- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മലബാറിലേയും മധ്യ തിരുവിതാംകൂറിലേയും പരമ്പരാഗത വോട്ടുകൾ എൽഡിഎഫ് നിലനിർത്തും; മലപ്പുറത്തും മധ്യ കേരളത്തിലും ഉണ്ടാക്കുന്ന മുന്നേറ്റം യുഡിഎഫിന് അനുകൂലം; കോൺഗ്രസിന്റെ യുവ സ്ഥാനാർത്ഥി പട്ടിക ഇടതിന് തിരിച്ചടി; ബിജെപിക്ക് വേണ്ടത് ഡീലും; എൽഡിഎഫ്-49, യുഡിഎഫ്-45; ബലാബലം പ്രവചിച്ച് മാധ്യമം സർവ്വേ
തിരുവനന്തപുരം: തെരഞ്ഞെടുപ്പിൽ ഇരുമുന്നണികൾക്കും ഇഞ്ചോടിച്ച് മത്സരം പ്രവചിച്ച് മാധ്യമം ദിനപത്രത്തിന്റെ സർവ്വേ ഫലം. 140 സീറ്റിൽ 55 എണ്ണത്തിൽ ഒരാഴ്ച്ച മുമ്പ് വരെ ബലാബല പോരാട്ടമായിരുന്നുവെങ്കിൽ ഇപ്പോഴത് 47 മണ്ഡലങ്ങളിലായി ചുരുങ്ങിയെന്നും ബാക്കിവരുന്ന മണ്ഡലങ്ങളിൽ 49 സീറ്റിൽ ഇടത് മുന്നണിയും 45 മണ്ഡലങ്ങളിൽ യുഡിഎഫും വിജയിക്കുമെന്നാണ് സർവ്വേ ഫലം.
വടക്കൻ കേരളത്തിലെ 60 സീറ്റിൽ എൽഡിഎഫും യുഡിഎഫും തമ്മിൽ കടുത്ത മത്സരമാണ്. ഇരുമുന്നണികളും 23 സീറ്റിൽ വീതം വിജയിച്ചേക്കാമെന്ന് പറയുമ്പോഴും 14 സീറ്റിൽ ബലാബല മത്സരമാണ്. അതേസമയം തെക്കൻ കേരളം യുഡിഎഫ് അനുകൂലമാണ്. എൽഡിഎഫിന് 12, യുഡിഎഫ് 16, 6 സീറ്റിൽ ബലാബലം എന്നിങ്ങനെയാണ് സർവ്വേ പ്രവചനം.
മലബാറിലേയും മധ്യ തിരുവിതാംകൂറിലേയും പരമ്പരാഗത വോട്ടുകൾ എൽഡിഎഫ് നിലനിർത്തും. എന്നാൽ മലപ്പുറത്തും മധ്യ കേരളത്തിലും ഉണ്ടാക്കുന്ന മുന്നേറ്റം യുഡിഎഫിന് അനുകൂലമായിരിക്കും. കോൺഗ്രസിന്റെ യുവ സ്ഥാനാർത്ഥി പട്ടികയും ഇടതിന് വലിയ തിരിച്ചടിയാണ്. എതിരാളികൾക്ക് കടുത്ത മത്സരമാണ് ഇവിടെ നടക്കുന്നതെന്നും സർവ്വേയിൽ കണ്ടെത്തി.
വികസന നേട്ടങ്ങൾക്ക് തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ടത്തിൽ ലഭിച്ചത് പോലെയുള്ള സ്വീകാര്യത അതേ ഗതിയിൽ നിലനിർത്താൻ ഇടതിന് കഴിഞ്ഞിട്ടില്ല, മറി്ച്ച് തുടർച്ചയായുള്ള പ്രതിപക്ഷത്തിന്റെ ആരോപണങ്ങൾ സർക്കാരിന് വലുതല്ലാത്തൊരു മങ്ങൽ ഏൽപ്പിച്ചിട്ടുമുണ്ട്. 'ഡീൽ' നടപ്പായില്ലെങ്കിൽ ബിജെപിക്ക് അക്കൗണ്ടില്ലാത്തതാവും നിയമസഭ.
തിരുവനന്തപുരം: ആത്മവിശ്വാസത്തിൽ എൽ.ഡി.എഫ്; ഒപ്പംപിടിച്ച് യു.ഡി.എഫ്
ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുന്ന തലസ്ഥാന ജില്ലയിൽ പ്രചാരണത്തിൽ ഇടത് മുന്നണി ഒരുചുവട് മുന്നിലെങ്കിലും യു.ഡി.എഫ് നില മെച്ചപ്പെടുത്തും. നേമത്തെ കടുത്ത ത്രികോണ പോരാട്ടത്തിൽ എന്തും സംഭവിക്കാം. നിലവിലെ പത്ത് മണ്ഡലങ്ങൾ നിലനിർത്തുക ഇടതിന് ശ്രമകരമാണ്. സിറ്റിങ് സീറ്റിൽ പലതിലും വൻ വെല്ലുവിളി ഉയർത്താൻ യു.ഡി.എഫിനായി. ആകെ 14ൽ നാലിൽ ഇടതിനാണ് പ്രചാരണത്തിൽ മേൽക്കൈ. മൂന്നിൽ യു.ഡി.എഫിനും. അവശേഷിക്കുന്നവയിൽ കടുത്ത മത്സരം. എങ്ങോട്ടും ചരിയാം. മൂന്നിൽ ത്രികോണപ്പോര്. അവസാനവട്ട അടിയൊഴുക്കുകളും അന്തിമ ഫലത്തിൽ നിർണായകം.
ആറ്റിങ്ങൽ, ചിറയിൻകീഴ്, വർക്കല, നെയ്യാറ്റിൻകര മണ്ഡലങ്ങളിൽ ഇടതുപക്ഷത്തിന് വിശ്വാസക്കുറവില്ല. തിരുവനന്തപുരം, അരുവിക്കര, കോവളം യു.ഡി.എഫിനും. വട്ടിയൂർക്കാവും കഴക്കൂട്ടവും കാട്ടാക്കടയും നിലനിർത്താനാകുമെന്നാണ് ഇടത് വിശ്വാസം. നേമം, വാമനപുരം, നെടുമങ്ങാട്, പാറശാല മത്സരം കടുകട്ടി. കാട്ടാക്കടയിലും സ്ഥിതി ഇതാണ്. എങ്ങോട്ടും മറിയാം. നേമം, വർക്കല, വാമനപുരം, നെയ്യാറ്റിൻകര, പാറശാല, നെടുമങ്ങാട് മണ്ഡലങ്ങൾ പിടിച്ചെടുക്കുമെന്നാണ് യു.ഡി.എഫ് അവകാശവാദം. എന്നാൽ, നേമം പിടിക്കുമെന്നും മറ്റ് മണ്ഡലങ്ങൾ നല്ല ഭൂരിപക്ഷത്തിൽ നിലനിർത്തുമെന്നും ഇടതുപക്ഷം പറയുന്നു.
കേരളം ശ്രദ്ധിക്കുന്ന നേമം ആകെ സങ്കീർണമാണ്. മൂന്ന് കൂട്ടരും വിജയം അവകാശപ്പെടാൻ മൂന്നുതരത്തിലുള്ള സാധ്യതകൾ കണക്കുകൂട്ടിയിട്ടുണ്ട്. ന്യൂനപക്ഷ വോട്ടുകളുടെ ഗതി നിർണായകമാണ്. മുരളീധര!!െന്റ വരവോടെ മാറിമറിഞ്ഞ നേമത്ത് ആരും ജയിക്കാവുന്ന സ്ഥിതി. നിലനിർത്താനിറങ്ങിയ ബിജെപി വിയർക്കുന്നു.
ശക്തമായ ത്രികോണ മത്സരം നേമം, കഴക്കൂട്ടം, വട്ടിയൂർക്കാവ് മണ്ഡലങ്ങളിലാണ്. കഴക്കൂട്ടത്ത് ഇടത് ഉറപ്പിക്കുേമ്പാൾതന്നെ അവസാന റൗണ്ടിൽ യു.ഡി.എഫിന്റെ എസ്.എസ്. ലാൽ ഒപ്പംപിടിച്ചു. ബിജെപിയുടെ ശോഭ സുരേന്ദ്രനും സർവ അടവുകളുമെടുത്ത് രംഗത്തുണ്ട്. വട്ടിയൂർക്കാവിൽ സിറ്റിങ് എംഎൽഎ പ്രശാന്ത് വളരെ മുന്നിലായിരുന്നു. അവസാന റൗണ്ടിൽ യു.ഡി.എഫിന്റെ വീണ എസ്. നായരും ബിജെപിയുടെ വി.വി. രാജേഷും ശക്തമായ സാന്നിധ്യമായി. നേമം, കഴക്കൂട്ടം, വട്ടിയൂർക്കാവ് എന്നിവിടങ്ങളിൽ ആര് മൂന്നാം സ്ഥാനത്താകും എന്നത് ഫലത്തിൽ നിർണായകമാകും.
വാമനപുരത്തും പാറശാലയിലും അരുവിക്കരയിലും അപ്രതീക്ഷിതമായാണ് മത്സരം കടുത്തത്. സിറ്റിങ് എംഎൽഎമാർ ഇവിടെ കടുത്ത മത്സരം നേരിടുന്നു. തുടക്കത്തിൽ നെടുമങ്ങാട് മുന്നേറിയ സി.പി.െഎയുടെ ജി.ആർ. അനിലിനൊപ്പം പിടിക്കാൻ കോൺഗ്രസിലെ പി.എസ്. പ്രശാന്തിനായി. മുൻതൂക്കം തങ്ങൾക്കാണെന്നാണ് യു.ഡി.എഫ് വാദം. ഇടത് ഈസി വാക്കോവർ പ്രതീക്ഷിച്ച ചിറയിൻകീഴിൽ അവസാന ലാപ്പിൽ യു.ഡി.എഫ് കടുത്ത വെല്ലുവിളി ഉയർത്തുന്നു. വർക്കലയിലും സമാന സ്ഥിതിയുണ്ട്്. വാമനപുരം ഇടതിന് കടുത്തപോലെ യു.ഡി.എഫ് അരുവിക്കരയിൽ വെള്ളം കുടിക്കുകയാണ്.
രാഷ്ട്രീയ നിലപാടുകൾക്കനുസരിച്ച് ചായുന്നതാണ് തലസ്ഥാനത്തിന്റെ ജനവിധി. നിലവിലെ സർക്കാറിന്റെ നയനിലപാടുകൾ വോട്ടുകളിൽ പ്രതിഫലിക്കും. ജീവനക്കാരുടെ വോട്ടുകൾ ആറ് മണ്ഡലങ്ങളിൽ നിർണായകമാണ്. ഏഴ് തീരദേശ മണ്ഡലങ്ങളുണ്ട്. ആഴക്കടൽ വിവാദം അടക്കമുള്ളവ ഇവിടെ സ്വാധീനിക്കും. തികച്ചും രാഷ്ട്രീയ പോര് നടക്കുന്ന അഞ്ച് മണ്ഡലങ്ങളെങ്കിലുമുണ്ട്. ബിജെപിയുടെ വളർച്ച നേരത്തെയുണ്ടായിരുന്ന ശാക്തിക േചരികളിൽ വരുത്തിയ മാറ്റവുമുണ്ട്. വിവാദങ്ങളെല്ലാം ആഴത്തിൽ ചർച്ച ചെയ്താണ് ജില്ല വിധിയെഴുത്തിലേക്ക് കടക്കുന്നത്.
കൊല്ലം ഉറപ്പിക്കാൻ ഇടത്; തിരികെ വരാൻ യു.ഡി.എഫ്
തുടർഭരണത്തിന്റെ വിജയനക്ഷത്രം പ്രകാശിപ്പിക്കാൻ കാത്തിരിക്കുകയാണ് കൊല്ലത്തെ എൽ.ഡി.എഫ്. എന്നാൽ, തിരിച്ചുവരവിന്റെ കൈയടയാളം പതിപ്പിക്കാനുള്ള കാരണങ്ങൾ ഇത്തവണയുണ്ടെന്ന ഉറപ്പിലാണ് യു.ഡി.എഫ്. അവർക്കൊപ്പം, കഴിഞ്ഞ തവണ ഒരിടത്ത് കിട്ടിയ രണ്ടാം സ്ഥാനം ഒന്നിലേക്കുയർത്തണമെന്ന ആഗ്രഹം ബിജെപിക്കുമുണ്ട്. 2016ൽ പതിനൊന്നിൽ പതിനൊന്നും കിട്ടിയ ഇടതി!!െന്റ ആത്മവിശ്വാസം കുറക്കാൻ യു.ഡി.എഫിനായിട്ടുണ്ട്. ചിലതെങ്കിലും നഷ്ടപ്പെട്ടേക്കുമോയെന്ന ആശങ്കയും അവർക്കുണ്ട്.
