ പൊട്ടൻകാട് മരുതോളിൽ ഉണ്ണികൃഷ്ണനാണ് ഇക്കാര്യം വ്യക്തമാക്കുന്ന വിവരാവകാശ രേഖകളും ഡിജിറ്റൽ തെളിവുകളും സഹിതം പൊലീസിനെതിരെ രംഗത്തെത്തിയിരിക്കുന്നത്.
474/2020 നമ്പർ എഫ് ഐ ആർ പ്രകാരമുള്ള കേസിൽ 25 പേരെ പ്രതിചേർത്തിരുന്നെന്നും എന്നാൽ ഈ കേസ് കോടതിയിൽ എത്തിയപ്പോൾ 6 പ്രതികൾ മാത്രമാണ് ഉള്ളതെന്നും ശിക്ഷ കിട്ടാവുന്ന വകുപ്പുകളെല്ലാം വെട്ടിക്കുറച്ച് നിസ്സാര വകുപ്പുകൾ മാത്രമാണ് ഇവരുടെ പേരിൽ ചാർജ്ജു ചെയ്യപ്പെട്ടിട്ടുള്ളതെന്നുമാണ് ഈ കേസിലെ വാദികൂടിയായ ഉണ്ണികൃഷ്ണന്റെ പ്രധാന ആരോപണം.
2020 മാർച്ച് 26 ന് ഉണ്ടായ അക്രമത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി,കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ,കേരള മുഖ്യമന്ത്രി പിണറായി വിജയൻ എന്നിവരടക്കം നിരവധി ഭരണകർത്താക്കൾക്കും ഉന്നത ഉദ്യോഗസ്ഥർക്കും ഈ കേസ്സിൽ പൊലീസിന്റെ ഭാഗത്തുനിന്നുള്ള വീഴ്ച ചൂണ്ടിക്കാട്ടി പരാതികൾ സമർപ്പിച്ചിരുന്നു.അക്രമം നടത്തിയവരെ രക്ഷിക്കാൻ ,പഞ്ചായത്ത് വഴി കൈയേറിയുള്ള നിർമ്മാണം പഞ്ചായത്ത് പൊളിച്ച് നീക്കുക മാത്രമാണ് ഉണ്ടായതെന്നുസ്ഥാപിക്കാനായിരുന്നു പൊലീസ് ശ്രമം.
ഇതിന് നേരെ ഘടകവിരുദ്ധമായ വസ്തുകളാണ് വിവരാവകാശരേഖകളിലും ഡിജിറ്റൽ തെളിവുകളിലുമുള്ളത്.2020 ജനുവരി 1 മുതൽ 2021 ഏപ്രിൽ 4 വരെ ബൈസൺവാലി ഗ്രാമപഞ്ചായത്തിൽ 13-ാം വാർഡിൽ ഉൾപ്പെടുന്ന കൊച്ചുപാലം പള്ളിപ്പടി-ചെറിയപാലം റോഡുമായി ബന്ധപ്പെട്ട് തന്റെയോ പിതാവായ വാസുദേവൻ എം എസിന്റെയോ പേരിൽ പഞ്ചായത്തിരാജ് നിയമപ്രകാരമോ നിർമ്മാണ ചട്ടപ്രകാരമോ യാതൊരുനടപടിയും സ്വീകരിച്ചിട്ടില്ലന്ന് ബൈസൺവാലി പഞ്ചായത്ത് സെക്രട്ടറി നൽകിയ വിവരാവകാശ അപേക്ഷയിന്മേലുള്ള മറുപിടിയിൽ കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ട്.
ലോക്ഡൗൺ ലംഘിച്ച് പ്രതിസ്ഥാനത്തുണ്ടായിരുന്നവർ കൂട്ടംകൂടിയതും സംഘം ചേർന്നതും അക്രമം നടത്തിയതും വ്യക്തമാക്കുന്ന വീഡിയോ ദൃശ്യമടക്കമുള്ള തെളിവുകൾ ഹാജരാക്കിയെങ്കിലും ഇത് പൊലീസ് വകവച്ചില്ല.സംഭവത്തിന്റെ ദൃസാക്ഷികളായ എന്റെയോ പിതാവിന്റെയോ സഹോദരിയുടെയോ മൊഴിയെടുത്തില്ല എന്ന് മാത്രമല്ല,ഞാൻ നൽകിയ മൊഴിയിൽ പ്രതികളെ ബാധിക്കുന്ന ഭാഗങ്ങൾ നീക്കം ചെയ്താണ് രേഖപ്പെടുത്തിയത്.ഇക്കാര്യത്തിൽ വിയോജിപ്പ് അറിയിച്ചപ്പോൾ കേട്ടുകേൾവി പോലുമില്ലാത്ത ന്യായവാദങ്ങൾ നിരത്തി പൊലീസ് നടപടികളുമായി മുന്നോട്ടുപോകുകയായിരുന്നു.
