പത്തനംതിട്ട: മോഴയാനയുടെ പുറത്ത് കുടുങ്ങിപ്പോയ രണ്ടാം പാപ്പാൻ മരണം മുന്നിൽ കണ്ട് കഴിഞ്ഞത് 12 മണിക്കൂർ. ഇതിനിടെ നിലവിളിക്കുന്ന ബന്ധുക്കളുടെ മുഖവും നിസഹായരായ നാട്ടുകാരുടെ ബഹളവുമെല്ലാം ഉണ്ടായി. ഇതൊക്കെ ഏറെക്കുറെ അലോസരപ്പെടുത്തിയിരിക്കാമെങ്കിലും ആത്മധൈര്യം ഒന്നു കൊണ്ടു മാത്രം ജീവിതത്തിലേക്ക് മടങ്ങിയെത്താൻ ആ മനുഷ്യനായി. പല തവണ തള്ളി താഴെയിടാൻ ആന ശ്രമിച്ചു. ഒന്നാം പാപ്പാന്റെ ബുദ്ധിപരമായ നീക്കത്തിനൊടുവിലാണ് ആനയെ തളയ്ക്കാനായത്.

ഇലന്തൂരിൽ ബുധനാഴ്ച രാവിലെ ഒമ്പതിന് തുടങ്ങിയ ആനയോട്ടത്തിന് പരിസമാപ്തിയായത് വൈകിട്ട് ആറു മണിക്കാണ്. മുത്തൻ കുഴിയിൽ വ്യക്തിയുടെ പുരയിടത്തിലെ തടി പിടിക്കാൻ കൊണ്ടുവന്ന ഹരിപ്പാട് സ്വദേശിയുടെ അപ്പു എന്ന മോഴയാനയാണ് നാടിനെ 12 മണിക്കൂർ മുൾമുനയിൽ നിർത്തിയത്. രാവിലെ ഒമ്പതു മണിയോടെയാണ് അപ്പു ഇടഞ്ഞത്.

ഈ സമയം രണ്ടാം പാപ്പാനും പ്രദേശവാസിയുമായ രവീന്ദ്രൻ ആനയുടെ പുറത്ത് ഉണ്ടായിരുന്നു. വീട്ടുമുറ്റത്തിരുന്ന സ്‌കൂട്ടർ തട്ടി മറിച്ച ശേഷം ഏതാനും റബർ മരങ്ങളും പിഴുതെറിഞ്ഞ ആന ഒന്നാം പാപ്പാനെ ആക്രമിക്കാനും ശ്രമിച്ചു. ഇയാൾ ജനവാസമില്ലാത്ത കുന്നിലേക്ക് ആനയെ ബുദ്ധിപൂർവം ഓടിച്ച് കയറ്റിയതു കൊണ്ട് കൂടുതൽ നാശനഷ്ടങ്ങൾ ഒഴിവാക്കാനായി.

മണിക്കൂറുകളോളം മുത്തൻ കുഴിയിലെ റബ്ബർ തോട്ടത്തിൽ നിലയുറപ്പിച്ച ആനയെ 12 മണിക്കൂറിന് ശേഷം വൈകിട്ട് ആറു മണിയോടെയാണ് മറ്റ് ആനകളുടെ പാപ്പാന്മാർ ചേർന്ന് തളച്ച് രവീന്ദ്രനെ താഴെയിറക്കിയത്. ഇടഞ്ഞ ആനയുടെ മുകളിൽ, ആശങ്കാകുലരായ ബന്ധുക്കളുടെ മുന്നിലാണ് രവീന്ദ്രൻ 12 മണിക്കൂർ കഴിച്ചു കൂട്ടിയത്.

നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് പത്തനംതിട്ട ദുരന്ത നിവാരണ വിഭാഗം ഡെപ്യൂട്ടി കലക്ടർ ഗോപകുമാർ. പൊലീസ് ഇൻസ്പക്ടർ ജി. സുനിൽ, റാന്നി ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസർ സി.പി.പ്രദീപ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തിയെങ്കിലും വെറ്റിനറി ഡോക്ടറില്ലാത്തതിനാൽ കാഴ്‌ച്ചക്കാരാകേണ്ടി വന്നു.

ഏതാനും വർഷം മുൻപ് എലിഫന്റ് സ്‌ക്വാഡിന്റെ തലവനായിരുന്ന ഡോ. ഗോപകുമാർ ആനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടതോടെ എലിഫന്റ് സ്‌ക്വാഡിൽ സ്ഥിരം മയക്ക് വെടി വിദഗ്ധരായ വെറ്റി നറി ഡോക്ടർമാരുടെ സേവനം ലഭിക്കുന്നില്ല എന്ന് ആക്ഷേപമുണ്ട്. നിലവിൽ തേക്കടിയിൽ നിന്നും വിദഗ്ദ്ധർ എത്തിച്ചേരേണ്ട അവസ്ഥയാണുള്ളത്.