കരച്ചിലും ബഹളവുമൊക്കെയായി, ഓടിത്തുടങ്ങാൻ പ്രയാസപ്പെട്ടെങ്കിലും ഇപ്പോൾ, കൊല്ലം റോഡിന്റെ വലതുവശത്ത് യു.ഡി.എഫുണ്ട്. ചിലയിടത്തെങ്കിലും ഇടതിന് ഒപ്പവും തൊട്ടടുത്തും തന്നെ. തുടർഭരണം, ഭരണത്തിലേക്കുള്ള തിരിച്ചുവരവ് ഇതുരണ്ടുമാണ്, എൽ.ഡി.എഫിനെയും യു.ഡി.എഫിനെയും പ്രചോദിപ്പിക്കുന്ന വികാരം. ഇത്തവണയും കൂടി കിട്ടിയാൽ, പിന്നെ എന്നും എന്ന് ഇടതുപക്ഷവും ഇപ്രാവശ്യമില്ലെങ്കിൽ, പിന്നെ ഒരിക്കലുമില്ല എന്ന് യു.ഡി.എഫും കരുതുന്നു. അതിനാൽ, തങ്ങളിലെ പിഴവുകൊണ്ട്, എതിരാളി മുന്നിൽ കയറരുതെന്ന ചിന്ത ഇരുകൂട്ടരും പ്രകടിപ്പിക്കുന്നു. അത് സത്യമെങ്കിൽ, അത്
തന്നെയാവും ഇരുകൂട്ടരുടെയും വിജയഘടകം. സ്ഥാനാർത്ഥികൾ ഇരുകൂട്ടർക്കും ഗുണവും ദോഷവുമായിട്ടുണ്ട്. തീരമേഖലയാണ് യു.ഡി.എഫിന്റെ പ്രതീക്ഷയുടെ ഒരു ഘടകം. നിലവിലെ പൂജ്യത്തിൽ നിന്നുയർന്ന്, നാല് സീറ്റുവരെ അവർ പ്രതീക്ഷിക്കുന്നു. കരുനാഗപ്പള്ളി, ചവറ, പിന്നെ കൊല്ലം, കുണ്ടറ, കുന്നത്തൂർ എന്നിവയെല്ലാം
കണക്കിൽപെടുന്നു. കൊട്ടാരക്കര, ചടയമംഗലം, പത്തനാപുരം എന്നിവിടങ്ങളിൽ നല്ല മത്സരമെന്നും വിലയിരുത്തുന്നു. യു.ഡി.എഫ് പറയുന്ന ചിലയിടങ്ങളിൽ നല്ല മത്സരമുണ്ടെന്ന് എൽ.ഡി.എഫും സമ്മതിക്കുന്നു. എന്നാൽ, അതൊന്നും തോൽവിക്കുള്ള കാരണമല്ല. കൂടുതൽ ജനങ്ങൾ അനുകൂലമാവുന്ന കാലത്ത്, തോൽവിയെക്കുറിച്ച് എന്തിന് ആശങ്കപ്പെടണമെന്നാണ് അവരുടെ ചോദ്യം. ബിജെപിയുടെ പ്രതീക്ഷ ചാത്തന്നൂരിലാണ്. അമിത് ഷാ വരെ അവിടെയെത്തി വോട്ടുചോദിച്ചു. അതേസമയം, മറ്റിടങ്ങളിൽ ബിജെപിയുടെ നിലപാട് ജയപരാജയങ്ങളെ നിർണയിക്കും. ബി.ഡി.ജെ.എസ് മത്സരിക്കുന്ന കുണ്ടറ, ഇരവിപുരം എന്നിവിടങ്ങളിൽ ബിജെപി മന്ദഗതിയിലാണ്.
മൂന്നു തെരഞ്ഞെടുപ്പുകളിലായി ഇടത് ആധിപത്യമാണിവിടെ. എന്നാൽ, യുഡി.എഫിന് പ്രവേശനമില്ലാത്തതല്ല ഒരിടവും. അതുപോലെ, കഴിഞ്ഞ നിയമസഭയിലുണ്ടായ ഇടതു മേൽക്കൈ ലോക്സഭയിൽ നഷ്ടമായി. എന്നാൽ, തദ്ദേശത്തിൽ ഇടത് അത് തിരിച്ചുപിടിച്ചു. ഇങ്ങനെ, മാറ്റങ്ങൾക്ക് വിധേയമാണ് ജില്ല. വിജയത്തിലേക്കെത്തുന്നുവെങ്കിൽ, സ്ഥാനാർത്ഥികളാവും യു.ഡി.എഫിന്റെ ഐശ്വര്യമായി മാറുക. എന്നാൽ, എൽ.ഡി.എഫിന്റെ ബലം അവരുടെ രാഷ്ട്രീയ പിൻബലമാണ്. അത് മറികടക്കാനായാലാണ് യു.ഡി.എഫിന് വിജയക്കൈ കൊടുക്കാനാവുക.
പത്തനംതിട്ടയിൽ എൽ.ഡി.എഫിന് അടിതെറ്റും; ഉറപ്പിക്കുന്നത് ഒന്ന് മാത്രം
ജില്ലയിൽ പ്രചാരണം അവസാന ലാപ്പിലേക്ക് എത്തുേമ്പാൾ ഇരുപക്ഷവും ആശങ്കയിൽ. അഞ്ച് മണ്ഡലങ്ങളും എൽ.ഡി.എഫിന്റെ സിറ്റിങ് സീറ്റുകളായിട്ടും ഇത്തവണ ഉറപ്പിക്കുന്നത് ഒന്ന് മാത്രം. തിരുവല്ല. ബാക്കി നാലിലും കടുത്ത മത്സരമാണ്. മത, ജാതി പ്രീണനത്തിലൂടെ അടിയൊഴുക്ക് സൃഷ്ടിക്കാനാണ് ഇരുപക്ഷവും അവസാന റൗണ്ടിൽ ശ്രമിക്കുന്നത്. ബിജെപി-സിപിഎം ഡീൽ ആരോപണവും ശബരിമലയുമാണ് ഏറ്റവും ചർച്ച ചെയ്യപ്പെട്ടത്. രണ്ടിലും എൽ.ഡി.എഫ് പ്രതിരോധത്തിലായി. അതിന്റെ മെച്ചം യു.ഡി.എഫിന് ലഭിച്ചു. സാമ്പത്തിക പ്രതിസന്ധിമൂലം പ്രചാരണപ്രവർത്തനം മെച്ചപ്പെടുത്താൻ യു.ഡി.എഫിനായില്ല.
ജില്ലയിൽ ബിജെപിക്ക് ഏറ്റവും കൂടുതൽ വോട്ടുള്ള ആറന്മുളയിൽ അവരുടെ പ്രാദേശിക നേതാവിനെ മത്സരത്തിനിറക്കിയതാണ് ഡീൽ ആരോപണത്തിനു കാരണമായത്. ബിജെപിക്ക് കുറയുന്ന വോട്ടുകൾ ആര് നേടുമെന്നത് മണ്ഡലത്തിലെ അടിയൊഴുക്കാവും. പാർലമെന്റ്, തദ്ദേശ തെരഞ്ഞെടുപ്പുകളിൽ യു.ഡി.എഫിനായിരുന്നു ആറന്മുളയിൽ മുൻതൂക്കം. ഇത്തവണയും യു.ഡി.എഫ് ഇവിടെ പ്രതീക്ഷ പുലർത്തുന്നു. സംവരണ മണ്ഡലമായ അടൂരിൽ ശക്തമായ ത്രികോണ മത്സരമാണ്. കഴിഞ്ഞ പാർലമെന്റ് തെരഞ്ഞെടുപ്പിൽ ഇവിടെ ബിജെപി രണ്ടാം സ്ഥാനത്തായിരുന്നു. യു.ഡി.എഫ് മൂന്നാം സ്ഥാനത്തും. തദ്ദേശ തെരഞ്ഞെടുപ്പിൽ ഒരു പഞ്ചായത്തിൽ മാത്രമാണ് യു.ഡി.എഫിന് ഭരണം ലഭിച്ചത്.
ഈ നിലയെല്ലാം മറികടക്കാൻ യു.ഡി.എഫിന് കഴിഞ്ഞു. എന്നിരുന്നാലും വിജയം പ്രവചനാതീതമാണ്. ഡീൽ ആരോപണത്തിൽപെട്ട കോന്നിയിൽ കെ.സുരേന്ദ്രൻ മൂന്നാം സ്ഥാനത്താണ്. കോൺഗ്രസിലെ പടലപ്പിണക്കം വോട്ടെടുപ്പിൽ പ്രതിഫലിച്ചാൽ ഇവിടെ എൽ.ഡി.എഫിനാകും വിജയം. അതുണ്ടാവില്ലെന്നാണ് ലഭിക്കുന്ന വിവരം.
25 വർഷമായി സിപിഎമ്മിന്റെ സിറ്റിങ് സീറ്റായ റാന്നിയിൽ ഇത്തവണ കേരള കോൺഗ്രസ്(എം) നേതാവ് ആലപ്പുഴക്കാരനായ നായർ സമുദായാംഗമാണ് എൽ.ഡി.എഫ് സ്ഥാനാർത്ഥി. 'വരത്തൻ' വാദമുയർത്തി മുന്നേറാൻ യു.ഡി.എഫിന് കഴിഞ്ഞു. യു.ഡി.എഫിന് നേരിയ സാധ്യത കൽപിക്കപ്പെടുന്നു. തിരുവല്ലയിൽ പ്രധാന മത്സരം എൽ.ഡി.എഫും യു.ഡി.എഫും തമ്മിലാണ്. കാൽ നൂറ്റാണ്ടായി എംഎൽഎയായി തുടരുന്ന ജനതാദളിലെ മാത്യു ടി. തോമസ് മണ്ഡലം നിലനിർത്താനാണ് സാധ്യത.
ഇടുക്കി; ബലാബലത്തിന്റെ പവർഹൗസ്
തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ പൊരിവെയിലും വിവാദങ്ങളുടെ പെരുമഴയും ചേർന്നതാണ് ഇപ്പോൾ ഇടുക്കിയുടെ രാഷ്ട്രീയ കാലാവസ്ഥ. അതിലെ ചില അപ്രതീക്ഷിത മാറ്റങ്ങൾ മുന്നണികൾക്ക് ഒന്നുപോലെ ആശങ്കയും പ്രതീക്ഷയുമാണ്. തൊടുപുഴ നീന്തിക്കയറാമെന്ന് യു.ഡി.എഫും ഉടുമ്പൻേചാലയിൽ വിജയത്തിന്റെ നീരാട്ട് എൽ.ഡി.എഫും ഉറപ്പിക്കുേമ്പാൾ കലങ്ങിനിൽക്കുന്ന ദേവികുളവും വിജയിക്കാൻ കൂടുതൽ കയറേണ്ട പീരുമേടും പോരാട്ടത്തിന്റെ പവർഹൗസായി മാറിയ ഇടുക്കിയും ആർക്കൊപ്പം നിൽക്കുമെന്നാണ് മലയോര ജില്ല ഉറ്റുനോക്കുന്നത്.
2016ൽ ജില്ലയിലെ അഞ്ച് മണ്ഡലങ്ങളിൽ ഉടുമ്പൻചോലയും പീരുമേടും ദേവികുളവും എൽ.ഡി.എഫിന്റെയും ഇടുക്കിയും തൊടുപുഴയും യു.ഡി.എഫിന്റെയും ഒപ്പമായിരുന്നു. ഇടുക്കിയിൽ യു.ഡി.എഫ് സ്ഥാനാർത്ഥിയായി വിജയിച്ച കേരള കോൺഗ്രസ്-എമ്മിലെ റോഷി അഗസ്റ്റിൻ പിന്നീട് എൽ.ഡി.എഫിലെത്തി. 15 വർഷമായി കോൺഗ്രസിന് എം.എൽ.ഇ ഇല്ലാത്ത ജില്ലകൂടിയാണ് ഇടുക്കി. പ്രചാരണം അന്തിമഘട്ടത്തിൽ എത്തിനിൽക്കെ തൊടുപുഴയിലും പീരുമേട്ടിലും യു.ഡി.എഫിനും ഉടുമ്പൻചോലയിലും ദേവികുളത്തും എൽ.ഡി.എഫിനുമാണ് മുൻതൂക്കം.
ഇടുക്കിയിൽ സ്ഥിതി പ്രവചനാതീതമാണ്. തൊടുപുഴയിൽ ഒമ്പതുതവണ വിജയിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് യു.ഡി.എഫ് സ്ഥാനാർത്ഥി പി.ജെ. ജോസഫ്. ഇദ്ദേഹത്തിന്റെ പഴയ സഹയാത്രികൻ കേരള േകാൺഗ്രസ്-എമ്മിലെ പ്രഫ. കെ.െഎ. ആന്റണിയാണ് എതിരാളി. കോവിഡ് പിടികൂടിയത് ഇരുവരുടെയും പ്രചാരണത്തെ തെല്ലൊന്ന് ബാധിച്ചു. എൽ.ഡി.എഫ് പിന്തുണ കൂടിയായപ്പോൾ മത്സരം കടുപ്പിക്കാൻ ആന്റണിക്ക് കഴിഞ്ഞു. എങ്കിലും, യു.ഡി.എഫിനാണ് വ്യക്തമായ മുൻതൂക്കം. 2016ൽ സംസ്ഥാനത്തെ ഏറ്റവും ഉയർന്ന ഭൂരിപക്ഷം സ്വന്തമാക്കിയ ജോസഫിന് ഇത്തവണ അത് കുറഞ്ഞേക്കും.
കഴിഞ്ഞതവണ മത്സരിച്ച റോഷി അഗസ്റ്റിനും അഡ്വ. കെ. ഫ്രാൻസിസ് ജോർജും മുന്നണി മാറി ഏറ്റുമുട്ടുന്ന ഇടുക്കിയിൽ ആദ്യഘട്ടത്തിൽ എൽ.ഡി.എഫിന് മുൻതൂക്കമുണ്ടായിരുന്നെങ്കിലും ഒടുവിൽ മത്സരം കടുത്തു. രാഹുൽ ഗാന്ധിക്കെതിരായ ജോയ്സ് ജോർജിന്റെ വിവാദ പ്രസ്താവന തിരിച്ചടിയാകുമോ എന്ന ആശങ്ക എൽ.ഡി.എഫിനുണ്ട്. 2001 മുതൽ തുടർച്ചയായി തന്നെ വിജയിപ്പിക്കുന്നവർ മുന്നണി മാറിയാലും മണ്ഡലത്തിലെ വികസന പ്രവർത്തനങ്ങൾ വിലയിരുത്തി ഒപ്പം നിൽക്കുമെന്നാണ് റോഷിയുടെ പ്രതീക്ഷ. രണ്ടു തവണ ഇടുക്കിയിൽനിന്ന് എംപിയാകാൻ കഴിഞ്ഞതും 10ൽ ഒമ്പത് തെരഞ്ഞെടുപ്പിലും യു.ഡി.എഫിനെ വിജയിപ്പിച്ച മണ്ഡലത്തിന്റെ രാഷ്ട്രീയ സ്വഭാവവും ഫ്രാൻസിസ് അനുകൂല ഘടകമായി കാണുന്നു.
