- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
മലപ്പുറത്തെ ലീഗ് കോട്ടപൊളിക്കാൻ സിപിഎം ലിസ്റ്റിൽ ഇടംപിടിച്ച് പൊതുസമ്മതർ; മുസ്ലിംലീഗ് മുൻനഗരസഭാ ചെയർമാൻ കെ പി മുഹമ്മദ് മുസ്തഫയും മുൻ ഇന്ത്യൻ ഫുട്ബോൾ താരം യു.ഷറഫലിയും ലിസ്റ്റിൽ; കഴിഞ്ഞ തവണ മത്സരിച്ച് പരാജയപ്പെട്ട ഗഫൂർ പി. ലില്ലീസിനെ ഇക്കുറിയും പരിഗണിക്കുന്നു; മലപ്പുറത്തെ സിപിഎം ലിസ്റ്റ് ഇങ്ങനെ
മലപ്പുറം: മലപ്പുറത്തെ ലീഗ് കോട്ടപൊളിക്കാൻ സിപിഎം ലിസ്റ്റിൽ മുസ്ലിംലീഗിന്റെ മുൻനഗരസഭാ ചെയർമാൻ കെ.പി. മുഹമ്മദ് മുസ്തഫയും മുൻഇന്ത്യൻഫുട്ബോൾ താരം യു.ഷറഫലിയും. മലപ്പുറത്ത് നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സിപിഎം സ്ഥാനാർത്ഥികളെ സംബന്ധിച്ച ഏകദേശ ധാരണയായി. നാളെയോടുകൂടി പ്രഖ്യാപനമുണ്ടാകുമെന്ന് നേതൃത്വം അറിയിച്ചു. മുസ്ലിംലീഗിന്റെ മലപ്പുറം നഗരസഭാചെയർമാനായിരുന്നു കെ.പി. മുഹമ്മദ് മുസ്തഫയെ പെരിന്തൽമണ്ണയിലും, മുൻ ഇന്ത്യൻ ഫുട്ബോൾ ടീം ക്യാപ്റ്റൻ യു ഷറഫലിയെ ഏറനാടും പരിഗണിക്കുന്ന ലിസ്റ്റാണ് ജില്ലാ കമ്മിറ്റി തെയ്യാറാക്കിയത്. നാളെ നടക്കുന്ന സംസ്ഥാന കമ്മിറ്റിയിൽകൂടി ചർച്ചചെയ്ത ശേഷം പ്രഖ്യാപനമുണ്ടാകുമെന്നാണ് നേതൃത്വത്തിൽനിന്നും ലഭിക്കുന്ന വിവരം.
ഏറനാട് സിപിഎം സ്ഥാനാർത്ഥിയായാണ് ഷറഫലിയെ പരിഗണിക്കുന്നതെന്നതിനാൽ ഇവിടെ സിപിഐയുടെ സീറ്റായതിനാൽ അവരുടെ നിലപാട് കൂടി അറിഞ്ഞ ശേഷമാകും ഷറഫലിയുടെ പേര് അന്തിമമാക്കുക. സിപിഐക്കു കൊണ്ടോട്ടി മണ്ഡലംവെച്ചുമാറാനുള്ള ചർച്ചകളും നടക്കുന്നുണ്ട്. നിലവിലുള്ള നാല് സീറ്റുകളിൽ സിറ്റിങ് എംഎൽഎമാർ തന്നെ തുടരുന്ന രീതിയിലാണ് ലിസ്റ്റ് തെയ്യാറാക്കിയിട്ടുള്ളത്. ഇതിൽ താനൂർ എംഎൽഎ വി.അബ്ദുഹിമാന് തിരൂർ മണ്ഡലത്തിൽ മത്സരിക്കാനുള്ള ആഗ്രഹമുള്ളതായി അറിയിച്ചതിനെ തുടർന്ന് ഇക്കാര്യത്തിൽ തീരുമാനം മാറാനുള്ള സാധ്യത നിലനിൽക്കുന്നുണ്ട്.
