- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
സ്കൂളിൽ പഠിക്കുന്ന കാലത്തു തുടങ്ങി ഏഴു വർഷം നീണ്ട പ്രണയം; ബി.എസ്.സിക്ക് പഠിച്ചു കൊണ്ടിരിക്കുമ്പോൾ വീട്ടുകാരുമായെത്തി അർച്ചനയെ വിവാഹം ആലോചിച്ചു; സഹോദരിക്ക് 100 പവനും കാറും സ്ത്രീധനം കൊടുത്തെന്നും അതിനാൽ സ്ത്രീധനത്തിൽ വിട്ടുവീഴ്ച്ച ചെയ്യാൻ കഴിയില്ലെന്നും പറഞ്ഞ് വിലപേശിയത് കാമുകന്റെ മാതാപിതാക്കൾ; ഗൾഫിൽ പോയ ശ്യാംലാൽ പുതുപ്പണക്കാരനായപ്പോൾ ശ്രമിച്ചത് കാമുകിയെ തഴഞ്ഞ് മറ്റൊരു വിവാഹത്തിന്; മനംനൊന്ത് ജീവനൊടുക്കി ആറാട്ടുപുഴയിലെ അർച്ചന; പ്രണയച്ചതിയിൽ പൊലിഞ്ഞത് മറ്റൊരു 'റംസി'
ആലപ്പുഴ: പത്ത് വർഷക്കാലത്തെ പ്രണയം, കാമുകന് വേണ്ടി വേണ്ടപ്പെട്ടതെല്ലാം നൽകി.. വിവാഹത്തിനായി വളയിടൽ ചടങ്ങു നടത്തി പണവും റാഡോ വാച്ചും സമ്മാനമായി നൽകിയ പെൺകുട്ടിയുടെ വീട്ടുകാരും.. എന്നിട്ടും മറ്റൊരു സമ്പത്തുള്ള പെൺകുട്ടിയെ കണ്ടപ്പോൾ ആത്മബന്ധം മറന്ന് അവൾക്കൊപ്പം ജീവിക്കാൻ വേണ്ടി തന്ത്രപരമായി ഒഴിവാക്കൽ. തന്റെ ഉപേക്ഷിക്കരുതേ എന്നു കരഞ്ഞു പറഞ്ഞിട്ടും കുടുംബത്തോടെ തന്ത്രപരമായി ഇടപെട്ട് വഞ്ചന. ഇതെല്ലാം സഹിക്കാൻ കഴിയാതെവന്ന്, കാമുകന്റെ വഞ്ചനിയിൽ മനസ്സു തകർന്നാണ് കൊല്ലം ജില്ലയിലെ കൊട്ടിയത്ത് റംസി എന്ന പെൺകുട്ടി ജീവനൊടുക്കിയത്.
അതേസമയം റംസിയുടെ ആത്മഹത്യക്ക് പിന്നാലെ സമാനമായ നടക്കുന്ന മറ്റൊരു സംഭവം കൂടി ഉണ്ടായിരിക്കയാണ് കേരളക്കരയിൽ. ഏഴു വർഷം പ്രണയിച്ചതിന് ശേഷം യുവാവ് വിവാഹം കഴിക്കാമെന്ന് ഉറപ്പ് നൽകുകയും ഒടുവിൽ പെൺകുട്ടി അറിയാതെ വഞ്ചിച്ച് മറ്റൊരു വിവാഹം കഴിക്കാൻ ശ്രമിക്കുകയും ചെയ്തതിന്റെ മനോവിഷമത്തിൽ ബി.എസ്.സി നഴ്സിങ് അവസാന വർഷ വിദ്യാർത്ഥിയായ പെൺകുട്ടി ആത്മഹത്യ ചെയ്തു. കൊല്ലം വി.എൻ.എസ്.എസ് നഴ്സിങ് കോളേജിലെ വിദ്യാർത്ഥിയും ആറാട്ടുപുഴ പെരുമ്പള്ളിൽ മുരിക്കിൽ ഹൗസിൽ വിശ്വനാഥൻ - ഗീതാ ദമ്പതികളുടെ മകളുമായ അർച്ചന(21)യാണ് ആത്മഹത്യ ചെയ്തത്. ആത്മഹത്യക്ക് പിന്നിൽ ശ്യാംലാൽ എന്ന യുവാവാണ് എന്ന് തെളിയിക്കുന്ന ശബ്ദ രേഖകളും പുറത്ത് വന്നിട്ടുണ്ട്. കഴിഞ്ഞ ദിവസമായിരുന്നു സംഭവം.
