മുംബൈ: രണ്ടരവർഷം പഴക്കമുള്ള മഹാരാഷ്ട്രയിലെ മഹാ വികാസ് അഘാടി സഖ്യസർക്കാർ ആടി ഉലയുകയാണ്. ശിവസേന മന്ത്രി ഏക്‌നാഥ് ഷിൻഡെയും വിമത എംഎൽഎമാരും, മുങ്ങി ഗുജറാത്തിലെ സൂറത്തിലേക്ക് പോയതോടെ, സർക്കാരിന്റെ ഭാവി അനിശ്ചിതത്വത്തിലായി.

ശിവസേന, എൻസിപി, സ്വതന്ത്രൻ എന്നിവരെല്ലാം അടങ്ങുന്ന വിമത എംഎൽഎമാരെ, സൂറത്തിൽ നിന്ന് അസമിലേക്ക് കൊണ്ടുപോകാനാണ് തീരുമാനം. 150 സീറ്റുള്ള ചാർട്ടർ വിമാനം സൂറത്ത് വിമാനത്താവളത്തിൽ എത്തിയിട്ടുണ്ട്. അതിനിടെ, ഉദ്ധവ് താക്കറെ നാളെ ഉച്ചയ്ക്ക് ഒരുമണിക്ക് മന്ത്രിസഭായോഗം വിളിച്ചിട്ടുണ്ട്. പ്രതിസന്ധി പരിഹരിക്കാൻ മഹാവികാസ് അഘാഡി നേതാക്കളുമായി ഉദ്ധവ് താക്കറെ കൂടിക്കാഴ്ച നടത്തി. ബാലാ സാഹേബ് തോറട്ട്, ജയന്ത് പാട്ടീൽ, അജിത് പവാർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു. അതിനിടെ ശിവസേന നേതാക്കൾ സൂറത്തിലെത്തി മുഖ്യമന്ത്രിയുടെ സന്ദേശം ഏക്‌നാഥ് ഷിൻഡെയ്ക്കു കൈമാറി. രണ്ടു മണിക്കൂറോളം ഇവർ ഷിൻഡെയുമായി സംസാരിച്ചെന്നാണ് വിവരം.

ഉദ്ധവ് താക്കറെ ഷിൻഡെയുമായി പത്തു മിനിറ്റോളം ഫോണിൽ സംസാരിച്ചെന്നാണ് വിവരം. തീരുമാനം പുനഃപരിശോധിക്കണമെന്ന് ഉദ്ധവ് ഷിൻഡെയോട് ആവശ്യപ്പെട്ടതായി സൂചന. അതേസമയം ഷിൻഡെയുമായി ചേർന്ന് സർക്കാരുണ്ടാക്കാൻ തയാറാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ ചന്ദ്രകാന്ത് പാട്ടീൽ അറിയിച്ചു. ഉപമുഖ്യമന്ത്രിയാക്കണമെന്ന് ബിജെപിയോട് ഏക്‌നാഥ് ആവശ്യം ഉന്നയിച്ചതായാണ് വിവരം. ഉപമുഖ്യമന്ത്രി പദം നൽകി അനുനയിപ്പിക്കാൻ ശിവസേന നീക്കം തുടങ്ങി. തുടർ നീക്കങ്ങൾ ചർച്ച ചെയ്യാൻ മുൻ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് ഡൽഹിയിലേക്ക് തിരിച്ചു. മുഖ്യമന്ത്രി ഉദ്ധവ് താക്കറുമായി എൻസിപി നേതാവ് ശരദ് പവാർ കൂടിക്കാഴ്ച നടത്തും.