അന്വേഷണത്തിൽ അട്ടമറിസാധ്യതയെക്കുറിച്ച് സൂചന ലഭിച്ചപ്പോൾ ബന്ധപ്പെട്ട ഉദ്യോഗസ്ഥനോട് വിവരങ്ങൾ തേടിയിരുന്നു.നീ പ്രധാമന്ത്രിക്കോ അമേരിക്കൻ പ്രസിഡന്റിനോ ആർക്കുവേണമെങ്കിലും പരാതികൊടുത്തോ, ഞങ്ങൾ ഇങ്ങനെയേ അന്വേഷിക്കൂ ,നിനക്ക് പറ്റുന്നത് പോയി ചെയ്യ് എന്നായിരുന്നു ഇക്കാര്യത്തിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥൻന്റെ പ്രതികരണം.
കേസ് അട്ടിമറിച്ച ഉദ്യോഗസ്ഥരെ നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്നും തനിക്ക് നേരിട്ട ഈ ദുരനുഭവം മറ്റൊരാൾക്കും ഉണ്ടാവരുതെന്നാണ് ആഗ്രഹമെന്നും ഉത്തരവാദികളായ പൊലീസുകാർക്ക് തക്കതായ ശിക്ഷലഭിക്കും വരെ നിയമപോരാട്ടം തുടരുമെന്നും ഉണ്ണികൃഷ്ണൻ പറയുന്നു.നിയമനടപടികൾ തുടരുന്നത് എതിർപക്ഷത്തെ അസ്വസ്ഥരാക്കിയിട്ടുണ്ട്.തട്ടുകേടുണ്ടാവുമെന്നുകണ്ടാൽ കൊല്ലാൻ പോലും മടിയില്ലാത്തവരാണ് ഇവരുടെ കൂട്ടത്തിലുള്ളത്.രാജക്കാട് പൊലീസിലെ ചിലർ ഇവരെ ഒളിഞ്ഞും തെളിഞ്ഞും സഹായിക്കുന്നുണ്ട്.ലക്ഷ്യം സാധിച്ചെടുക്കാൻ ഒരു പക്ഷേ ഈ വിരുതന്മാരുടെ ഭാഗത്തുനിന്നും ആവശ്യമായ മാർഗ്ഗനിർദ്ദേശങ്ങളും സഹായങ്ങളും ഇവർക്ക് ലഭിച്ചേക്കാം. ഉണ്ണികൃഷ്ണൻ ചൂണ്ടിക്കാട്ടി.
ബൈസൺവാലി പഞ്ചായത്ത് സെക്രട്ടറി തന്റെ വിവരാവകാശ അപേക്ഷപ്രകാരം നൽകിയ മറുപിടി,സംസ്ഥാന ആഭ്യന്തരസെക്രട്ടറിക്ക് സംസ്ഥാന പൊലീസ് മേധാവി കഴിഞ്ഞ മെയ് 25-ന് ഗ315204/2021/ജഒഝ നമ്പറായി നൽകിയ കത്തിന്റെ ആധികാരികത ചോദ്യം ചെയ്യപ്പെടുന്നതാണെന്നും ഉദ്യഗസ്ഥർ തെറ്റായ റിപ്പോർട്ടുകൾ സമർപ്പിച്ച് കേസ്സ് അട്ടിമറിക്കാൻ കൂട്ടുനിൽക്കുന്നു എന്നാണ് ഇതിൽ നിന്നും വ്യക്തമാവുന്നതെന്നും ഉണ്ണികൃഷ്ണൻ പറയുന്നു.
പഞ്ചായത്ത് അധീനതയിലുള്ള പൊതുവഴിയിലേക്ക് ഇറക്കി നടത്തിയ നിർമ്മാണപ്രവർത്തികൾ അധികാരികളുടെ നിർദ്ദേശാനുസരണം പൊളിച്ചുമാറ്റുകയാണ് ഉണ്ടായതെന്നും പഞ്ചായത്ത് അധികാരികളുടെ നിർദ്ദേശാനുസരണം മതിൽ മാറ്റിനിർമ്മിച്ചതിനാൽ തർക്കങ്ങൾ പരിഹരിക്കപ്പെട്ടെന്നും കേസിൽ അന്വേഷണം പൂർത്തിയാക്കി നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നുമായിരുന്നു പൊലീസ് മേധാവിയുടെ റിപ്പോർട്ടിലെ സൂചന.എന്നാൽ ഇത്തരത്തിൽ ഒരു സംഭവം നടന്നതായിപ്പോലും പഞ്ചായത്ത് സെക്രട്ടറി നൽകിയ വിവരാവകാശത്തിന്മേലുള്ള മറുപടിയിൽ ഇല്ല.ഉണ്ണികൃഷ്ണൻ വിശദമാക്കി.