തവനൂർ-കെ.ടി.ജലീൽ, പൊന്നാനി- പി.ശ്രീരാമകൃഷ്ണൻ, നിലമ്പൂർ-പി.വി.അൻവർ എന്നിവർ മത്സരിക്കും. അബ്ദുറഹിമാൻ തിരൂൽ വന്നില്ലെങ്കിൽ കഴിഞ്ഞ തവണ മത്സരിച്ച് പരാജയപ്പെട്ട ഗഫൂർ പി.ലില്ലീസ് തന്നെ തിരൂരിൽ മത്സരിക്കും. മങ്കടയിലും കഴിഞ്ഞ തവണ മത്സരിച്ച് പരാജയപ്പെട്ട അഡ്വ. ടി.കെ. റഷീദലി തന്നെയാണ് ലിസ്റ്റിലുള്ളത്. വണ്ടൂരിൽ എ.പി. അനിൽ കുമാറിനെതിരെ പള്ളിക്കൽ മുൻ പഞ്ചായത്ത് പ്രസിഡന്റ് പി. മിഥുനയെ ആണ് പരിഗമിക്കുന്നത്. ചന്ദ്രബാബുവിന്റെ പേരും ഇവിടെ പരിഗണിക്കുന്നുണ്ട്. മുസ്ലിം ലീഗ് സ്ഥാനാർത്ഥിയായിട്ടാണ് മിഥുന പള്ളിക്കൽ പഞ്ചായത്ത് പ്രസിഡന്റായത്. പിന്നീട് ലീഗുമായി പിണങ്ങി ഇടതുപക്ഷത്തോടടുക്കുകയായിരുന്നു.
യു.ഷറഫലിയിലൂടെ ഏറനാട് മണ്ഡലം പിടിച്ചെടുക്കാമെന്നാണ് സിപിഎം കണക്ക് കൂട്ടുന്നത്. ചാലിയാർ പുഴയുടെ ഇരുകരകളിലുമായി മലയോര കുടിയേറ്റ കർഷകരും ആദിവാസികളും അടങ്ങുന്ന ജനവിഭാഗം വിധിയെഴുതുന്ന മണ്ഡലമാണ് ഏറനാട്. 2009 ലോക്സഭാ തെരഞ്ഞെടുപ്പോടെയാണ് ഏറനാട് മണ്ഡലം രൂപീകരിച്ചത്. വണ്ടൂർ മണ്ഡലത്തിലെ എടവണ്ണ, നിലമ്പൂർ മണ്ഡലത്തിലെ ചാലിയാർ, മഞ്ചേരി മണ്ഡലത്തിലെ ഊർങ്ങാട്ടിരി, കാവനൂർ, കുഴിമണ്ണ, അരീക്കോട് ഗ്രാമ പഞ്ചായത്തുകൾ ഉൾപ്പെടുത്തിയാണ് ഏറനാട് നിലവിൽ വന്നത്.
കുടിയേറ്റ കർഷകർക്കും ആദിവാസി വിഭാഗങ്ങൾക്കും കേരള കോൺഗ്രസിനും സ്വാധീനമുള്ള ജില്ലയിലെ മലയോര മണ്ഡലം കൂടിയാണിത്. വയനാട് ലോക്സഭാ മണ്ഡലത്തിലായതിനാൽ വി.ഐ.പി പരിഗണനയും ഏറനാടിനുണ്ട്. 2011 ലാണ് മണ്ഡലം രൂപീകൃതമായ ശേഷം ആദ്യമായി ഏറനാട് നിയമസഭാ തെരഞ്ഞെടുപ്പ് നടന്നത്. മണ്ഡലത്തിൽ ഇത്തവണ വരാനിരിക്കുന്നത് മൂന്നാമത്തെ നിയമസഭാ തെരഞ്ഞെടുപ്പ് ആണ്. 2011 ൽമുസ്ലിം ലീഗ് നിയോജക മണ്ഡലം പ്രസിഡന്റ് പി.കെ ബഷീർ യു.ഡി.എഫ് സ്ഥാനാർത്ഥിയായി. എൽ.ഡി.എഫ് സ്ഥാനാർത്ഥി സിപിഐ ജില്ലാ കമ്മിറ്റിയംഗം അഷ്റഫലി കാളിയത്ത് ആയിരുന്നു.