15 വർഷമായി എൽ.ഡി.എഫ് കൈവശം വെച്ചിരിക്കുന്ന ദേവികുളത്ത് പുതുമുഖങ്ങളായ ഡി. കുമാറും (കോൺഗ്രസ്) എ. രാജയുമാണ് (സിപിഎം) ഏറ്റുമുട്ടുന്നത്. തോട്ടം മേഖലയിൽ താഴേക്കിടയിലുള്ള വ്യക്തിബന്ധങ്ങൾ കുമാറും യുവത്വവും മണ്ഡല വികസനവും രാജയും നേട്ടമായി വിലയിരുത്തുന്നു. ഇവിടെ എൽ.ഡി.എഫിന് നേരിയ മുൻതൂക്കം പറയാം. കഴിഞ്ഞതവണ 1109 വോട്ടിന് മാത്രം ജയിച്ച മന്ത്രി എം.എം. മണി ഇക്കുറി ഉടുമ്പൻചോലയിൽ ചരിത്രവിജയം നേടുമെന്നാണ് എൽ.ഡി.എഫ് അവകാശവാദം. 2001ൽ കൈവിട്ട മണ്ഡലം ഇ.എം. ആഗസ്തിയിലൂടെ തിരിച്ചുപിടിക്കാനാണ് യു.ഡി.എഫ് ശ്രമം.
എന്നാൽ, എൽ.ഡി.എഫിന് വ്യക്തമായ മേൽക്കൈ മണ്ഡലത്തിൽ പ്രകടമാണ്. അതേസമയം, ജോയ്സിന്റെ രാഹുൽ വിരുദ്ധ പ്രസ്താവന ഇവിടെയും ചർച്ചയാകുന്നുണ്ട്. കഴിഞ്ഞതവണ 314 വോട്ടിനാണ് പീരുമേട്ടിൽ സി.പി.െഎയുടെ ഇ.എസ്. ബിജിമോൾ കോൺഗ്രസിന്റെ സിറിയക് തോമസിനെ തോൽപിച്ചത്. ഇത്തവണ സി.പി.െഎയുടെ വാഴൂർ സോമനും സിറിയക് തോമസും തമ്മിലാണ് മത്സരം. തോട്ടം മേഖലയായ ഇവിടെ യു.ഡി.എഫിനാണ് ഇത്തവണ മുൻതൂക്കം.
കോട്ടയം: പ്രതീക്ഷയിൽ ഇടതുമുന്നണി; അതിജീവന പോരാട്ടവുമായി യു.ഡി.എഫ്
പുതിയ രാഷ്ട്രീയ സമവാക്യങ്ങൾ തദ്ദേശ തെരഞ്ഞെടുപ്പിലുണ്ടാക്കിയ മുന്നേറ്റം നിയമസഭ തെരഞ്ഞെടുപ്പിലും ആവർത്തിക്കുമെന്ന പ്രതീക്ഷയിൽ ഇടതുമുന്നണി. സഭകളുടെയും സമുദായ സംഘടനകളുടെയും പിന്തുണയിൽ അതിജീവന പോരാട്ടവുമായി യു.ഡി.എഫും. ചുവപ്പിലേക്ക് ചുവടുമാറ്റിയ കേരള കോൺഗ്രസിലൂടെ വലതുകോട്ടയെ വലിച്ചടുപ്പിക്കാൻ കഴിഞ്ഞാൽ േകാട്ടയം ഇത്തവണ ഇടതിന് തണൽവിരിച്ചാലും അത്ഭുതപ്പെടാനില്ല. എന്നാൽ, ജോസ് കെ. മാണി ഉയർത്തിയ ലൗ ജിഹാദ് വിവാദവും പാലാ നഗരസഭയിലെ കേരള കോൺഗ്രസ്-സിപിഎം തമ്മിൽത്തല്ലും അഴിമതി ആരോപണങ്ങളും തിരിച്ചടിയായാൽ ഇടത് കണക്കുകൾ പിഴച്ചേക്കാം. അവസാന ലാപ്പിൽ ഒമ്പത് മണ്ഡലങ്ങളും കടുത്ത മത്സരത്തിലേക്ക് മാറിക്കഴിഞ്ഞു. യു.ഡി.എഫിന് വ്യക്തമായ മേൽക്കൈ രണ്ടിടത്ത്-പുതുപ്പള്ളിയിലും കോട്ടയത്തും.
വൈക്കവും ഏറ്റുമാനൂരും കാഞ്ഞിരപ്പള്ളിയും ചങ്ങനാശ്ശേരിയും ഇടത് ചേർത്തുവെക്കുന്നു. കടുത്തുരുത്തിയിൽ യു.ഡി.എഫിന് നേരിയ മുൻതൂക്കം. പാലായും പൂഞ്ഞാറും ബലാബലത്തിലും. ഇവിടെ ഇരുമുന്നണികളും വിജയം അവകാശപ്പെടുന്നുണ്ടെങ്കിലും അട്ടിമറി നടന്നില്ലെങ്കിൽ വിജയം ഇടതുമുന്നണിക്കുതന്നെ. പാലായിൽ ജോസ് െക. മാണിയും മാണി സി. കാപ്പനും തമ്മിലെ പോരാട്ടം നിർണായകമാണ്. സീറ്റ് നിഷേധിച്ചതിന് തലമുണ്ഡനം ചെയ്ത് പ്രതിഷേധിച്ച മഹിള കോൺഗ്രസ് മുൻ സംസ്ഥാന അധ്യക്ഷ ലതിക സുഭാഷ് ഏറ്റുമാനൂരിൽ കാര്യമായ ഭീഷണി ഉയർത്തുന്നില്ലെങ്കിലും അവർ പിടിക്കുന്ന വോട്ടിനെ ആശ്രയിച്ചാകും കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിലെ പ്രിൻസ് ലൂക്കോസിന്റെ വിധിനിർണയം. ഇവിടെ ഇടത് മുന്നണി സ്ഥാനാർത്ഥി വി.എൻ. വാസവനും.
കാഞ്ഞിരപ്പള്ളിയിൽ യു.ഡി.എഫിന്റെ ജോസഫ് വാഴക്കനും ഇടത് സ്ഥാനാർത്ഥി സിറ്റിങ് എംഎൽഎ ഡോ. എൻ. ജയരാജും പൊരിഞ്ഞ പോരിൽ. ബിജെപി സ്ഥാനാർത്ഥി അൽഫോൻസ് കണ്ണന്താനം ഇവിടെ ശക്തമായ മുന്നേറ്റം നടത്തുന്നുണ്ട്. ബിജെപിയുടെ എ ക്ലാസ് മണ്ഡലങ്ങളിലൊന്നാണിത്. കോട്ടയത്ത് യു.ഡി.എഫിലെ തിരുവഞ്ചൂർ രാധാകൃഷ്ണെ നേരിടുന്നത് ഇടതു മുന്നണിയുടെ കെ. അനിൽകുമാറാണ്. ഇവിടെയും കടുത്ത മത്സരമാണ്. പി.സി. ജോർജ് സ്വതന്ത്രനായി എത്തിയതോടെ പൂഞ്ഞാറിൽ ചതുഷ്കോണ മത്സരം. കോട്ടയം ജില്ല പഞ്ചായത്ത് മുൻ പ്രസിഡന്റ് കേരള കോൺഗ്രസ്-എമ്മിലെ സെബാസ്റ്റ്യൻ കുളത്തുങ്കലും കെപിസിസി ജനറൽ സെക്രട്ടറി ടോമി കല്ലാനിയും മുഖ്യ എതിരാളികൾ.
ഇടതു മുന്നണിക്ക് അനുകൂല സാധ്യത പലതുണ്ടെങ്കിലും ജോർജിന്റെ ഒറ്റയാൻ നീക്കം തള്ളാനാവില്ല. പുതുപ്പള്ളിയിൽ പോരാട്ടം 2016െന്റ തനിയാവർത്തനം.12ാം മത്സരത്തിൽ ഉമ്മൻ ചാണ്ടിയെ ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ജെയ്ക് സി. തോമസ് നേരിടുന്നു. ഇരു കേരള കോൺഗ്രസുകളും നേർക്കുനേർ ഏറ്റുമുട്ടുന്ന ചങ്ങനാശ്ശേരിയിലും കടുത്തുരുത്തിയിലും കടുത്ത മത്സരം. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ഒന്നിച്ചുനിന്നവർ ഇപ്പോൾ രണ്ടു മുന്നണിയിലായി പോരടിക്കുന്നു. കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിലെ മോൻസ് ജോസഫും ജോസ് വിഭാഗത്തിലെ സ്റ്റീഫൻ ജോർജും കടുത്തുരുത്തിയിലും ജോസഫ് പക്ഷത്തെ വി.ജെ. ലാലിയും ജോസ് വിഭാഗത്തിലെ ജോബ് മൈക്കിളും ചങ്ങനാശ്ശേരിയിലും ഏറ്റുമുട്ടുന്നു.
കടുത്തുരുത്തിയിൽ യു.ഡി.എഫിന് നേരിയ മുൻതൂക്കം. ചങ്ങനാശ്ശേരിയിൽ എൽ.ഡി.എഫിന് നേരിയ മുൻതൂക്കം. മൂന്ന് വനിതകൾ മത്സരിക്കുന്ന സംസ്ഥാനത്തെ ഏക മണ്ഡലമാണ് വൈക്കം. എൽ.ഡി.എഫിൽ സിപിഐയിലെ സിറ്റിങ് എംഎൽഎ സി.കെ. ആശയും യു.ഡി.എഫിൽ കോൺഗ്രസിലെ ഡോ. പി.ആർ. സോനയും ബിജെപിയിലെ അജിത സാബുവുമാണ് സ്ഥാനാർത്ഥികൾ. ഇടത് പാരമ്പര്യത്തിനൊപ്പം ഇത്തവണയും വൈക്കം നിലയുറപ്പിക്കാം.
ആലപ്പുഴ: ചെങ്ങന്നൂരും മാവേലിക്കരയും എൽ.ഡി.എഫിന് ഉറപ്പ്, ഹരിപ്പാട് യു.ഡി.എഫിനും
തുടർഭരണ സാധ്യത ചർച്ചയാകുന്ന വേളയിൽ ആലപ്പുഴയിലെ എൽ.ഡി.എഫ് മേൽക്കോയ്മയിൽ ഇടിവ് തട്ടുമോയെന്നാണ് കേരളം ഉറ്റുനോക്കുന്നത്. മൂന്ന് മന്ത്രിമാരെ മാറ്റിയതും ആർ.എസ്.എസ് സൈദ്ധാന്തികൻ ഉയർത്തിയ സിപിഎം-ബിജെപി 'ഡീൽ'വിവാദവും പശ്ചാത്തലമായ ജില്ലയിൽ 7:2 എന്ന എൽ.ഡി.എഫ് -യു.ഡി.എഫ് അനുപാതത്തിൽ എന്തു മാറ്റം സംഭവിക്കുമെന്ന് പ്രവചിക്കാൻ കഴിയാത്തവിധം മത്സരം കടുത്തതാണ്.
ജി. സുധാകരനും തോമസ് ഐസക്കും പി. തിലോത്തമനും മത്സരരംഗത്ത് ഉണ്ടായിരുന്നുവെങ്കിൽ ജില്ലയൊട്ടാകെ എൽ.ഡി.എഫ് മുന്നേറ്റമുണ്ടാകുമായിരുന്നുവെന്ന കാര്യം തീർച്ച. നിലവിൽ ചെങ്ങന്നൂരും മാവേലിക്കരയും എൽ.ഡി.എഫിനും ഹരിപ്പാട് യു.ഡി.എഫിനും ഉറപ്പിച്ച് പറയാനാകും. ചെങ്ങന്നൂരിൽ കോൺഗ്രസിനെ മൂന്നാം സ്ഥാനത്തേക്ക് തള്ളി ബിജെപി രണ്ടാമത് എത്താനുമിടയുണ്ട്. പ്രതിപക്ഷ നേതാവിന്റെ മണ്ഡലത്തിൽ ബിജെപി ശക്തമാണ്. സിപിഐയിലെ സജിലാലിന്റെ രാഷ്ട്രീയ വോട്ടുകൾ കൂടിയാകുേമ്പാൾ രമേശ് ചെന്നിത്തലയുടെ ഭൂരിപക്ഷം കുറയാനാണ് സാധ്യത.
അമ്പലപ്പുഴയിൽ എച്ച്. സലാമിന്(സിപിഎം) വെല്ലുവിളി ഉയർത്തി ഡി.സി.സി പ്രസിഡന്റ് എം. ലിജുവിന് മുന്നേറാനായിട്ടുണ്ട്. സമാനമാണ് ആലപ്പുഴയിൽ പി.പി. ചിത്തരഞ്ജനും(സിപിഎം) ഡോ.കെ.എസ്. മനോജും(കോൺ) തമ്മിലെ മത്സരവും. ചേർത്തലയിൽ എസ്. ശരത്തിനോട് ഏറ്റുമുട്ടാൻ പി. പ്രസാദ്(സിപിഐ) നന്നേ കിതക്കുന്നുണ്ട്. കായംകുളത്ത് സിറ്റിങ്ങ് എംഎൽഎ യു. പ്രതിഭക്ക് (സിപിഎം)ശക്തമായ പ്രതിരോധം തീർക്കാൻ അരിത ബാബു(കോൺ)വിനായി.