ഏക്‌നാഥ് ഷിൻഡെയുടെ നേതൃത്വത്തിൽ 22 എംഎൽഎമാരുടെ നാടകം ബിജെപി ഭരിക്കുന്ന ഗുജറാത്തിൽ ആണെന്നത് തന്നെ സംഭവങ്ങളുടെ കിടപ്പ് വ്യക്തമാക്കുന്നു. ബിജെപിയുടെ മഹാരാഷ്ട്ര പ്രസിഡന്റ് ചന്ദ്രകാന്ത് പാട്ടീൽ ഷിൻഡെയ്ക്ക് ഒപ്പം സർക്കാർ രൂപീകരിക്കുന്നതിന് ഒരുക്കം എന്ന് പ്രഖ്യാപിച്ച് കഴിഞ്ഞു. നിയമസഭയിൽ 134 വോട്ടുണ്ടെന്നാണ് ബിജെപിയുടെ അവകാശവാദം. മഹാവികാസ് അഘാടി സർക്കാർ ന്യൂനപക്ഷമായി. ഒളിവിൽ പോയ ഏക്‌നാഥ് ഷിൻഡെയ്‌ക്കൊപ്പം 35 എംഎൽഎമാരുണ്ടെന്നും ചന്ദ്രകാന്ത് പാട്ടീൽ പറഞ്ഞു.

തിങ്കളാഴ്ച നിയമസഭാ കൗൺസിലിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ, ബിജെപിക്ക് 134 വോട്ടുകൾ നേടാൻ കഴിഞ്ഞു. അതിനർത്ഥം സർക്കാർ രൂപീകരിക്കാനുള്ള അവകാശവാദം ഉന്നയിക്കാൻ ഞങ്ങൾക്ക് 11 വോട്ടുകളുടെ കുറവ് മാത്രമേ ഉള്ളൂ എന്നാണ്. സർക്കാർ രൂപീകരിക്കുന്നത് സംബന്ധിച്ച് ഏതെങ്കിലും ശുപാർശ ബിജെപിക്ക് ലഭിച്ചാൽ അത് ഗൗരവകരമായി പരിഗണിക്കും. ശിവസേനയും ബിജെപിയും തമ്മിലുള്ള പ്രശ്നത്തിന് ഉത്തരവാദി ശിവസേന നേതാവ് സഞ്ജയ് റാവുത്താണെന്നും അദ്ദേഹം ആരോപിച്ചു.

നിലവിലെ സാഹചര്യത്തിൽ ആറ് സാധ്യതകളാണുള്ളത്:

ഒന്ന്-ബിജെപി അവിശ്വാസ പ്രമേയം കൊണ്ടുവരുന്നു. 37 എംഎൽഎമാരുമായി ഷിൻഡെ പുതിയ പാർട്ടി ഉണ്ടാക്കുന്നു. ബിജെപി തുണയ്ക്കുന്നതോടെ അംഗസംഖ്യ 150 ആയി ഉയരുന്നു. മഹാവികാസ് അഘാടി സർക്കാർ വീഴുന്നു. ബിജെപിയും സഖ്യകക്ഷികളും ഭൂരിപക്ഷം നേടുന്നു

രണ്ട്ബിജെപി അവിശ്വാസ പ്രമേയം കൊണ്ടുവരുന്നു. വിമതർ പാർട്ടി വിപ്പ് ലംഘിക്കുന്നു. വിമതർ അയോഗ്യരാകുന്നതോടെ വീണ്ടും തിരഞ്ഞെടുപ്പ് വേണ്ടി വരുന്നു. എത്ര എംഎൽഎമാർ അയോഗ്യരാകുന്നതിനെ ആശ്രയിച്ച് ശിവസേന സർക്കാരിന്റെ ഭാവി

മൂന്ന്‌വിമത എംഎൽഎമാർ രാജി വയ്ക്കുന്നു. ഷിൻഡെയ്ക്ക് 37 എംഎൽഎമാരുടെ പിന്തുണ കിട്ടുന്നില്ല. എത്ര എംഎൽഎമാർ രാജി വയ്ക്കുന്നുവെന്നതിനെ ആശ്രയിച്ച് സർക്കാർ ഭാവി

നാല്-ബിജെപി പിന്തുണയോടെ ഷിൻഡെ മുഖ്യമന്ത്രിയാകുന്നു. സ്വന്തം പാർട്ടി രൂപീകരിക്കുകയോ ബിജെപിയിൽ ലയിക്കുകയോ ചെയ്യുന്നു.

