- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അമേരിക്ക തലകുനിച്ച കാപ്പിറ്റോൾ പ്രതിഷേധത്തിനിടെ ഇന്ത്യൻ പതാകയുമായെത്തിയത് മലയാളി; ട്രംപ് അനുകൂലികൾക്കിടയിൽ ഇന്ത്യൻ പതാകയുമായി എത്തിയത് മലയാളിയായ വിൻസെന്റ് പാലത്തിങ്കൽ; ചമ്പക്കര സ്വദേശിയായ വിൻസെന്റ് റിപ്പബ്ലിക്കൻ പാർട്ടി വെർജീനിയ സ്റ്റേറ്റ് കമ്മിറ്റി അംഗം; അഞ്ചു മണിക്കൂറിലേറെ നീണ്ട് കലാപം സ്പീക്കറുടെ ഓഫിസിലും കടന്നുകയറി
വാഷിങ്ടൺ: കാപ്പറ്റോൾ പിടിച്ചടക്കിയ ട്രംപ് അനുകൂലികൾ ഇന്നലെ അമേരിക്കയെ ശരിക്കും ലോകത്തിന് മുന്നിൽ നാണം കെടുത്തിയിരുന്നു. ലക്ഷങ്ങൾ അണിനിരന്ന പ്രതിഷേധത്തിന് ഇടയെയിരുന്നും ഈ സംഭവം. ഈ പ്രതിഷോധത്തിനിടെ ഇന്ത്യൻപാതാക കണ്ടതും നെറ്റിസൺസിനിടെ വലിയ വാർത്തയായിരുന്നു. ആരാണ് ഇന്ത്യൻ പതാകയുമായി എത്തിയത് എന്ന അന്വേഷണവും ഇതിനിട തുടങ്ങുകയുണ്ടായി. ഈ അന്വേഷണം എത്തി നിൽക്കുന്നത് ഒരു മലയാൡയിലാണ്.
യുഎസ് പാർലമെന്റ് മന്ദിരമായ കാപ്പിറ്റോളിന് അകത്തും പുറത്തും പ്രതിഷേധം നടത്തിയ ട്രംപ് അനുകൂലികൾക്കിടയിൽ ഇന്ത്യൻ പതാകയുമായി എത്തിയത് മലയാളിയായ വിൻസെന്റ് പാലത്തിങ്കൽ ആയിരുന്നു. റിപ്പബ്ലിക്കൻ പാർട്ടി വെർജീനിയ സ്റ്റേറ്റ് കമ്മിറ്റി അംഗമായ വിൻസെന്റ് വൈറ്റില ചമ്പക്കര സ്വദേശിയാണ്. സമരത്തിൽ പല രാജ്യങ്ങളിൽ നിന്നുള്ള ആളുകൾ എത്താറുണ്ട്. അവരെല്ലാം സ്വന്തം രാജ്യങ്ങളുടെ പതാകകൾ കയ്യിൽ കരുതും. അങ്ങനെയാണ് പതാക ഉയർത്തിയതെന്ന് വിൻസെന്റ് പ്രതികരിച്ചു. തിരഞ്ഞെടുപ്പ് അഴിമതി നിർത്തണമെന്നാവശ്യപ്പെട്ടാണ് ഞങ്ങൾ സമരം നടത്തിയത്. പ്രതിഷേധം സമാധാനപരമായിരുന്നു.