അരൂരിൽ സിറ്റിങ് എംഎൽഎ ഷാനിമോൾ ഉസ്മാനും( കോൺ) ദെലീമയും(സിപിഎം) തമ്മിൽ പൊരിഞ്ഞ പോരാട്ടം. കുട്ടനാട്ടിൽ ആദ്യം മുന്നിട്ടുനിന്ന യു.ഡി.എഫിലെ ജേക്കബ് എബ്രഹാമിനെ(കേരള കോൺ ജോസഫ്) അവസാന ലാപ്പിൽ പിന്നിലാക്കാൻ എൽ.ഡി.എഫിലെ തോമസ് കെ. തോമസ് (എൻ.സി.പി) സർവ കളിയും കളിക്കുന്നുണ്ട്. പതിനൊന്നാം മണിക്കൂറിൽ സിപിഐ വിട്ട തമ്പി മേട്ടുതറക്ക് (ബി.ഡി.ജെ.എസ്) ഇവിടെ കഴിഞ്ഞ തവണത്തെ സുഭാഷ് വാസുവിന്റെ പ്രകടനം കാഴ്ചവെക്കാനാകുമോയെന്ന് കണ്ടറിയണം.
എറണാകുളം വലത്തോട്ടു തന്നെ
യു.ഡി.എഫിന്റെ ഉരുക്കുകോട്ടയായ എറണാകുളത്ത് ഇത്തവണയും അത്ഭുതങ്ങൾക്ക് ഇടമില്ല. ക്രൈസ്തവ സഭകളും എംഎൽഎമാരുടെ മികവും പ്രധാന ചർച്ചാവിഷയമായ ജില്ലയിൽ വിജയ സാധ്യതയില്ലാത്ത മണ്ഡലങ്ങളിലും ട്വന്റി ട്വന്റിയാണ് സജീവ ചർച്ച. ബിജെപിയും ട്വന്റി ട്വന്റിയും അപ്രതീക്ഷിതമായി പിടിക്കുന്ന വോട്ടുകൾ മാത്രമല്ല, പ്രതീക്ഷിച്ച വോട്ട് പിടിക്കാതിരിക്കുന്നതും അഞ്ച് മണ്ഡലങ്ങളിലെങ്കിലും നിർണായകമാവും.
യാക്കോബായ സഭക്ക് സ്വാധീനമുള്ള അങ്കമാലി, പെരുമ്പാവൂർ, കോതമംഗലം, മൂവാറ്റുപുഴ, കുന്നത്തുനാട്, പിറവം തുടങ്ങി ആറ് മണ്ഡലങ്ങൾ ജില്ലയിലുണ്ട്. എറണാകുളം, കൊച്ചി, വൈപ്പിൻ, പറവൂർ മണ്ഡലങ്ങളിൽ ലാറ്റിൻ കാത്തലിക് വോട്ടുകൾ നിർണായകമാണ്. സർക്കാറിന്റെ ഭരണ നേട്ടങ്ങളും കോട്ടങ്ങളും മറ്റ് ഘടകങ്ങളും അനുകൂലമായാൽ സഭയുടെ േവാട്ടുകൂടി ലഭിച്ചാൽ വിജയം ഉറപ്പെന്നതാണ് അവസ്ഥ. എറണാകുളം മണ്ഡലത്തിൽ സഭക്കു കൂടി സ്വീകാര്യനായ സ്ഥാനാർത്ഥിയെ രംഗത്തിറക്കി എൽ.ഡി.എഫിന് പതിവില്ലാത്തവിധം മത്സരവീര്യമുണ്ടാക്കാനായിട്ടുണ്ടെങ്കിലും വിജയത്തിലെത്തുമെന്ന് സൂചനയില്ല. തൃക്കാക്കരയിൽ പി.ടി തോമസ് എന്ന കരുത്തനായ യു.ഡി.എഫ് സ്ഥാനാർത്ഥിയെ തളക്കാൻ ആദ്യഘട്ടത്തിൽ കഴിഞ്ഞെങ്കിലും എൽ.ഡി.എഫിലെ പുതുമുഖം ഡോ. ജെ. ജേക്കബിന് അതിലപ്പുറം പോകാൻ കഴിയുമോയെന്ന് കണ്ടറിയണം.
ആലുവയിൽ മുൻ യു.ഡി.എഫ് എംഎൽഎയുടെ മക!!െന്റ ഭാര്യയെ സ്ഥാനാർത്ഥിയാക്കി ഞെട്ടിച്ച ഇടതു മുന്നണിക്ക് പക്ഷേ വിജയം അത്ര അടുത്തല്ല. യാക്കോബായ സഭയുടെ വോട്ട് ഇടത്തേക്ക് ചാഞ്ഞാലും പിറവം കോട്ട പൊട്ടിച്ച് യു.ഡി.എഫിലെ അനൂപ് ജേക്കബിനെ പരാജയപ്പെടുത്താൻ പ്രയാസമാണ്. കേരള കോൺഗ്രസ് മാണി ഗ്രൂപ്പിന്റെ സിന്ധുമോൾ ജേക്കബാണ് എൽ.ഡി.എഫ് സ്ഥാനാർത്ഥി. പുതുമുഖമായ എൽ.ഡി.എഫിലെ എം ടി. നിക്സൻ ശക്തനായ എതിരാളിയാണെങ്കിലും പറവൂരിൽ വി.ഡി സതീശന് വെല്ലുവിളിയായിട്ടില്ല. ഫലം പ്രവചിക്കാനാവാത്ത വിധം കടുത്ത പോരാട്ടമാണ് ജനതാദളിലെ ജോസ് തെറ്റയിലും നിലവിലെ എംഎൽഎ റോജി എം. ജോണും തമ്മിൽ അങ്കമാലിയിൽ. കേരള കോൺഗ്രസ് എം സ്ഥാനാർത്ഥി വെല്ലുവിളി ഉയർത്തുന്ന പെരുമ്പാവൂരിൽ വിജയിക്കാൻ യു.ഡി.എഫിന്റെ എൽദോസ് കുന്നപ്പിള്ളിക്ക് ജനപ്രിയ എംഎൽഎ പ്രതിച്ഛായ മാത്രം മതിയാവില്ല. യാക്കോബായ, കാത്തലിക് വോട്ടുകൾ നിർണായകമാണിവിടെ.
യാക്കോബായ വോട്ടുകൾ നിർണായകമായ മൂവാറ്റുപുഴയിൽ നിലവിലെ എൽ.ഡി.എഫ് എംഎൽഎയുടെ വികസന നേട്ടവും കോട്ടവും പ്രധാന ചർച്ച വിഷയമാണ്. യു.ഡി.എഫ് തികഞ്ഞ വിജയപ്രതീക്ഷയിലാണ്. കഴിഞ്ഞ തവണത്തെപോലെ യാക്കോബായ വോട്ടുകളുടെ വിഹിതവും മികച്ച എംഎൽഎ എന്ന പ്രതിച്ഛായയും ജനകീയതയും ചേർന്നാൽ കോതമംഗലത്ത് എൽ.ഡി.എഫിന് ജയിച്ചുകയറാമെങ്കിലും നാട്ടുകാരൻ തന്നെയായ യു.ഡി.എഫ് എതിരാളിക്കും വിജയത്തിലേക്കുള്ള ദൂരം തുല്യം. ധീവരനായ എൻ.ഡി.എ സ്ഥാനാർത്ഥിക്ക് പോേയക്കാവുന്ന ഇടത് വോട്ടുകളാണ് വിജയം ഉറപ്പിക്കുേമ്പാഴും വൈപ്പിനിൽ എൽ.ഡി.എഫിനെ ആശങ്കപ്പെടുത്തുന്നത്. നിലവിലെ ഇടത് എംഎൽഎ മത്സരിക്കുന്ന െകാച്ചി മണ്ഡലത്തിൽ മൂന്നാം കക്ഷികൾ പിടിക്കുന്ന വോട്ടും അടിയൊഴുക്കുകളുമാവും വിധി നിർണയിക്കുക. കോവിഡ് സ്ഥിരീകരിച്ചതോടെ യു.ഡി.എഫ് സ്ഥാനാർത്ഥി ടോണി ചമ്മിണി പ്രചാരണത്തിൽനിന്ന് വിട്ടു നിൽക്കുകയാണ്.
തെരഞ്ഞെടുപ്പ് ചൂടിൽ തിളച്ചുമറിയുന്ന കളമശ്ശേരിയെന്ന യു.ഡി.എഫ് കോട്ട ഇളക്കിമറിക്കാൻ എൽ.ഡി.എഫിന് കഴിഞ്ഞിട്ടുണ്ട്. അട്ടിമറിയും അടിയൊഴുക്കുകളും പ്രതീക്ഷിക്കുന്ന മണ്ഡലത്തിലെ വിധിയറിയാൻ വോട്ടെണ്ണൽ വരെ കാത്തേ പറ്റൂ. ശക്തമായ ത്രികോണ മത്സരത്തിന് വേദിയായ കുന്നത്തുനാട്ടിൽ ട്വന്റി ട്വന്റി പിടിക്കുന്ന വോട്ടുകളും കടുത്ത മത്സരം നടക്കുന്ന തൃപ്പൂണിത്തുറയിൽ ബിജെപി വോട്ടുകളുമാവും വിജയഗതി നിർണയിക്കുക. കഴിഞ്ഞ തവണ 29,000 ലേറെ വോട്ടുകൾ നേടിയ ബിജെപിക്ക് അത് നിലനിർത്താനാവാതെ വരുകയും യു.ഡി.എഫിൽ പ്രതീക്ഷിക്കുന്ന അടിയൊഴുക്കുകൾക്ക് തടയിടാനും കഴിഞ്ഞാൽ വിജയം യു.ഡി.എഫിനൊപ്പമാകും.
എറണാകുളം, ആലുവ, പറവൂർ, അങ്കമാലി, പിറവം, തൃക്കാക്കര മണ്ഡലങ്ങളിൽ യു.ഡി.എഫ് നേരിയ മുൻതൂക്കം പുലർത്തുേമ്പാൾ വൈപ്പിൻ, കൊച്ചി, കോതമംഗലം എന്നിവിടങ്ങളിൽ എൽ.ഡി.എഫിനാണ് മേൽെക്കെ. കളമശ്ശേരി, കുന്നത്തുനാട്, തൃപ്പൂണിത്തുറ, മൂവാറ്റുപുഴ, പെരുമ്പാവൂർ മണ്ഡലങ്ങൾ പ്രവചനാതീതം. എങ്കിലും നിശ്ശബ്ദ വോട്ടർമാരുടെ തീരുമാനവും അടിയൊഴുക്കുകളുമാകും അന്തിമ വിധി നിർണയിക്കുക.
തൃശൂരിൽ എൽ.ഡി.എഫിന് മുൻതൂക്കം
ഒന്നിനെതിരെ പന്ത്രണ്ട്. ഇതായിരുന്നു 2016ലെ അവസ്ഥ. ജില്ല മുഴുവൻ എൽ.ഡി.എഫിന് സമ്മാനിച്ചെന്ന നാണക്കേടിൽനിന്ന് യു.ഡി.എഫിനെ ചെറുതായൊന്ന് ആശ്വസിപ്പിച്ചത് വെറും 43 വോട്ടിന്റെ ഭൂരിപക്ഷത്തിന് അനിൽ അക്കര വടക്കാഞ്ചേരി സീറ്റ് നേടിയതാണ്. 2019 ലോക്സഭ തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് സംപൂജ്യം. തദ്ദേശ തെരഞ്ഞെടുപ്പിൽ യു.ഡി.എഫിനെ തറപറ്റിച്ച് എൽ.ഡി.എഫിന്റെ ഗംഭീര തിരിച്ചുവരവ്. ഇതിന്റെ ബലത്തിൽ നിയമസഭ തെരഞ്ഞെടുപ്പിന് ഇറങ്ങിയ എൽ.ഡി.എഫിന്റെ ആത്മവിശ്വാസത്തിനും ആവേശത്തിനും അണകെട്ടിയിരിക്കുകയാണ് അവസാന ലാപ്പിൽ യു.ഡി.എഫ്. എൽ.ഡി.എഫിൽനിന്ന് ചില മണ്ഡലങ്ങൾ പിടിച്ചെടുക്കാവുന്ന പോരാട്ടമാണ് യു.ഡി.എഫ് കാഴ്ചവെക്കുന്നത്.
മന്ത്രി എ.സി. മൊയ്തീൻ മത്സരിക്കുന്ന കുന്നംകുളത്ത് കെ. ജയശങ്കർ എന്ന യുവാവ് കോൺഗ്രസുകാരുടെ ആവേശമായിട്ടുണ്ട്. എ.സി. മൊയ്തീൻ ഉറച്ച പാർട്ടി വോട്ടുകൾക്കപ്പുറത്തേക്ക് കടന്നുകയറിയിട്ടുണ്ട്. ബിജെപിയിലെ അനീഷ് കുമാർ പിടിക്കുന്ന വോട്ടും അതിൽ വരുന്ന ചോർച്ചയും നിർണായകം. മൊയ്തീൻ കടുത്ത വെല്ലുവിളി നേരിടുന്നു. കെ. രാധാകൃഷ്ണനിലൂടെ ചേലക്കര സിപിഎം നിലനിർത്താനാണ് സാധ്യത. കോൺഗ്രസിലെ സി.സി. ശ്രീകുമാറും സ്വാധീനം വിപുലപ്പെടുത്തിയിട്ടുണ്ട്. വോട്ട് കൂട്ടാനുള്ള പോരാട്ടത്തിലാണ് എൻ.ഡി.എ സ്ഥാനാർത്ഥി ഷാജുമോൻ വട്ടേക്കാട്. കോൺഗ്രസിലെ അനിൽ അക്കരക്ക് വടക്കാഞ്ചേരിയിൽ അഗ്നിപരീക്ഷയാണ്. സേവ്യർ ചിറ്റിലപ്പിള്ളിയെന്ന യുവ സിപിഎം സ്ഥാനാർത്ഥിയാണ് വെല്ലുവിളി. എൻ.ഡി.എയുടെ ഉല്ലാസ് ബാബു പുറമേക്ക് ഇളക്കം സൃഷ്ടിച്ചിട്ടുണ്ട്. അട്ടിമറി സാധ്യതയുള്ള മണ്ഡലമാണിത്.