അഞ്ച്അയോഗ്യത ഒഴിവാക്കാൻ ആവശ്യമായ 37 എംഎൽഎമാരെ ഷിൻഡെയ്ക്ക് കിട്ടാതെ വരുന്നു. ചില എംഎൽഎമാർ ശിവസേനയിലേക്ക് മടങ്ങുന്നു. മഹാവികാസ് അഘാടി സർക്കാർ അതിജീവിക്കുന്നു. ഷിൻഡെയുടെ കലാപം പരാജയപ്പെടുന്നു.

ആറ്- രാഷ്ട്രപതി ഭരണം

കരുനീക്കങ്ങൾ ഇങ്ങനെ

മഹാരാഷ്ട്രയിൽ ദേവേന്ദ്ര ഫട്‌നാവിസ് സർക്കാരിനായി ബിജെപി കരുനീക്കം തുടരുന്നതിനിടെ, വിമതനായ ഏക്‌നാഥ് ഷിൻഡെയെ ശിവസേന, പാർട്ടി നിയമസഭാ കക്ഷി നേതൃസ്ഥാനത്ത് നിന്ന് നീക്കി. അജയ് ചൗധരിയാണ് പുതിയ നിയമസഭാകക്ഷി നേതാവ്. ഷിൻഡെയും മറ്റ് 21 എംഎൽഎമാരുമാണ് സൂറത്തിലെ മെറിഡിയൻ ഹോട്ടലിലേക്ക് മാറിയത്. ഇതോടെ ഉദ്ധവ് താക്കറെ സർക്കാരിന് അലാം മണി മുഴങ്ങി കഴിഞ്ഞു.

പാർട്ടി നിയമസഭാകക്ഷി സ്ഥാനത്ത് നിന്ന് പുറത്താക്കിയ അതേ സമയത്ത് തന്നെ ഷിൻഡെ ഒരു ട്വീറ്റ് പോസ്റ്റ് ചെയ്തു. 'ബാലസാഹേബ് താക്കറെയാണ് ഞങ്ങളെ ഹിന്ദുത്വ പഠിപ്പിച്ചത്. ഒരിക്കലും അധികാരത്തിന് വേണ്ടി ചതിക്കില്ല'; ബാലസാഹേബിന്റെ ചിന്തകളെ ഉപേക്ഷിക്കില്ലെന്നും ഷിൻഡെ കുറിച്ചു.

അതേസമയം, ശിവസേനയുടെ സഖ്യകക്ഷിയായ എൻസിപിയുടെ ദേശീയ അദ്ധ്യക്ഷൻ ശരത് പവാർ തനിക്ക് ഉദ്ധവ് താക്കറെയിൽ പൂർണ വിശ്വാസമുണ്ടെന്ന് പറഞ്ഞു. ഈ സാഹചര്യത്തിൽ നിന്ന് പുറത്തുകടക്കാൻ താക്കറെ വഴി കണ്ടെത്തുമെന്നും, ഇത് ശിവസേനയുടെ ആഭ്യന്തര പ്രശ്‌നമാണെന്നും പവാർ പറഞ്ഞു.