കണ്ടല്ലൂർ സ്വദേശിയായ ശ്യാംലാലിനെതിരയാണ് ആരോപണം ഉയർന്നിരിക്കുന്നത്. വിവാഹം കഴിക്കാമെന്ന് വിശ്വസിപ്പിച്ച ശേഷം യുവാവ് വഞ്ചിച്ചതിൽ മനം നൊന്താണ് യുവതി ആത്മഹത്യ ചെയ്തത്. ഇരുവരുടെയും പ്രണയം രണ്ടു വീട്ടുകാരും അറിഞ്ഞിരുന്നു. വീട്ടുകാരുമൊത്ത് വന്ന് വിവാഹം ആലോചിച്ച് ഉറപ്പിച്ചതിന് ശേഷമാണ് സ്ത്രീധനം കുറവാണ് എന്ന കാരണം പറഞ്ഞ് ശ്യാംലാൽ മറ്റൊരു വിവാഹത്തിനായി ശ്രമം നടത്തുകയായിരുന്നു. നാളെ ശ്യാംലാലും കായംകുളം സ്വദേശിനിയായ പെൺകുട്ടിയുമായി വിവാഹ നിശ്ചയം നടക്കാനിരിക്കെയാണ് അർച്ചന ഒതളങ്ങ എന്ന വിഷക്കായ കഴിച്ച് മരിച്ചത്.
ശ്യാംലാലിന്റെ വിവാഹ നിശ്ചയത്തിന്റെ സമയം തീരുമാനിച്ച ദിവസമാണ് അർച്ചന ആത്മഹത്യ ചെയ്തത്. വിഷക്കായ കഴിച്ചതിന് ശേഷം താൻ ആത്മഹത്യ ചെയ്യുകയാണ് എന്ന് ശ്യാംലാലിനെ മെസ്സേജ് വഴി അറിയിച്ചു. മെസ്സേജ് ശ്യാംലാൽ കണ്ടതിന് ശേഷം അർച്ചന ഡിലീറ്റ് ചെയ്യുകയും ഫോൺ സ്വിച്ച് ഓഫ് ചെയ്യുകയുമായിരുന്നു. ഇക്കാര്യം ഇയാൾ അർച്ചനയുടെ ഒരു സുഹൃത്തിനെ വിളിച്ചറിയിക്കുകയും അവർ ആറാട്ടുപുഴയിലെ വീട്ടിലെത്തിയപ്പോഴേക്കും അർച്ചന അവശനിലയിലായിരുന്നു. അവിടെ നിന്നും എത്രയും വേഗം ആലപ്പുഴ മെഡിക്കൽ കോളേജിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല.
പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ഇന്ന് സംസ്ക്കാരം നടത്തി. സംഭവത്തിൽ തൃക്കുന്നപ്പുഴ പൊലീസ് കേസെടുത്തിട്ടുണ്ട്. അർച്ചനയുടെ മരണ ശേഷം ശ്യാംലാൽ ഒളിവിൽ പോയിരിക്കുകയാണ്. ഇയാൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നാണ് മാതാപിതാക്കളുടെയും ബന്ധുക്കളുടെയും ആവശ്യം. അർച്ചന സ്ക്കൂളിൽ പഠിക്കുന്ന കാലമാണ് ഇയാൾ പ്രണയവുമായി അർച്ചനയുടെ അടുത്ത് കൂടുന്നത്. പിന്നീട് പ്ലസ്ടുവിലെത്തിയപ്പോൾ വിവാഹം ആലോചിച്ച് വീട്ടിലെത്തുകയുമായിരുന്നു. എന്നാൽ പഠനം കഴിഞ്ഞിട്ടേ വിവാഹം കഴിപ്പിക്കുന്നുള്ളൂ എന്നും ഉത്തരവാദിത്തപ്പെട്ടവരുമായി അന്ന് വന്നാൽ ആലോചിക്കാമെന്നും അറിയിച്ചു.
