കൊച്ചി: കാലടി സർവലാശാലയിലെ നിയമന വിവാദത്തിൽ പ്രതികരിച്ച് സിപിഎം നേതാവ് എം ബി രാജേഷ്. നിനിതയ്ക്ക് ലഭിച്ച നിയമനം മൂന്ന് പേരുടെ വ്യക്തിപരമായ താത്പര്യത്തിലുണ്ടായ വിവാദമാണെന്ന് രാജേഷ് പ്രതികരിച്ചു. വ്യക്തിതാത്പര്യം സംരക്ഷിക്കാൻ ഈ മൂന്ന് പേർ ഉപജാപം നടത്തിയെന്നും അദ്ദേഹം ആരോപിച്ചു. ഇന്റർവ്യൂവിന് മുൻപ് തന്നെ നിനിതയെ അയോഗ്യയാക്കാൻ ശ്രമമുണ്ടായെന്നും നിനിതയോട് ജോലിയിൽ നിന്ന് പിന്മാങ്ങാൻ ഇവർ സമ്മർദ്ദം ചെലുത്തിയെന്നും എം.ബി രാജേഷ് ആരോപിച്ചു.

'യഥാർത്ഥത്തിൽ ഇത് മൂന്ന് പേരുടെ വ്യക്തിപരമായ താത്പര്യത്തിൽ നിന്നുണ്ടായ വിഷയമാണ്. സ്വാഭാവികമായിട്ടും ഒരു പ്രശ്നം കയ്യിൽ കിട്ടിയപ്പോൾ പ്രതിപക്ഷം രാഷ്ട്രീയമായി ഉപയോഗിക്കുകയും ചെയ്തു. തെരഞ്ഞെടുപ്പ് സമയത്ത് കിട്ടുന്നതെന്തും ഉപയോഗിക്കുക എന്നത് സ്വാഭാവികമാണ്. അതിലൊന്നും പറയുന്നില്ല. പക്ഷേ അതിനേക്കാൾ ഗൗരവമുള്ള പ്രശ്നം, വ്യക്തിതാത്പര്യത്തോടുകൂടി അത് സംരക്ഷിക്കാൻ വേണ്ടി ഞെട്ടിക്കുന്ന തരത്തിൽ മൂന്ന് പേർ ഉപജാപം നടത്തിയെന്നതാണ്.

ഇത് വെറുതെ പറയുന്നതല്ല. ഇന്റർവ്യൂവിനെ സംബന്ധിച്ച് ബോർഡഗങ്ങളിൽ ആർക്കെങ്കിലും പരാതിയുണ്ടെങ്കിൽ ആ പരാതി ബന്ധപ്പെട്ടവരുടെ ശ്രദ്ധയിൽപ്പെടുത്തുന്നത് മനസിലാക്കാം. എന്നാൽ ആ പരാതി നിയമന ഉത്തരവ് കിട്ടുന്ന ഉദ്യോഗാർത്ഥിക്ക് അയച്ചുകൊടുത്ത് നിങ്ങൾ ഇതിൽ നിന്നും പിന്മാറണമെന്നും ഇല്ലെങ്കിൽ മാധ്യമങ്ങളിലൂടെ പ്രചരണം നടത്തുമെന്നും വലിയ തിരിച്ചടിയുണ്ടാകുമെന്നും മൂന്നാമതൊരാൾ മുഖേന പറയുന്നത് കേട്ടുകേൾവിയില്ലാത്ത കാര്യമാണ്.

മൂന്ന് തലത്തിലുള്ള ഉപജാപമാണ് നടന്നത്. ഒന്ന് നിനിത ഇന്റർവ്യൂവിൽ പങ്കെടുക്കാതിരിക്കാൻ, നിനിതയെ അയോഗ്യയാക്കാൻ ഉപജാപം നടന്നു. നിനിതയുടെ പി.എച്ച്.ഡി ഈ ജോലിക്ക് അപേക്ഷ സമർപ്പിക്കുന്ന സമയത്ത് ലഭിച്ചതല്ല ആറ് മാസം മുൻപ് കിട്ടിയതാണ് എന്ന് കാലടി യൂണിവേഴ്സിറ്റിയിൽ വിളിച്ച് പരാതിപ്പെട്ടു, യൂണിവേഴ്സിറ്റി അത് വെരിഫൈ ചെയ്തു. തുടർന്ന് 2018 ൽ ലഭിച്ചതാണെന്ന് ബോധ്യംവന്നു. 2019 ലാണ് നിനിത ജോലിക്ക് അപേക്ഷിക്കുന്നത്. നെറ്റ് 11 വർഷം മുൻപേ ഉണ്ട്.