ബിജെപിയുടെ 'എ' ക്ലാസ് മണ്ഡലമായ തൃശൂരിൽ സ്ഥാനാർത്ഥി സുരേഷ് ഗോപിക്ക് ലോക്സഭ തെരഞ്ഞെടുപ്പുകാലത്തെ ആവേശം കാണാനില്ല. പത്മജ വേണുഗോപാൽ കോൺഗ്രസിന് വേണ്ടിയും സിപിഐയിലെ പി. ബാലചന്ദ്രൻ ഇടതുപക്ഷത്തും കളത്തിലുണ്ട്. ഒരു പണത്തൂക്കം മുന്നിൽ പത്മജയാണ്.
ചീഫ് വിപ് കെ. രാജൻ സിപിഐക്കുവേണ്ടി വീണ്ടും രംഗത്തിറങ്ങിയ ഒല്ലൂരിൽ ആദ്യ അനിശ്ചിതത്വത്തിനുശേഷം കോൺഗ്രസിലെ ജോസ് വള്ളൂർ കടന്നുകയറി. ഓരോ തെരഞ്ഞെടുപ്പിലും മാറിമറിയുന്ന സ്വഭാവം ഒല്ലൂർ ആവർത്തിച്ചാൽ അത്ഭുതമില്ല. ബിജെപിയുടെ ബി. ഗോപാലകൃഷ്ണന് വിവാദ പരാമർശങ്ങളിലാണ് കമ്പം. മന്ത്രി സി. രവീന്ദ്രനാഥ് ഒഴിഞ്ഞ പുതുക്കാട് ഇത്തവണയും സിപിഎമ്മിനൊപ്പം നിന്നേക്കും. കെ.കെ. രാമചന്ദ്രന് പക്ഷേ, രവീന്ദ്രനാഥ് നേടിയ റെക്കോഡ് ഭൂരിപക്ഷത്തിലെത്താൻ പ്രയാസമാവും.
കോൺഗ്രസിലെ സുനിൽ അന്തിക്കാട് നല്ല മത്സരം കാഴ്ചവെക്കുന്നു. അതിനെ വെല്ലുന്ന പ്രകടനമാണ് ബിജെപിയുടെ എ. നാഗേഷിൻേറത്. ഇരിങ്ങാലക്കുടയിൽ നാട്ടുകാരിയെന്ന പരിവേഷവുമായാണ് സിപിഎം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവന്റെ ഭാര്യ പ്രഫ. ആർ. ബിന്ദു കളത്തിലുള്ളത്. കഴിഞ്ഞ തവണ മണ്ഡലം കൈവിട്ട ജോസഫ് ഗ്രൂപ്പിലെ തോമസ് ഉണ്ണിയാടന് ബിന്ദുവും ബിജെപി സ്ഥാനാർത്ഥി മുൻ ഡി.ജി.പി ഡോ. ജേക്കബ് തോമസും ഒരുപോലെ വെല്ലുവിളിയാകുന്നു. ക്രൈസ്തവ വോട്ടും ഇവിടെ ഘടകമാണ്.
ചാലക്കുടിയിൽ രണ്ട് കോൺഗ്രസുകാർ തമ്മിലാണ് പ്രധാന പോര്. കോൺഗ്രസ് വിട്ട് ജോസ് പക്ഷത്തെത്തിയ ഡെന്നീസ് ആന്റണിയും കോൺഗ്രസിലെ ടി.ജെ. സനീഷ് കുമാറും. ക്രൈസ്തവ വോട്ടുകളാണ് ഇവിടെ നിർണായകം. ഡെന്നീസ് ആന്റണി മണ്ഡലത്തിൽ സ്വീകാര്യനാണ്. എൻ.ഡി.എ സ്ഥാനാർത്ഥി എ.കെ. ഉണ്ണികൃഷ്ണൻ കടുത്ത വെല്ലുവിളിയാവില്ലെങ്കിലും അവരുടെ വോട്ട് ചിലത് തീരുമാനിക്കും. കൊടുങ്ങല്ലൂരിൽ എന്തും സംഭവിക്കാം. സിറ്റിങ് എംഎൽഎ സിപിഐയിലെ വി.ആർ. സുനിൽകുമാർ കോൺഗ്രസിലെ എംപി. ജാക്സന് മുന്നിൽ വിയർക്കുന്നു. സന്തോഷ് ചെറാക്കുളമാണ് എൻ.ഡി.എ സ്ഥാനാർത്ഥി.
കയ്പമംഗലത്ത് 'ഈസി വാക്കോവർ' പ്രതീക്ഷിച്ച സിറ്റിങ് എംഎൽഎ ഇ.ടി. ടൈസണ്, കോൺഗ്രസിലെ യുവ നേതാവ് ശോഭ സുബിൻ വെല്ലുവിളി ഉയർത്തുന്നു. കാര്യങ്ങൾ അത്ര സുഗമമല്ല. സി.ഡി. ശ്രീലാലാണ് എൻ.ഡി.എ സ്ഥാനാർത്ഥി. വെൽഫെയർ പാർട്ടി മത്സരിക്കുന്ന ജില്ലയിലെ ഏക മണ്ഡലമാണിത്. എം.കെ. അസ്ലമാണ് സ്ഥാനാർത്ഥി.
സിറ്റിങ് എംഎൽഎ ഗീത ഗോപിയെ പിൻവലിച്ച് സിപിഐ, സി.സി. മുകുന്ദനെ സ്ഥാനാർത്ഥിയാക്കിയ നാട്ടികയിൽ സാധ്യത എൽ.ഡി.എഫിനാണ്. കോൺഗ്രസിലെ യുവ പോരാളി സുനിൽ ലാലൂർ ചില പഞ്ചായത്തുകളിൽ മേൽക്കൈ നേടും. എൻ.ഡി.എയുടെ ലോചനനും രംഗത്തുണ്ട്. മണലൂരിൽ വിജയ് ഹരി എന്ന പുതുമുഖത്തെയാണ് സിറ്റിങ് എംഎൽഎ സിപിഎമ്മിലെ മുരളി പെരുനെല്ലിയെ നേരിടാൻ കോൺഗ്രസ് കളത്തിലിറക്കിയത്. കോൺഗ്രസ് ആദ്യഘട്ടത്തിലെ പതർച്ച മാറ്റിയിട്ടുണ്ട്. മുരളി പെരുനെല്ലിയും ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എ.എൻ. രാധാകൃഷ്ണനും തമ്മിലാണ് മത്സരമെന്ന ആദ്യ പ്രതീതി ഏതായാലും കോൺഗ്രസ് ഇല്ലാതാക്കി.
ഗുരുവായൂർ സംസ്ഥാനത്തിന്റെ ശ്രദ്ധാകേന്ദ്രമാണ്. മൂന്നുതവണ എംഎൽഎയായ കെ.വി. അബ്ദുൽ ഖാദറിനെ മാറ്റി സിപിഎം ഏരിയ സെക്രട്ടറി എൻ.കെ. അക്ബറിനെ മത്സരിപ്പിക്കുമ്പോൾ മുസ്ലിം ലീഗിന്റെ പ്രഗത്ഭൻ കെ.എൻ.എ. ഖാദറാണ് എതിരാളി. ഖാദറിന്റെ അടവുകൾക്ക് മുന്നിൽ പിടിച്ചുനിൽക്കാൻ അക്ബർ പാടുപെടുന്നുണ്ട്. ഇതിനേക്കാളൊക്കെ പ്രധാനം സ്വന്തം സ്ഥാനാർത്ഥി ഇല്ലാതായ ബിജെപിക്കാരുടെ വോട്ടാണ്. അതായിരിക്കും ഇത്തവണ ഗുരുവായൂരിൽ വിധി നിർണയിക്കുക. ഡെമോക്രാറ്റിക് സോഷ്യൽ ജസ്റ്റിസ് പാർട്ടിയുടെ ദിലീപ് നായർക്ക് ബിജെപി പിന്തുണ പ്രഖ്യാപിച്ചെങ്കിലും പാർട്ടിക്കാർക്ക് അതത്ര ദഹിച്ച ലക്ഷണമില്ല.
ചില പരാമർശങ്ങളുടെ അടിസ്ഥാനത്തിൽ തൃശൂർ അതിരൂപതയുടെ പിന്തുണ തങ്ങൾക്കാണെന്ന തോന്നൽ യു.ഡി.എഫിനുണ്ട്. ചേലക്കര, കുന്നംകുളം, ഗുരുവായൂർ, മണലൂർ, കയ്പമംഗലം മണ്ഡലങ്ങളിൽ മത്സരിക്കുന്ന എസ്.ഡി.പി.ഐ ഉൾപ്പെടെ ആകെ 77 സ്ഥാനാർത്ഥികളാണ് 13 സീറ്റിനായി മത്സരിക്കുന്നത്.
മലപ്പുറം: പച്ചത്തുരുത്ത് ഇളകില്ല; കോൺഗ്രസ് നില മെച്ചപ്പെടുത്തും
മലപ്പുറത്ത് മുസ്ലിം ലീഗിന്റെ അപ്രമാദിത്തത്തിന് ഇത്തവണയും മങ്ങലേൽക്കില്ല. കോൺഗ്രസ് നില മെച്ചപ്പെടുത്തും. ഇടതുമുന്നണി 2016ലെ വിജയം എത്തിപ്പിടിക്കാൻ സാധ്യത കുറവ്. ഏറ്റവും കൂടുതൽ മണ്ഡലങ്ങളുള്ള ജില്ലയിലെ അവസാന ചിത്രമിതാണ്. 16 മണ്ഡലങ്ങളിൽ പൊന്നാനി, തവനൂർ, നിലമ്പൂർ, താനൂർ എന്നിവയാണ് 2016ൽ ഇടതിനെ തുണച്ചത്. പൊന്നാനിയിൽ പി. ശ്രീരാമകൃഷ്ണന് സീറ്റ് നഷ്ടമായതോടെ മത്സരം പ്രവചനാതീതമായി. ഇടതു സ്ഥാനാർത്ഥിയായ ടി. നന്ദകുമാറും കോൺഗ്രസ് ടിക്കറ്റിൽ ജനവിധിതേടുന്ന എ.എം. രോഹിതും കട്ടക്ക് നിൽക്കുകയാണ്. അടിയൊഴുക്കുകളുണ്ടായാൽ മണ്ഡലം ഇടതിന് നഷ്ടമാവും. നിലമ്പൂരാണ് കടുത്ത മത്സരം നടക്കുന്ന മറ്റൊന്ന്.
യു.ഡി.എഫ് കുത്തകയായിരുന്ന നിലമ്പൂരിൽ മുന്നണിയിലെ വിള്ളൽ കാരണമാണ് കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ഇടതു സ്വതന്ത്രനായ പി.വി. അൻവർ അട്ടിമറി ജയം നേടിയത്. ഇത്തവണ ഡി.സി.സി മുൻ പ്രസിഡന്റ് വി.വി. പ്രകാശാണ് യു.ഡി.എഫ് സ്ഥാനാർത്ഥി. പതിവിന് വിപരീതമായി പ്രചാരണ രംഗത്ത് സജീവമാണ് യു.ഡി.എഫ് പ്രവർത്തകർ. മറുഭാഗത്തും ആളും ആരവവുമായി പ്രചാരണം ശക്തമാണ്. കോൺഗ്രസ് വോട്ടുകളിൽ ചോർച്ചയുണ്ടായില്ലെങ്കിൽ പ്രകാശിനാണ് ജയസാധ്യത.
കെ.ടി. ജലീൽ മത്സരിക്കുന്ന തവനൂരിൽ ഇടതിന് തുടക്കത്തിലുണ്ടായിരുന്ന മുൻതൂക്കം അവസാന മണിക്കൂറുകളിൽ നേർത്തുവരുന്നുവെന്നതാണ് എടുത്തു പറയേണ്ടത്. സാമൂഹിക പ്രവർത്തകൻ ഫിറോസ് കുന്നംപറമ്പിൽ ഒത്ത എതിരാളിയല്ലെന്നായിരുന്നു ഇടതു ക്യാമ്പ് കണക്കുകൂട്ടൽ. എന്നാൽ, പ്രചാരണം മുറുകിയതോടെ പഴയപോലെയല്ല കാര്യങ്ങളെന്നാണ് സൂചനകൾ. ജലീലിന് കടുത്ത വെല്ലുവിളി ഉയർത്തിയാണ് ഫിറോസിന്റെ കുതിപ്പ്.താനൂരിൽ മത്സരം ശക്തമാണെങ്കിലും ലീഗിന് വലിയ വേരോട്ടമുള്ള മണ്ഡലത്തിൽ ജയസാധ്യത പി.കെ. ഫിറോസിന് തന്നെയാണ്.
മങ്കടയിലും പെരിന്തൽമണ്ണയിലും കടുത്ത മത്സരം നടക്കുന്ന പ്രതീതിയുണ്ടായിരുന്നെങ്കിലും ഒടുവിലെ വിലയിരുത്തലിൽ ലീഗിലെ മഞ്ഞളാംകുഴി അലിയും നജീബ് കാന്തപുരവും ജയിച്ചുകയറാനാണ് സാധ്യത. ലീഗിന്റെ ശക്തികേന്ദ്രങ്ങളായ വേങ്ങര, മലപ്പുറം, തിരൂർ, കോട്ടക്കൽ, തിരൂരങ്ങാടി, വള്ളിക്കുന്ന്, കൊണ്ടോട്ടി, മഞ്ചേരി, വണ്ടൂർ, ഏറനാട് എന്നിവിടങ്ങളിൽ കാര്യമായ വെല്ലുവിളിയുയർത്താൻ എതിരാളികൾക്ക് ഇക്കുറിയും കഴിഞ്ഞിട്ടില്ല. പച്ചയുടുത്ത് തന്നെയാണ് ജില്ലയുടെ നിൽപ്.