കേസിനെക്കുറിച്ചും അനുബന്ധ സംഭവ പരമ്പരകളെക്കുറിച്ചും ഉണ്ണികൃഷ്ണന്റെ വിവരണം ഇങ്ങിനെ:
2020 മാർച്ചിൽ ഉണ്ടായ സംഭവത്തിൽ പരാതി നൽകിയിട്ടും രാജാക്കാട് പൊലീസ് കേസെടുത്തിരുന്നില്ല. അടിമാലി കോടതിയിൽ സ്വകാര്യ അന്യായം ഫയൽ ചെയ്തതിന് ശേഷമാണ് കേസിൽ എഫ് ഐ ആർ ഇട്ട് കേസെടുക്കാൻ പൊലീസ് തയ്യാറായത്.കേസ്സിൽ നടപടിയെടുക്കാൻ വൈകിയത് പൊലീസിന്റെ കെടുകാര്യസ്ഥതയും പ്രിഭാഗത്തോടുള്ള കൂറുമാണ് വ്യക്തമാക്കുന്നത്.
പരാതിയിൽ പൊലീസ് ഇതുവരെ സ്വീകരിച്ചത് പ്രതികളെ സംരക്ഷിക്കുന്നതിന് വേണ്ടിയുള്ള നടപടിക്രമങ്ങൾമാത്രമാണെന്നാണ് മനസ്സിലായിട്ടുള്ളത്.പരാതി ലഭിച്ചാൽ എഫ് ഐ ആർ രജിസ്റ്റർ ചെയ്ത് കേസന്വേഷിക്കണം എന്നുള്ള കോടതി ഉത്തരവുകളൊന്നും ബാധകമല്ലന്ന രീതിയിലുമാണ് രാജക്കാട് പൊലീസിന്റെ പ്രവർത്തനം എഫ് ഐ ആർ പ്രകാരം 25 പ്രതികളും 13 ഓളം വകുപ്പുകളും ഉണ്ടായിരുന്നു.
അന്വേഷണ ഉദ്യോഗസ്ഥനായ രാജക്കാട് സബ്ബ്ഇൻസ്പെക്ടർ കൂടിയായ അനൂപ്മോൻ അന്വേഷിച്ച്,കോടതിയിൽ സമർപ്പിച്ച അന്തിമറിപ്പോർട്ടിൽ നിലവിൽ പ്രതികളുടെ എണ്ണം 6 -ആയി ചുരുങ്ങി.ഇവരുടെ പേരിൽ വളരെ ദുർബലമായ രണ്ടോ മൂന്നോ വകുപ്പുകൾ മാത്രമായി ചുമത്തിയിട്ടുള്ളത്.രാഷ്ട്രീയ സമ്മർദ്ദമാണ് ഇതിന് മുഖ്യകാരണമെന്നാണ് അറിയുന്നത്.കേസിൽ പ്രതിചേർത്തിരുന്നവർ ഭരണപക്ഷ രാഷ്ട്രീയത്തോട് കൂറുപുലർത്തുന്നവരായിരുന്നു.കോടതിയിൽ സമർപ്പിച്ചിട്ടുള്ളത് വ്യാജ അന്വേഷണ റിപ്പോർട്ടാണ്.ഇത് പുറത്തുകൊണ്ടുവരുന്നതിനുള്ള നിയമനടപടികൾ ആരംഭിച്ചിട്ടുണ്ട്.
കേസിൽ അടിമാലി കോടതിയിൽ അന്വേഷണ ഉദ്യോഗസ്ഥർ സമർപ്പിച്ച അന്തിമറിപ്പോർട്ടും സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങളും പരിശോധിച്ചാൽ പ്രതികളെ രക്ഷിക്കാൻ പൊലീസ് നടത്തിയ ഗൂഢാലോചനയും അധികാരദുർവിനിയോഗവും വ്യക്തമാകും.പരാതിക്കാരനായ എന്നോട് രാജക്കാട് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസറായ ജിജോർജ്ജ് കേസ് പിൻവ്ലിക്കണം എന്നാവശ്യപ്പെട്ടിരുന്നു.ഔദ്യോഗിക നമ്പറിൽ നിന്നായിരുന്നു വിളിയെത്തിയത്.