സൂറത്തിലെ ഹോട്ടലിൽ കഴിയുന്ന 21 എംഎൽഎമാരിൽ, അഞ്ച് മന്ത്രിമാരും, ഒരു സ്വതന്ത്ര എംഎൽഎയുമുണ്ട്. ഉദ്ധവ് താക്കറെ ഉച്ചകഴിഞ്ഞ് തന്റെ വസതിയിൽ അടിയന്തര യോഗം വിളിച്ചുചേർത്തു. ഷിൻഡെയ്ക്ക് ഒപ്പമുള്ളവരെ കൂടാതെ മറ്റുചിലരും യോഗത്തിൽ പങ്കെടുത്തില്ലെന്നാണ് വിവരം. ഇത് പ്രതിസന്ധി കൂടുതൽ രൂക്ഷമാക്കുകയാണ്. ഷിൻഡെയോട് സംസാരിക്കാൻ ആരെയും ഗുജറാത്തിലേക്ക് അയയ്ക്കില്ലെന്നാണ് സേനാ നേതൃത്വത്തിന്റെ നിലപാട്. പാർട്ടി നേതൃത്വവുമായി സംസാരിക്കണമെങ്കിൽ ഷിൻഡെ മുംബൈക്ക് വരട്ടെയെന്ന നിലപാടാണ് താക്കറെയ്ക്ക്.

താക്കറെ സർക്കാരിനെ താഴെയിടാൻ ബിജെപിയുടെ ഗൂഢാലോചനയുണ്ടെന്ന് ശിവസേന എംപി സഞ്ജയ് റാവുത്ത് ആരോപിച്ചു. മധ്യപ്രദേശിലെയും രാജസ്ഥാനിലെയും അതേ രീതിയിലാണ് മഹാരാഷ്ട്രയിലും അട്ടിമറി ശ്രമം നടക്കുന്നത്. ശിവസേന വിശ്വസ്തരുടെ പാർട്ടിയാണ്. അത് ഞങ്ങൾ അനുവദിച്ച് കൊടുക്കില്ല, സഞ്ജയ് റാവുത്ത് പറഞ്ഞു. സൂറത്തിലെ ചില എംഎൽഎമാർക്ക് മടങ്ങണമെന്ന് ഉണ്ടെങ്കിലും അതനുവദിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

നിയമസഭാ കൗൺസിൽ തെരഞ്ഞെടുപ്പിന് പിന്നാലെയാണ് മഹാരാഷ്ട്രയിൽ രാഷ്ട്രീയ പ്രതിസന്ധി മുറുകിയത്. എൻസിപി- കോൺഗ്രസ്- ശിവസേന സഖ്യമായ മഹാവികാസ് അഘാഡി സർക്കാരിന് തലവേദനയാകുകയാണ് ഏക്നാഥ് ഷിൻഡെയുടെ ഈ നീക്കം. 11 എംഎൽഎമാർ ഒറ്റയടിക്ക് മറുകണ്ടം ചാടിയാൽ അത് സർക്കാറിന്റെ നിലനിൽപ്പിനെ തന്നെ ബാധിക്കും. കഴിഞ്ഞ നിയമസഭാ കൗൺസിൽ തെരഞ്ഞെടുപ്പിൽ മൂന്ന് വീതം ശിവസേന - കോൺഗ്രസ് എംഎൽഎമാർ ക്രോസ് വോട്ട് ചെയ്തിരുന്നു.

താനെയിലെ ശിവസേനയുടെ പ്രമുഖനേതാക്കളിലൊരാളാണ് ഏക് നാഥ് ഷിൻഡെ. താനെ മേഖലയിൽ ശിവസേനയെ കെട്ടിപ്പടുക്കുന്നതിൽ പ്രധാനപങ്ക് വഹിച്ചയാൾ കൂടിയാണ് ഷിൻഡെ. സേനയുടെ ജനപ്രിയനേതാക്കളിലൊരാളായ ഷിൻഡെ, 2014-ൽ മഹാരാഷ്ട്ര നിയമസഭയിൽ പ്രതിപക്ഷനേതാവായിരുന്നു. ബിജെപിയുമായി വഴിപിരിഞ്ഞ ശേഷം പ്രതിപക്ഷനേതൃപദവി വിശ്വാസത്തോടെ പാർട്ടി ഏൽപിച്ചതും ഷിൻഡെയെത്തന്നെ. പിന്നീട് എൻസിപി - കോൺഗ്രസ് - സഖ്യം മഹാവികാസ് അഘാഡി സർക്കാർ രൂപീകരിച്ചപ്പോൾ നഗരവികസന, പൊതുമരാമത്ത് വകുപ്പാണ് ഷിൻഡെയ്ക്ക് നൽകിയത്.