പാലക്കാട് ചില മണ്ഡലങ്ങളിൽ കടുത്ത പോരാട്ടം
അത്യുഷ്ണത്തെ വെല്ലുന്ന പോരാട്ടച്ചൂടാണ് പാലക്കാട്ട്. പൊതുവെ ചുവപ്പിനോടാണ് ജില്ലയുടെ ചായ്വ്. എന്നാൽ, പതിവിന് വിപരീതമായി ചില മണ്ഡലങ്ങളിൽ കടുത്ത പോരാട്ടം. കഴിഞ്ഞ തവണ 12ൽ ഒമ്പത് എൽ.ഡി.എഫ്. മൂന്ന് യു.ഡി.എഫും. ഇത്തവണ ജില്ല കൂടുതൽ ചുവക്കുമെന്ന് എൽ.ഡി.എഫ്. യു.ഡി.എഫിനും ആത്മവിശ്വാസത്തിന് കുറവില്ല. പ്രധാനമന്ത്രിയടക്കം വന്നതോടെ എൻ.ഡി.എ ക്യാമ്പിലും വിജയ പ്രതീക്ഷ.
സിറ്റിങ് എംഎൽഎ യു.ഡി.എഫിലെ വി.ടി. ബൽറാമും മുൻ എംപിയും സിപിഎം സംസ്ഥാന കമ്മിറ്റി അംഗവുമായ എം.ബി. രാജേഷും ഏറ്റുമുട്ടുന്ന തൃത്താലയിൽ തീപാറും പോരാട്ടമാണ്. മുന്നാക്ക വിഭാഗങ്ങളുടെ വോട്ടും ന്യൂനപക്ഷം ആരെ തുണക്കുമെന്നതും നിർണായകം. ആര് ജയിച്ചാലും ഭൂരിപക്ഷം കുറയും.
ത്രികോണ മത്സരമാണ് പാലക്കാട്. സിറ്റിങ് എംഎൽഎയും യു.ഡി.എഫ് സ്ഥാനാർത്ഥിയുമായ ഷാഫി പറമ്പിൽ അവസാന ലാപ്പിൽ അൽപം മേൽകൈ നേടിയിട്ടുണ്ടെങ്കിലും ബിജെപി സ്ഥാനാർത്ഥി ഡോ. ഇ. ശ്രീധരന്റെ വ്യക്തിപ്രഭാവം വോട്ടാകുമോയെന്ന ആശങ്ക യു.ഡി.എഫിന് ഇല്ലാതില്ല. ശ്രീധരന്റെ പ്രായക്കൂടുതലും രാഷ്ട്രീയ രംഗത്തെ പരിചയമില്ലായ്മയും സൃഷ്ടിച്ച പ്രതിസന്ധി മറികടക്കാൻ സകലതന്ത്രങ്ങളും പയറ്റുകയാണ് ബിജെപി. ഇടതു സ്ഥാനാർത്ഥി സി.പി. പ്രമോദിനും മത്സരം കടുപ്പം.
അമിത് ഷാ അടക്കം ഇറങ്ങിയെങ്കിലും മലമ്പുഴയിൽ ഇടതു കോയ്മക്ക് ഇടിവു വന്നിട്ടില്ല. ചെങ്കൊടിക്ക് ആഴത്തിൽ വേരോട്ടമുള്ള മണ്ഡലത്തിൽ അട്ടിമറി അസാധ്യമെന്ന് ഇടതുപക്ഷം തറപ്പിച്ചു പറയുന്നു. 2016ൽ ബിജെപിക്ക് പിറകിൽ മൂന്നാംസ്ഥാനത്തേക്ക് തള്ളപ്പെട്ടതിന്റെ മാനക്കേടിൽനിന്ന് രക്ഷപ്പെടാനുള്ള കഠിന പരിശ്രമം യു.ഡി.എഫ് ക്യാമ്പിലും ദൃശ്യം.
യു.ഡി.എഫ് തട്ടകമെന്ന് വിശ്വസിക്കപ്പെടുന്ന മണ്ണാർക്കാട്ട് ഇടതിന് ഇളക്കമുണ്ടാക്കാൻ കഴിഞ്ഞതും അങ്കം മുറുകിയതും അവസാന ചിത്രം. വിജയം സുനിശ്ചിതമെന്ന് യു.ഡി.എഫും യു.ഡി.എഫ് വോട്ടുബാങ്കിലെ വിള്ളൽ തുണക്കുമെന്ന പ്രതീക്ഷ എൽ.ഡി.എഫും പങ്കുവെക്കുന്നു. ഇടതു കോട്ടയായ ഒറ്റപ്പാലത്ത് എൽ.ഡി.എഫ് സ്ഥാനാർത്ഥി കെ. പ്രേംകുമാറിന് ശക്തമായ പ്രതിയോഗിയാകാൻ യു.ഡി.എഫ് സ്ഥാനാർത്ഥി ഡോ. പി. സരിന് കഴിഞ്ഞിട്ടുണ്ട്.
തരൂരിൽ ഡിവൈഎഫ്ഐ ജില്ല പ്രസിഡന്റ് പി.പി. സുമോദിനെതിരെ കനത്ത മത്സരം കാഴ്ചവെക്കാൻ മഹിള കോൺഗ്രസ് നേതാവ് കെ.എ. ഷീബക്ക് സാധിച്ചിട്ടുണ്ടെങ്കിലും ഇടതിനുതന്നെയാണ് മുൻതൂക്കം. പരിചയസമ്പത്ത് യു.ഡി.എഫിലെ യു.സി. രാമന് മുതൽകൂട്ടാണെങ്കിലും ഇടതു ചായ്വുള്ള കോങ്ങാട്ട് കെ. ശാന്തകുമാരിക്ക് കനത്ത വെല്ലുവിളി ഉയർത്താൻ അദ്ദേഹത്തിന് സാധിച്ചിട്ടില്ല. സിറ്റിങ് എംഎൽഎ കെ.ഡി. പ്രസേനൻ വീണ്ടും ജനവിധി തേടുന്ന, ചുവപ്പുകോട്ടയായ ആലത്തൂരിൽ ഫലം മാറിമറിയാൻ ഇടയില്ലെങ്കിലും യുവ കോൺഗ്രസ് നേതാവ് പാളയം പ്രദീപ് ശക്തമായ സാന്നിധ്യമാണ്. ചിറ്റൂരിൽ യു.ഡി.എഫ് സ്ഥാനാർത്ഥി സുമേഷ് അച്യുതൻ പ്രചാരണത്തിൽ ഒരുപടി മുന്നിൽ.
അതേസമയം, ജനതാദൾ നേതാവ് കൂടിയായ മന്ത്രി കെ. കൃഷ്ണൻകുട്ടിക്കെതിരായ ഘടകങ്ങളൊന്നും ദൃശ്യമല്ല. നെന്മാറയിൽ എൽ.ഡി.എഫിലെ കെ. ബാബുവിന് തന്നെയാണ് നേരിയ മുൻതൂക്കമെങ്കിലും സി.എംപി നേതാവ് സി.എൻ. വിജയകൃഷ്ണൻ ശക്തമായ ഓളം സൃഷ്ടിച്ചിട്ടുണ്ട്.
പട്ടാമ്പിയിൽ പ്രചാരണത്തിൽ മേൽകൈ എൽ.ഡി.എഫ് സ്ഥാനാർത്ഥി മുഹമ്മദ് മുഹ്സിനാണ്. എങ്കിലും അവസാന ലാപ്പിൽ യൂത്ത് കോൺഗ്രസ് നേതാവ് റിയാസ് മുക്കോളി ശക്തമായ പ്രതിയോഗിയായിട്ടുണ്ട്. മുഹ്സിന് വിജയം അനായാസമാകില്ല. ഇടതു തട്ടകമായ ഷൊർണൂരിൽ യൂത്ത് കോൺഗ്രസ് ജില്ല പ്രസിഡന്റ് ടി.എച്ച്. ഫിറോസ് ബാബുവിന്റെ കാടിളക്കിയുള്ള പ്രചാരണവും സന്ദീപ് വാര്യർ എൻ.ഡി.എ ക്യാമ്പിൽ സൃഷ്ടിച്ച ആവേശവും കുറച്ചെല്ലാം വോട്ടർമാരെ സ്വാധീനിച്ചേക്കാം.
കോഴിക്കോട് എൽ.ഡി.എഫിന് മേൽക്കൈ; യു.ഡി.എഫ് നില മെച്ചപ്പെടുത്തും
തൂത്തുവാരിക്കളയാമെന്ന എൽ.ഡി.എഫ് പ്രതീക്ഷക്ക് അവസാന നിമിഷങ്ങളിൽ ഇളക്കംതട്ടുന്ന കാഴ്ചയാണ് ജില്ലയിൽ. ഫിനിഷിങ് പോയന്റിലേക്ക് അടുക്കുമ്പോൾ എൽ.ഡി.എഫി!!െന്റ 11 സിറ്റിങ് സീറ്റുകളിൽ അഞ്ചെണ്ണമൊഴിച്ച് ബാക്കിയുള്ളിടത്തെല്ലാം ശക്തമായ പോരാട്ടമാണ്. തുടക്കത്തിലുണ്ടായിരുന്ന താളപ്പിഴകൾ പരിഹരിച്ച് അവസാന ലാപ്പിൽ കനത്ത വെല്ലുവിളി ഉയർത്താൻ യു.ഡി.എഫ് സ്ഥാനാർത്ഥികൾക്കായതാണ് അന്തിമ ചിത്രം പലയിടത്തും പ്രവചനാതീതമാക്കുന്നത്. ജില്ലയിലെ ആറു മണ്ഡലങ്ങൾ എൽ.ഡി.എഫിനൊപ്പം നിൽക്കുമെന്ന സൂചന നൽകുമ്പോൾ മൂന്നു മണ്ഡലങ്ങളിൽ യു.ഡി.എഫിന് അനുകൂലമായി കാറ്റ് വീശുന്നു. നാലു മണ്ഡലങ്ങളിൽ ഇഞ്ചോടിഞ്ചാണ് പോരാട്ടം.
ത്രികോണ പോരാട്ടം നടക്കുന്ന കോഴിക്കോട് നോർത്തിൽ യു.ഡി.എഫിലെ യുവ പോരാളി കെ.എം. അഭിജിത്ത് എൽ.ഡി.എഫ് സ്ഥാനാർത്ഥി തോട്ടത്തിൽ രവീന്ദ്രന് ശക്തമായ ഭീഷണിയാണ് ഉയർത്തുന്നത്. അട്ടിമറി ഉണ്ടായില്ലെങ്കിലും കഴിഞ്ഞതവണ എ. പ്രദീപ്കുമാറിന് ലഭിച്ച ഭൂരിപക്ഷത്തിൽ കാര്യമായ ഇടിവുണ്ടാകുമെന്ന് തന്നെയാണ് സൂചന. കേന്ദ്രമന്ത്രി അമിത്ഷായെ ഉൾപ്പെടെ പ്രചാരണത്തിന് ഇറക്കിയ ബിജെപി സംസ്ഥാന ജന. സെക്രട്ടറി എം ടി. രമേശിനും ഇവിടെ അഭിമാന പോരാട്ടമാണ്.
പ്രവചനാതീതമാണ് വടകരയുടെ സ്ഥിതി. ഇവിടെ കെ.കെ. രമയെ വിജയിപ്പിക്കേണ്ടത് ആർ.എംപി.ഐയെക്കാൾ തങ്ങളുടെ ബാധ്യതയാണെന്ന ബോധ്യത്തോടെയാണ് യു.ഡി.എഫ് പ്രവർത്തനം. രമ വിജയിച്ചാൽ ടി.പി. ചന്ദ്രശേഖര!!െന്റ ഓർമകൾ വീണ്ടും വേട്ടയാടുമെന്നതിനാൽ മനയത്ത് ചന്ദ്ര!!െന്റ പ്രചാരണത്തിൽ എൽ.ജെ.ഡിയെക്കാൾ സജീവമാണ് സിപിഎം. അന്തിമ വിലയിരുത്തലിൽ രമ ഒരുചാൺ മുന്നിലാണെങ്കിലും എന്തും സംഭവിക്കാമെന്നതാണ് വടകരയുടെ അവസ്ഥ.
കുറ്റ്യാടിയിൽ പാർട്ടി നേതൃത്വത്തോട് പടവെട്ടി പ്രവർത്തകർ ഇറക്കിയ കുഞ്ഞമ്മദ് കുട്ടി മാസ്റ്റർ തുടക്കത്തിലുണ്ടാക്കിയ ഓളം യു.ഡി.എഫിനെ ആശങ്കപ്പെടുത്തിയെങ്കിലും സിറ്റിങ് എംഎൽഎ കൂടിയായ പാറക്കൽ അബ്ദുല്ല ഇപ്പോൾ തികഞ്ഞ ആത്മവിശ്വാസത്തിലാണ്. പാർട്ടിക്കപ്പുറം മണ്ഡലത്തിൽ പാറക്കലുണ്ടാക്കിയ സ്വാധീനം വോട്ടായി മാറിയാൽ മണ്ഡലം തിരിച്ചുപിടിക്കുകയെന്ന എൽ.ഡി.എഫ് സ്വപ്നം യാഥാർഥ്യമാകില്ല.
മുസ്ലിം ലീഗുകാരനായിരുന്ന കാരാട്ട് റസാഖ് ത!!െന്റ വ്യക്തി സ്വാധീനമുപയോഗിച്ച് ലീഗിലെ അടക്കം വോട്ട് ചോർത്തി കഴിഞ്ഞതവണ എൽ.ഡി.എഫിന് പിടിച്ചുകൊടുത്ത കൊടുവള്ളിയിൽ ഇത്തവണ വോട്ട് ചോർച്ചക്കുള്ള പഴുതുകൾ അടക്കാനായാൽ ഡോ. എം.കെ. മുനീറി!!െന്റ കൈകളിൽ മണ്ഡലം ഭദ്രമാകും.
