കണ്ണൂർ: കെ റെയിൽ പദ്ധതിയുടെ സർവേ കുറ്റികൾ പിഴുതെറിയുമെന്ന കെ പി സി സി പ്രസിഡന്റിന്റെ ആഹ്വാനം ക്രിമിനൽ കുറ്റമെന്ന് എം വി ജയരാജൻ. മാടായി പാറയിലെ സർവേ കല്ല് പിഴുതെറിയുന്നതിനുള്ള പ്രേരണയായതിന് കാരണം കെ പി സി സി പ്രസിഡന്റിന്റെ ആഹ്വാനമാണെന്നും കോൺഗ്രസും, ബിജെപിയും, ചേർന്നാണ് മാടായി പാറയിലെ സർവേ കല്ലുകൾ പിഴുതെറിഞ്ഞതെന്നും എം വി ജയരാജൻ വ്യക്തമാക്കി.സർവേ പോലും നടത്താൻ സമ്മതിക്കില്ല എന്നത് ജനങ്ങളോടുള്ള യുദ്ധപ്രഖ്യാപനമാണ്. കെ.റെയിൽ പാക്കേജ് ജനപക്ഷ പാക്കേജാണ്.

മട്ടന്നൂർ വിമാനത്താവള പാക്കേജിനേക്കാൾ മികച്ചതാണിത്. ഭൂവുടമകൾ പദ്ധതിയെ എതിർക്കുന്നില്ല. കീഴാറ്റൂർ സമരത്തിന് നേതൃത്വം കൊടുത്തവർ തന്നെയാണ് കെ റെയിലിനെതിരെ സമരം നടത്തുന്നത്. മാടായി പാറയിൽ കല്ല് നശിപ്പിച്ചവർക്കെതിരെ കേസെടുക്കണമെന്നും ജയരാജൻ ആവശ്യപ്പെട്ടു.കെ റെയിൽ കേരളത്തിന് അനിവാര്യമാണ്. പദ്ധതികളെ അന്ധമായി എതിർക്കുന്ന വികസന വിരുദ്ധരെ തിരിച്ചറിയണമെന്നും ജയരാജൻ പറഞ്ഞു. വികസന പദ്ധതികളെ തകർക്കാൻ ശ്രമിക്കുന്നവരെ ജനം ഒറ്റപ്പെടുത്തുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ നേരത്തെ പ്രതികരിച്ചിരുന്നു.

വികസനത്തെ തടസപ്പടുത്തുന്നവരെ ജനം ഒറ്റപ്പെടുത്തും. ഇത്തരം നടപടികളിൽ നിന്നും യുഡിഎഫ് പിന്തിരിയണം എന്നും കോടിയേരി ആവശ്യപ്പെട്ടു.സർവേ കല്ലുകൾ പിഴുതു മാറ്റിയാൽ കേരളത്തിൽ പദ്ധതി ഇല്ലാതാവില്ല. കേരളത്തിലെ കോൺഗ്രസിന് യുദ്ധം ചെയ്യാനുള്ള കെൽപ്പ് ഒന്നുമില്ല. യുദ്ധസന്നാഹമൊരുക്കുമെന്നത് വീരസ്യം പറച്ചിൽ മാത്രമാണെന്നും കെപിസിസി അധ്യക്ഷൻ കെ സുധാകരനുള്ള മറുപടിയായി കോടിയേരി വ്യക്തമാക്കി. കല്ലുകൾ പിഴുതു മാറ്റിയാൽ സർക്കാർ നിയമ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.