പത്ത് ലക്ഷത്തോളം ആളുകളാണ് പ്രക്ഷോഭത്തിൽ പങ്കെടുത്തത്. സമാധാനപരമായ സമരത്തിലേക്ക് കുറച്ച് പേർ നുഴഞ്ഞുകയറുകയായിരുന്നു. അവരാണ് അക്രമം നടത്തിയതെന്നും വിൻസെന്റ് പറഞ്ഞു. യു.എസ്. പാർലമെന്റ് മന്ദിരമായ കാപ്പിറ്റോളിൽ കഴിഞ്ഞദിവസമുണ്ടായ അതിക്രമത്തിൽ ഒരു സ്ത്രീയടക്കം നാലുപേരാണ് കൊല്ലപ്പെട്ടത്. പൊലീസ് വെടിയേറ്റാണ് സ്ത്രീ മരിച്ചത്. ഒട്ടേറെ പൊലീസുകാർക്കു പരിക്കേറ്റു. 52 അക്രമികളെ അറസ്റ്റുചെയ്തു. തലസ്ഥാന നഗരത്തിൽ 15 ദിവസത്തെ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.
നവംബർ മൂന്നിനു നടന്ന തിരഞ്ഞെടുപ്പിൽ നിയുക്ത പ്രസിഡന്റ് ജോ ബൈഡന്റെ ഇലക്ടറൽ കോളേജ് വിജയം ഔദ്യോഗികമായി അംഗീകരിക്കാൻ യു.എസ്. കോൺഗ്രസിലെ ഇരുസഭകളും ചേരുന്നതിനിടെയാണ് അക്രമം. നൂറുകണക്കിനാളുകൾ മന്ദിരത്തിലേക്ക് ഇരച്ചെത്തുകയായിരുന്നു. യുദ്ധത്തിനിടെ 1814 ൽ കാപ്പിറ്റോൾ മന്ദിരം ബ്രിട്ടിഷ് പട്ടാളം ആക്രമിച്ചു തീയിട്ടതൊഴിച്ചാൽ കഴിഞ്ഞ 2 നൂറ്റാണ്ടിനിടെ ഒരിക്കൽപോലും യുഎസ് പാർലമെന്റിന്റെ സുരക്ഷാവലയം ഭേദിക്കപ്പെട്ടിട്ടില്ല. മുന്നിൽ പ്രതിഷേധങ്ങൾ പതിവാണെങ്കിലും ബാരിക്കേഡുകൾക്കു പുറത്ത് സമാധാനപരമായാണ് അതു നടക്കാറുള്ളത്. ഇതിനിടെയാണ് ആക്രമണമുണ്ടായത്. ഇതോടെ എഫ്ബിഐയും രംഗത്തിറങ്ങുകയാണ്
പൊലീസുകാർ ഓടി രക്ഷപെട്ടു, അന്വേഷണത്തിന് എഫ്ബിഐ
ബുധനാഴ്ച നടന്നത് പ്രതിഷേധം അക്രമമാസക്തമായപ്പോൾ രോഷാകുലരായ ട്രംപ് അനുകൂലികൾ മന്ദിരത്തിനു മുന്നിലെത്തിയത്. 5 മണിക്കൂറിലേറെ നീണ്ട കാപ്പിറ്റോൾ കയ്യേറ്റത്തിന്റെ തുടക്കമായിരുന്നു അത്. സംഭവത്തിൽ എഫ്ബിഐ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. ബുധനാഴ്ച പകൽ ഒരുമണിയോടെ ബാരിക്കേഡുകൾ തകർത്ത് പാർലമെന്റ് വളപ്പിൽ പ്രവേശിച്ച പ്രതിഷേധക്കാരെ തടയാൻ പൊലീസിനു കഴിഞ്ഞില്ല. ഇരച്ചെത്തിയ സംഘത്തെ കണ്ട് കാവൽനിന്ന പൊലീസുകാർ പിന്തിരിഞ്ഞോടി. അക്രമികൾ സഭാഹാളിലെത്തിയതോടെ സുരക്ഷ കാറ്റിൽപറന്നു. സ്പീക്കർ നാൻസി പെലോസിയുടെ ഓഫിസിലടക്കം കടന്നുകയറിയ പ്രതിഷേധക്കാർ ഓഫിസ് സാധനങ്ങൾ കേടുവരുത്തി. ജനാലച്ചില്ലുകൾ അടിച്ചുതകർത്തു. പലരും കയ്യിൽ കിട്ടിയതെല്ലാം പോക്കറ്റിലാക്കി.