രണ്ടാമത്തെ കാര്യം അത് പൊളിഞ്ഞപ്പോൾ അടുത്ത പരാതിയുമായി വന്നുവെന്നതാണ്. നിനിതയുടെ പി.എച്ച്.ഡിക്കെതിരെ പരാതിയുണ്ടെന്നായിരുന്നു ആരോപണം. അതുംപൊളിഞ്ഞു. ഇതോടെ ഇന്റർവ്യൂവിന് മുൻപ് അയോഗ്യയാക്കാനുള്ള ശ്രമം പരാജയപ്പെട്ടു. ഇന്റർവ്യൂവിലും ഈ ശ്രമം നടന്നുവെന്നാണ് ചിലരുടെ വെളിപ്പെടുത്തലിൽ നിന്ന് മനസിലാകുന്നത്. ഞങ്ങൾ കൂടിയാലോചിച്ച് ഒരാൾക്ക് മാർക്ക് കൊടുക്കാൻ തീരുമാനിച്ചു എന്നാണ് അവർ പറഞ്ഞത്. അതെങ്ങനെയാണ് അങ്ങനെ കൂടിയാലോചിക്കാൻ പറ്റുക? അവർ തന്നെ സമ്മതിച്ചിരിക്കുകയാണ് കൂടിയാലോചന നടന്നു എന്നത്. അത് വിജയിക്കാതെ വന്നപ്പോൾ 31ാം തിയതി രാത്രി മൂന്ന് പേരും ഒരുമിച്ച് ഒപ്പിട്ട കത്ത് മൂന്നാമൊതൊരാൾ മുഖേന നിനിതയ്ക്ക് ലഭ്യമാക്കിക്കൊടുത്തു. എന്നിട്ട് സമ്മർദ്ദം ചെലുത്തി. പിൻവാങ്ങിയില്ലെങ്കിൽ മാധ്യമങ്ങളിൽ കൊടുക്കും വലിയ വാർത്തയാകും വലിയ പ്രശ്നമാകുമെന്ന്.

അന്ന് തന്നെ രാത്രി ഒരു മണിക്ക് കത്തിനെ കുറിച്ച് അന്വേഷണിക്കണമെന്നാവശ്യപ്പെട്ട് നിനിത യൂണിവേഴ്സിറ്റി രജിസ്ട്രാർക്ക് ഇമെയിൽ അയച്ചു. കത്ത് കിട്ടി രണ്ട് മണിക്കൂറിനകമാണ് മെയിൽ അയക്കുന്നത്. 1,2,3 തിയതികളിൽ ഒരു പരാതിയും പരസ്യമായി ഉന്നയിച്ചില്ല. ജോയിൻ ചെയ്തില്ലെങ്കിൽ ഞങ്ങൾക്ക് പ്രശ്നമൊന്നും ഇല്ല, ജോയിൻ ചെയ്താൽ ഇത് വാർത്തയാക്കുമെന്ന് പറഞ്ഞപോലെ തന്നെ ചെയ്തു. 1,2 തിയതികളിൽ ഇടനിലക്കാരനായ ഒരാൾ വിളിച്ച് അന്വേഷിക്കുന്നുണ്ടായിരുന്നു. ഇപ്പോൾ എല്ലാം കൂടി ഞാൻ പറയുന്നില്ല. ഒന്നോ രണ്ടോ തവണ അവർ എന്നെ വിളിച്ചു. പിന്നെ എന്റെ സുഹൃത്തിനെ വിളിച്ചു.