പി.വി. അൻവർ സ്വതന്ത്ര സ്ഥാനാർത്ഥിയായി രംഗത്ത് വന്നതോടെ എൽ.ഡി.എഫ് സ്ഥാനാർത്ഥിയെ പൂർണമായും കൈവെടിഞ്ഞ് സിപിഎം പ്രവർത്തകർ സ്വതന്ത്ര സ്ഥാനാർത്ഥിക്ക് വേണ്ടി പ്രചാരണം നടത്തുന്ന അപൂർവ സംഭവത്തിനും തെരഞ്ഞെടുപ്പ് സാക്ഷിയായി. എൽ.ഡി.എഫിനകത്തെ ആശയക്കുഴപ്പം മുതലാക്കിയ യു.ഡി.എഫ് 11,246 വോട്ടിന് വിജയിച്ചതോടെ പി.കെ. ബഷീർ ഏറനാടിന്റെ പ്രഥമ എംഎൽഎ ആയി. സ്വതന്ത്ര സ്ഥാനാർത്ഥി പി.വി. അൻവർ രണ്ടാം സ്ഥാനത്തെത്തിയപ്പോൾ എൽ.ഡി.എഫ് ബിജെപിക്കും പിന്നിൽ നാലാം സ്ഥാനത്തേക്ക് ദയനീയമായി പിന്തള്ളപ്പെട്ടു.
2016ലും യു.ഡി.എഫ് സ്ഥാനാർത്ഥിയായി പി.കെ. ബഷീർ മത്സരിച്ചു. എൽ.ഡി.എഫിൽ സിപിഐ സ്വതന്ത്രനായി കെ.ടി. അബ്ദുറഹ്മാൻ സ്ഥാനാർത്ഥിയായി. 2015ൽ നടന്ന തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് - ലീഗ് പോരും ലീഗിലെ പടലപിണക്കവും കാരണം ഏറനാട്ടിൽ വൻ മുന്നേറ്റം എൽ.ഡി.എഫ് നടത്തിയിരുന്നു. എന്നാൽ ആറ് മാസത്തിന് ശേഷം നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിൽ നേടിയ മുൻതൂക്കം ഉപയോഗപ്പെടുത്താൻ എൽ.ഡി.എഫിനായില്ല. കെട്ടുറപ്പോടെ പ്രവർത്തിച്ച യു.ഡി.എഫ് 12893 വോട്ടിന്റെ ഭൂരിപക്ഷത്തോടെ വിജയിച്ചു.
കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ ഊർങ്ങാട്ടിരി, കാവനൂർ, തിരിച്ചുപിടിച്ച യു.ഡി.എഫ് അരീക്കോട്, കുഴിമണ്ണ കീഴുപറമ്പ് പഞ്ചായത്തുകൾ നിലനിർത്തി. 2015ൽ നറുക്കെടുപ്പിൽ ഭരണം ലഭിച്ച കുഴിമണ്ണ ഉത്തവണ 18ൽ 18ഉം നേടി ചരിത്ര വിജയമാണ് യു.ഡി.എഫ് നേടിയത്. അതേസമയം മണ്ഡലം എംഎൽഎ പി.കെ ബഷീറിന്റെ എടവണ്ണ എൽ.ഡി.എഫ് നേടിയത് തിരിച്ചടിയായി. ചാലിയാറിൽ യു.ഡി.എഫിന് ഭൂരിപക്ഷം ലഭിച്ചെങ്കിലും പ്രസിഡന്റ് സ്ഥാനം പട്ടികവർഗ സംവരണമായതിനാൽ ഭരിക്കുന്നത് ,കേരള രാഷ്ട്രീയത്തിൽ കേരള കോൺഗ്രസ് മാണി വിഭാഗം എടുക്കുന്ന നിലപാട് പ്രതിഫലിക്കുന്ന മലബാറിലെ നിയമസഭാ മണ്ഡലമാണ് ഏറനാട്. ഊർങ്ങാട്ടിരി ഗ്രാമ പഞ്ചായത്തിൽ കേരള കോൺഗ്രസിന് നല്ല രീതിയിൽ വോട്ടുണ്ട് എന്നാണ് വിലയിരുത്തൽ. കാൽപന്ത് കളിക്ക് പേരുകേട്ട നാട്ടിൽ മുൻ ഇന്ത്യൻ ഫുട്ബോൾ താരത്തെ കളത്തിലിറക്കി വിജയഗോൾ നേടാനാണ് എൽ.ഡി.എഫ് നീക്കം.