പ്രതിഷേധക്കാരിൽ പലരും ആയുധധാരികളായിരുന്നു. ഇതിനിടെ കാപ്പിറ്റോൾ മന്ദിരം പൊലീസ് അടച്ചു. സെനറ്റ്, ജനപ്രതിനിധി സഭാംഗങ്ങളെ സുരക്ഷിത സ്ഥാനത്തേക്കു മാറ്റി. മാധ്യമപ്രവർത്തകരും സന്ദർശകരും അകത്തു കുടുങ്ങി. പൊലീസ് ഇതിനിടെ സൈന്യത്തിന്റെ സഹായം തേടി. സെനറ്റ് കെട്ടിടത്തിന്റെ പരിസരത്തുനിന്നു പ്രതിഷേധക്കാരെ ഒഴിപ്പിക്കാൻ പൊലീസ് കണ്ണീർവാതകവും മുളകു സ്പ്രേയും പ്രയോഗിച്ചു.
ഒട്ടേറെ പൊലീസ് ഉദ്യോഗസ്ഥർക്കും പരുക്കേറ്റു. പാർലമെന്റ് വളപ്പിൽ നെഞ്ചിനു വെടിയേറ്റാണ് ട്രംപ് അനുയായിയായ സ്ത്രീ മരിച്ചത്. മറ്റു 3 പേർ മരിച്ചത് എങ്ങനെയെന്നു വ്യക്തമല്ല. വൈകിട്ടു മൂന്നരയോടെയാണു സെനറ്റ് ഹാളിൽനിന്നു പ്രതിഷേധക്കാരെ തുരത്തിയത്. നാഷനൽ ഗാർഡ് അടക്കം മറ്റു സുരക്ഷാ ഏജൻസികളുടെ കൂടി സഹായത്തോടെ വൈകിട്ട് 5.40 നു കാപ്പിറ്റോൾ മന്ദിരം വീണ്ടും സുരക്ഷാവലയത്തിലാക്കി. രാത്രി എട്ടോടെ സഭാനടപടികൾ പുനരാരംഭിച്ചു.
ബൈഡന്റെ വിജയം അംഗീകരിക്കുന്ന യുഎസ് കോൺഗ്രസ് സമ്മേളനം ചേരുന്ന ദിവസം വാഷിങ്ടനിലേക്ക് എത്താൻ അനുയായികളെ ട്രംപ് ആഴ്ചകളായി ആഹ്വാനം ചെയ്തു വരികയായിരുന്നു. ബുധനാഴ്ച വാഷിങ്ടനിൽ നടന്ന റാലിയിലും, തിരഞ്ഞെടുപ്പു കൃത്രിമം നടന്നെന്ന വാദം ട്രംപ് ആവർത്തിക്കുകയും ബൈഡന്റെ വിജയം അനുവദിക്കരുതെന്ന് അനുയായികളോട് ആവശ്യപ്പെടുകയും ചെയ്തു. തന്നെ അനുകൂലിക്കുന്ന റിപ്പബ്ലിക്കൻ സെനറ്റർമാർക്കും അംഗങ്ങൾക്കും ആവേശം പകരാനായി അനുയായികളോടു പാർലമെന്റിലേക്കു മാർച്ച് ചെയ്യാനായിരുന്നു ആഹ്വാനം. ഇതിനു പിന്നാലെയാണ് പ്രതിഷേധക്കാർ കാപ്പിറ്റോൾ മന്ദിരത്തിനു മുൻപിലേക്ക് എത്തിയത്.