ബി.എസ്.സി പഠിച്ചു കൊണ്ടിരിക്കുമ്പോൾ ഇയാൾ വീട്ടുകാരുമായെത്തി വിവാഹം ആലോചിച്ചു. വലിയ സ്ത്രീധനമൊന്നും തരാൻ കഴിയില്ലെന്ന് കൂലിപ്പണിക്കാരനായ പിതാവ് ശ്യാംലാലിന്റെ വീട്ടുകാരെ അറിയിച്ചു. എന്നാൽ ഇയാളുടെ സഹോദരിക്ക് 100 പവനും കാറുമാണ് സ്ത്രീധനമായി കൊടുത്തതെന്നും അതിനാൽ സ്ത്രീധനത്തിൽ വിട്ടുവീഴ്ച ചെയ്യാൻ കഴിയില്ല എന്നും മാതാപിതാക്കൾ പറഞ്ഞു. അത് സാധ്യമല്ലെന്ന് അറിയിച്ചപ്പോൾ ശ്യാംലാലിന്റെ നിർബന്ധ പ്രകാരം വിവാഹത്തിന് വീട്ടുകാർ സമ്മതം മൂളുകയായിരുന്നു.
ഇതിനിടെ ഇയാൾ ഗൾഫിൽ പോകുകയും സാമ്പത്തികമായി ഉയർച്ചയുണ്ടാവുകയും ചെയ്തു. ഇതോടെ ഇയാളുടെ സ്വഭാവത്തിൽ മാറ്റം വരികയായിരുന്നു. പിന്നീട് പെൺകുട്ടി അറിയാതെ മറ്റൊരു വിവാഹം കഴിക്കാൻ ശ്രമിക്കുകയായിരുന്നു. എന്നാൽ ഈ വിവരം പെൺകുട്ടി അറിയുകയും മനോവിഷമം മൂലം ജീവനൊടുക്കുകയുമായിരുന്നു. മരണത്തിന് മുൻപ് കൂട്ടികാരിയുമായി ഇക്കാര്യത്തെ പറ്റി സംസാരിക്കുന്ന ഫോൺ സംഭാഷണം പുറത്ത് വന്നിട്ടുണ്ട്. പൊലീസ് ഈ ഫോൺ സംഭാഷണങ്ങൾ ശേഖരിച്ചു. ഒളിവിൽ കഴിയുന്ന ശ്യാംലാലിനു വേണ്ടി പൊലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.
കൊല്ലം ജില്ലയിലെ കൊട്ടിയം സ്വദേശി റംസി (24) ജീവനൊടുക്കിയ കേസിൽ പള്ളിമുക്ക് സ്വദേശി ഹാരിസ് (24) അറസ്റ്റിലായിരുന്നു. സമാനമായ സംഭവമാണ് അർച്ചനയ്ക്കും സംഭവിച്ചത്. പ്രണയിച്ചു വിവാഹത്തിന്റെ വക്കിലെത്തിയപ്പോൾ കാമുകൻ ഉപേക്ഷിക്കുകയായിരുന്നു. റംസി ഹാരിസുമായി വിവാഹം ഉറപ്പിച്ചിരുന്നെങ്കിലും പിന്നീട്, മറ്റൊരു ബന്ധത്തിന്റെ പേരിൽ യുവാവ് പിന്മാറിയതാണു റംസിയുടെ മരണകാരണമെന്നാണു ബന്ധുക്കളുടെ ആരോപിക്കുന്നത്. ഒന്നര വർഷം മുൻപ് ഗർഭിണിയാണ് എന്നറിഞ്ഞപ്പോൾ വിവാഹം ചെയ്യണമെന്നു റംസി ഹാരിസിനോട് ആവശ്യപ്പെട്ടിരുന്നു. സ്വന്തമായി ഒരു വർക്ഷോപ്പ് ആരംഭിച്ചശേഷം മാത്രം അതിനെപ്പറ്റി ചിന്തിക്കാമെന്നും ഇപ്പോൾ ഗർഭച്ഛിദ്രം നടത്തണമെന്നും ഹാരിസ് വാശിപിടിക്കുകയുമായിരുന്നു. ഇതിന് ശേഷമാണ് മറ്റൊരു വിവാഹം ചെയ്യാൻ ഇയാൾ ശ്രമിച്ചതും റംസി അതിൽ മനംനൊന്ത് ആത്മഹത്യ ചെയ്യുന്നത്.