യു.ഡി.എഫിന് വേരുറപ്പുള്ള തിരുവമ്പാടി മണ്ഡലത്തിൽ ഇത്തവണ വോട്ട് ചോർച്ച തടയാൻ പ്രത്യക്ഷത്തിൽ സി.പി. ചെറിയമുഹമ്മദിന് കഴിഞ്ഞിട്ടുണ്ട്. അതേസമയം, ക്രിസ്ത്യൻ സമുദായത്തി!!െന്റ വോട്ട് പെട്ടിയിലാക്കാൻ ലിൻേറാ ജോസഫിലൂടെ സാധിക്കുമെന്ന പ്രതീക്ഷയിലാണ് എൽ.ഡി.എഫ്. അന്തിമ ഘട്ടത്തിൽ സി.പി. ചെറിയമുഹമ്മദിനാണ് ഇവിടെ മുൻതൂക്കം.
കോഴിക്കോട് സൗത്തിൽ എൽ.ഡി.എഫിലെ അഹമ്മദ് ദേവർകോവിലിനെതിരെ യു.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ. നൂർബിന റഷീദിന് അനുകൂലമാണ് സാഹചര്യമെങ്കിലും ലീഗിനകത്തെ ആശയക്കുഴപ്പങ്ങളും നിർജീവതയും മുതലെടുക്കാൻ സിപിഎമ്മി!!െന്റ ചിട്ടയാർന്ന പ്രവർത്തനങ്ങൾക്ക് കഴിഞ്ഞാൽ അട്ടിമറി സാധ്യത തള്ളിക്കളയാനാകില്ല.
കൊയിലാണ്ടിയിൽ ഗ്രൂപ്പിസം കെട്ടുകെട്ടിയതി!!െന്റ ആശ്വാസത്തിൽ യു.ഡി.എഫിലെ എൻ. സുബ്രഹ്മണ്യൻ എൽ.ഡി.എഫി!!െന്റ കാനത്തിൽ ജമീലക്കെതിരെ കനത്ത വെല്ലുവിളി ഉയർത്തുന്നുണ്ട്. തീരമേഖലയിലടക്കം സുബ്രഹ്മണ്യൻ ഉണ്ടാക്കിയ സ്വാധീനം വോട്ടായി മാറിയാൽ ഇവിടെ അട്ടിമറി നടന്നേക്കാം. കുന്ദമംഗലത്ത് രണ്ടുതവണ വെന്നിക്കൊടി പാറിച്ച പി.ടി.എ. റഹീമിന് തുടക്കത്തിലുണ്ടായ ആത്മവിശ്വാസം ഇപ്പോഴില്ല. ദിനേശ് പെരുമണ്ണ ഇവിടെ അപ്രതീക്ഷിത മുന്നേറ്റമുണ്ടാക്കിയത് യു.ഡി.എഫിന് ഉണർവേകിയിട്ടുണ്ട്.
എൽ.ഡി.എഫിന് സ്വാധീനമുള്ള പെരുമണ്ണ, ഒളവണ്ണ പഞ്ചായത്തുകളിൽ നാട്ടുകാരനെന്ന സ്വാധീനമുപയോഗിച്ച് വിള്ളലുണ്ടാക്കാൻ ദിനേശിന് കഴിഞ്ഞാൽ അട്ടമിറി സംഭവിച്ചേക്കാം. നാദാപുരത്ത് സാഹചര്യങ്ങൾ എൽ.ഡി.എഫ് സ്ഥാനാർത്ഥി ഇ.കെ. വിജയന് അനുകൂലമാണെങ്കിലും പ്രവീൺകുമാർ ശക്തമായ മത്സരം കാഴ്ചവെക്കുന്നു. എലത്തൂരിലും പേരാമ്പ്രയിലും ബാലുശ്ശേരിയിലും ബേപ്പൂരിലും അട്ടിമറി പ്രതീക്ഷിക്കുന്നില്ല. ബേപ്പൂരിൽ പക്ഷേ, എൽ.ഡി.എഫിലെ പി.എ. മുഹമ്മദ് റിയാസിനെതിരെ യു.ഡി.എഫിലെ അഡ്വ. പി.എം. മുഹമ്മദ് നിയാസ് നല്ല മത്സരം കാഴ്ചവെക്കുന്നു
വയനാട്: ഇരുമുന്നണികളിലും പ്രതീക്ഷക്കിടെ ആശങ്ക പരക്കുന്നു
മണ്ണറിഞ്ഞ് വിത്തെറിഞ്ഞാൽ വയനാട് ചതിക്കില്ലെന്നാണ് അനുഭവം. ഉഴുതുമറിച്ച് ഏതു വിത്തിട്ടാലും നൂറുമേനി കൊയ്തെടുക്കാം. എന്നാൽ, അപ്രതീക്ഷിത ഒഴുക്കുവന്നാൽ, കെട്ടിപ്പൊക്കിയ തിട്ടകൾ ഇടിയും. പ്രതീക്ഷകൾ മുങ്ങും. മൂന്നു മണ്ഡലങ്ങൾ മാത്രമുള്ള വയനാട്ടിൽ പൊരിഞ്ഞപോരിനിടെ അടിയൊഴുക്കുകൾ ശക്തമാണിപ്പോൾ. അത് ജാതി, മത, സമുദായ വോട്ടുകളാകാം. മുന്നണികളിലെ വോട്ടുചോർച്ചയാകാം. ബിജെപി വോട്ടുകളുടെ കിലുക്കമാകാം. ഇരുമുന്നണികളും പാലം കടക്കുന്നത് അടിയൊഴുക്കുകൾ കണ്ടും ശ്രദ്ധിച്ചുമാണ്.
വലിയ പ്രതീക്ഷയിൽ ഒരുമുഴം മുന്നോട്ടുപോയ എൽ.ഡി.എഫ് കേന്ദ്രങ്ങൾ ഇപ്പോൾ പതുക്കെയാണെങ്കിലും ആശങ്ക പങ്കുവെക്കുന്നു. മത്സരം പ്രതീക്ഷിച്ചതിനെക്കാൾ മുറുകിയിരിക്കുന്നു. കണക്കുകളും സർവേ ഫലങ്ങളും തെറ്റിച്ച് യു.ഡി.എഫ് ഒരാഴ്ചക്കിടെ കുതിപ്പ് നടത്തിയതാണ് അതിനു കാരണം.
എന്തുവന്നാലും ജില്ല ചുവക്കുമെന്നാണ് എൽ.ഡി.എഫ് നേതാക്കളുടെ പ്രതീക്ഷ. എന്നാൽ, ഇത്തവണ അവസാന ലാപ്പിൽ മൂന്നിൽ മൂന്നും യു.ഡി.എഫ് എണ്ണിത്തുടങ്ങിയിരിക്കുന്നു. രാഹുൽ ഇഫക്ട് ആണ് യു.ഡി.എഫ് കാണുന്ന ഒരു അനുകൂല ഘടകം. ഇതു വെറും മനക്കോട്ടയാണെന്ന് എൽ.ഡി.എഫിന്റെ തിരിച്ചടി.
കൽപറ്റയും മാനന്തവാടിയും പിടിച്ചാണ് കഴിഞ്ഞ തവണ സിപിഎം വയനാട്ടിൽ ചെങ്കൊടി പാറിച്ചത്. പട്ടികവർഗ മണ്ഡലമായ സുൽത്താൻ ബത്തേരിയിൽ ചരിത്രം ആവർത്തിച്ച് യു.ഡി.എഫ് വെന്നിക്കൊടി പാറിച്ചു. ഇവിടെ സിറ്റിങ് എംഎൽഎ ഐ.സി. ബാലകൃഷ്ണൻ ഹാട്രിക് വിജയത്തിന് കാത്തിരിക്കുകയാണ്. കഴിഞ്ഞ തവണ നേടിയ ഭൂരിപക്ഷം. 11,198. കെപിസിസി സെക്രട്ടറി സ്ഥാനം രാജിവെച്ച് സിപിഎം ടിക്കറ്റിൽ മത്സരിക്കുന്ന എം.എസ്. വിശ്വനാഥനാണ് എൽ.ഡി.എഫിന്റെ പോരാളി. ആദിവാസി ഭൂസമര നേതാവ് സി.കെ. ജാനു താമരയിൽ ജനവിധി തേടുന്ന പ്രത്യേകതയും ബത്തേരിക്കുണ്ട്.
കൽപറ്റയിൽ എൽ.ജെ.ഡി സംസ്ഥാന പ്രസിഡന്റ് എം വി ശ്രേയാംസ്കുമാറും കെപിസിസി വൈസ് പ്രസിഡന്റ് അഡ്വ. ടി. സിദ്ദീഖും തമ്മിൽ തീപാറുന്ന പോരാട്ടമാണ്. 2016ൽ യു.ഡി.എഫിൽ നിൽക്കെ, കൈവിട്ട കൽപറ്റയെ എൽ.ഡി.എഫിലൂടെ തിരിച്ചുപിടിക്കാനുള്ള തീവ്രശ്രമത്തിലാണ് ശ്രേയാംസ്കുമാർ. ടി. സിദ്ദീഖിന്റെ പടയോട്ടവും ശ്രേയാംസ്കുമാറിന്റെ കുതിപ്പും സംസ്ഥാനം ഉറ്റുനോക്കുകയാണ്. ഇരുഭാഗത്തും പ്രതീക്ഷയും ആശങ്കയും പ്രകടമാണ്.
പട്ടിക വർഗ മണ്ഡലമായ മാനന്തവാടിയിൽ മുൻ മന്ത്രിയും കോൺഗ്രസ് നേതാവുമായ പി.കെ. ജയലക്ഷ്മിയും സിപിഎമ്മിന്റെ സിറ്റിങ് എംഎൽഎ ഒ.ആർ. കേളുവും തമ്മിലാണ് പൊരുതുന്നത്. കഴിഞ്ഞ തവണ കേളു നിയമസഭയിൽ എത്തിയപ്പോൾ ഭൂരിപക്ഷം 1307. ഇക്കുറി യു.ഡി.എഫും എൽ.ഡി.എഫും കൂടുതൽ സജീവമാണ്.
സീറ്റ് നിലനിർത്താനുള്ള പോരാട്ടത്തിൽ വിജയം മാത്രമാണ് എൽ.ഡി.എഫ് കണക്കുകൂട്ടൽ. ജയലക്ഷ്മി വിജയം ആഘോഷിക്കുമെന്ന കാര്യത്തിൽ യു.ഡി.എഫിൽ തർക്കമില്ല. കഴിഞ്ഞ തവണത്തെ തർക്കമുനകൾ ഇത്തവണ കാണാനില്ല എന്നതാണ് അവരുടെ പ്രധാന കൈമുതൽ.
കണ്ണൂർ: യു.ഡി.എഫ് നില അൽപം മെച്ചപ്പെടുത്തി നാലു നേടിയേക്കാം
പ്രചാരണം അവസാനിക്കുമ്പോൾ കണ്ണൂർ ജില്ലയിൽ യഥാർഥ മത്സരം അഞ്ച് മണ്ഡലങ്ങളിൽ മാത്രം. അതിൽ രണ്ടിടത്ത് ഇഞ്ചോടിഞ്ച്. അഴീക്കോട്, കൂത്തുപറമ്പ് എന്നിവിടങ്ങളിലാണ് പ്രവചനം അസാധ്യമായ ഇഞ്ചോടിഞ്ച് പോരാട്ടം. കണ്ണൂർ, ഇരിക്കൂർ, പേരാവൂർ എന്നിവിടങ്ങളിൽ കടുത്ത മത്സരമുണ്ടെങ്കിലും മുൻതൂക്കം യു.ഡി.എഫിനാണ്. അങ്കത്തട്ടിൽനിന്ന് ബിജെപി പുറത്തായതോടെ തലശ്ശേരിയിലും മത്സരം മുറുകി. അവിടെ മുൻതൂക്കം എൽ.ഡി.എഫിനാണ്. അവശേഷിക്കുന്ന അഞ്ചു മണ്ഡലങ്ങൾ ഇടത് ഭൂരിപക്ഷം എത്രയെന്നത് മാത്രമാണ് ചോദ്യം. എൽ.ഡി.എഫിന് എട്ട്, യു.ഡി.എഫിന് മൂന്ന് എന്നതാണ് നിലവിലെ അവസ്ഥ. യു.ഡി.എഫ് നില അൽപം മെച്ചപ്പെടുത്തി നാലു നേടിയേക്കാം. മൂന്നിൽ കുറയില്ല. എൽ.ഡി.എഫിന് എട്ടിൽ കൂടാനുമിടയില്ല. ബിജെപിക്ക് ജില്ലയിൽ ഒരിടത്തും വിജയപ്രതീക്ഷയില്ല.
ജില്ലയിൽ ഏറ്റവും ആവേശകരമായ മത്സരം അഴീക്കോട്ടാണ്. സിറ്റിങ് എംഎൽഎ യു.ഡി.എഫിലെ കെ.എം. ഷാജിയും എൽ.ഡി.എഫിലെ കെ.വി. സുമേഷും ഒപ്പത്തിനൊപ്പമുണ്ട്. 2016ൽ 2287 വോട്ടിന്റെ വോട്ടിന് എം വി നികേഷ്കുമാറിനെ മറികടന്ന ഷാജിക്ക് സ്കൂൾ കോഴവിവാദവും ഇ.ഡി കേസും തീർത്ത പ്രതിച്ഛായാ നഷ്ടവും മണ്ഡലം മാറാൻ ശ്രമിച്ച് തിരിച്ചുവരേണ്ടിവന്നതിന്റെ ക്ഷീണവുമുണ്ട്. തുടക്കത്തിൽ അൽപം പിന്നിലായിരുന്നുവെങ്കിലും 'ഹൈവോൾട്ടേജ്' പ്രചാരണത്തിലൂടെ അണികളിൽ ആവേശം ജ്വലിപ്പിച്ച ഷാജി മത്സരത്തിലേക്ക് തിരിച്ചുവന്നു. ജില്ല പഞ്ചായത്ത് പ്രസിഡന്റ് എന്ന നിലയിൽ മികച്ച പ്രവർത്തനമാണ് പൊതുവെ സൗമ്യനായ യുവ ഇടത് നേതാവ് കെ.വി. സുമേഷിന്റെ പ്ലസ്. മൂന്നാമങ്കത്തിൽ ഷാജിക്ക് സുമേഷ് ചെക്ക് പറയുമോയെന്നത് പ്രവചനാതീതം.