3ാംതിയതി വൈകീട്ട് നിനിത ജോയിൻ ചെയ്തു. 4ാം തിയതി ആദ്യം പരസ്യമായി അവരുടെ പ്രതികരണം വരുന്നു. പിന്നീട് ഉണ്ടായത് നമുക്ക് അറിയാം. അവർക്ക് പരാതിയുണ്ടെങ്കിൽ ന്യായമായി ആ പരാതി കൊടുക്കാം. പക്ഷേ ആ പരാതി എന്തിനാണ് ഉദ്യോഗാർത്ഥിക്ക് എത്തിച്ചുകൊടുക്കുന്നത്. അവരുമായി അടുത്ത ബന്ധമുള്ള ആൾ വഴിയാണ് ഇവർ എത്തിച്ചു കൊടുത്തത്. എന്തായിരുന്നു അവരുടെ ഉദ്ദേശം. ഇതിൽ നിന്നും പിന്മാറണം. ഇല്ലെങ്കിൽ പരാതി പറഞ്ഞ് അവഹേളിക്കുമെന്നും അപമാനിക്കുമെന്നുമാണ് പറഞ്ഞത്. ആ സമ്മർദ്ദതന്ത്രത്തിന്, ഭീഷണിക്ക് കീഴടങ്ങണമായിരുന്നോ. ജോലി കിട്ടിയപ്പോൾ പ്രായോഗിക ബുദ്ധിമുട്ട് ഉള്ളതുകൊണ്ട് എന്തുവേണമെന്ന് ആലോചിച്ച് തീരുമാനിക്കാൻ പ്രയാസമായിരുന്നു. പതുകെ ആലോചിക്കാമെന്നായിരുന്നു തീരുമാനിച്ചത്. എന്നാൽ സമ്മർദ്ദം വന്നപ്പോൾ അതിന് വഴങ്ങില്ലെന്ന് തീരുമാനിച്ചു.

അവർക്ക് എന്നെയോ എനിക്ക് അവരെയോ അറിയില്ല. അവർക്ക് രാഷ്ട്രീയമുണ്ട്. അവർ ഇടപെട്ടത് അവർക്ക് വേണ്ടപ്പെട്ട ഒരാളെ, നിനിത പിന്മാറിയാൽ ആർക്കാണ് ഗുണം കിട്ടുക എന്ന് നിങ്ങൾ നോക്കിയാൽ മതി. അയാൾക്ക് വേണ്ടിയാണ് ചെയ്തത്. അതിന് വേണ്ടി ഇന്റർവ്യൂ ബോർഡിലെ ആളുകൾ ഇന്റർവ്യൂ കഴിഞ്ഞ ശേഷം ഞങ്ങൾ പരാതി കൊടുക്കും എന്ന് പറഞ്ഞ് ഉദ്യോഗാർത്ഥിയെ സമീപിക്കുന്നത് കേട്ടുകേൾവിയുണ്ടോ.

80 പേരുടെ അപേക്ഷയിൽ നിന്ന് അക്കാദമി യോഗ്യത പരിശോധിച്ച് തെരഞ്ഞെടുത്ത അഞ്ച് പേരിൽ ഒരാളാണ് നിനിത. അക്കാര്യമെല്ലാം യൂണിവേഴ്സിറ്റി വിശദീകരിച്ചല്ലോ. അതിൽ ഏതിലെങ്കിലും ഇവർ മറുപടി പറഞ്ഞോ? അവർ ഉദ്ദേശിച്ച ഉദ്യോഗാർത്ഥി, ഒരു പ്രമുഖന്റെ കൂടെ ജോലി ചെയ്ത ആളാണ്. ഇന്റർവ്യൂ ബോർഡിൽ ഉള്ള ഒരാൾ എഴുതിക്കൊടുത്ത കോൺടാക്ട് സർട്ടിഫിക്കറ്റുമായാണ് ആ ഉദ്യോഗാർത്ഥി എത്തിയത്. ഇന്റർവ്യൂ ബോർഡിലുള്ള മൂന്ന് പേർക്കും ഈ ഉദ്യോഗാർത്ഥിയുമായി ബന്ധമുണ്ട്', എം.ബി രാജേഷ് പറഞ്ഞു.

അതേസമയം സർവകലാശാലയിലെ മലയാളം വകുപ്പിൽ അസിസ്റ്റന്റ് പ്രൊഫസർ മുസ്ലിം സംവരണ തസ്തികയിലേയ്ക്കുള്ള നിയമനത്തിൽ തിരിമറി നടന്നു എന്നാണ് ആരോപണം ഉയർന്നത്. തങ്ങൾ നൽകിയ പട്ടിക അട്ടിമറിച്ചെന്നും മതിയായ യോഗ്യത ഇല്ലാത്ത ആൾക്ക് നിയമനം നൽകിയെന്നും കാണിച്ച് ഇന്റർവ്യൂ ബോർഡിൽ ഉണ്ടായിരുന്ന ഭാഷാ വിദഗ്ധരായ ഡോ.ടി. പവിത്രൻ, ഡോ. ഉമർ തറമ്മേൽ, ഡോ.കെ.എം. ഭരതൻ. എന്നിവർ വൈസ് ചാൻസിലർക്ക് നൽകിയ കത്ത് ഇന്ന് പുറത്തുവന്നിരുന്നു.