തന്നെ ഒതുക്കാനാണ് ഉദ്ധവിന്റെ നേതൃത്വത്തിൽ ശ്രമിക്കുന്നതെന്ന വികാരം ശക്തമായിത്തന്നെ ഷിൻഡെയുടെ വൃത്തങ്ങളിലുണ്ട്. അതിനാൽത്തന്നെ നേതൃത്വവുമായി കഴിഞ്ഞ കുറച്ച് കാലമായി ഭിന്നിപ്പിലായിരുന്നു ഷിൻഡെ. നിലവിൽ എൻസിപി- കോൺഗ്രസ് കക്ഷികളുടെയും, മറ്റ് ചെറുകക്ഷികളുടെയും പിന്തുണ ചേർത്താൽ 169 പേരുടെ പിന്തുണയാണ് മഹാവികാസ് അഘാഡി സർക്കാരിനുള്ളത്.

ഇതിനിടെ സംസ്ഥാനത്തെ കോൺഗ്രസ് നേതാക്കളെ ഹൈക്കമാൻഡ് ഡൽഹിയിലേക്ക് വിളിപ്പിച്ചിട്ടുണ്ട്. കാര്യങ്ങൾ ഹൈക്കമാൻഡിനെ ധരിപ്പിച്ചിട്ടുണ്ടെന്നും എംഎൽഎമാരെ ഡൽഹിയിലേക്ക് വിളിപ്പിച്ചിട്ടില്ലെന്നും പിസിസി അധ്യക്ഷൻ നാന പടോല അറിയിച്ചു. 2019 പൊതുതിരഞ്ഞെടുപ്പിൽ സഖ്യമായി മത്സരിച്ച ബിജെപിയും ശിവസേനയും തിരഞ്ഞെടുപ്പിന് ശേഷം മുഖ്യമന്ത്രി സ്ഥാനം പങ്കിടുന്നതുമായി ബന്ധപ്പെട്ട് വഴിപിരിയുകയായിരുന്നു. ഏറ്റവും വലിയ ഒറ്റ കക്ഷിയായ ബിജെപിയെ മാറ്റിനിർത്തി ശിവസേന എൻസിപിയുമായും കോൺഗ്രസുമായും ചേർന്ന് സർക്കാർ രൂപീകരിച്ചു.

ശിവസേന 56, എൻസിപി 53, കോൺഗ്രസ് 44 എന്നിങ്ങനെയും സ്വതന്ത്രരും ചെറുപാർട്ടികളുമടക്കം 169 എംഎൽഎമാരുടെ പിന്തുണയാണ് മഹാവികാസ് അഘാടിക്കുള്ളത്. ബിജെപിക്ക് 106 എംഎൽഎമാരുണ്ട്. ശിവസേനയിലെ വിമത നീക്കങ്ങളും സ്വതന്ത്രരുടേയും പിന്തുണ ലഭിച്ചാൽ സഖ്യ സർക്കാരിനെ അട്ടിമറിച്ച് സർക്കാർ രൂപീകരിക്കാമെന്ന പ്രതീക്ഷയിലാണ് ബിജെപി. ഉദ്ധവ് സർക്കാരിൽ വിള്ളൽ വീഴ്‌ത്താൻ പലതവണ ശ്രമം നടത്തിയിട്ടുള്ള ബിജെപിയുടെ ഒടുവിലെ നീക്കമാണ് ഇപ്പോൾ നടക്കുന്നത്. ചില കോൺഗ്രസ് എംഎൽഎമാരേയും ബിജെപി ബന്ധപ്പെട്ടതായ റിപ്പോർട്ടുകളുണ്ട്.