- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചൈനയെ പ്രതിരോധിക്കാൻ നടുക്കടലിലെ പടയൊരുക്കവുമായി സംയുക്ത നാവിക സേന; മലബാര് 2020ന് തുടക്കം; നാവിക അഭ്യാസത്തിൽ ഇന്തോ-അമേരിക്കൻ കൂട്ടുകെട്ടിനൊപ്പം ഫ്രാൻസും ജപ്പാനും
ഡൽഹി: ഇന്ത്യയുമായി ചേർന്നു യുഎസ്, ജപ്പാൻ, ഓസ്ട്രേലിയ എന്നീ രാജ്യങ്ങൾ നടത്തുന്ന ഏറ്റവും വലിയ നാവിക അഭ്യാസമായ 'മലബാർ 2020'ന് തുടക്കം. ഇന്തോപസിഫിക്കിലെ ശക്തമായ പ്രതിരോധ സഹകരണത്തിനായി ബംഗാൾ ഉൾക്കടലിൽ നാലു രാജ്യങ്ങളുടെയും നാവികാഭ്യാസം തുടങ്ങിയതായി ഇന്ത്യയിലെ യുഎസ് എംബസി ട്വീറ്റ് ചെയ്തു. സൈനികമായും സാമ്പത്തികമായും ചൈന ഉയർത്തുന്ന വെല്ലുവിളിക്കുള്ള മുന്നറിയിപ്പാണു പരിശീലനം.
ഇന്തോ പസിഫിക്കിലെ വലിയ ജനാധിപത്യ രാജ്യങ്ങളുടെ അനൗപചാരിക കൂട്ടായ്മയായ ക്വാഡിലെ (ക്വാഡിലേറ്ററൽ സെക്യൂരിറ്റി ഡയലോഗ് ക്യുഎസ്ഡി അഥവാ ക്വാഡ്) എല്ലാ അംഗങ്ങളെയും ഉൾക്കൊള്ളുന്നതാണ് ഇത്തവണത്തെ പരിശീലനമെന്നതു പ്രത്യേകതയാണ്. ഇന്ത്യയും യുഎസും ജപ്പാനും ചേർന്നുള്ള വാർഷിക 'മലബാർ പരിശീലനം' ഇത്തവണ ഓസ്ട്രേലിയയെ ഉൾപ്പെടുത്തുന്നതിനായി വിപുലീകരിച്ചിരുന്നു. നേരത്തേ ചൈനയുടെ വിമർശനത്തെ തുടർന്ന് മാറിനിന്ന ഓസ്ട്രലിയ പങ്കെടുക്കുന്നത് ഇന്ത്യയ്ക്കും മുതൽക്കൂട്ടാണ്.
യുഎസ് നാവികസേനയുടെ ജോൺ എസ് മക്കെയ്ൻ മിസൈൽ ഡിസ്ട്രോയർ, ഓസ്ട്രേലിയയിലെ ബല്ലാറാത്ത് ഫ്രിഗേറ്റ്, ജാപ്പനീസ് ഡിസ്ട്രോയർ എന്നിവയ്ക്കൊപ്പം ഇന്ത്യൻ നാവികസേനയുടെ അന്തർവാഹിനി ഉൾപ്പെടെ അഞ്ച് കപ്പലുകളും സമുദ്രത്തിൽ വിന്യസിച്ചിട്ടുണ്ടെന്നു പ്രതിരോധ മന്ത്രാലയം അറിയിച്ചു. കോവിഡ് നിയന്ത്രണങ്ങൾ ഉള്ളതിനാൽ നവംബർ 6 വരെ നടക്കുന്ന ആദ്യഘട്ട പരിശീലനത്തിനിടെ നാലു രാജ്യങ്ങളിലെ സൈനിക ഉദ്യോഗസ്ഥർ തമ്മിൽ നേരിട്ടു ബന്ധപ്പെടില്ല.സൈനികാഭ്യാസം സൗഹൃദ നാവികസേനകൾ തമ്മിലുള്ള ഉയർന്ന തലത്തിലുള്ള ഏകോപനത്തിന്റെ പ്രദർശനമാണെന്നു പ്രതിരോധ മന്ത്രാലയം പറഞ്ഞു. യഥാർഥ നിയന്ത്രണരേഖയിൽ ഇന്ത്യയ്ക്കെതിരെ മാസങ്ങളായി ചൈന പ്രകോപനം തുടരുന്ന സാഹചര്യത്തിലാണു സൈനികാഭ്യാസം.
കൊടുംതണുപ്പിനെ കൂസാതെ പതിനായിരക്കണക്കിന് സൈനികരെയും ആയുധങ്ങളെയുമാണു രണ്ടു രാജ്യവും വിന്യസിച്ചിട്ടുള്ളത്. കോവിഡിനെക്കുറിച്ച് രാജ്യാന്തര അന്വേഷണം നടത്തണമെന്ന ഓസ്ട്രേലിയയുടെ ആവശ്യത്തിലും കിഴക്കൻ ചൈനാക്കടലിലെ ദ്വീപുകളുടെ ഉടമസ്ഥാവകാശം സംബന്ധിച്ച് ജപ്പാന്റെ അവകാശവാദത്തിലും കടുത്ത എതിർപ്പാണു ചൈന പ്രകടിപ്പിച്ചത്.
മറുനാടന് ഡെസ്ക്