ഇയാളുടെ നിർദ്ദേശം അനുസരിക്കില്ലന്ന് വ്യക്തമാക്കിയേതാടെ മൊഴിയെടുക്കാൻ എന്നപേരിൽ സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി തന്ത്രത്തിൽ റഫർചാർജ്ജ് നോട്ടീസിൽ ഒപ്പിടീക്കാൻ ശ്രമം നടത്തുകയും ചെയ്തു.ഇതിനും വിസമ്മതിച്ചതോടെ തങ്ങളുടെ പ്രത്യേക അധികാരം ഉപയോഗിച്ച് കേസ് എഴുതിത്തള്ളുമെന്നും നിനക്ക് പറ്റുന്നത് ചെയ്തോ എന്നും പറഞ്ഞ് ഭീഷിണിപ്പെടുത്തി.
ഇതെല്ലാം ഉൾപ്പെടുത്തി,പരാതിക്കാരനെ സമ്മർദ്ദംചെലുത്തി കേസ് ബലമായി അട്ടിമറിക്കാൻ രാജക്കാട് സ്റ്റേഷനിലെ ഉദ്യോഗസ്ഥർ ശ്രമിക്കുന്നു എന്നുകാണിച്ച് ഇടുക്കി ജില്ലാ പൊലീസ് മേധാവി, എറണാകുളം റേഞ്ച് ഡി.ഐ.ജി എന്നിവർക്കുനൽകിയ പരാതിയിലും നടപടിയുണ്ടായില്ല.തുടർന്നാണ് പ്രധാനമന്ത്രി, കേന്ദ്ര ആഭ്യന്തരമന്ത്രി,കേരളമുഖ്യമന്ത്രി, ഡി.ജി.പി എന്നിവർക്ക് ഈ വിഷയത്തിൽ പരാതികൾ സമർപ്പിച്ചത്.സമ്മർദ്ദം ചെലത്തി ബൈസൺവാലി പഞ്ചായത്ത് സെക്രട്ടറിയിൽ നിന്നും എഴുതിവാങ്ങിയ റിപ്പോർട്ട് മറയാക്കിയാണ് പൊലീസ് കേസ്സിൽ കള്ളക്കളി നടത്തിയത്.
സംസ്ഥാന ആഭ്യന്തര സെക്രട്ടറിക്ക് സംസ്ഥാനപൊലീസ് മേധാവി നൽകിയ കത്തിൽ പറയുന്നത് പരാതിക്കാരനായ ഞാൻ പഞ്ചായത്തിന്റെ റോഡ് കൈയേറി നിർമ്മാണം നടത്തിയെന്നും അത് പഞ്ചായത്ത് അധികൃതർ പൊളിച്ചുനീക്കിയെന്നുമാണ്.ഇത് തെറ്റാണെന്ന് തെളിക്കുന്ന വസ്തുതകളാണ് വിവരാവകാശ നിയമപ്രകാരം നൽകിയ അപേക്ഷയിൽ ബൈസൺവാലി പഞ്ചായത്ത് സെക്രട്ടറി നൽകിയ മറുപിടിയിലുള്ളത്.
പരാതിക്കാരനെതിരെ പഞ്ചായത്ത്രാജ് നിയമപ്രകാരമോ നിർമ്മാണ ചട്ടപ്രകാരമോ യാതൊരുവിധ നടപടിയും സ്വീകരിച്ചിട്ടില്ല എന്നാണ് മറുപിടിയിലെ പ്രധാന സൂചന.പൊലീസ് കേസ് അട്ടിമറിച്ചെന്ന സംഭവത്തിന്റെ വീഡിയോയും വിവരാവകാശ രേഖകളുമടക്കം നിരവധി തെളിവുകളാണ് പരാതിക്കാരൻ നിരത്തുന്നത്. ഒരു പൗരനെന്ന നിലയിൽ ലഭിക്കേണ്ട സ്വാഭാവിക നീതി അനാവശ്യമായ പൊലീസ് ഇടപെടലിലൂടെ പരാതിക്കാരന് നിഷേധിക്കപ്പെടുകയാണ്.
പഞ്ചായത്ത് രാജ് നിയമപ്രകാരം യാതൊരു നടപടിയും പാലിക്കാതെ ആസ്തിരജിസ്റ്ററിൽ ചേർത്ത റോഡിനോട് ചേർന്നുള്ള സംരക്ഷണഭിത്തി ലോക്ഡൗൺ ലംഘിച്ച് തകർക്കുകയും വസ്തുവകകൾ നശിപ്പിക്കുകയും വീടാക്രമിക്കുകയും ചെയ്തത് പഞ്ചായത്ത് റോഡിൽ വച്ചുണ്ടായ സംഭവമായതിനാൽ ഇതിൽ നടപടിയെടുക്കാൻ നിയമമില്ല എന്നായിരുന്നു പൊലീസിന്റെ വിചിത്രമായ വാദം.
മറുനാടന് മലയാളി ലേഖകന്.