അക്രമം അരങ്ങേറുന്നതിനിടെ, സ്വന്തം കക്ഷിനേതാക്കൾ അടക്കം അഭ്യർത്ഥിച്ചെങ്കിലും അനുയായികളോടു പിരിഞ്ഞുപോകാൻ ട്രംപ് ആവശ്യപ്പെട്ടില്ല. ഇതിനിടെ ടിവിയിൽ പ്രത്യക്ഷപ്പെട്ട നിയുക്ത പ്രസിഡന്റ് ജോ ബൈഡൻ, നടന്നതു പ്രതിഷേധമല്ല കലാപമാണെന്ന് ഓർമിപ്പിച്ചു. ഈ കടന്നുകയറ്റം അവസാനിപ്പിക്കാൻ അനുയായികളോടു ട്രംപ് അഭ്യർത്ഥിക്കണമെന്നും ബൈഡൻ ആവശ്യപ്പെട്ടു. ഒടുവിൽ, അനുയായികളോടു മടങ്ങാൻ ആവശ്യപ്പെട്ട് ട്രംപ് ഒരു വിഡിയോ ട്വിറ്ററിൽ പങ്കുവച്ചു.
ബൈഡനു പിന്തുണ കൂടി
പെൻസിൽവേനിയ ഫലം ചോദ്യം ചെയ്യുന്ന പ്രമേയത്തിൽ രാത്രി ഒരുമണിയോടെ സെനറ്റിൽ നടന്ന വോട്ടെടുപ്പിൽ ഭൂരിപക്ഷം റിപ്പബ്ലിക്കൻ അംഗങ്ങളും ബൈഡന്റെ വിജയത്തെ പിന്തുണച്ചു (928). ജനപ്രതിനിധിസഭയും 282138ന് തർക്കപ്രമേയം തള്ളി. മിസോറി, ടെക്സസ്, അലബാമ, മിസിസിപ്പി, കൻസാസ്, ഫ്ളോറിഡ എന്നീ സംസ്ഥാനങ്ങളിലെ സെനറ്റർമാർ മാത്രമാണു പെൻസിൽവേനിയ ഫലത്തിൽ ട്രംപിന് അനുകൂലമായ നിലപാടെടുത്തത്.
നേരത്തേ, അരിസോനയിലെ ഫലം ചോദ്യം ചെയ്ത് അവതരിപ്പിച്ച പ്രമേയം ജനപ്രതിനിധി സഭ 121 നെതിരെ 303 വോട്ടുകൾക്കു തള്ളി. സെനറ്റിലാകട്ടെ 6 പേർ മാത്രമാണു പ്രമേയത്തെ അനുകൂലിച്ചത് (936). വോട്ടെടുപ്പിനു ശേഷം സെനറ്റ് അധ്യക്ഷനും വൈസ് പ്രസിഡന്റുമായ മൈക്ക് പെൻസാണു ബൈഡന്റെ വിജയം പ്രഖ്യാപിച്ചത്. കാപ്പിറ്റോൾ മന്ദിരത്തിന്റെ സുരക്ഷയ്ക്ക് 2000 പൊലീസ് ഉദ്യോഗസ്ഥരാണുള്ളത്. അക്രമാസക്തരായ പ്രക്ഷോഭകരെ നേരിടാൻ അവർ സജ്ജരായിരുന്നില്ല. സമൂഹമാധ്യമങ്ങൾ വഴി ട്രംപ് അനുകൂലികൾ പ്രതിഷേധം ആസൂത്രണം ചെയ്യുന്നതായി ദിവസങ്ങൾക്കു മുൻപേ അറിഞ്ഞിട്ടും മുൻകരുതലുകൾ സ്വീകരിച്ചതുമില്ല. ഇതിനിടെ, റിപ്പബ്ലിക്കൻ പാർട്ടിയുടെയും ഡമോക്രാറ്റിക് പാർട്ടിയുടെയും ആസ്ഥാനത്തു പൈപ്പ് ബോംബുകൾ കണ്ടെടുത്തു. കാപ്പിറ്റോൾ വളപ്പിൽ ഒളിപ്പിച്ച ഒരു തോക്കും കണ്ടെത്തി.
മറുനാടന് ഡെസ്ക്