എൽ.ഡി.എഫിനുവേണ്ടി മുന്മന്ത്രി എൽ.ജെ.ഡിയിലെ കെ.പി. മോഹനനും യു.ഡി.എഫിനുവേണ്ടി മുസ്ലിം ലീഗിലെ പൊട്ടങ്കണ്ടി അബ്ദുല്ലയും ഏറ്റുമുട്ടുന്ന കൂത്തുപറമ്പിൽ തീപാറും പോരാട്ടമാണ്. മുസ്ലിം വോട്ട് നിർണായകമായ കൂത്തുപറമ്പിൽ മുസ്ലിം ലീഗ് സ്ഥാനാർത്ഥി വന്നതോടെയാണ് മത്സരം മുറുകിയത്. വ്യവസായ പ്രമുഖനായ പൊട്ടങ്കണ്ടി ജാതി മത ഭേദമന്യേ സ്വീകാര്യനാണ്. മുന്നണി മാറ്റത്തിനൊടുവിൽ എൽ.ഡി.എഫിലെത്തിയ കെ.പി. മോഹനന്റെ എൽ.ജെ.ഡിയും സിപിഎമ്മും താഴെത്തട്ടിൽ ഇഴകിച്ചേർന്നിട്ടില്ലെന്നതാണ് എൽ.ഡി.എഫിന്റെ പ്രശ്നം. 2016ൽ എൽ.ഡി.എഫ് 12,291 വോട്ടിന് ജയിച്ച കൂത്തുപറമ്പ് എങ്ങോട്ടും മറിയാമെന്നതാണ് നില.
അങ്കത്തട്ടിൽ ബിജെപി ഇല്ലെന്നതാണ് ഇക്കുറി തലശ്ശേരിയെ ശ്രദ്ധാകേന്ദ്രമാക്കിയത്. അല്ലായിരുന്നെങ്കിൽ ഇടതുകോട്ടയിൽ സിറ്റിങ് എംഎൽഎ എ.എൻ. ഷംസീറിന് വിജയം സുനിശ്ചിതം. ബിജെപി വോട്ട് കൂട്ടത്തോടെ യു.ഡി.എഫിന് പോയാൽ ഷംസീർ വിയർക്കും. ജില്ലയിൽ ബിജെപിക്ക് ഏറ്റവുമധികം വോട്ടുള്ള മണ്ഡലമാണിത്. 2016ൽ കിട്ടിയത് 22,125 വോട്ട്. ജില്ല പ്രസിഡന്റ് എൻ. ഹരിദാസിന്റെ പത്രിക തള്ളിപ്പോയപ്പോൾ സ്വതന്ത്രൻ സി.ഒ.ടി. നസീറിനെ പിന്തുണച്ച് മുഖംരക്ഷിക്കാനായിരുന്നു ബിജെപി ശ്രമം. ബിജെപി വോട്ട് വേണ്ടെന്ന് പറഞ്ഞ് സി.ഒ.ടി. നസീർ മുഖംതിരിച്ചു. സിപിഎം-ആർ.എസ്.എസ് സംഘർഷത്തിന്റെ വിളനിലമായ തലശ്ശേരിയിൽ ഇപ്പോഴത്തെനിലയിൽ ബിജെപി വോട്ട് പോൾ ചെയ്യപ്പെടുകയാണെങ്കിൽ അത് യു.ഡി.എഫ് സ്ഥാനാർത്ഥി എംപി. അരവിന്ദാക്ഷനാണ് കിട്ടുക. അങ്ങനെ സംഭവിച്ചാലും എ.എൻ. ഷംസീർ 2016ൽ നേടിയ 34,117 വോട്ടിന്റെ ഭൂരിപക്ഷം മറികടക്കാൻ യു.ഡി.എഫിന് കഴിയുമോയെന്ന ചോദ്യം ബാക്കി.
ഇരിക്കൂർ, പേരാവൂർ നിലവിൽ യു.ഡി.എഫിന്റെ സിറ്റിങ് സീറ്റുകളിൽ മോശമല്ലാത്ത മത്സരമുണ്ടെങ്കിലും രണ്ടിടത്തും മുൻതൂക്കം യു.ഡി.എഫിനുതന്നെ. കഴിഞ്ഞ തവണ കൈവിട്ട കണ്ണൂർ ഇക്കുറി കോൺഗ്രസ് തിരിച്ചുപിടിച്ചേക്കും. യു.ഡി.എഫിന്റെ ഉറച്ച സീറ്റായ കണ്ണൂരിൽ 2016ൽ 1196 വോട്ടിനാണ് എൽ.ഡി.എഫിന് വേണ്ടി രാമചന്ദ്രൻ കടന്നപ്പള്ളി അട്ടിമറി വിജയം നേടിയത്. അന്ന് കടന്നപ്പള്ളിയോട് തോറ്റ സതീശൻ പാച്ചേനിക്ക് ഇക്കുറി അൽപം മുൻതൂക്കമുണ്ട്. ഇരിക്കൂറിൽ സീറ്റ് കിട്ടാത്തതിന് കലാപമുണ്ടാക്കിയ കോൺഗ്രസ് 'എ' ഗ്രൂപ്പിന്റെ അതൃപ്തിയിലാണ് എൽ.ഡി.എഫിന്റെ പ്രതീക്ഷ. കലാപം തൽക്കാലം ഒതുക്കാൻ കെപിസിസിക്ക് സാധിച്ചെങ്കിലും താഴെത്തട്ടിൽ എന്തുസംഭവിക്കുമെന്നത് ഉറപ്പിച്ചു പറയാനാകില്ല. അപ്പോഴും കുടിയേറ്റ ക്രിസ്ത്യൻവോട്ട് വിധിനിർണയിക്കുന്ന മണ്ഡലത്തിൽ കോൺഗ്രസിലെ അഡ്വ. സജീവ് ജോസഫിനുതന്നെയാണ് മുൻതൂക്കം. മൂന്നാമങ്കത്തിൽ പേരാവൂരിൽ കോൺഗ്രസിലെ അഡ്വ. സണ്ണി ജോസഫ് സിപിഎമ്മിലെ യുവനേതാവ് കെ.വി. സക്കീർ ഹുസൈന് മുന്നിൽ അൽപം ആശങ്കയിലാണ്. കോൺഗ്രസിന്റെ ഉറച്ച സീറ്റാണെങ്കിലും തദ്ദേശതെരഞ്ഞെടുപ്പിൽ മണ്ഡലത്തിൽ കോൺഗ്രസിനുണ്ടായ വോട്ട് ചോർച്ചയാണ് പ്രശ്നം.
മുഖ്യമന്ത്രിയുടെ സ്വന്തം ധർമടം, മന്ത്രി ഇ.പി. ജയരാജൻ ഒഴിഞ്ഞ, കെ.കെ. ശൈലജ മത്സരിക്കുന്ന മട്ടന്നൂർ, കേന്ദ്രകമ്മിറ്റിയംഗം എം വി ഗോവിന്ദൻ മാറ്റുരക്കുന്ന തളിപ്പറമ്പ്, ടി.ഐ. മധുസൂദനൻ മത്സരിക്കുന്ന പയ്യന്നൂർ, എസ്.എഫ്.ഐയുടെ എം. വിജിൻ മത്സരിക്കുന്ന കല്യാശ്ശേരി എന്നിവിടങ്ങളിൽ പോര് പേരിന് മാത്രമാണ്. 2016ൽ മുഖ്യമന്ത്രിയുടെ ഭൂരിപക്ഷം 36,905 ആയിരുന്നു. മറ്റു നാലിടങ്ങളിലും ഭൂരിപക്ഷം 40,000ന് മുകളിലാണ്. അത് കൂട്ടാനുള്ള മത്സരത്തിൽ മട്ടന്നൂരിൽ ശൈലജ സംസ്ഥാനത്തെ ഏറ്റവും ഉയർന്ന ഭൂരിപക്ഷം നേടിയാലും അത്ഭുതപ്പെടാനില്ല.
കാസർകോട്: യു.ഡി.എഫ് രണ്ട്, എൽ.ഡി.എഫ് മൂന്ന് എന്ന സ്ഥിതി തുടരും
ജില്ലയിലെ അഞ്ച് മണ്ഡലങ്ങളിൽ മാറ്റത്തിന് സാധ്യതയില്ലാത്ത സ്ഥിതിയാണ് പ്രചാരണം അവസാനിക്കുമ്പോൾ കിട്ടുന്നത്. നിലവിലെ രണ്ട് യു.ഡി.എഫ്, മൂന്ന് എൽ.ഡി.എഫ് എന്ന സ്ഥിതി തുടരുമെന്നതാണ് അന്തിമ ചിത്രം. വ്യത്യസ്തമായിരുന്നു മഞ്ചേശ്വരത്തെ പ്രചാരണരംഗം. പ്രഖ്യാപിത സ്ഥാനാർത്ഥിയെ തട്ടിമാറ്റി ബിജെപിക്കായി കെ.സുരേന്ദ്രൻ പറന്നിറങ്ങിയ മഞ്ചേശ്വരത്ത് അവരുടെ പ്രചാരണം ഏറെയും ഗൂഢമായിരുന്നു. സമാനമായിരുന്നു എൽ.ഡി.എഫും. ഭാഷാ ന്യൂനപക്ഷാംഗമായിരുന്ന പ്രഖ്യാപിത സ്ഥാനാർത്ഥിയെ പിൻവലിച്ച്, യു.ഡി.എഫ് ഭാഷയിൽ 'ദുർബല' സ്ഥാനാർത്ഥിയെ ഇറക്കിയുള്ള പ്രചാരണം.
രണ്ടു പ്രചാരണങ്ങളെയും സംശയാസ്പദമായ നിലയിൽ ബന്ധപ്പെടുത്തുന്ന ആർ.എസ്.എസ് സൈദ്ധാന്തികന്റെ, സിപിഎം -ബിജെപി ഡീൽ ആരോപണം യു.ഡി.എഫിനു മഞ്ചേശ്വരത്ത് മികച്ച സ്കോർ നേടിക്കൊടുത്തു. 'ഓർക്കണം പഴയ ഭൂരിപക്ഷം 89' എന്നത് ന്യൂനപക്ഷ കേന്ദ്രങ്ങളിൽ യു.ഡി.എഫിന്റെ ഹാഷ്ടാഗായി മാറി. എല്ലാം ചേർന്ന് മഞ്ചേശ്വരത്ത് ഉരുണ്ടുകൂടിയ കാർമേഘം ന്യൂനപക്ഷ കേന്ദ്രീകരണത്തിലേക്കും ഭൂരിപക്ഷ വിഭജനത്തിലേക്കും നയിച്ചേക്കുമെന്നതിനാൽ ഫലം യു.ഡി.എഫിന്റെ എ.കെ.എം. അഷ്റഫിനാകാനാണ് സാധ്യത, 'ഡീൽ' അതിരുകടന്നിട്ടില്ലെങ്കിൽ.
കാസർകോട് മണ്ഡലത്തിൽ ബിജെപി രണ്ടാം സ്ഥാനത്താണെന്നും പതിനായിരത്തിൽതാഴെ വോട്ടിന്റെ വ്യത്യാസം മാത്രമേ അവരുമായുള്ളൂവെന്ന ബോധ്യം യു.ഡി.എഫിനില്ലാതെ പോയിട്ടുണ്ട്. തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളുടെ അടിസ്ഥാന ഘടകമായ യുവാക്കളെ രംഗത്തിറക്കാൻ വേണ്ടത്ര അവർക്ക് കഴിഞ്ഞിട്ടില്ല. വിജയം യു.ഡി.എഫ് സ്ഥാനാർത്ഥി എൻ.എ. നെല്ലിക്കുന്നിനാകുമെങ്കിലും ഭൂരിപക്ഷം കുറഞ്ഞേക്കും.
ഉദുമയാണ് അട്ടിമറി പ്രതീക്ഷിച്ചിരുന്ന മണ്ഡലം. പ്രചാരണത്തിന്റെ മേൽതട്ടിൽ എൽ.ഡി.എഫിന്റെ സി.എച്ച്. കുഞ്ഞമ്പുവും യു.ഡി.എഫിന്റെ ബാലകൃഷ്ണൻ പെരിയയും ഇഞ്ചോടിഞ്ചായിരുന്നു. എന്നാൽ, പ്രചാരണം മേൽതട്ടിൽ മാത്രം ഒതുങ്ങി. ഇത് എൽ.ഡി.എഫിന്റെ സാധ്യത വർധിപ്പിക്കുന്നു.
കാഞ്ഞങ്ങാട് മന്ത്രി മണ്ഡലമാണ്. ഇ. ചന്ദ്രശേഖരൻ മൂന്നാം തവണ മത്സരിക്കുന്നതിനോടുള്ള വിയോജിപ്പുകൾ സിപിഐയിലും മുന്നണിക്കകത്തും ഉണ്ടെങ്കിലും അത് മുതലെടുക്കാനുള്ള സന്നാഹങ്ങൾ യു.ഡി.എഫിനില്ലാതെ പോയി. സംസ്ഥാനത്തെ വലിയ ഭൂരിപക്ഷങ്ങളിൽ ഒന്നാണ് കാഞ്ഞങ്ങാട്ടുള്ളത്. ഇതിൽ കുറവുണ്ടാകും. തൃക്കരിപ്പൂരിൽ കണക്കുകൾ നിരത്തി യു.ഡി.എഫ് വിജയം പ്രതീക്ഷിക്കുന്നുണ്ട്. ന്യൂനപക്ഷ വിഭാഗത്തിൽപെട്ട സ്ഥാനാർത്ഥി. ഇരു ന്യൂനപക്ഷങ്ങളും യോജിക്കുമെന്നായിരുന്നു ഈ പ്രതീക്ഷക്ക് കാരണം. എന്നാൽ, ഇത് കണക്കിലൊതുങ്ങാനാണ് സാധ്യത.
മറുനാടന് മലയാളി ബ്യൂറോ